Thursday, September 16, 2010

തേവരുടെ ആന വലിയെടാ വലി..!

കഴിഞ്ഞ ചില സംഭവങ്ങളിലെ എന്റെ ചിന്തകൾ ഇവിടെ പകർത്തുന്നു..

ചിലവു വഹിക്കൽ
“വാർത്ത - കുറ്റാരോപതരായി ജയിലിൽ ജീവപര്യന്തം കഴിയുന്ന കുറ്റവാളികളുടെ മക്കളുടെ പഠനത്തിന് വേണ്ടി സർക്കാർ സഹായം ചെയ്യുന്നു...“

നല്ല കാര്യം, എന്നാൽ എന്റെ കാഴ്ചപ്പാട്, ഒരു കൊല ചെയ്ത് ജയിലിലായാൽ അയാളുടെ/അവളുടെ മക്കൾക്ക് പഠന സൌകര്യം ലഭിക്കുന്നു/ലഭിക്കപ്പെടെന്നു. എന്നാൽ കൊല ചെയ്യപ്പെട്ടവന്റെ കുട്ടികൾക്ക് കുടുംബത്തിന് എന്താണ് സർക്കാർ ചെയ്തുകൊടുക്കുന്നത്..? യഥാർത്ഥത്തിൽ കൊല ചെയ്യപ്പെട്ടവന്റെ കുടുംബത്തിനല്ലെ സഹായ ഹസ്തം നീട്ടേണ്ടത്..? കൊലപാതകിയായി (സാഹചര്യങ്ങൾ മൂലമൊ മനപ്പൂർവ്വമായൊ) ജയലിലടക്കപ്പെടുന്നയാളുടെ കുടംബത്തിനോട് സഹാനുഭൂതിയൊ സഹായ ഹസ്തമൊ എന്തിനാണ് നൽകുന്നത്..? ഈ ജീവപര്യത്തം ശിക്ഷയനുഭവിക്കുന്നയാളിന് ജയിലിൽ വേതനം ലഭിക്കുന്നു,അവന്റെ/അവളുടെ ജയിൽ വാസം കഴിഞ്ഞാൽ വീണ്ടും ടി കഷി അവരുടെ കുടുംബത്തിന്റെ താങ്ങാകുന്നു. എന്നാൽ കൊലപ്പെടുന്നയാളിന്റെ കുടുംബത്തിന്റെ അവസ്ഥ എന്താണ്; എന്തു പ്രതീക്ഷയാണ് അവർക്ക് ജീവിതത്തിലുള്ളത്..? കൊലപ്പെട്ടയാളുടെ ബാദ്ധ്യതകൾ കടമകൾ ആ കുടുംബത്തെ ചുറ്റിവരിയില്ലെ..?

***********************************************************************************

മദ്യദുരന്തത്തിൽ‌പ്പെട്ടവരുടെ കുടുംബത്തിന് ധന സഹായം

“ഈയിടെ സംഭവിച്ച മദ്യദുരന്തത്തിൽ‌പ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പത്തുലക്ഷം കൊടുക്കണമെന്ന് പ്രതിപക്ഷവും അഞ്ചുലക്ഷം കൊടുക്കാമെന്ന് സർക്കാരും...“

എന്റെ കാഴ്ചപ്പാട്.. യഥാർത്ഥത്തിൽ ഈ മദ്യ ദുരന്തത്തിന് കാരണം നിയമ പാലകരുടെ അനാസ്ഥയാണ്. കണക്കുകൾ പ്രകാരം കേരളത്തിലെ എല്ലാ തെങ്ങുകൾ ചെത്തിയാലും കേരളത്തിലെ പകുതി കള്ളുഷാപ്പുകളിൽ വിൽക്കുവാനുള്ള കള്ള് ലഭിക്കുകയില്ല. ഈ വസ്തുത അറിയുന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിന്, തീർച്ചയായും ഒരു ഷാപ്പിൽ വിൽക്കപ്പെടുന്ന കള്ള് മായം ചേർക്കാത്തതാണ് എങ്ങിനെ പറയാൻ പറ്റും..? അപ്പോൾ മായം നിറഞ്ഞ കള്ള് വിൽക്കുന്നുണ്ടെന്നറിയുന്ന മേലധികാരികൾ എന്തുകൊണ്ട് നടപടികളെടുക്കുന്നില്ല..? നീതിപൂർവ്വമായി എല്ലാ ആഴ്ചയിലൊ ഇടദിവസങ്ങളിലൊ പരിശോധനകൾ നടത്തിയാൽ ഇത്തരം ദുരന്തം ഉണ്ടാകുമായിരുന്നൊ..? ഇനി സർക്കാർ സഹായ ധനം പ്രഖ്യാപിച്ചതിനെപ്പറ്റി, ഈ സഹായ ധം ഏതു ഫണ്ടിൽ നിന്നാണ് കൊടുക്കുന്നത്; തീർച്ചയായും അത് പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്ന ആ നികുതി, ഈ നികുതി, കരം തുടങ്ങിയവയാലും പിന്നെ മറ്റു വില്പന വരുമാന നികുതികൾ വഴിയും ലഭിക്കുന്ന ഫണ്ടിൽ നിന്നും..!! ഇത്തരം വഴികളിലൂടെ ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമ പ്രവർത്തനത്തിനായി വിനിയോഗിക്കണമെന്നാണല്ലൊ വയ്പ്..! പറഞ്ഞുവന്നത് മദ്യദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് ധന സഹായം ചെയ്യണമെന്നുണ്ടങ്കിൽ നിമയം പരിപാലിക്കാൻ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നൊ പിഫ് ഗ്രാറ്റുവിറ്റി അല്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയൊ കിട്ടുന്ന ധനമാണ് നൽകേണ്ടത്. ഇത്തരം കാര്യങ്ങൾക്കുവേണ്ടി പൊതുജനങ്ങളുടെ ഫണ്ട് വിനിയോഗിക്കാൻ യാതൊരു ഉളുപ്പുമില്ലാത്ത രാഷ്ട്രീയ കോമരങ്ങൾക്ക്, എന്തുകൊണ്ട് ഇങ്ങനെ ഉത്തരവാധിത്വമില്ലായ്മകൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾക്ക് ധനസഹായമായി നൽകുന്ന തുക ദുരന്തങ്ങളുടെ ഉത്തരവാദികളിലിൽ നിന്നും ഈടാക്കാൻ ആർജ്ജവം കാണിക്കാത്തത്..?

