Wednesday, September 21, 2011

രണ്ടാമന് ഒന്നാം വയസ്സ്..!



ഇന്ന് എന്റെ രണ്ടാമത്തെ മകന് ഒരു വയസ്സ് തികയുന്നു (മലയാള നാൾപ്രകാരം)...



ആകാശ്, ജനനം 01-10-10






സന്തോഷത്തോടെ,ഞാനും കുടുംബവും

Saturday, August 13, 2011

തീരുമാനം ശരിയൊ തെറ്റൊ..?

നാരായണേട്ടന് ഇലക്ട്രിസിറ്റിയാഫീസിൽ പെറ്റി കോണ്ട്രാക്ടറുടെ കീഴിൽ ലൈൻമാനായിട്ടായിരുന്നു ജോലി. ഒരു ദിവസം ഇലക്ട്രിക് പോസ്റ്റിലിരുന്ന് പുതിയ ലൈൻ വലിച്ചുകൊണ്ടിരിക്കുമ്പോൾ ലൈൻ കമ്പി മുകളിലുള്ള ഇലവൻ കേവിയിൽ കൊള്ളുകയും അതിലൂടെ ഷോക്കടിച്ച് പോസ്റ്റിൽ നിന്നും തെറിച്ച് താഴെ വീണ് നട്ടെല്ല് തകരുകയും ക്രിട്ടിക്കൽ സ്റ്റേജിൽ കുറെ മാസം അങ്കമാലി ആശുപത്രിയിൽ കിടക്കുകയും ചെയ്തു. പെറ്റി കോണ്ട്രാക്റ്ററുടെ കീഴിലായതുകൊണ്ട് ഇലക്ട്രിക് അധികാരികാരികൾ സ്നേഹപൂർവ്വം നാരായണേട്ടനെ കയ്യൊഴിഞ്ഞു. പിന്നെ നാട്ടുകാർ പിരിവിട്ടാണ് ആശുപത്രി ചിലവുകളും മറ്റു വഹിച്ചത്. ഇന്നിപ്പോൾ നാരായേട്ടന് സ്വയം സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യം മാത്രമെയുള്ളൂ, ഇതെല്ലാം പറയാൻ കാരണം, നാരായണേട്ടന് മക്കൾ രണ്ടു പെൺകുട്ടികൾ.. സുമയും, സിത്താരയും.

നാരായണേട്ടന്റെ വീട് വളരെ ചെറിയതാണ്, വീട്ടിലേക്കുള്ള വഴി പാടത്തിനു സമീപത്തീലൂടെ ഒരാൾക്ക് നടന്നുപോകാവുന്ന വീതിയിലുള്ളത്. ഇങ്ങനെയുള്ള ചുറ്റുപാടായതിനാൾ, പോസ്റ്റു ഗ്രാജേറ്റുകളായ സുമയുടെയും സിത്തുവിന്റെയും കല്യാണാലോചനകൾ പാറപ്പുറത്ത് തിരയടിക്കുന്നതുപോലെ ചിതറിപ്പോയിക്കൊണ്ടിരുന്നു. മൂത്തവളുടെ പ്രായം 29 കഴിഞ്ഞിരിക്കുന്നു, ആ സമത്ത് ആലുവായിൽ നിന്നും ഒരാലോചന വരുകയും ചെക്കന് മറ്റു കാഴ്ചപ്പാടുകളൊന്നും ഇല്ലാത്തതിനാലും നല്ലവനുമായതിനാൽ സുമയുടെ കല്യാണം ഒരു വിധം ഭംഗിയായി നടത്താൻ സാധിച്ചു. വർഷങ്ങൾ പൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു രണ്ടാമത്തെ കുട്ടിയായ സിത്താരക്ക് വയസ്സ് 28 കഴിഞ്ഞു, ആലോചനകൾ ധാരാളം വരുന്നുണ്ട് പക്ഷെ നിർദ്ധന കുടംബത്തിൽ നിന്നും, വഴിയില്ലാത്ത വീട്ടിൽ നിന്നും കല്യാണം കഴിക്കാൻ ആളുകൾക്ക് മടിയായിരുന്നു. രണ്ടു മാസം മുമ്പ് പറവൂരിൽ നിന്നും ഒരാലോചന സിത്താരയ്ക്ക് വന്നു. ചെക്കന് ഗൾഫിലാണ് ജോലി. ചെക്കനു വേണ്ടി ചെക്കന്റെ പെങ്ങളും ചേട്ടത്തിയും വന്നു കണ്ടു അവർക്കിഷ്ടമായി സിത്തുവിനെ. ഫോൺ വഴി സിത്തു ചെക്കനുമായി സാരിക്കുകയും, വീട്ടിലെ അവസ്ഥകൾ ഒന്നും ഒളിച്ചുവയ്ക്കാതെ ചെക്കനോട് പറയുകയും ചെയ്തു. പിന്നീടുള്ള കാര്യങ്ങൾ അതി വേഗത്തിൽ നീങ്ങി. നാരായണേട്ടനും ബന്ധുക്കളും കൂടി ചെക്കന്റെ വീട്ടിൽ പോകുകയും അവർക്ക് ചെക്കന്റെ വീട്ടുകാരെ ഇഷ്ടപ്പെടുകയും ചെയ്തു. പിറ്റേ ആഴ്ച ചെക്കന്റെ വീട്ടിൽ നിന്നും പത്തു പേർ സിത്തുവിനെ കാണാൻ വരുകയും, അവർ ഈ കല്യാണം ഉറപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു..വരുന്ന ആഗസ്റ്റ് 21 ഞായറാഴ്ച...

