എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകള്‍
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍
രചന : കുഞ്ഞന്‍ , ദിവസം : 6:53:00 AM 9 പ്രതികരണങ്ങള്‍
കാര്യം : കാണം ഓണം സദ്യ സമത്വം ആഹ്ലാദം
ബഹറിന്‍ ബൂലോക കുടുംബ സംഗമം സന്തോഷത്തിന്റെയും പൊട്ടിച്ചിരികളുടേയും വേദിയായി...
ഹൃദ്യമായൊരു അനുഭവമായിരുന്നു എനിക്കീ ബൂലോക മീറ്റ് . ഈ ബൂലോക കുടുംമ്പ സംഗമം യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രവര്‍ത്തിച്ച ശ്രീ ഇരിങ്ങലിനും,ബാജി ഓടം വേലിക്കും പിന്നെ മറ്റു ബ്ലോഗാക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ആദ്യം സ്വയം പരിചയപ്പെടുത്തലായിരുന്നു. പേര്, ബ്ലോഗ് പേര്, ജോലി, സ്വന്തം ഭാര്യയെയും കുട്ടികളുടെയും(ഉള്ളവര്‍) പേര് എന്നിങ്ങനെയുള്ള സ്ഥിതിവിവര കണക്കുകളാണ് പറഞ്ഞത്.
പിന്നീട് തീപ്പൊരി പ്രസംഗമായിരുന്നു ഇരിങ്ങലിന്റേത്.. ബൂലോക ചരിത്രം, കൂട്ടായ്മയുടെ ആവിശ്യകത എന്നിവയെപ്പറ്റി വിശദമായി ശ്രീ രാജു ഇരിങ്ങല്‍ സംസാരിച്ചു. സംസാരത്തില്‍ ദേവസേനക്കെതിരെയുള്ള കല്ലെറിയല്‍ പരാമര്‍ശവും വന്നു. ബൂലോകത്ത് ബന്യാമനുമായുള്ള ആശയ സംവാദത്തെപ്പറ്റി പറഞ്ഞതു വേദിയാകെ ചിരിയുടെ തിരമാലകളുണ്ടാക്കി. (ബന്യാമനും ശ്രീവിദ്യയും പിന്നെ ഇരിങ്ങിലും) ബന്യാമന്റെ വാമ ഭാഗം പോലും അനോണിയായി ബന്യാമനെതെരെ കമന്റിയെന്ന സത്യം അപ്പോഴാണു ബന്യാമന്‍ പോലും അറിഞ്ഞത്!.(വീട്ടില്‍ ചെല്ലുമ്പോള്‍ ബന്യാമനും നല്ല പാതിയുമായി കുടുംമ്പ വഴക്കുണ്ടാകാതിരുന്നാല്‍ മതിയായിരുന്നു! ) അജ്ഞലി ലിപിയുടെ സൃഷ്ടികര്‍ത്താവ് കെവിന്‍&സിജിയെയും, അവരുടെ അസാന്യദ്ധ്യവും പരാമര്‍ശിക്കപ്പെട്ടു.
പിന്നീട് ശ്രീ ബന്യാമന്‍ ബ്ലോഗെഴുത്തിനെപ്പറ്റിയും അതിന്റെ എത്തിക്സിനെ പറ്റിയും വളരെ വിശദമായി സംസാരിച്ചു. അദ്ദേഹം ഇന്ത്യോ അറബ് കള്‍ച്ചറില്‍ സംസാരിക്കാന്‍ ദുബായിയില്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചു. ദുബായി ബ്ലോഗ്ഗാക്കളെ പറ്റി പറഞ്ഞപ്പോള്‍, ബന്യാമന്റെ മുഖത്ത് പ്രിയപ്പെട്ടവരെപ്പറ്റി പറയുമ്പോഴുള്ളതുപോലെ, ഒരു തരം സന്തോഷം തെളിഞ്ഞുകാണാമായിരുന്നു. ആര്‍ക്കെങ്കിലും ബ്ലോഗിനെ പറ്റി ചോദിക്കാമെന്നു പറഞ്ഞപ്പോള്‍, ബാച്ചിയായ ഒരു ബ്ലോഗന്‍ ശ്ലീലത്തെയും അശ്ലീലത്തെയും പറ്റി ചോദിച്ചു. അത്രയും നേരം ബന്യാമന്റെ പ്രസംഗം ശ്രദ്ധിക്കാതിരുന്നവര്‍പോലും(പ്രത്യേകിച്ച് ബാച്ചികള്‍) ആ ചോദ്യത്തിനുത്തരം കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു. പക്ഷെ, ബന്യാമന്‍ ബാച്ചികളെയും (വിവാഹിതരെയും) നിരാശരാക്കി. അശ്ലീലത്തെ പറ്റി പ്രേരണയുടെ സുനീശ് കുമാറും പിന്നെ mk നബ്യാരും പറഞ്ഞപ്പോഴും പ്രതീക്ഷച്ചതുപോലെ ബിറ്റൊന്നും വരാത്തത്തതില്‍ ബാച്ചികള്‍ രഹസ്യമായി നെടുവീര്‍പ്പിടുന്നതു കാണാമായിരുന്നു!!!. മുഖ്യ ധാര എഴുത്തുകാര്‍ എന്തുകൊണ്ടാണു ബൂലോകത്തേയ്ക്കു കടന്നുവരാത്തെതെന്നു ഈയുള്ളവന്‍ തല ചൊറിഞ്ഞുകൊണ്ടു ചോദിച്ചതിനു മറുപടിയായി ബന്യാമന്‍ ചുള്ളിക്കാടിനെയും(ബാലചന്ദ്രന്‍) വിശാല മനസ്കനെയും പറ്റി പറഞ്ഞു. അപ്പോള്‍ നചികേതസ്സ്, സാഹിത്യം മാത്രമായി ബ്ലോഗെഴുത്തില്‍ ഒതുക്കരുത് ശാസ്ത്ര സാഹിത്യം കൂടിയെഴുതുന്നതിന്റെ ആവിശ്യകതെയെപ്പറ്റി ശക്തമായും വ്യക്തമായും പറഞ്ഞു.
ഇങ്ങനെ സംവദിച്ചു കൊണ്ടിരുന്നപ്പോള്‍ അപ്പുറത്തിരിക്കുന്ന ചിക്കന്‍ ലോലിപോപ്പിനെയും ഫ്രൈഡു റൈസിനെയും മറന്നു പോകരുതെന്ന് ഇരിങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു (ശ്ശൊ,, ഇങ്ങിനെയുണ്ടൊ കൊതിയന്‍!).