പ്രിയ സർക്കാരുകളെ, എന്റെ/ജനങ്ങളുടെ വീടുകരത്തിലൊ വിദ്യുത്ഛക്തി അടവുതുകയിലൊ ഒരു പൈസയുടെയെങ്കിലും കുറവുവരുത്താൻ ഇങ്ങനെ മേലധികാരികളുടെ പിടിപ്പുകേടുമൂലമൊ അനാസ്ഥമൂലമൊ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് നിങ്ങൾ പ്രഖ്യാപിക്കുന്ന തുകകൾക്ക് കഴിയുമെങ്കിൽ എന്റെ സ്വരം ബഹുസ്വരമായി മുഴങ്ങട്ടെ..

Tuesday, May 11, 2010

ചിരിക്കാതെ വയ്യ..!

ഹഹഹ ഞാനൊന്ന് ചിരിക്കട്ടെ...

ഇനി സംഭവത്തിലേക്ക് വരാം. നല്ല രീതിയിൽ മൂന്നുകൂപ്പ് കൃഷി നടത്തിക്കൊണ്ടിരുന്ന സ്ഥലം നെടുംബാശ്ശേരി വിമാനത്താവളത്തിനുവേണ്ടി തീ‍രെ നിവൃത്തിയില്ലാതെ വന്നപ്പോൾ അവിടത്തെ വാസികൾക്ക് വിട്ടൊഴിഞ്ഞുകൊടുക്കേണ്ടി വന്നു. എന്നിരുന്നാൽത്തന്നെയും സ്ഥലം വിട്ടുകൊടുത്തത് രാജ്യപുരോഗതിയിലേക്കു നയിക്കുന്ന ഒരു നല്ല കാര്യത്തിനാണല്ലൊ എന്നൊരു ആത്മഗതം ആ വിട്ടൊഴിഞ്ഞവർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുമ്പ് കൃഷിസ്ഥലമായിരുന്ന ഈ സ്ഥലം ഗോൾഫ് കളിക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു. എന്തുചെയ്യാം എന്റെ നാട് ഇങ്ങിനെയൊക്കെയായിപ്പോയി......

മേലധികാരികളെ, നിയമ പാലകരെ എന്ത് ധാർമ്മികതയാണ് കൃഷിസ്ഥലം ഗോൾഫ് കളിസ്ഥലമാക്കി മാറ്റുന്നതിലൂടെ ഉണ്ടാകുന്നത്..?

Tuesday, April 20, 2010

മറുമൊഴി നീയെവിടെ..?

ഒരാഴ്ചയിലേറെയായി ബൂലോഗത്തിന്റെ ഹൃദയ സ്പന്ദനമായി നിലനിന്നിരുന്ന മറുമൊഴി അസുഖമായിട്ട്. മറുമൊഴിയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെയെന്നും പൂർണ്ണ ആരോഗ്യവതിയായി അവൾ എത്രയും പെട്ടെന്ന് ബൂലോഗത്തിലേക്ക് തിരിച്ചെത്തെട്ടെയെന്നും ആശംസിക്കുന്നു.

എന്റെ ബ്ലോഗിലമ്മേ മറുമൊഴിയെ കാത്തുകൊള്ളണമേ..

ഈയുള്ളവന്റെ വായനാ ശീലം ഇല്ലാതാക്കല്ലെ...

*
**
***
****
*****
******
*******
മറുമൊഴി ടീം, ഈയുള്ളവന് നിങ്ങളുടെ സേവനം ഒഴിവാക്കാൻ പറ്റാത്തതും നന്ദിയോടെ വിധേയത്വം പുലർത്തുന്നവനുമാണ്

Thursday, March 25, 2010

മത്സരം മുറുകിയാൽ..!

കഴിഞ്ഞ ദിവസത്തെ ബസ്സപകടത്തിനെപ്പറ്റിയുള്ള ചാനൽ വാർത്താ ബുള്ളറ്റിലെ ടിവി അവതാരകന്റെ/അവതാരകയുടെ ചില ചോദ്യങ്ങൾ അവരുടെ പ്രതിനിധികളോട്..