എന്നാൽ, സിത്താരയുടെ തീരുമാനം ചെറുക്കൻ വന്ന് നേരിൽ കണ്ടതിനു ശേഷം മാത്രം ഈ വിവാഹം തീരുമാനിച്ചാൽ മതിയെന്നാണ്, ചെക്കൻ ഈ ഡിസംബർ അവസാനമേ നാട്ടിൽ വരികയൊള്ളൂ... വീട്ടുകാരും ബന്ധുജനങ്ങളും സിത്തുവിനെ ശകാരിക്കുന്നു, ശാസിക്കുന്നു, ഭീഷിണിപ്പെടുത്തുന്നു, നിന്നെ കെട്ടാൻ ഇനി രാജകുമാരൻ വരും കാത്തിരുന്നോ...എന്നുവരെയായി കാര്യങ്ങൾ.. ഈ കല്യാണം ഒഴിയുകയാണെന്ന് ഇന്നലെ ചെക്കൻ വീട്ടുകാർ നാരായണേട്ടനെ അറിയിച്ചു... ഇനി പറയൂ

ഇന്നിന്റെ സ്ത്രീയായ സിത്താരയുടെ തീരുമാനമല്ലേ ശരിയായിട്ടുള്ളത്..?
നിർദ്ധരരായ മാതാപിതാക്കളുടെ കണ്ണീരിനു മുമ്പിൽ സിത്താര വഴിപ്പെടണോ..?
തന്റെ വീട്ടിലെ അവസ്ഥയിൽ വീണ്ടും ഇതുപോലെയൊരു ആലോചന വരില്ലെന്നുള്ള കാഴ്ചപ്പാടിൽ ഈ കല്യാണത്തിന് വരുന്നതുവരട്ടെ എന്നരീതിയിൽ വിധിയെന്നു പറഞ്ഞ് സമ്മതിക്കണമായിരുന്നോ...?


** സിത്താരയുടെ നിലപാടിനോട് ഈ ഞാൻ മാത്രമേ അനുകൂലിച്ചിട്ടുള്ളതെന്നു കൂടി പറയട്ടേ...

Thursday, March 31, 2011

സമസ്യ ..!

പതിവുപോലെ വിക്രമാദിത്യൻ മരത്തിൽ കയറി വേതാളത്തെ താഴെയിറക്കി തോളിലേറ്റി നടന്നു….

കുറെ നേരം നടന്നപ്പോൾ വേതാളം വിക്രമാദിത്യനോട് പറഞ്ഞു ഈ യാത്ര വിരസമാകുന്നു. ഈ വിരസത മാറ്റാൻ ഞാനൊരു കഥ പറയാം. ഈ കഥ നടക്കുന്നത് 900 വർഷം കഴിഞ്ഞിട്ടുള്ളതാണ്..