അപ്പോള്‍ ബാജി വിളിച്ചു പറഞ്ഞു ശാപ്പാടു കഴിച്ചിട്ടു ബാക്കി.... കേള്‍ക്കേണ്ട താമസം ഞാന്‍ ഇരിങ്ങിലിനെയും മറികടന്ന് ശാപ്പാട് യുദ്ധം അനൌപചാരികമായി, ഞാന്‍ ഫസ്റ്റേന്നു പറഞ്ഞുത്ഘാടനം ചെയ്തു..(ഹൊ ഇവിയെങ്കിലും എനിക്കൊന്നാമനാകാന്‍ കഴിഞ്ഞു!)
എന്താ... ടേസ്റ്റ്!!!... പിന്നെല്ലാവരും ഒരു തീറ്റമത്സരമായിരുന്നു. പക്ഷെ അവിടെയും ഇരിങ്ങള്‍ കത്തിക്കയറി!!!
വീണ്ടും അടുത്തുതന്നെ ഒത്തുചേരാമെന്ന തീര്‍ച്ചപ്പെടുത്തലോടെ എല്ലാവരും പിരിഞ്ഞു. എല്ലാവരുടെയും ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു...
‘എല്ലാ ബൂലോകവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍’
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍
രചന : കുഞ്ഞന്‍ , ദിവസം : 7:35:00 AM 10 പ്രതികരണങ്ങള്‍
കാര്യം : പരിചയപ്പെടുത്തല്‍, പിരിയല്‍, പ്രസംഗം, ഭക്ഷണം
ഭാവിയില്‍ ബ്ലോഗില്‍ വരാവുന്ന വിവാഹ പരസ്യങ്ങള്‍..
ബ്ലോഗണിയെ ആവിശ്യമുണ്ട്
രണ്ടു വര്‍ഷമായി ബ്ലോഗിലുള്ളതും അടുത്തുതന്നെ ബൂലോക കൂട്ടായ്മയില്‍ നിന്നും വരുന്നതുമായ 30 പോസ്റ്റിട്ട സുന്ദരനായ ബ്ലോത്തന്‍ ബ്ലോഗാവിനു ഒറ്റപോസ്റ്റിടാതെ കമന്റിടല്‍ മാത്രം ചെയ്യുന്ന ബ്ലോഗണികളില്‍ നിന്നും ബ്ലോഗാഹാലോചനകള്‍ ക്ഷണിക്കുന്നു.(അനോണിമണികള്‍ക്കു മുന്‍ഗണന)
ബ്ലോഗാവിനെ ആവിശ്യമുണ്ട്
സുന്ദരിയും സുശീലയുമായ 25 പോസ്റ്റിട്ട ബ്ലോഗിണിയായ യുവതിയ്ക്ക്, ആഴ്ചയില്‍ 8 പോസ്റ്റെങ്കിലും ഇടുന്നവനും, എല്ലാപോസ്റ്റിലും കമന്റിടുന്നവനുമായ പ്രായം തികയാത്ത ബ്ലോഗാവന്മാരില്‍ നിന്നും ബ്ലോഗാഹാലോചനകള്‍ ക്ഷണിക്കുന്നു. (ബ്ലോഗാഹത്തിനുശേഷം ബ്ലോഗാവിനെ ബൂലോക കൂട്ടയ്മയിലേക്കു കൊണ്ടുപോകുന്നതാണ്)
ബ്ലോഗനെ ആവിശ്യമുണ്ട്
തന്റേതായ കാരണത്താല്‍ ബ്ലോഗൊഴിഞ്ഞു കൊടുക്കേണ്ടി വന്ന 2 പോസ്റ്റിട്ട കമന്റൊന്നുമില്ലാത്ത ബ്ലോഗണി യുവതിയ്ക്ക് മൂന്നും നാലും ബ്ലോഗുള്ളവരില്‍ നിന്നും ബ്ലോഗാഹം ആലോചിക്കുന്നു. (കമന്റുകള്‍ മാത്രം ഇടുന്ന ബ്ലോഗന്മാറെയും പരിഗണിക്കും)
ഒരു ബ്ലോഗാഹ പത്രിക
പ്രിയ ബ്ലോഗാവെ,
എന്റെ മകള്‍ അനോണമിയും പിന്മൊഴി വീട്ടില്‍ ശ്രീമാന്‍ ശ്രീമതി ബ്ലോഗപ്പന്‍ ദമ്പതിമാരുടെ മകന്‍ ശ്രീ ഓഫ് ടോക്കും തമ്മിലുള്ള ബ്ലോഗാഹം ഈ വരുന്ന ഞായറാഴ്ച ബൂലോക കൂട്ടായ്മയില്‍ വച്ചു തേങ്ങയുടച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. താങ്കള്‍ പോസ്റ്റുകള്‍ സഹിതം ഈ മംഗളകര്‍മ്മത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അന്നേ ദിവസം വൈകിട്ട് ബ്ലോഗിളപ്പന്റെ വീട്ടില്‍വച്ച് ബ്ലോഗണി വരമൊഴിയുടെ അക്ഷരഭ്യാസ നൃത്തവും ലിങ്കുകുട്ടന്റെ സംവാദ വെടിക്കെട്ടുമുണ്ടായിരിക്കുന്നതാണ്.
N.B ദയവു ചെയ്ത് കമന്റുകള്‍ കൊണ്ടുവരരുത്.
രചന : കുഞ്ഞന്‍ , ദിവസം : 7:56:00 AM 23 പ്രതികരണങ്ങള്‍
കാര്യം : ബ്ലോഗാഹാലോചനകള്‍
ആമുഖമായി പറയട്ടേ ശരാശരി നിലവാരമൊ അതില്‍ത്താഴയൊയുള്ള എന്റെ ബൂലോകത്തെപ്പറ്റിയുള്ള ഒരുകാഴ്ചപ്പാടാണീപോസ്റ്റ്.
ഒരാള്‍ ഒരു പോസ്റ്റിട്ടാല്‍ അതുവായിക്കുന്നതു അയാള്‍ ആരായിരുന്നുവൊ എന്തായിരുന്നുവെന്നൊ നോക്കിയല്ല, നേരെ മറിച്ചു ആവിഷയത്തില്‍ ഒരു ശരിയുണ്ട്,ആശയമുണ്ട് അല്ലെങ്കില്‍ ഒരു വായന സുഖം നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.ബൂലോകത്തെഴുതുന്ന പോസ്റ്റിനു ഒരു നിശ്ചിത സ്റ്റാന്റേര്‍ഡ് വേണമെന്നൊക്കെ വാദിക്കുന്നതു ഒരു ബാലിശമായ കാര്യമാണെന്നാണെനിക്കു തോന്നുന്നത്.