1) ബസ്സ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിട്ട് രണ്ടുമണിക്കൂറിലധികമായല്ലൊ, ബസ്സിന്റെയുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടൊ? ഉണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്തുവാൻ കഴിയുമൊ..?

2) ബസ്സിലെ അപകടത്തിൽ നിന്നും ഒരമ്മ അത്ഭുകരമായി രക്ഷപ്പെട്ടു, എന്നാൽ തന്റെ കുഞ്ഞിനെ കാണുന്നില്ലെന്ന് പറയുന്നു, ലല്ലൂ ആ ബസ്സിൽ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നൊ..? ഉണ്ടെങ്കിൽ അവർ രക്ഷപ്പെട്ടിട്ടുണ്ടൊ..?

3) കുഞ്ഞിനെ കാണുന്നില്ലെന്നുപറയുന്ന ആ അമ്മയുടെ ഇപ്പോഴത്തെ വികാരമെന്താണ്..?

4) ബസ്സിപ്പോൾ എൺപതടി താഴ്ചയിലാണല്ലൊ അതിൽ എത്രയടി ചെളിയുണ്ടാകും..?

5) ബിനി.. ബസ്സിൽ നാല്പതിലധികം ആളുകൾ ഉണ്ടായിരുന്നുവെന്നല്ലെ പറഞ്ഞത്. ഇരുപതുപേർ രക്ഷപ്പെട്ടു, പത്തുപേർ മരിച്ചു, ബാക്കിയുള്ളവർ വെള്ളത്തിൻ തന്നെയുണ്ടൊ..? അവരെ കരക്കടിപ്പിക്കുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടൊ..? ഉണ്ടെങ്കിൽ അതെന്താണ്..?

*
*
*
*
*
മൊബൈലിൽ ചിത്രങ്ങളെടുക്കുന്നവരെ പരിഹസിക്കുന്ന ചാനലുകാർ, ചാനലുകാരുടെ ബാഹുല്യവും പിന്നെ അവരുടെ ചോദ്യങ്ങളും അഭിമുഖങ്ങൾകൊണ്ടും അപകടത്തിന്റെ ഭീതിയിൽ കഴിയുന്ന രക്ഷപ്പെട്ടവരേയും ബന്ധുക്കളെയും വീണ്ടും കൊല്ലാക്കൊലചെയ്യുന്നതുകാണുമ്പോൾ... നമുക്കുവേണ്ടിയാണൊ ഈ ചാനലുകാർ ഈ തറപ്പണിയെടുക്കുന്നത്..? ആണെങ്കിൽ നാമാണ് ഒന്നാം പ്രതികൾ..!!

*
*
*

2013-14 ൽ ചന്ദ്രനിൽ മനുഷ്യനെയിറക്കുമെന്ന് ഐ എസ് ആർ ഒ.., പ്രാഭാകർ..ഞാനിപ്പോൾ നിൽക്കുന്നത് ചന്ദ്രനിലുള്ള ഒരു വലിയ പാറയുടെ മുകളിലാണ്. ഇന്ത്യയിൽ നിന്നും ആദ്യമായി മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചന്ദ്രയാൻ-2 പേടകം താഴ്ന്നിറങ്ങുന്നത് എനിക്കിപ്പോൾ കാണാൻ പറ്റുന്നുണ്ട് പ്രഭാകർ. ഞാൻ നിൽക്കുന്ന പാറയുടെ തൊട്ടടുത്തായിട്ടായിരിക്കും അത് ലാന്റ് ചെയ്യുന്നത്..!!!

Tuesday, February 23, 2010

ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!

കാണാമറയത്തിരുന്ന് അക്ഷരങ്ങളിലൂടെ പരസ്പരം അറിയുകയും , ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, എന്തിന് വിവാദവിഷയങ്ങളില്‍ വാക് ശരങ്ങള്‍ എയ്യുന്ന ബ്ലോഗേഴ്സ് തമ്മിൽ പോലും പറഞ്ഞറിയിയ്ക്കാനാവത്ത ഒരു സ്നേഹബന്ധം അദൃശ്യമായി ഈ ബൂലോകത്ത് ഉണ്ടാകുന്നുണ്ട്.. ഇതാണ്.. ഇതാണ്.. ഇതാണ്.. ശരിക്കും ഇന്ന് നമ്മള്‍ അറിയുന്ന ബൂലോഗത്തിന്റെ ശക്തിയും സൌന്ദര്യവും


ബൂലോഗ സഞ്ചാരി നിരക്ഷരൻ ബഹ്‌‌റൈനിൽ ഔദ്യോഗികാർത്ഥം വരുന്നുണ്ടെന്നു കേട്ടപ്പോൾ മുതൽ, ഉത്സവപ്പറമ്പിൽ നിൽക്കുന്ന ബാല്യമാണെനിക്ക് തിരികെ കിട്ടിയത്.