അളകാപുരിയിലെ ഒരു കോളേജിലെ പ്രൊഫസറായിരുന്നു ജോൺ അലക്സ്. ജോൺ അലക്സിന്റെ ഭാര്യ ഒരു ഗവണ്മേന്റ് ഉദ്യോഗസ്ഥ പേര് മോളി. ഇവരുടെ മൂത്തമകൾ ശാലിനി എഞ്ചിനിയറിങ് രണ്ടാം വർഷം പഠിക്കുന്നു. ഇളയ മകൻ ഒമ്പതാം ക്ലാസ്സിലും.

അളകാപുരിയിൽ ചായക്കട നടത്തുന്ന ഗോപാലൻ, ഗോപാലന്റെ ഭാര്യ പ്രമീള സർക്കാർ ജീവനക്കാരിയും പുരോഗമന ചിന്താഗതിയുള്ള മഹിളാ യൂണിയന്റെ ജില്ലാ സെക്രട്ടറിയുമാണ്. ഇവർക്ക് മൂന്ന് മക്കൾ മൂത്ത മകൻ ഗോവിന്ദ് എട്ടിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ ആറിലും മൂന്നാമത്തെ മകൾ അഞ്ചിലും പഠിക്കുന്നു. ഗോപാലന് നാല് പശുക്കളുണ്ട്. ഇവയുടെ പാൽ ചായക്കടയിലും ബാക്കി അടുത്ത വീടുകളിൽ വിൽക്കുന്നു. ഗോവിന്ദാണ് പാൽ മൂന്ന് വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്നത്.

പ്രൊഫസർ ജോൺ അലക്സിന്റെ വീട്ടിൽ പാൽ കൊടുക്കുന്നത് ഗോവിന്ദാണ്. ഒരു ദിവസം ഗോപാലൻ ഗോവിന്ദനോട് പറഞ്ഞു..

“ഡാ ഗോവേ.. ‘നീയാ മാഷിന്റെ വീട്ടിൽ പോയി കുറച്ച് കാന്താരി മുളക് പറച്ചുകൊണ്ടുവാ“..

ജോണിന്റെ വീട്ടിൽ നിറയെ കാന്താരി മുളകുണ്ട് അവർ അത് കൂടുതൽ ഉപയോഗിക്കാറില്ല. കാന്താരി മുളകിനായി ജോണിന്റെ വീട്ടിൽപ്പോയ ഗോവിന്ദൻ കുറെ കഴിഞ്ഞപ്പോൾ പരിഭ്രമത്തോടെയാണ് വീട്ടിൽ തിരികയെത്തിയത്. വൈകുന്നേരമായപ്പോൾ ഗോവിന്ദന് മൂത്രമൊഴിക്കാൻ പറ്റുന്നില്ല. ചെക്കൻ കരച്ചിലോട് കരച്ചിൽ. ജോലിയും മഹിളായോഗവും കഴിഞ്ഞുവന്ന അമ്മയും, ചായക്കട വേലുവിനെ ഏല്പിച്ച് ഗോപാലനും അവനെയും കൊണ്ട് ആരോഗ്യാലയം ആശുപത്രിയിലേക്ക് ഒരോട്ടൊ പിടിച്ചു പോയി. അവിടെ വച്ച് ഗോവിന്ദനെ പരിശോധിച്ച ഡോക്ടർ മുഹമ്മദ് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഗോപാലനും പ്രമീളക്കും ചെക്കന്റെ മൂത്ര തടസ്സത്തിന്റെ കാര്യം മനസ്സിലായത്…