ബൂലോകത്തെഴുതുന്നവര്‍, 90% പേരും എഴുത്തിനെ ഒരു മുഖ്യധാരയായി കാണുന്നവരല്ല. ഒരു സാമ്പത്തികനേട്ടത്തിനു വേണ്ടിയിട്ടൊ അല്ല ബ്ലോഗെഴുതുന്നത്. ജീവിതമാര്‍ഗ്ഗത്തിനു വേണ്ടി പല പല ജോലിയില്‍ ഏര്‍പ്പെട്ടവര്‍ ജോലിയില്‍ നിന്നല്‍പം ആശ്വാസം കിട്ടുവാനൊ,അല്ലെങ്കില്‍ ബോറടിമാറ്റനൊ അതിനുമപ്പുറം അവന്റെ അല്ലെങ്കില്‍ അവുളുടെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസന പ്രകടിപ്പിക്കുവാനൊരു വേദിയെന്നതിലാണ് ഒരു പോസ്ട്ടിടുന്നെതെന്നെനിക്കു തോന്നുന്നത്. ആയതിനാല്‍ ആ സൃഷ്ടി ഉന്നത നിലവാരം പുലര്‍ത്തണമെന്നില്ല കാരണം ജേര്‍ണ്ണലിസം പഠിച്ചവരൊ അല്ലെങ്കില്‍ എഴുത്തു ഒരു മുഖ്യ ജീവനോപാധിയാക്കിയവരൊ അല്ല മുഴുവന്‍ ബ്ലോഗെഴുത്തുകാര്‍. അതുകൊണ്ട് ഒരു നിശ്ചിത നിലവാരം പുലര്‍ത്തണമെന്നൊക്കെ വാദിക്കുന്നതു അല്‍പം ബുദ്ധിമുണ്ടാക്കുന്നകാര്യമാണ്.
രചനകളില്‍ തന്റെ സാഹിത്യ പാടവം കാണിക്കാന്‍വേണ്ടി കടിച്ചാല്‍ പൊട്ടാത്ത വാചകങ്ങള്‍ എഴുതുന്നവരുണ്ട്. കമന്റു പെട്ടിയില്‍ ആശയകുഴപ്പമുണ്ടാക്കുന്ന രീതില്‍ അപാര സാഹിത്യ വിജ്ഞാനം വിളമ്പുന്നവരുമുണ്ട്. ഇത്തരക്കാര്‍ സ്വയം അപഹാസ്യന്മാരാകുന്നത് അറിയുന്നില്ലെന്നു തോന്നുന്നു.
സാധാരണക്കാരന്റെ ഭാഷയില്‍ അവനു മനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ വളരെ ഭംഗിയായി എഴുതിയതുകൊണ്ടാണു ശ്രീ വിശാലമനസ്കനെയും കുറുമാനെയും മറ്റുള്ളവരെയുമെല്ലാം ജനപ്രിയരാക്കിത്തീര്‍ത്തത്.
അദ്ധ്യാപകരുടെ കൂട്ടയ്മ കൊണ്ടൊ ഡോക്ടേഴ്സിന്റെ കൂട്ടായ്മ കൊണ്ടുള്ള ബൂലോക സൃഷ്ടിയേക്കാള്‍ നല്ലത് അവരുടെ സര്‍ഗ്ഗപരമായാ സൃഷ്ടികളാണു ബൂലോകത്തുനു വേണ്ടത്. കാരണം ഇന്നു ഏതു വിഷയത്തെപ്പറ്റി സംശയമുണ്ടെങ്കില്‍ ചുമ്മാ ഗൂഗിളിലൊ യാഹുവിലൊ ഒന്നു സേര്‍ച്ചു ചെയ്താല്‍ മതി ആവിഷയത്തെപ്പറ്റി അറിവുപകരുന്ന അനവധി സൈറ്റുകള്‍ നിമിഷങ്ങള്‍ക്കകം നമുക്ക് ലഭ്യമാകും.
ബൂലോകത്തു വരുന്ന സൃഷ്ടികളില്‍ ഇഷ്ടമുള്ളത് എഴുതട്ടേ, അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ. ഒരു കല്യാണ സദ്യക്കു പലതരത്തിലുള്ള കൂട്ടാന്‍ വിളമ്പാറുണ്ട് അതെല്ലാം നമ്മള്‍ കഴിക്കാറുണ്ടൊ? ഉപ്പുകഴിക്കാത്തവരുണ്ടാകും,എണ്ണമയമുള്ളതു കഴിക്കാത്തവരുണ്ടാകാം അല്ലെങ്കില്‍ മധുരം ഇഷ്ടമല്ലാത്തവരൊ കഴിക്കാന്‍ പറ്റാത്തവരൊ ഉണ്ടാകാം. അപ്പോള്‍ എല്ലാം കഴിക്കണമെന്നു നിഷ്കര്‍ച്ചാല്‍ എന്തു ചെയ്യും? പക്ഷെ എല്ലാവരും മുഖ്യ വിഭവമായ ചോറുകഴിക്കുന്നു. ഇതുപോലെയാണ് ബൂലോകവായനയും എഴുത്തും.അവനവനിഷ്ടപ്പെടുന്ന രീതിയില്‍ രചനകള്‍ രചിക്കട്ടേ! പക്ഷെ അതു സഭ്യതക്കു നിരക്കുന്നതായിരിക്കണം.
ഒരു സൃഷ്ടി അതു അച്ചടി മാദ്ധ്യമത്തിലേയ്ക്കയച്ചാല്‍ അതു പ്രസദ്ധീകരിച്ചു വരുവാന്‍ ഒരു പാടു കടമ്പകള്‍ കടക്കണം. അതുപോലെ അതു പ്രസദ്ധീകരിച്ചാല്‍ത്തന്നെ ആ സൃഷ്ടിയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ ഉടനടി ലഭിക്കുകയില്ല. പക്ഷെ ബൂലോകത്തിലാണെങ്കില്‍ ഉടനെ പ്രതികരണങ്ങള്‍ (നല്ലതായലായാലും ചീത്തയായാലും)ലഭിക്കും. അതുകൊണ്ട് ബൂലോകത്തേക്കു വരുന്നവരെ അവരുടെ രചനകളിലെ നന്മയും തെറ്റും ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ അതു അവര്‍ക്കു നല്‍കുന്ന പ്രോത്സാഹനമായിരിക്കും. അല്ലാതെ ഞാനെന്നഹങ്കരിക്കുന്നവര്‍ ആ രചന വായിച്ചിട്ടു ഒരു അഭിപ്രായവും പ്രകടിപ്പിക്കാതെ പോകുന്നത് വളരെ കഷ്ടമാണ്. കല്യാണത്തിനു പോയിട്ടു കല്യാണം കാണാതെ സദ്യ മാത്രമുണ്ടെട്ടുവരുന്നതുപോലെയാണ്.