തലേ ദിവസം തന്നെ ഒരു മൊബൈൽ മെസ്സേജിലൂടെ സജിച്ചായൻ എന്നെ ഒന്നുകൂടി ഓർമ്മപ്പെടുത്തിയിരുന്നു നിരക്ഷരൻ നാളെ തന്റെ വീട്ടിലുണ്ടാകുമെന്നും നിരുവിന് അടുത്തറിയാവുന്ന ചില കൂട്ടുകാരും അവിടെയുണ്ടാകുമെന്നും ആയതിനാൽ ഞാനും കുടുംബവും ഈ കൂടിച്ചേരലിൽ എത്തിച്ചേരണമെന്നും ഈ സ്നേഹസംഗമം മനോഹരമാക്കണമെന്നും...രാവണ നിഗ്രഹാർത്ഥം ലങ്കയിലേക്ക് ശ്രീരാമ സേന പാലം നിർമ്മിക്കുമ്പോൾ ഒരു അണ്ണാറക്കണ്ണൻ തനിക്കാവും വിധം ആ പാലം പണിയിൽ സഹായിക്കുന്നത് വീക്ഷിച്ച ശ്രീരാമൻ അണ്ണാറക്കണ്ണനെ സ്നേഹപൂർവ്വം തലോടുകയും അനുഗ്രഹിക്കുകയും ചെയ്തു...ഇക്കഥ ഇവിടെ പരാമർശിച്ചത് കുറച്ചുനേരമെങ്കിലും ഈ സ്നേഹ സംഗമത്തിൽ ഞാൻ അണ്ണാറക്കണ്ണനായി മാറിയെന്നതിലാണ്..!


ആകാംഷയോടെ അതിലേറെ സന്തോഷത്തോടെയാണ് സജിച്ചായന്റെ വീട്ടിലേക്ക് ഞാനും എന്റെ കുടുംബവും ഇരിങ്ങലും കുടുംബവും ചെന്നത്. വളരെ ഹൃദ്യമായ രീതിയിലാണ് സജിച്ചായൻ ഞങ്ങളെ സ്വീകരിച്ചത്. സജിച്ചായന്റെ വീടും ഞാൻ ആദ്യമായി കാണുകയായിരുന്നു. സജിച്ചായന്റെ വീടിന്റെ മനോഹാരിത ആരേയും അസൂയവാലുവാക്കും അത്തരത്തിലാണ് തന്റെ വീട് വൃത്തിയും വെടിപ്പുമായി കാത്തുസൂക്ഷിക്കുന്നത്. എന്നാൽ കുട്ടികളുടെ ഭിത്തിയിലെ കുത്തിവരകൾ വീടിന്റെ മനോഹാരിതയെ തെല്ല് കുറക്കുമെങ്കിലും സ്നേഹസ്വരൂപനായ ഒരു പിതാവിനെ എനിക്ക് സജിച്ചായനിൽ കാണുവാൻ സാധിച്ചു..





നീരുവിന്റെ പടം നന്ദപർവ്വത്തിൽ വരച്ചതുകണ്ടപ്പോൾ സുന്ദരനാണ് ഞാനെന്ന എന്റെ അഹങ്കാരമാണ് ഇല്ലാതായത് എന്നാലും മനസ്സിലുണ്ടായിരുന്നു നേരിൽ കാണുമ്പോൾ ഇത്രയ്ക്ക് ഭംഗിയൊന്നുമുണ്ടാകില്ലെന്ന് പക്ഷെ, നേരിൽ കണ്ടപ്പോൾ നിരക്ഷരൻ എന്ന മനോജ് ഭംഗി കൊണ്ടുമാത്രമല്ല പെരുമാറ്റം കൊണ്ടും അറിവുകൊണ്ടും മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റുന്നവനാണെന്ന് മനസ്സിലായി..





നീരുവിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതത്വവും അനുഭവപ്പെട്ടില്ല നിത്യവും കാണുന്ന എന്റെ അടുത്തൊരു കൂട്ടുകാരനെ കണ്ടതുപോലെയായിരുന്നു ഒരു പക്ഷെ ഇതായിരിക്കും ബ്ലോഗേഴ്സ് തമ്മിലുള്ള അദൃശ്യമായ ആ സ്നേഹ ബന്ധം..!

ഞങ്ങൾ ചെന്നപ്പോൾ അവിടെ നീരുവിനോടൊപ്പം നട്ടപ്പിരാന്തനും മോഹനേട്ടനും(പുത്തഞ്ചിറ) രഞ്ജിത്ത് വിശ്വേട്ടനും ഹാജരായിട്ടുണ്ടായിരുന്നു.




പിന്നീടുള്ള നിമിഷങ്ങൾ രസകരവും എന്നെന്നും ഓർമ്മയിൽ തങ്ങുന്നതുമായിരുന്നു. സജിമാഷിന്റെ ഗ്രന്ഥ ശേഖരം കണ്ട് അന്തംവിട്ടിരിക്കന്ന നീരുവിനോട് ഞാനാസത്യം വെളിപ്പെടുത്തി ഇതൊക്കെ സജിച്ചായൻ നീരുവരുന്നുണ്ടെന്നറിഞ്ഞ് രണ്ടുമൂന്ന് ദിവസം മുമ്പ് ഓടിനടന്ന് സംഘടിപ്പിച്ചതാണെന്ന്..!