കാന്താരി മുളകിനായി ചെന്ന ഗോവിന്ദനെ ജോൺ അലക്സിന്റെ മകൾ ശാലിനി വീട്ടിനകത്തേയ്ക്ക് വിളിച്ചുവരുത്തുകയും എട്ടും പൊട്ടും തിരിയാത്ത ചെക്കനെക്കൊണ്ട് രാസലീല നടത്തുകയും, അന്തം വിട്ട് കുന്തം വിഴുങ്ങിയ ചെക്കന് ഒരു കാഡ്ബറീസ് മിൽക്കി ബാറും അമ്പത് രൂപയും കെട്ടിപ്പിടിച്ചൊരുമ്മയും പിന്നെ കുറച്ച് കാന്താരി മുളകും നൽകി ആശ്വസിപ്പിച്ചാണ് അവനെ പറഞ്ഞുവിട്ടത്. ആശുപത്രിയിൽ പോകേണ്ടി വന്നതിനാൽ മൂന്നാമതും നാലമതും അഞ്ചാമതും ആറാമതും ആളുകൾക്ക് ഇങ്ങനെയൊരു സംഭവം നടന്നത് അറിയാൻ ഇടവരുത്തി.

ആശുപത്രിയിൽ നിന്നും മരുന്നൊക്കെ വാങ്ങി വരുന്ന വഴി ഗോപാലനും പ്രമീളയും ഗോവിന്ദനെയും കൊണ്ട് ജോൺ അലക്സിന്റെ വീട്ടിൽ കയറി. വീട്ടിൽ ജോണും ഭാര്യയും ജോലി കഴിഞ്ഞെത്തിയിരുന്നു. വളരെ ദേഷ്യത്തോടെ ഗോപാലൻ ജോണിനോട് സംഭവിച്ചതെല്ലാം പറഞ്ഞു, വളർത്തു ദോഷമാണെന്നു പറഞ്ഞ് ജോണിനെ ഗോപലൻ തല്ലുകയും തുടർന്നവിടെ അങ്ങോട്ടുമിങ്ങോട്ടും അടിയും വഴക്കും നടന്നക്കുന്നതിന്റെ ഇടയിൽ വാതിക്കൽ നിന്ന ശാലിനിയെ ഗോപാലൻ കണ്ടതും;

“ഡി പെണ്ണെ... നീയെന്തിനാടി എന്റെ ഒന്നുമറിയാത്ത ചെക്കനെ ആക്രാന്തിച്ചത്..? ‘നിനക്ക് കഴപ്പുണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ചാൽ മതിയായിരുന്നല്ലൊ..! ഞാൻ യാതൊരു മടിയും കൂടാതെ നിന്റെ കഴപ്പ് മാറ്റി തന്നേനെ‘…!! ഹും…“

ഒരു വിധത്തിൽ പ്രമീളയും ഗോവിന്ദനും കൂടി ഗോപാലനെ പിടിച്ചുവലിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റെ ദിവസം പ്രമീള ഗോപാലനുമായി വഴക്കിട്ട് തന്റെ രണ്ട് പെണ്മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി..

ഇത്രയും പറഞ്ഞവസാനിപ്പിച്ചുകൊണ്ട് വേതാളം വിക്രമാദിത്യനോട് ചോദിച്ചു,

ഇതിൽ ആരാണ് തെറ്റുകാർ..? എന്തിനാണ് പ്രമീള ഗോപാലനെയുപേക്ഷിച്ച് തന്റെ പെൺമക്കളെയും കൊണ്ട് തന്റെ വീട്ടിലേക്ക് പോയത്…?

എന്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയില്ലെങ്കിൽ അങ്ങയുടെ തല പൊട്ടിത്തെറിച്ചുപോകും..!!!

ഈ ചോദ്യങ്ങൾക്ക് നിങ്ങളും ശരിയായ ഉത്തരങ്ങൾ നൽകിയില്ലെങ്കിൽ, ഇതു വായിച്ചിട്ട് ഒന്നും മിണ്ടാതെ പോകുകയാണെങ്കിൽ നിങ്ങളുടെ തല നൂറുകക്ഷണങ്ങളായി പൊട്ടിത്തെറിച്ചുപോകും..!!!!!

Monday, March 21, 2011

നഷ്ടപ്പെടുന്ന കളികൾ..!