ശ്രീ സാല്‍ജൊ,ബാജി ഓടം വേലി,സുനീഷ് തോമസിനെപ്പൊലുള്ളവര്‍ ചെയ്യുന്ന പ്രതികരണങ്ങല്‍ അഭിനന്ദനീയമാണ്. എന്തുകൊണ്ടെന്നാല്‍ വലിപ്പ ചെറുപ്പം നോക്കാതെ ഏതൊരു രചന ഭൂലോകത്തേയ്ക്കു വന്നാലും അതില്‍ അവരുടെ ഒരു ചെറു പുഞ്ചിരിയെങ്കിലും പ്രകടിപ്പിക്കാറുണ്ട്. അത് നവാഗതരായ എന്നേപ്പോലുള്ളവര്‍ക്കു വലിയ ആശ്വാസമാണ്. എവിടെയാണു തെറ്റുപറ്റിയത് അല്ലെങ്കില്‍ എങ്ങിനെയതിനെ കൂടുതല്‍ കലാപരമായി നന്നാക്കമെന്നു കൂടി ആദരണിയരായ സഹ ബ്ലോഗന്മാര്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍, അതൊരുപക്ഷെ ഞങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട രചനകള്‍ സൃഷ്ടിക്കുവാന്‍ സാധിക്കും.
ബൂലോക കൂട്ടായ്മ എപ്പോഴും നല്ലതു തന്നെ. അതിന്റെ നല്ലവശങ്ങള്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍, അതില്‍ക്കൂടി നമുക്ക് വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയില്ലെങ്കിലും സാമൂഹിക നന്മക്കുവേണ്ടി ഒരു ചെറുതിരിയെങ്കിലും കൊളുത്തിവയ്ക്കാന്‍ പറ്റും. ഒന്നുംചെയ്യുവാന്‍ കഴിവില്ലാത്തവരെന്നു സ്വയം വിശ്വസിക്കുന്നവര്‍ക്കു ബൂലോക കൂട്ടായ്മകൊണ്ട് ആത്മവിശ്വാസം നേടുവാന്‍ സാധിക്കും അതില്‍ക്കൂടി സമൂഹത്തിന്റെ ക്രിയാത്മക ഭാഗമാകുവാന്‍ കഴിയും.
ഒരു ചെറിയപേക്ഷ.. മലായാള പദങ്ങളെകുറിച്ചുള്ള ബ്ലോഗുണ്ടെങ്കില്‍ ദവായി ആ ബ്ലോഗഡ്രസ്സ് പറഞ്ഞുതരുക. (ഉദാ: ഉദ്ദേശം - ഉദ്ദേശ്ശം - ഉദ്ദ്യേശ്ശം - ഉദ്ദേശ്ശ്യം ഇതില്‍ ഏതാണു ശരിയായ പദം)
ബഹറനില്‍ ഒരു ബൂലോക കൂട്ടയ്മ ഉണ്ടാക്കുവാന്‍ ഉദ്ദേശ്ശിക്കുന്നു. ആയതിനാല്‍ നിങ്ങളുടെ നിര്‍ദ്ദേശ്ശങ്ങള്‍ എഴുതുകയാണെങ്കില്‍ അതു ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടായിരിക്കും.
"എല്ലാ ബൂ(ഭൂ)ലോകവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍"
നന്മകള്‍ നേര്‍ന്നുകൊണ്ട്,
സസ്നേഹം കുഞ്ഞന്‍.
രചന : കുഞ്ഞന്‍ , ദിവസം : 1:22:00 PM 28 പ്രതികരണങ്ങള്‍
പ്രിയപ്പെട്ട സഹൃദയരേ..
ഇന്നു ബൂലോകം അതിശക്തമായ മാദ്ധ്യമമായി വളര്‍ന്നുകൊണ്ടിരിക്കുകയാണല്ലൊ.
ഇടപെടലുകളുടെയും കൂട്ടായ്മകളുടെയും സ്വതസിദ്ധമായ പാത വെട്ടിത്തെളിയിക്കുന്ന ബൂലോകത്തു എനിയ്ക്ക് എത്തിപ്പെടുവാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.ബൂലോകത്ത് എത്തിപ്പെടുകയെന്നു പറയുമ്പോള്‍,സമൂഹത്തിന്റെ ക്രിയാത്മകമായ ഭാഗമാകുക എന്നതാണു ഞാന്‍ അര്‍ത്ഥമാക്കുന്നത്.
ആയതിനാല്‍, ബഹറൈനില്‍ ഒരു ബൂലോക കൂട്ടായ്മയുണ്ടാവുകയാണെങ്കില്‍, അതെന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കും.
കൂട്ടായ്മയിലൂടെ നമുക്ക് പലതും ചെയ്യുവാനും നേടാനും കഴിയും.ബഹറൈനിലുള്ള ബൂലോകരെപ്പറ്റി പരസ്പരം അറിയുവാനും, സംവേദിക്കാനുമുള്ള ഒരു വേദിയുണ്ടാകേണ്ടത് അത്യാവിശ്യമായി എനിക്കു തോന്നുന്നു.
എനിക്കു മനസ്സിലാക്കാന്‍ സാധിച്ചത് കഴിഞ്ഞ 2 വര്‍ഷം മുമ്പുവരെ കെവിയെന്ന 'കെവിന്റെ ഒറ്റയാള്‍ ബൂലോക ബ്ലോഗ് പട്ടാളം മാത്രമെ ബഹറൈനില്‍ ഉണ്ടായിരുന്നൊള്ളൂ. എന്നാല്‍ ഇന്നാസ്ഥാനത്ത് പത്തൊ അതിലധികമൊ ആയ ബ്ലോഗേഴ്സായി മാറിയിട്ടുണ്ടെന്നാണ്.
ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം ശ്രീ ഇരിങ്ങള്‍ മുന്‍കൈയ്യെടുത്ത് ബഹറൈനില്‍ ഒരു ബൂലോക കൂട്ടായ്മയുണ്ടാക്കുന്നതില്‍ അദ്ദേഹം ഇപ്പോഴും വ്യാപൃതനാണെന്നാണ്. അതിലിപ്പോള്‍ ബാജി ഓടംവേലി,ബന്യാമന്‍,മോഹന്‍ പുത്തന്‍ച്ചിറ,സജീവ്,പ്രശന്ത് കോഴഞ്ചേരി അതുപോലെ സംഘടനായി വളര്‍ന്ന് ബ്ലോഗിലേയ്ക്കു എത്തിയ 'പ്രേരണ'യുടെയും സജീവ സാന്നിദ്ധ്യം ബൂലോക കൂട്ടായ്മക്ക് ശക്തിപകരുമെന്ന് നിസ്സംശയം പറയാം..
എഴുതാനറിയുന്ന,വായിക്കാനറിയുന്ന എല്ലാ സഹൃദരേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്,ബഹറനിലെ മുഴുവന്‍ ബ്ലോഗേഴ്സിന്റെയും (കൈപ്പള്ളിയുടെ ഭാഷയില്‍ "ബ്ലാഗ്ഗാവിന്റെയും") നേതൃത്വത്തില്‍, ഒരു ബൂലോക കൂട്ടായ്മയുടെ പ്രാരംഭഘട്ടമെന്നനിലയില്‍ ഈ ആഗസ്റ്റ് 22ന് എല്ലാവരും ഒത്തുചേരുവാന്‍ തീരുമാനിച്ച വിവരം അറിയിക്കാന്‍ കഴിയുന്നതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്.
ഒരു തുടക്കക്കാരനെന്ന നിലയ്ക്ക്, ബ്ലോഗിലെ ചിട്ടവട്ടങ്ങളൊന്നും എനിക്കു വലിയ പിടിപാടൊന്നുമില്ല. ഒരു പക്ഷെ നിങ്ങള്‍ക്കും അങ്ങിനെതന്നെയാണെങ്കില്‍, സൗദിയിലേയും u.a.e ലേയും ബ്ലോഗേഴ്സ് പങ്കെടുക്കാമെന്നറിയിച്ചപ്പോള്‍, ബ്ലോഗിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ സാധിക്കുന്ന സുവര്‍ണ്ണാവസരമായി നമുക്കിതിനെ കാണാം. അതുകൊണ്ടു നമുക്കിതൊരു വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാവരുടെയും സജീവ സാന്നിദ്ധ്യവും നിര്‍ദ്ദേശങ്ങളും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
ഈ കൂട്ടായ്മയി പങ്കെടുക്കണമെന്നാഗ്രഹമുള്ളവര്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
ശ്രീ രാജു ഇരിങ്ങല്‍ : 36360845
ശ്രീ ബാജി ഓടംവേലി : 39258308
നമുക്കൊത്തൊരുമിച്ചു ഉണര്‍ന്നു പ്രവര്‍ത്തിക്കാം...
എല്ലാവരേയും ഒന്നായി കാണാനുള്ള ബൂലോക കൂട്ടയ്മയില്‍ ഭാഗമാകു.....
രചന : കുഞ്ഞന്‍ , ദിവസം : 9:47:00 AM 20 പ്രതികരണങ്ങള്‍
കാര്യം : ഒരു ബൂലോക കൂട്ടായ്മ
ആര്‍ക്കെങ്കിലും എന്റെയീയജ്ഞത മാറ്റിത്തരാമോ??
ഇവിടെത്തെ(ഗള്‍ഫ്) മലയാളം റേഡിയൊ പരിപാടികളില്‍ ശ്രോതാക്കളോട് sms അയക്കാന്‍ പറയാറുണ്ട്. ചില നിസ്സാര ചോദ്യങ്ങള്‍ക്കുത്തരമയക്കാന്‍ പറഞ്ഞാണ്.
അതില്‍ ചില ചോദ്യങ്ങള്‍
1) മലയാള സിനിമയില്‍ ഭരത് അവാര്‍ഡു കിട്ടിയ നടന്‍ ആര്? ക്ലൂ മാമുക്കോയ,മമ്മൂട്ടി
2) മിമിക്രിയില്‍ കൂടി മലയാള സിനിമയിലെത്തിയ നടന്‍? ക്ലൂ ഇന്ദ്രജിത്ത്, ജയറാം
3) കേരളത്തിലെ ഒരു മുഖ്യമന്ത്രി? ക്ലൂ കരുണാനിധി, കരുണാകരന്
എന്തുകൊണ്ടാണ് റേഡിയോ മാദ്ധ്യമങ്ങള്‍ ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കുന്നത്?
ഇതിന്റെ പിന്നില്‍ എന്തെങ്കിലും ചതിക്കുഴികള്‍ ഉണ്ടോ?
അതോ ആളുകളെ ആകര്‍ഷിക്കുവാനുള്ള ഒരു തന്ത്രമാണോ?
എന്തിനു വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്?
ദയവു ചെയ്തു ആരെങ്കിലുമെന്റെ സംശയത്തിനുത്തരം നല്‍കാമോ......
രചന : കുഞ്ഞന്‍ , ദിവസം : 10:43:00 AM 10 പ്രതികരണങ്ങള്‍
കാര്യം : SMS
അന്നൊരു വീക്കെന്റായിരുന്നതിനാല്‍, ബാച്ചിയായ ഞാന്‍ അമ്മയെ ബുദ്ധിമുട്ടിക്കാതെ എന്റെ തുണികളെല്ലാം കഴുകുവാനായി സോപ്പുവെള്ളത്തിലിട്ടപ്പോഴാണ് പുറത്ത് സാബൂന്റെ വിളികേട്ടത്.
'അളിയാ' "മ്മടെ പിച്ചന്റെ ഓട്ടൊറിക്ഷ പാലക്കാട്ടുവച്ച് ആക്സിഡന്റായീന്ന്"'
'എന്നിട്ടവനെന്തിങ്കിലും പറ്റിയൊ'??
'അതൊന്നുമെനിയ്ക്കറിയില്ല.. മ്മടെ ജോസൂട്ടി വിളിച്ചു പറഞ്ഞതാണ്!!
'പിച്ചന്റെ വീട്ടിലറീച്ചോ'??
'ഇല്ലാന്നാതോന്നണെ'!!
'എന്നാ നമ്മുക്കവിടെവരെയൊന്നു പോയാലൊ'?
'എവിടെ പിച്ചന്റെ വീട്ടിലൊ? അതൊ പാലക്കാട്ടേയ്ക്കോ'?