നീരു പുസ്തകങ്ങളെല്ലാം ആർത്തിയോടെ തപ്പിനോക്കി അതില്‍ ഓരോ ബ്ലോഗ്ഗേഴ്സ് പ്രസിദ്ധികരിച്ച പുസ്തകങ്ങള്‍ പരിശോധിക്കുയയായിരുന്നു., കുറുമാന്‍, വിനോദ്, ബാജി തുടങ്ങിയ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങള്‍ എല്ലാം മറിച്ചു നോക്കി. പക്ഷെ അതില്‍ ദേവദാസിന്റെ “ഡില്‍ഡോ“ കാണാത്തതില്‍ പുള്ളിക്കാരന്‍ അസാരം സങ്കടപ്പെട്ടു കാരണം അത്തരത്തിലായിരുന്നു നട്ടാപ്പി ആ പുസ്തകത്തെപ്പറ്റി നീരുവിനോട് വർണ്ണിച്ചിരുന്നത്. ബ്ലോഗര്‍ അനില്‍ വെങ്കോട് ജയ് ഹിന്ദ് ചാ‍നലില്‍ എല്ലാ ആഴ്ചയും നടത്തുന്ന വായന എന്ന എപ്പിസോഡില്‍ ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളെയും പരിചയപ്പെടുത്താറുണ്ടെന്നുള്ള കാര്യം എനിക്ക് പുതിയൊരറിവായിരുന്നു. വാക്കുകളെ അമ്മാനമാടുന്ന വേങ്കോട് മാഷ് ഇക്കാര്യത്തിൽ യോജിച്ചവൻ തന്നെ. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കാൻ വേങ്കോട് മാഷ്‍ വിശാലമനസ്കന്റെ “കൊടകരപുരാണം” കുത്തിയിരുന്ന് വായിക്കുകയാണെന്നും ഇങ്ങനെ പണ്ട് ഞാൻ വായിച്ചിരുന്നെങ്കിൽ അറ്റ്ലീസ്റ്റ് തന്റെ മാതാപിതാക്കളെങ്കിലും സന്തോഷിച്ചേനെയെന്നുപറഞ്ഞത് എന്നിൽ ചിരിയുണർത്തി.





ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൊച്ചുകുട്ടികൾ ഉത്സാഹത്തിമർപ്പോടെ ഞങ്ങളുടെ ഇടയിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. അവിടെ വന്ന കുട്ടികൾക്കെല്ലാം ഒരു പാർക്കിൽ ചെന്ന സന്തോഷമാണ് പ്രകടിപ്പിച്ചത് കാരണം കോട്ടയം അയ്യപ്പാസ് പോലെ അത്രക്കും വിശാ‍ലമായ മുറികളും കളിപ്പാട്ടങ്ങളുമാണ് സജിച്ചായന്റെ വീട്ടിലുള്ളത്.





കുറച്ചു കഴിഞ്ഞപ്പോൾ അജിത് നായരും കുടുംബവും എത്തിച്ചേർന്നു. നീരുവിന്റെ ഒരു അടുത്ത കുടുംബസുഹൃത്ത് കൂടിയാണ് അജിത്ത്. അജിത്ത് ബഹറൈനില്‍ വച്ച് ചിത്രികരിക്കുന്ന “നിലാവ്” എന്ന സിനിമയുടേ സംവിധായകനാണ്. എല്ലാവരും പിന്നെ നിലാവ് എന്ന സിനിമയെക്കുറിച്ചായി ചോദ്യങ്ങള്‍. ആ ചിത്രത്തിലെ ഗാനത്തിന്റെ മനോഹാരിത എടുത്ത് പറയത്തക്ക ഒന്നാണ്. പിന്നെ ഗായിക ചിത്രയുടെ സഹാനുഭൂതിയും യേശുദാസിന്റെ സഹാനുഭൂതവും അനുഭവത്തിലൂടെ പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്നവരുടെ മനസ്സിൽ ചില വിഗ്രഹങ്ങൾ തേജസ്വാകുകയും ചിലത് പൊട്ടിയുടയുകയും ചെയ്തു.

ഈസമയത്താണ് ബിജു നചികേതസ്സും പിന്നെ ബെന്യാമനും കുട്ടികളും വന്നത്. ഇവർ വന്നപ്പോൾ നട്ടപ്പിരാന്തൻ തന്റെ സീറ്റ് ഒഴിഞ്ഞുകൊടുക്കുയും പകരം മറ്റൊരു സ്ഥലത്ത് ആസനസ്തനാകുകയും ചെയ്തു പക്ഷെ അദ്ദേഹം ഇരുന്നത് ഒരു മൊബൈലിന്റെ പുറത്താണ്. ഇത് കണ്ട ഒരു ബൂലോഗപുലി വിളിച്ചു പറഞ്ഞു നട്ടപ്പിരാന്തൻ തന്റെ ആയുധംകൊണ്ട് മൊബൈലിനെ ധന്യമാക്കിയെന്ന് ഇത് വീണ്ടും കൂട്ടച്ചിരിക്ക് ഇടവരുത്തി.. ഈ സമയത്ത് സ്വാമി സജിയാനന്ദയുടെ കൂടെ ഹിമാലയത്തില്‍ പോയ പാലക്കാരനായ സ്വാമി ജയ്സനാന്ദയും കുടുംബവും എത്തി. അങ്ങിനെ കോറം തികഞ്ഞു.