എന്റെ കുട്ടിക്കാലത്ത് ഞാൻ കളിച്ചിരുന്ന ചില നാടൻ കളികൾ

അണ്ടാ ചുണ്ട
സാറ്റ്
കുഴിപ്പന്ത് കളി
കള്ളനും പോലിസും
കുട്ടിയും കോലും
കിളിത്തട്ട്
കബടി
കല്ല് കളി
രാശിക്ക( ഗോലി കളി) സേവി, ആമ, കുഴി
കശുനണ്ടി - വാട, കുഴി
വളയം എറിയൽ
പിന്നെറിയൽ
തൊങ്കിക്കളി
ഉപ്പ് - ആരും കണ്ടുപിടിക്കാതെ ചെറിയ മണൽക്കൂമ്പാരം
മോതിരം കളി
കണ്ണുപൊത്തിക്കളി
മുങ്ങാം കളി, ഡൈവിങ് - വെള്ളത്തിൽ

നൂറാം കോൽ കളി
പുളിങ്കുരു കളി
കളം വെട്ടി കളി
സിനിമാ പേർ പറഞ്ഞ് കളി
അന്താക്ഷരി

ഇനിയുമിനിയും അനേകം കളികൾ..

പന്തുകളി
ബാറ്റ്മിന്റൻ
വോളി ബാൾ
ക്രിക്കറ്റ് ...ഈ കളികൾ മുതിർന്നവരായിരുന്നു കളിച്ചിരുന്നത്.

വാൽക്കഷണം: എന്റെ മോന് ആകെ അറിയാവുന്നത് കമ്പ്യൂട്ടർ ഗെയിംസ്, തോക്കെടുത്ത് വെടിവച്ചുള്ള കളി..ആകെ നാലൊ അഞ്ചൊ കളികൾ മാത്രം :(

Tuesday, March 1, 2011

ദൈവങ്ങളേ...!

എന്റെ ദേവീ, ദേവി മഹാമായെ അമ്മ അവിടെ ഇരിക്കുന്നുണ്ടൊ അതൊ ഇറങ്ങിയോടിപ്പോയൊ..?

പെരുമ്പാവൂരിലെ വീട് വിറ്റതിനു ശേഷം ഞാൻ കുറ്റിപ്പുഴയിൽ അച്ഛന്റെ നാട്ടിലേക്ക് താമസം മാറ്റി. കുറ്റിപ്പുഴയിലെ അതി പ്രശസ്തമായ ഒരു തറവാട്ടിലെ ഒരു കുടുംബ ക്ഷേത്രമാണ് ദേ ഈ കാണുന്നത്.



ഈ അമ്പലത്തിലെ ഉത്സവത്തിന് ഒരിക്കൽ ഞാൻ പോയിരുന്നു. വർഷത്തിലൊരിക്കൽ മാത്രം ഉത്സവവും പൂജയും. ഇവിടത്തെ ആചാര അനുഷ്ഠാനങ്ങൾ കണ്ടപ്പോൾ ഞാൻ ഈ നൂറ്റാണ്ടിലാണൊ ജീവിക്കുന്നതെന്ന് തോന്നിപ്പോയി. ഈ ഫോട്ടൊയിൽ പടം പിടിച്ചയാൾ നിൽക്കുന്ന സ്ഥലത്ത് മാത്രമെ താണ ജാതിക്കാർക്ക്(ക്ഷമിക്കുക) നിൽക്കാൻ പറ്റു, അവിടെ നിന്ന് തൊഴുകണം അവിടെ നിന്ന് വഴിപാടുകൾ സമർപ്പിക്കണം..! ആ പറമ്പിലേക്ക് കയറാൻ അനുവാദമില്ല. എന്നാൽ രസകരമായ മറ്റൊരു വസ്തുത ഉത്സവത്തിനു മുന്ന് ആ അമ്പലം പെയ്ന്റടിക്കാനും, കാടും പടലവും വെട്ടി വൃത്തിയാക്കാനും കീഴ്ജാതിക്കാർക്ക് അനുമതിയുണ്ട് ഈ അനുമതി കൊടുത്തില്ലെങ്കിൽ ദൈവകോപം ഉണ്ടാകും അതു ഭയന്നിട്ടാകും മേളാന്മാർ അനുമതി നൽകിയിരിക്കുന്നതെന്ന് ഞാൻ അനുമാനിക്കുന്നു. പുരോഗമന വാദികൾ നിറയെയുള്ള പ്രദേശമാണ് കുറ്റിപ്പുഴ. ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജന്മ ദേശവും അതിൽ ഊറ്റം കൊള്ളുന്നവരും തിങ്ങിനിറഞ്ഞ് ജീവിക്കുന്ന നാട്..!