'ശരി നീയൊരഞ്ചുമിനിറ്റിരിയ്ക്ക് ഞാനീ തുണികള്‍ കഴുകീട്ടട്ടിപ്പവരാം'
ഡ്രസ്സെല്ലാം ഒരുവിധം കഴുകിയിട്ടിട്ട്, പിച്ചന്റെ കാര്യത്തിനായി പുറത്തേക്കിറങ്ങാന്‍വേണ്ടി ഡ്രസ്സ് തപ്പിയപ്പോഴാണു അടിയിലിടാനും മുകളിലിടാനും ഒന്നുമില്ലെന്ന്!. എല്ലാം നനച്ചിട്ടിരിയ്ക്കുകയാണ്. വേഗം ചേട്ടന്റെ ഒരു ഷര്‍ട്ടും അമ്മയുടെ അലക്കിത്തേച്ചു വച്ച ഒരുസെറ്റുമുണ്ടുമെടുത്തിട്ട് വിത്തവൗട്ടായി, സ്റ്റൈലനായി പുറത്തേക്കിറങ്ങി.
ഇറങ്ങാന്‍നേരമമ്മയെ വിളിച്ചുപറഞ്ഞു "അമ്മേ ഞാനൊന്നുപുറത്തേയ്ക്കു പോകാണ്"
'അതിപ്പൊ നിന്റെ വേഷംകണ്ടാലറിയില്ലേ'!!
'ഈയമ്മേടൊരു തമാശ'!!
'ഞാനിത്തിരിവൈകും വരാന്‍... അതുകൊണ്ടു കുറ്റിയിട്ടുകിടന്നോ'
അല്‌പം ഫ്ലാഷ്ബാക്ക്,
ഞാന്‍ ജോലികഴിഞ്ഞുവന്നാല്‍, ഒട്ടും സമയംകളയാതെ കലുങ്കിലേയ്ക്കുപോകും അപ്പോഴവിടെ ഒട്ടുമിക്ക്യ തലതെറിച്ചവന്മാരും ഹാജരായിട്ടുണ്ടാവും. പിന്നെ ലോക കാര്യങ്ങളും പര(പാര)ദൂഷണങ്ങളും കഴിഞ്ഞു കുടുമ്മത്തേക്കെഴുന്നള്ളുമ്പോഴേയ്ക്കും അയല്‍വക്കത്തെ മരത്തിലിരിക്കുന്ന പാതിരാക്കോഴി സുമാര്‍ രണ്ടുവട്ടമെങ്കിലും കൂവീട്ടുണ്ടാകും.അമ്മയുടെ ഉറക്കച്ചുവയോടുള്ള ചീത്തയും കേട്ട് വാതില്‍തുറന്നുതരുന്ന അമ്മയെനോക്കി ഒരിളിഭ്യച്ചിരിയും പാസ്സാക്കി, ആക്രാന്തത്തോടെ, അവിടെ മേശയില്‍ അടച്ചുവച്ചിരിയ്ക്കുന്ന ചോറും കറികളും കഴിച്ചു കിടന്നുറങ്ങുകയായിരുന്നു പതിവ്.
ഈ രാത്രികയറിവരുന്നത് അമ്മയ്ക്കൊരു ശല്യമായിത്തീര്‍ന്നപ്പോള്‍, ഞാനമ്മയോടു പറഞ്ഞു അമ്മയിനി ഞാന്‍ പുറത്തുപോകുമ്പോള്‍ വാതിലിന്റെ കുറ്റിയിടണ്ടാ.. ഹൊ അമ്മയ്ക്കും ആശ്വാസം എനിയ്കുമതിലേറേ ആശ്വാസം കാരണം രാത്രിയില്‍ വാതില്‍ തുറന്നു തരുമ്പോഴുള്ള പ്രാക്ക് കേള്‍ക്കേണ്ടല്ലൊ....
ഒരു ദിവസം പാതിരക്കോഴി മൂന്നുനാലുവട്ടം കൂവിക്കഴിഞ്ഞതിനുശേഷമാണു ലോക'സേവ'യൊക്കെക്കഴിഞ്ഞു ഞാന്‍ വീട്ടിലെത്തിയത്. നോക്കിപ്പൊ വാതില്‍ തുറന്നു കിടക്കുന്നു. ശെടാ, ഇതാരപ്പാ വതിലുതുറന്നിട്ടെതെന്നു കലങ്കുഷിതമായും, തലപുകഞ്ഞും ആലോച്ചിട്ടുമകത്തേയ്ക്കു കയറി. എന്നിട്ടാര്‍ത്തിപൂണ്ട് വാരിവലിച്ച് ചോറുണ്ണാന്‍ വേണ്ടി ഊണുമേശയില്‍ച്ചെന്നപ്പോള്‍ അവിടെയൊന്നുമിരിപ്പില്ലാ!!.
എന്താണെനിയ്ക്കു ചോറുവയ്ക്കാത്തതെന്നു ഉറങ്ങുന്ന അമ്മയെവിളിച്ചു ചോദിയ്ക്കണമെന്ന് ദേഷ്യത്തോടും സങ്കടത്തോടും വിശപ്പോടും കൂടി വിചാരിച്ചു പിന്നെ വേണ്ടന്നുവച്ചു കാരണം ഇപ്പോള്‍ അമ്മയെ വിളിച്ചുചോദിച്ചാല്‍,അമ്മയുടെ വായിലിരിയ്ക്കുന്ന സകല......കേള്‍ക്കേണ്ടിവരും അതുകൊണ്ടു രാവിലെ ചോദിയ്ക്കാമെന്നു നിരീച്ചു.
വെളുപ്പിനെ അമ്മയുടെ പരിഭ്രാന്തിനിറഞ്ഞ വിളികേട്ടിട്ടാണു ഞാനെഴുന്നേറ്റത്.
ഡാ നമ്മുടെ TV കാണാനില്ലാ!!. കള്ളന്‍ കൊണ്ടുപോയെന്നാണുതോന്നുന്നത്??.
അപ്പോഴാണു ഞാന്‍ തലേന്നത്തെ കര്യമോര്‍ത്തത്. വാതിലു തുറന്നിട്ടതും, ചോറുവയ്ക്കാതിരുന്നതും!.
ഞാനാക്കാര്യമമ്മയോട് പറഞ്ഞു.
അപ്പോള്‍ അമ്മ ചോദിച്ചു,അപ്പോള്‍ നീയല്ലേടാ ഇന്നലെ ചോറു കഴിച്ചു പാത്രം മോറിവച്ചത്?
ഞാനൊ?!!
അപ്പോഴാണെനിയ്ക്കു കര്യങ്ങള്‍ പിടികിട്ടിയത്.
