Monday, April 21, 2008

അബദ്ധം ആര്‍ക്കും പറ്റും..!

നാട്ടിലേക്കുള്ള ഒരു യാത്ര..

രാത്രി 11.05 നായിരുന്നു എന്റെ ഫ്ലൈറ്റ്‌ അതും നമ്മുടെ സ്വന്തം വീമാനത്തില്‍. ആയതിനാല്‍ 'നല്ല' സര്‍വ്വീസിനു പേരുകേട്ടിട്ടുള്ള വീമാനം ഞാന്‍ കാരണം വൈകിയെന്നു പറയിപ്പിക്കേണ്ട എന്ന നല്ല മനസ്സോടെ 8 മണിയായപ്പോഴേക്കും എയര്‍പോര്‍ട്ടില്‍ എത്തി. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ചേട്ടനും ചേച്ചിയും പറഞ്ഞതാണ്‌ എന്തെങ്കിലും കഴിക്കാന്‍. ആ സമത്ത്‌ എന്തു വിശപ്പ്‌...?

യാതൊരു പ്രശ്നവും കൂടാതെ ബോര്‍ഡിങ്ങ്‌ പാസ്സ്‌ കിട്ടിയപ്പോള്‍ വളരെയധികം സന്തോഷമായി. പിന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ചില സാധനങ്ങള്‍ വാങ്ങി, ബോര്‍ഡിങ്ങ്‌ പാസ്സില്‍ പറഞ്ഞിരിക്കുന്ന ഗെയിറ്റിനു സമീപം മനോരാജ്യങ്ങള്‍ കണ്ടിരിപ്പായി.

രാത്രി 11.05 പുറപ്പെടേണ്ടിരുന്ന എയറിന്ത്യാ എക്സ്പ്രസ്സ്‌ വീമാനം പുറപ്പെട്ടെത്‌ രാവിലെ 5.40 ന്‌. ഇതിനിടക്ക്‌ പച്ചവെള്ളം പോലും കഴിച്ചില്ല, കിട്ടിയില്ല, തന്നില്ല ( ഒരു കാപ്പിയെങ്കിലും തരാമായിരുന്നു ). പക്ഷെ അന്ന് യാത്രക്കാരുടെ ഐക്യവും അനൈക്യവും അറിയാന്‍‍ കഴിഞ്ഞെന്നു മാത്രമല്ല എങ്ങിനെയൊക്കെ വാക്കുകളിലൂടെ എയറിന്ത്യാ എക്സ്പ്രസ്സിനോട്‌ സ്നേഹപ്രകടങ്ങള്‍ നടത്താമെന്നതും കേള്‍ക്കാനും കഴിഞ്ഞു !!.

ശബരിമലക്കു പോകുന്ന മണ്ഡലക്കാലമായതിനാല്‍ ഞാനും നൊയമ്പ്‌ നോക്കിയിരുന്നു. അങ്ങിനെ തണുത്ത വിറച്ച ശരീരത്തോടും ദേഷ്യംകൊണ്ടും സ്വയം ശപിച്ചുകൊണ്ടും തിളക്കുന്ന മനസ്സുമായി ഫ്ലൈറ്റിലിരുന്നു പുറം കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്ന ഞാന്‍, എന്തോ ശബ്ദം കേട്ടിട്ട്‌ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചവണയില്‍ ആവി പറക്കുന്ന എന്തോ സ്നാക്സ്‌ പിടിച്ചു നില്‍ക്കുന്ന സുന്ദരിയായ വൃദ്ധകന്യകയെയാണു കണ്ടത്‌. വിശന്നിട്ടു കൊടലു കത്തിയ മണം വരുന്നുണ്ടായിരുന്നുവെങ്കിലും നൊയമ്പുള്ളതിനാല്‍, അവരോട്‌ is it veg ? എന്നു ചോദിച്ചു. ഞാന്‍ ചോദിച്ചതിനേക്കാള്‍ സ്പീഡില്‍ ആ സുന്ദരി whhhaatt... എന്ന് അന്തം വിട്ട മുഖഭാവത്തോടെ ഉറക്കെ തിരിച്ചു ചോദിച്ചു. ഒരു മിനിറ്റു നേരത്തേയ്ക്ക്‌ എനിക്കൊ ആ കോമളാംഗിക്കൊ എന്റെ അടുത്തിരുന്നവര്‍ക്കൊ ഒന്നും മനസ്സിലായില്ല. പിന്നെ എന്റെ ചമ്മലോടുകൂടിയുള്ള വിശദീകരണം കേട്ടപ്പോള്‍...........