************************************************************************************

മാളക്കടുത്ത് വടമയിലാണ് പാമ്പുമ്മേയ്ക്കാട്ട് മന, അവിടെ സർപ്പങ്ങളാണ് പ്രതിഷ്ഠ. ഈ അമ്പലത്തിൽ നായന്മാർക്ക് കുളിക്കാതെ ക്ഷേത്രത്തിനകത്ത് കയറാം(വീട്ടിൽ നിന്നും കുളിച്ചുവരുന്നവർ), കയറുന്നതിനുമുമ്പ് അവിടത്തെ വാല്യേക്കാരൻ ചോദിക്കും താങ്കൾ നായരാണൊ.? മേൽ ജാതിക്കാരനാണൊന്ന്.? ആണെന്ന് പറഞ്ഞാൽ കയറാം. ഇനി കീഴ്ജാതിയിൽ‌പ്പെട്ടവർ അകത്തുകയറണമെങ്കിൽ അവിടെയുള്ള അമ്പലക്കുളത്തിൽ കുളിച്ച് ഈറനോടെ വന്നാൽ മാത്രം അകത്ത് കയറ്റും എന്നാൽത്തന്നെയും നാലുകെട്ടിലേക്ക് പ്രവേശനമില്ല..മറ്റൊരു കാര്യം ഈ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പ്രസാദം അവിടെ നിന്ന് കഴിക്കാൻ പാടില്ല കാരണം അത് താഴെ വീണാൽ അമ്പലം അശുദ്ധമാകും. ഇതറിയാതെ ഞാനെന്റെ മോന് നേദിച്ച പഴം അവിടെ വച്ചുകൊടുത്തപ്പോൾ തിരുമേനി എന്നോട് പറഞ്ഞു ഡോണ്ടു ഡോണ്ടൂന്ന് ഇത് പറഞ്ഞുകഴിഞ്ഞപ്പേഴേക്കും അദ്ദേഹത്തിന് ചുമവരുകയും ശക്തമായി ചുമക്കുകയും ആ ചുമയുടെ ആഫ്റ്റർ ഇഫക്റ്റായി വന്ന കഫം മുറ്റത്തേക്ക് തൂഫ്ന്ന് പറഞ്ഞ് തുപ്പുകയും ചെയ്തു..! അപ്പോൾ ഞാൻ മനസ്സിലാക്കണമായിരുന്നു പ്രസാദം താഴെവീഴുന്ന അശുദ്ധത്തേക്കാൾ ശുദ്ധതയുണ്ട് കഫത്തിനെന്ന്..!

അകത്ത് കയറാൻ നേരം നായരാണൊന്ന് ചോദിച്ചപ്പോൾ ഞാൻ അതേന്നും പറഞ്ഞ് അകത്ത് കയറി. തിരിച്ചുവന്നപ്പോൾ വാല്യേക്കാരനോട് ചോദിച്ചു മാഷേ എന്തിനാ മാഷേ ഇക്കാലത്ത് ഇങ്ങനെയൊക്കെ നോക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ വെറും വാല്യേക്കാരൻ ഞാനെന്റെ ജോലി ചെയ്യുന്നു..

ഈ വിവേചനം അവസാനിപ്പിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും..? ചില ചോദ്യങ്ങൾ
1) കുടുംബ ക്ഷേത്രത്തിൽ അതിന്റെ അധികാരികൾ സാമൂഹ്യ വ്യവസ്ഥിതിക്ക് വിപരീതമായി നിഷ്ക്രഷിക്കുന്നതിനെ ചേദ്യം ചെയ്യപ്പെടുന്നത് നിയമപരമായി തെറ്റാണൊ..?
2) കുടുംബ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെ നിയമപരമായി ചോദ്യം ചെയ്യാൻ കഴിയുമൊ..?
3) കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഇത്തരം പരിഹാസപരമായ കാര്യങ്ങൾ അവസാനിപ്പിക്കാൻ നമുക്ക് എന്തുചെയ്യാൻ പറ്റും..?