ഇതിനിടയിൽ അനിൽ വേങ്കോടിനോടുമായി നീരു കുടുംബ കാര്യങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ, എത്ര നാളായി കല്യാണം കഴിഞ്ഞിട്ടെന്ന നീരുവിന്റെ ചോദ്യത്തിന് അനിലിന് മറുപടി പറയാൻ കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു. എന്തിനാണ് ഇത്ര നേരമെടുത്തത് എന്ന സജിച്ചായന്റെ ചോദ്യത്തിൽ അനിൽ പറഞ്ഞ മറുപടി എന്റെ അച്ചായാ ഞാൻ എന്റെ മൂത്ത കുട്ടിയുടെ വയസ്സ് കൂട്ടിനോക്കുകയായിരുന്നു അവന്റെ വയസ്സിനേക്കാൾ കുറഞ്ഞ നാളാണ് ഞാൻ പറയുന്നതെങ്കിൽ ഇവിടെയിരിക്കുന്ന ഈ പുലികൾ എന്നെ കുടഞ്ഞ് കീറും





നിമിഷങ്ങളിങ്ങനെ രസകരമായി പോകുമ്പോൾ അജിത്ത് ചറപറാന്ന് പടങ്ങൾ എടുക്കുന്നുണ്ടായിരുന്നു കൂടെ ഈ ഞാനും. ഫോട്ടൊഗ്രാഫിയിൽ അജിത്തിന്റെ മിടുക്ക് കണ്ടപ്പോൾ കുഞ്ഞുന്നാളിൽ ആനക്കാരനാകാനുള്ള എന്റെ ആഗ്രഹത്തെയാണ് എനിക്കൊർമ്മവന്നത്. അദ്ദേഹത്തിന്റെ ക്യാമറയായ നിക്കോൺ ഡി 3 യും മൂന്നുതരം ലെൻസുകളും അതിൽ പതിയുന്ന ചിത്രങ്ങളും കണ്ടപ്പോൾ, സജിച്ചായന്റെ നിക്കോൺ ഡി 90, എന്റെ സിഗ്മ, രഞ്ജിത്തേട്ടന്റെ ഡി 60, നീരുവിന്റെ ക്യാനൺ എന്നിവ കെട്ടിപ്പൂട്ടി കട്ടപ്പുറത്ത് കയറ്റിവയ്ക്കേണ്ടിവന്നു..!





പിന്നീടുള്ള നിമിഷങ്ങൾ ഗൌരവകരമായ വിഷയങ്ങളിലേക്ക് വഴുതിമാറി. പക്ഷെ എവിടെയും കാണുന്നതും സംഭവിക്കുന്നതുമായ ഒരു അപകടകരമായ അവസ്ഥ ഇപ്പോള്‍ ബൂലോഗത്തും സംഭവിക്കുന്നതിന്റെ ആശങ്ക എല്ലാവരും പങ്കുവച്ചു അതായിത് മതപരമായ ചര്‍ച്ചകളും, വഴക്കുകളും, സ്വന്തം മതത്തിന്‍െ ഗരിമ പറച്ചിലും ഇപ്പോള്‍ ബ്ലോഗിനെ വഴിതിരിച്ച് വിടുന്നുണ്ടോ എന്ന് ഒരു സംശയം എല്ലാവരും ഉന്നയിച്ചു. ഇത്തരം മതപരമായ ബ്ലോഗുകള്‍ അഗ്രിഗേറ്ററില്‍ നിന്നും നീക്കം ചെയ്യാന്‍ വല്ല വഴിയും ഉണ്ടോയെന്നും ബ്ലോഗേഴ്സ് ചര്‍ച്ചചെയ്തു.പണ്ട് അത്തരം നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും എന്തുകൊണ്ടോ അത് വിജയിച്ചില്ല..പക്ഷെ പതുക്കെപതുക്കെ മലയാളം ബൂലോഗം അതിന്റെ തനിമ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും വീണ്ടും കൂടുതൽ കരുത്തറ്റതായിത്തീരുമെന്നുള്ള പ്രത്യാശ എല്ലാവരിലുമുണ്ടായി. എന്നാൽ സെക്സ്പരമായ ബ്ലോഗുകൾ ഉണ്ടാകേണ്ട ആവിശ്യകതെ പറ്റി നട്ടാപ്പി വാചാലനാകുന്നതുകണ്ടപ്പോൾ ഗൌരവമായിരുന്ന ചർച്ചക്ക് ഇത്തിരി ലാഘവം വന്നു. . ..