രാത്രിയിലാരൊ വാതില്‍തുറക്കുന്ന ശബ്ദംകേട്ടപ്പോള്‍ അമ്മവിചാരിച്ചു അതു ഞാനായിരിയ്ക്കുമെന്ന്. അതുകൊണ്ടു കിടന്നയിടത്തുനിന്നു അമ്മവിളിച്ചുപറഞ്ഞു " എന്റെ പുന്നാരമോന്‍ പാതിരാവരെ ഊരുതെണ്ടി നടന്ന് വീട്ടിലേക്കു സമ്പാദിയ്ക്കാന്‍ പോയി 'ക്ഷീണിച്ചു' വന്നതല്ലേ.. ന്റെ മോന്‍ വേഗം ആഹാരം കഴിക്കൂ,,,
ഇതുകേട്ട് കള്ളന്‍ ഞെട്ടിയിട്ടുണ്ടാവും ഒപ്പം സന്തോഷിക്കുകയും ചെയ്തിട്ടുണ്ടാകും!!!
ദുഷ്ടന്‍ കള്ളന്‍, അവന്‍ (അവളായിരിയ്ക്കില്ലാ) എനിയ്ക്കുവേണ്ടി രാധച്ചിറ്റകൊടുത്ത പോത്തെറച്ചി വരട്ടിയതും കൂട്ടി സമൃദ്ധിയായി അത്താഴവും കഴിച്ച്, സൊസൈറ്റീന്ന് ലോണെടുത്തു വാങ്ങിച്ച TVയും അടിച്ചോണ്ടല്ലേ പോയത്!!.
അതീപ്പിന്നെ പാതിരാത്രിയ്ക്കുമുമ്പ് ഞാന്‍ വീട്ടില്‍ ചേക്കേറിയിരുന്നു.
ഇനി സംഭവത്തിലേയ്ക്കു തിരിച്ചുവരാം..
പിച്ചനെന്നു ഞങ്ങള്‍ വിളിക്കുന്ന പൗലോസ്, അങ്കമാലീയില്‍ അവന്റെ സ്വന്തം ഓട്ടോ ഓടിയ്ക്കലാണ്. പാലക്കാട്ടേയ്ക്കൊരോട്ടം പോയപ്പോള്‍ അവിടെവച്ചവന്റെ ഓട്ടൊ ഒരാക്സിഡന്റില്‍പ്പെട്ടു. അതാണു സാബു വന്ന് പറഞ്ഞത്.
അങ്ങിനെ ഞങ്ങളുടെ ഗ്യാംങ്ങിലെയെല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞു. എല്ലാവരുടേയും തീരുമാനപ്രകാരം പാലക്കാട്ടേയ്ക്കു പോവാന്‍ തീരുമാനിച്ചു.
ഞാന്‍,സാബു,ഹരി,നൗഷാദ്,ബാബു എന്നിവരടങ്ങുന്ന വല്യോരു പടയും, പിച്ചന്റെ കൂടെ സ്റ്റാന്റിലോടുന്ന, പിച്ചന്റെയും ഞങ്ങളുറ്റെയും സുഹൃത്തായ ജോസൂട്ടിയുടെ ഓട്ടൊയില്‍ അത്യധികം ഉല്‍ക്കണ്ടരായി വൈകീട്ട് 3 മണിക്ക് പാലക്കാട്ടേയ്ക്ക് തിരിച്ചു.
ഞാനും ജോസൂട്ടീം മുമ്പിലും, ബാക്കി വഹകള്‍ പിന്നിലുമാണിരുന്നത്..
"അല്ലെങ്കിലും അവനിത്തിരി ഓവര്‍സ്പ്പീഡാണ്, വല്ല പെണ്ണുങ്ങളുടെ വായില്‍നോക്കി വണ്ടിയോടിച്ചിട്ടുണ്ടാവും, ചിലപ്പോള്‍ വല്ലഭ്യാസവും കാണിച്ചിരിയ്ക്കും" എന്നിങ്ങനെയുള്ള കമന്റുകള്‍ നിര്‍ലോഭവും ചിലവില്ലാതെയും ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
ഓട്ടൊയിലങ്ങനെ തിങ്ങിഞ്ഞെരുങ്ങി, ഇരുട്ടുവീണുതുടങ്ങിയപ്പോഴേയ്ക്കും ഒരുകണക്കിന് പാലക്കാട്ടെത്തിച്ചേര്‍ന്നു.
'കൊച്ചീപോവാന്‍ പറഞ്ഞു കൊച്ചീല്‍പ്പോയി' യെന്നുപറയുമ്പോലെയായി ഞങ്ങളുടെ അവസ്ഥ!. കാരണം അപകടം നടന്ന സ്ഥലം കൃത്യമായി ആര്‍ക്കുമറിയില്ലാ!. കഞ്ചിക്കോട്ടുവച്ചാണു സംഭവംനടെന്നെതെന്നുമാത്രമറിയാം.
അങ്ങിനെ കുറെനേരംതപ്പിനടന്ന് അവസാനം പിച്ചനെ കണ്ടുപിടിച്ചു. അവനെകണ്ടപ്പോള്‍ ആദ്യമാശ്വാസവും പിന്നെ കലശലായ ദേഷ്യവും സങ്കടവുമാണെല്ലാവര്‍ക്കുമുണ്ടായത്!.ചുള്ളന്‍ യാതൊരു കുഴപ്പവുമില്ലാതെ cool coolആയി പാന്‍ പരാഗും ചവച്ചുകൊണ്ടുനില്‍ക്കുന്നു!!.
ഹൊ ദൈവമെ! ഇതുകാണാന്‍വേണ്ടിയാണൊ ഇത്ര കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ഇവിടെവരെ വന്നത്?
പക്ഷെ അവന്റെ ശകുടത്തിന് കാര്യമായ പരിക്ക് പറ്റിയിരുന്നു.
ഏതായലും ഇവിടെവരെവന്നു എന്നാപ്പിന്നെ നമ്മുക്ക് ഒരു "നാരങ്ങ്യ വെള്ളം" കാച്ചിട്ടുപോയാലൊ? സാബുവാണതെടുത്തിട്ടത്.
MLAമാരുടെ ശമ്പളവര്‍ദ്ധനയെപ്പറ്റി നിയമസഭയില്‍ പ്രമേയമവതിപ്പിക്കുമ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമന്യെ പ്രമേയത്തെ ഐക്യകണ്ടേന അനുകൂലിക്കുന്നതുപോലെ, ഞങ്ങളെല്ലാവരും ശക്തിയുക്തം അതിനെ സുസ്വാഗതം ചെയ്തു.