സംഗതിയെന്തെന്നാല്‍, ആവി പറക്കുന്ന ആ സാധനം കണ്ടപ്പോള്‍ എന്റമ്മച്ചിയാണെ ഞാന്‍ വിചാരിച്ചത്‌ അത്‌ തിന്നാനുള്ള എന്തെങ്കിലുമായിരിക്കുമെന്നാണ്‌. ശബരിമലക്കു പോകണമെന്നുള്ളതിനാല്‍ അറിഞ്ഞൊ അറിയാതെയൊ നോണ്‍ വെജ്‌ കഴിക്കേണ്ടല്ലൊയെന്നുവിചാരിച്ചാണു ഞാന്‍ is it veg എന്നു ചോദിച്ചത്‌. പക്ഷെ അവര്‍ നീട്ടിത്തന്നത്‌ ചൂടുവെള്ളത്തിലിട്ട മുഖം തുടയ്ക്കുന്ന കടലാസായിരുന്നു...!

Sunday, April 13, 2008

കുട്ടികള്‍ക്കാണ് വിഷു..!


വിഷുവിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത്‌ വിഷുക്കൈനീട്ടമാണ്‌. അച്ഛന്‍ മരിക്കുന്നതുവരെ അച്ഛനാണ്‌ വിഷുക്കണിയൊരുക്കിയിരുന്നതും വിഷുകൈനീട്ടം ആദ്യം തരുന്നതും. അച്ഛന്റെ മരണ ശേഷം ആ റോള്‍ അമ്മ ഏറ്റെടുത്തു. എന്തൊകൊണ്ടൊ വിഷുദിനത്തില്‍ എന്റെ ബന്ധുക്കാരാടും അയല്‍വക്കക്കാരോടും വല്യ ബഹുമാനവും സ്നേഹമാണെനിയ്ക്ക്‌. ബഹുമാനം കൂടുന്തോറും വിഷുകൈനീട്ടത്തിന്റെ മൂല്യം കൂടുമെന്നുള്ളത്‌ അനുഭവം..!

കുട്ടിക്കാലത്ത്‌ വിഷുക്കനീട്ടങ്ങള്‍ കിട്ടിയാല്‍ ആ രൂപ സൈക്കിള്‍ വാടകക്കെടുത്ത്‌ ചവിട്ടിത്തീര്‍ത്താലെ മനസ്സിലെ പെടപിടപ്പ്‌ മാറുകയൊള്ളൂ. വിഷു എന്നെ മോഷ്ടാവാക്കാറുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ് ആരും കാണാതെ അയല്‍വക്കങ്ങളിലെ പറമ്പില്‍ നിന്നും കശുനണ്ടി കളക്ടുചെയ്ത് പടക്കം മേടിക്കാറുണ്ടായിരുന്നു. ‍ഇതിനുവേണ്ടി എത്ര രാവിലെ എഴുന്നേല്‍ക്കാനും ഒരു മടിയുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വേണ്ടി ഇത്ര രാവിലെ എഴുന്നേറ്റിരുന്നെങ്കില്‍...

ടക്കം പൊട്ടിക്കുമ്പോള്‍ ചില അബദ്ധങ്ങള്‍ പറ്റീട്ടുണ്ട്‌. മണ്ണണ്ണ വിളക്കു കത്തിച്ചുവച്ചിട്ടാണു പടക്കം പൊട്ടിക്കുന്നത്‌. പടക്കം താഴെ വീഴുന്നതിനു മുമ്പ്‌ പൊട്ടണം എന്നാലെ ഒരു 'ഇത്‌' ഉണ്ടാവൂ അങ്ങിനെ പടക്കത്തിനു പകരം മണ്ണണ്ണ വിളക്ക്‌ എറിഞ്ഞട്ടുണ്ട്‌. അതുപോലെ കത്തിച്ചെറിഞ്ഞ പടക്കം പൊട്ടാതാകുമ്പോള്‍ വീണ്ടും കത്തിക്കാന്‍ വേണ്ടി എടുക്കുമ്പോള്‍ അല്ലെങ്കില്‍ അടുത്തുചെല്ലുമ്പോള്‍ ഞാന്‍ പറ്റിക്കപ്പെടാറുണ്ട്‌ ഒറ്റപ്പൊട്ട്‌....!!

ടക്കം മേടിക്കാന്‍ കാശില്ലെങ്കില്‍, പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ ശേഖരിച്ച്‌ (മിക്കതിനും തിരിയുണ്ടാകില്ല) അതിലെ വെടിമരുന്ന് പുറത്തെടുത്ത്‌ അതിനുമുകളില്‍ ഒരു ചെറിയ കല്ല് (നന്നായി ഉരച്ച്‌ മിനുസപ്പെടുത്തിയത്‌) കയറ്റിവച്ച്‌ അതിനു മുകളിലേക്ക്‌ ഒരു ഭാരമുള്ള കല്ലെടുത്ത്‌ ഇടും അപ്പോളൊരു ഒന്നൊന്നര പൊട്ടുണ്ട്‌...!!!

പ്രവാസിയായതിന്റെ പേരില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളായി എനിക്ക്‌ വിഷു നനഞ്ഞ പടക്കം പോലെയാണ്‌.

പ്പോള്‍ പറഞ്ഞുവന്നത്‌ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ പേരിലും കുടുംബത്തിന്റെ പേരിലും വിഷു ആശംസകള്‍ നേരുന്നു..!