പിന്നെ നിരു ബൂലോഗ കാരുണ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും മറ്റും വിവരിക്കുകയുണ്ടായി. അജിത്ത് ബൂലോഗ കാരുണ്യത്തിന്റെ അക്കൌണ്ട് കൈകാര്യം ചെയ്യാൻ ഓൺ ലൈൻ ബാങ്കിംങ് സംവിധാനത്തെപ്പറ്റി ഉന്നയിച്ച കാര്യങ്ങൾ ചർച്ചചെയ്യപ്പെട്ടു. ഇതിന്റെ സാധ്യതകളും പോരായ്മകളും ജെയ്സൺ ചൂണ്ടിക്കാട്ടി. ഇതിനിടയിൽ അജിത്തിന്റെ ഒരു സാധു സുഹൃത്തിന് അയാളുടെ നാട്ടിലുള്ള പെങ്ങളുടെ വൃക്ക തകരാറായതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യവും ബഹ്‌റൈൻ ബൂലോഗത്തിന് ഇതിൽ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോയെന്ന് ആരായുകയും അതിനുവേണ്ട നീക്കങ്ങളുണ്ടാകുകയും ചെയ്തു.

അജിത്തിന് ബൂലോഗ സഞ്ചാരിയായ നീരുവായി ഒരു അഭിമുഖ സംഭാഷണം റിക്കോഡ് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വേങ്കോട് മാഷ് ഇന്റർവ്യൂവറാകാമെന്ന് സമ്മതിച്ചു. എന്നാൽ എന്തുകൊണ്ടൊസംഗതി അപ്പോൾ നടന്നില്ല. കാരണം ആളുകളുടെ ചിരി നിന്നിട്ട് വേണ്ടേ എന്തെങ്കിലും ചെയ്യാന്‍. പരസ്പരം കളിയാക്കിയും, എന്നാല്‍ അത്തരം കളിയാക്കലുകള്‍ക്ക് അതിന്റെ നൂറിരട്ടി
ശക്തിയില്‍ തിരിച്ച് കൊടുത്തും ഒരു ചിരിയരങ്ങായിരുന്നു സത്യത്തില്‍ അവിടെ നടന്നത്.





എത്ര രാജ്യങ്ങൾ നീരു സന്ദർശിച്ചിട്ടുണ്ടെന്ന ഒരു ചോദ്യത്തിന് ഉത്തരം പറയാൻ നിരുവിന് വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യേണ്ടിവന്നു. പതിനാറിൽ‌പ്പരം രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നും (ഇതിൽ രണ്ടുരാജ്യങ്ങൾ വീമനത്തിലിരുന്ന് മുകളിലൂടെ സഞ്ചരിച്ചവയാണ്) ഇനി ആരെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ ഒരിക്കലും ആദ്യം സ്വിസ്സർലാന്റിൽ പോകരുതെന്നും നിരു പറഞ്ഞപ്പോൾ, കെന്റക്കി ചിക്കൻ കഴിക്കരുതെന്ന് ആദിവാസിരോഗിയോട് ഡോക്ടർ കൊടുക്കുന്ന നിർദ്ദേശത്തേപ്പോലെയാണ് നീരുവിന്റെ ഈ ഓർമ്മപ്പെടുത്തലിനെ എനിക്ക് കാണാൻ കഴിഞ്ഞത്.ഇതിനിടയിൽ സജിച്ചായൻ വിഭവ സ‌മൃദ്ധമായ ഭക്ഷണം ഓർഡർ ചെയ്ത് വരുത്തിയിരുന്നു. ഭക്ഷണത്തിന്റെ ഹൃദ്യമായ മണം മൂക്കിലേക്കാവാഹിച്ചപ്പോൾ ചർച്ചകൾ തുടരാൻ പിന്നീടാർക്കും മനസ്സ് വന്നില്ല..









നീരുവിന്റെ വലിയൊരു ആഗ്രഹമായിരുന്നു., പ്രശസ്തനായ നോവലിസ്റ്റ് ബെന്യാമിനെ കാണുകയെന്നത്., കാരണം അദ്ദേഹത്തിന്റെ “ആടുജീവിതം” എന്ന നോവല്‍ വായിക്കുന്ന എതോരു പ്രവാസിയും സ്വന്തം ജീവിതത്തെയായിരിക്കും അതിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുക.. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ആ നോവല്‍ വിശാലമായ ഒരു ക്യാന്‍വാസില്‍ സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിവരം ബെന്യാമിന്‍ നീരുവിനെ അറിയിച്ചു. മാത്രമല്ല “ആടുജീവിതം” യൂണിവേഴ്സിറ്റിയില്‍ പഠിക്കാനുള്ള പാഠപുസ്തകമായും തിരഞ്ഞെടുത്ത് കഴിഞ്ഞു. ആടുജീവിതം സിനിമയാക്കാൻ പോകുന്നുവെന്ന് അറിയുന്ന എന്റെ ചില മിത്രങ്ങൾ തലചൊറിഞ്ഞുകൊണ്ട് ബെന്യമിനെച്ചുറ്റിപ്പറ്റി വലയം വയ്ക്കുന്ന കാഴ്ചയും മഞ്ഞക്കണ്ണടയാൽ ഞാൻ കണ്ടു.





നല്ലൊരു ശാപ്പാട് കഴിച്ച ആലസ്യത്തിൽ തളർന്നിരിക്കുന്ന കൂട്ടുകാരെ കണ്ടപ്പോൾ, ക്യാമറയാൽ അത്ഭുതങ്ങൾ കാണിച്ച അജിത്, ഹിമാലയ യാത്രയിലെ സാഹസിക കഥകൾ പറഞ്ഞ് അമ്പരപ്പെടുത്തിയ സജിച്ചായൻ, യാത്രവിവരണങ്ങൾകൊണ്ട് ബൂലോഗത്തെ കയ്യിലെടുത്ത് അമ്മാനമാടിയ നിരക്ഷരൻ, മറ്റു ബൂലോഗ പുലികൾ ഇവരെയൊക്കെ ഒന്നു അമ്പരിപ്പിക്കാൻ ഈയുള്ളവനും ഒരു ചെറിയ ശ്രമം നടത്തി നോക്കി, എന്നാൽ.....