** അമ്പലത്തിനകത്ത് ഷർട്ട് ധരിച്ച് കയറ്റാത്തതിനോടും എനിക്ക് വിയോജിപ്പുണ്ട്, കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചകത്ത് കയറാൻ അനുവദിക്കണം അതിനുള്ള ശബ്ദം ആരവമായി മുഴങ്ങട്ടെ... അടുത്ത തലമുറയ്ക്ക് ഇത്തരം അപഹാസ്യങ്ങൾ കാണാൻ ഇടയാകാതിരിക്കട്ടെ..തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാതാകട്ടെ..!!

അമ്മേ മഹാമായേ, നാഗ ദൈവങ്ങളെ നിങ്ങൾ എന്നോട് വിദ്വേഷം തോന്നരുത്..!!! വേണ്ട വഴിപാടുകൾ കഴിച്ചേക്കാം..!!

*** ചിത്രത്തിന് കടപ്പാട്: പ്രദീപ് ഞാണൂരാൻ

Tuesday, January 18, 2011

ദിവസങ്ങൾ സുന്ദരമാണ്..!

ഇന്ന് ഞങ്ങളുടെ ഏഴാം വിവാഹ വാർഷികം. ഈ വാർഷികത്തിൽ പുതിയൊരു അംഗം കൂടി ഉണ്ടായിട്ടുണ്ട് മകൻ ആകാശ്.


ആദ്യ വർഷത്തിൽ വലിയ പരിക്കില്ലാതെ ഞങ്ങളുടെ തോണി തുഴഞ്ഞുപോകാൻ പറ്റി, എന്നാൽ രണ്ട് മൂന്ന് വർഷങ്ങളിൽ, “എനിക്ക് നല്ല തലവേദനയായതുകൊണ്ടല്ലെ നിങ്ങളുടെ ഫ്രൻഡ്സ് വന്നപ്പോൾ ഒഴിഞ്ഞു മാറിയത്..!“ “എന്താ എന്റെ വീട്ടുകാർ പറഞ്ഞതിനോട് ഹേ മനുഷ്യാ നിങ്ങൾക്കൊരു പുശ്ചം..?“ ഇങ്ങനെ ഈഗൊയും അംഗീകരിക്കാനും ചില വൈമുഖതകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ചിന്തിക്കുന്ന കാര്യം അവൾക്ക് പ്രവർത്തിയിൽ കൊണ്ടുവരാനും അവളുടെ നോട്ടത്തിന്റെ അർത്ഥങ്ങൾ എനിക്ക് മനസ്സിലാക്കാനും സാധിക്കുന്നു. അതായിത് കാശ് ചിലവാക്കുന്നതിലൊഴിച്ച് ഞങ്ങൾ തമ്മിൽ ഒരേ മാനസികാവസ്ഥയിലെത്തിയിരിക്കുന്നു.


ജീവിതത്തിലെ സുന്ദര ദിനങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ബാച്ചി ലൈഫിനേക്കാൾ, കൂട്ടുകാരുമായി ചിലവഴിക്കുന്നതിനേക്കാൾ തികച്ചും ആസ്വാദ്യകരം ഞാനും അവളും മക്കളും അടങ്ങന്ന ഞങ്ങൾ മാത്രമായുള്ള നിമിഷങ്ങളാണ്. ഈ അന്തരീക്ഷത്തിലേക്ക് എന്റെ പ്രിയപ്പെട്ടവർ കയറിവരുന്നതുപോലും ചിലപ്പോൾ എന്നിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് തോന്നാറുണ്ട് കാരണം കുട്ടികളുടെ ഒച്ചയും അവളുടെ പരിഭവങ്ങളും കളിയാക്കലുകളും നിറഞ്ഞ എന്റെ കുടുംബാന്തരീക്ഷം എനിക്ക് അത്രക്ക് പ്രിയപ്പെട്ടതാകുന്നു....


നിങ്ങളുടെ ആശിർവാദവും അനുഗ്രഹവും ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു...!









** പടത്തിൽ ഞാൻ,ആദിത്യ,എന്റെയമ്മ(പത്മാവതി)ശ്രീദേവി,ആകാശ്(ഇന്ന് 108 ദിവസം)