എന്നാല്‍ അവസാനം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അനില്‍ വായുവില്‍ നിഷ്പ്രയാസം പൊങ്ങി വെറും നാല് വിരലുകളുടെ ശക്തിയില്‍.....പിന്നെ അതിന്റെ പിന്നിലെ സയന്‍സും , ടെക്നിക്കും, ആ ചര്‍ച്ച പിന്നെ മാപ്പിള ഖലാസികളുടെ കഴിവും, ഈജിപ്തിലെ പിരമിഡും കഴിഞ്ഞു പാലയിലെ കുരിശ് പള്ളിയുടെ രൂപകൂടില്‍ കൊണ്ട് ചെന്ന് കെട്ടിയിട്ടപ്പോഴാണ് ജയ്സണ് സമാധാനമായത്.





നിമിഷങ്ങൾ അതിക്രമിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി..മടങ്ങുമ്പോൾ ഇത്രയും നല്ലൊരു അവസരം ഉണ്ടാക്കുവാൻ കാരണഹേതുവായ നീരുവിനോട് സ്നേഹപ്രകടനങ്ങൾ നടത്തുവാനും ആരും മടിച്ചില്ല..ഈ സ്നേഹപ്രകടനങ്ങൾ അനുഭവിച്ച് നിറഞ്ഞമനസ്സുമായും നിറകണ്ണുമായും ഞങ്ങളെ നിരക്ഷരൻ യാത്രയാക്കി, നാട്ടിൽ വരുമ്പോൾ തീർച്ചയായും നീരുവിന്റെ വീട് സന്ദർശിക്കണമെന്നുള്ള സ്നേഹക്ഷണം എന്റെ മനസ്സിൽ അപ്പോഴും തേന്മഴപോലെ പെയ്തിറങ്ങുന്നുണ്ടായിരുന്നു...







*** രുചികരമായ സൂപ്പുണ്ടാക്കിത്തന്ന അച്ചായത്തിയോട് പ്രത്യേകം നന്ദിരേഖപ്പെടുത്തുന്നു
*** ചില ചിത്രങ്ങൾ അജിത്തിന്റെതാണ്
*** കൂട്ടിച്ചേർക്കലും തിരുത്തലും നടത്തിയത് നട്ടാപ്പി സാജു
*** സംഗമം രസകരമാക്കിയ നിരക്ഷരൻ,സജിച്ചായൻ,അജിത് നായർ,മോഹനേട്ടൻ,രഞ്ചിത് വിശ്വേട്ടൻ,ബെന്യാമിൻ,അനിൽ വേങ്കോട്,നട്ടാപ്പി,ജെയ്സൺ,രാജു ഇരിങ്ങൽ പിന്നെ ഈയുള്ളവനും നന്ദിയും സ്നേഹവും പങ്കുവയ്ക്കുന്നു..

Monday, January 18, 2010

സന്തോഷത്തോടെ തുടരുന്നു..!

വിട്ടുവീഴ്ചകൾക്ക് ഞാൻ തയ്യാറായതുകൊണ്ടാണ് ഇത്രയുംവരെ എത്തിയത്,തുണിയലക്കുകയൊ,പാത്രം കഴുകുകയൊ,വീട് അടിച്ചുവാരിവൃത്തിയാക്കുകയൊ ചെയ്യാത്ത ചെയ്യാനറിയാത്ത ഈ ഞാൻ ഇപ്പോൾ അടുക്കളയിലെ സിങ്കിൽ കിടക്കുന്ന എല്ലാ പാത്രങ്ങളും ലക്സ് ഡിഷ് വാഷിട്ട് മോറി വയ്ക്കും, എല്ലാമുറിയും വാക്കം ചെയ്യുകയും തുടക്കുകയും ചെയ്യുന്നു, ചോറും കറികളും ഉണ്ടാക്കുന്നു, തുണികൾ അലക്കി വൃത്തിയാക്കുന്നു, അതിരാവിലെ എഴുന്നേൽക്കുന്നു.... ഇതിന് കാരണം അവൾ തേന്മാവിൽ മുല്ലവള്ളിപോലെ ചുറ്റിപ്പിണഞ്ഞതുകൊണ്ടാണ്, കുഞ്ഞിക്കുഞ്ഞി സന്തോഷങ്ങളും വലിയവലിയ പിണക്കങ്ങളുമായി ഇന്ന് ജനുവരി പതിനെട്ടിന് ഞങ്ങൾ വിജയകരമായി ആറാം വിവാഹവാർഷികത്തിലേക്ക്...






നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്ക് ഉണ്ടാകണമേ..

സ്നേഹപൂർവ്വം ശ്രീദേവി, പ്രവീൺ പിന്നെ ഞങ്ങളുടെ മോൻ ആദിത്യയും