പിച്ചന്‍, അവന്റെ ഓട്ടൊ നന്നാക്കിയിട്ടെ വരുന്നോള്ളൂന്ന് പറഞ്ഞു.
അങ്ങിനെ നാരങ്ങ്യവെള്ളമൊക്കെ 'കാച്ചി' ഒരു പരുവമായെല്ലാവരും!!.
അപ്പോഴേക്കും നേരം നട്ടപ്പാതിരയായിക്കഴിഞ്ഞിരുന്നു.ജോസൂട്ടിയാണെങ്കില്‍ 'ഇര്‍ളപറ്റും കള്ളിമുണ്ടും' പിന്നെ മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവിന്റെ 'വാളും' കയ്യില്‍പ്പിടിച്ചു നില്‍ക്കുന്നു!!.ഈയവസ്ഥയില്‍ എങ്ങിനെ ഓട്ടൊയോടിച്ചു തിരിച്ചു പോകും??.
അധികം നാരങ്ങ വെള്ളം കുടിക്കാത്ത ഞാന്‍ ഓട്ടൊയോടിക്കാമെന്നു പറഞ്ഞു.ബൈക്കോടിച്ചുമാത്രം പരിചയമുള്ള ഞാന്‍ സധൈര്യം ആ സാഹസത്തിനു തയ്യാറായി.
അപ്പോഴാണ് ബാബുവിനു 'ജറതാ പാന്‍ കഴിക്കണം! അതുകേട്ടപ്പോള്‍ എല്ലാവര്‍ക്കും പാന്‍ കഴിക്കണമെന്നയി..
കുറെ തപ്പിനടന്നട്ടവസാനം, ട്രാന്‍സ്പ്പോര്‍ട്ടു ബസ്റ്റാന്റിന്റെ മുന്‍പില്‍ പാന്‍ വില്‌പന നടത്തുന്ന ഒരിന്ത്യാക്കാരന്റെ കയ്യില്‍നിന്നു ജറതാ, ചാര്‍ സൗ ബീസ് എന്നീ വായികൊള്ളാത്ത പേരുകളുള്ള മുറുക്കാനും മേടിച്ചു വീട്ടിലേക്കു തിരിച്ചുയാത്രയായി.
സധൈര്യം ഓട്ടൊയോടിച്ച എനിക്കു നഗരം കഴിഞ്ഞ് ഹൈവേലേക്കു കയറിയപ്പോള്‍ കുറേശ്ശെ പേടി വന്നു തുടങ്ങി. കാരണം ഹൈവേ ട്രാഫിക്‍പോലീസ്!.
കൂടെവന്ന എല്ലാ ശവികളും( നൗഷാദൊഴിച്ചു) നല്ല നല്ല രാജാക്കന്മാരുടെ 'വാളും' വച്ച് ഓട്ടൊയാകെ നാശകൂശമാക്കിയിരുന്നു.
ആലത്തൂര്‍ കഴിഞ്ഞപ്പോള്‍, ദൂരെ കാണാറായി പോലീസ് ചെക്കിങ്!
ദൈവമേ! കുടുങ്ങിയതുതന്നെ!
വേഗം ഓട്ടൊ ഇടതുവശത്തുകണ്ട ഒരുള്‍വഴിയിലേക്കു തിരിച്ചുവിട്ടു. അതില്‍ കൂടി അഞ്ചാറു കിലോമീറ്റര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു തോടിന്റരുകില്‍ റോഡവസാനിച്ചു.ഇനിയിപ്പോയെന്തു ചെയ്യും??.
സംഗതിയാകെ ഗുലുമാലായീന്ന് മനസ്സിലായി. എല്ലാവരും പുറത്തേക്കിറങ്ങി.
നല്ല നിലാവുള്ള രാത്രിയായിരുന്നുവന്ന്.
ഓട്ടൊയിലാണെങ്കില്‍ 'വാളിന്റെ" സുഗന്ധം!. എന്നാപ്പിന്നെ ഓട്ടൊയൊന്നു കഴുകിയേക്കാമെന്നു വിചരിച്ചു. അങ്ങിനെ ഞാന്‍ ഓട്ടൊ കഴുകാനായി തോട്ടിലെറങ്ങിയപ്പോള്‍, എല്ലവര്‍ക്കും തോട്ടില്‍ നീരാടണം!.
എല്ലാവരും കുളിക്കാനായി തുണിയെല്ലാമഴിച്ചു ജട്ടിമാത്രമായി നില്‍ക്കുമ്പോള്‍ (അടിയിലൊന്നുമിടാത്ത കാരണം ഞാന്‍ കുളിക്കണില്ലാന്നു വച്ചു) അക്കരെ എന്തൊക്കെയൊ ഒച്ചപ്പാടും ബഹളവും കേട്ടു.
ഞങ്ങളങ്ങിനെ അന്തിച്ചുനില്‍ക്കുമ്പോള്‍, അക്കരെന്ന് തോടുകടന്ന്, ജട്ടി മാത്രമിട്ട് ശരീരമാസകലം കരിയൊയിലും പൂശി മൂന്നാള്‍ക്കാര്‍ കയറിവന്നു. അവരുടെ കയ്യില്‍ ഒരു സഞ്ചിയുമുണ്ടായിരുന്നു.
ഞങ്ങളെ കണ്ടതും അവര്‍ ചെറുതായി ഒന്നു ഞെട്ടി!! ഞങ്ങള്‍ അതിലുമപ്പുറം ഞെട്ടി!!!.
അപ്പോള്‍ അതിലൊരാളു ചോദിച്ചു, 'നിങ്ങള്‍ ഏതു ഭാഗത്തു കയറനാണു പോകുന്നത്'?
'ഇന്നിനി അക്കരെക്കു പോകേണ്ടാ.. അവിടെ ആളുകളേല്ലാം വടിയും പത്തലൊക്കയുമായി ഞങ്ങളെത്തപ്പി നടക്കുകയാണ്'. ഇതും പറഞ്ഞവരു പോയി.
ആ നട്ടപ്പാതിരാത്രിയില്‍ ഞങ്ങളുടെ ജട്ടിയിട്ടുട്ടുള്ള നില്‌പും, മുഖലക്ഷണവും കണ്ടപ്പോള്‍ ഞങ്ങളും അവരെപ്പോലെ മോഷ്ടിക്കാന്‍ വേണ്ടി വന്നവരാണെന്നു അവര്‍ ധരിച്ചിരിയ്ക്കും!!. അവരുടെ ആ ധാരണ തിരുത്തുവാനും ഞങ്ങള്‍ മുതിര്‍ന്നില്ല.
വര്‍ഗ്ഗബോധമുള്ള കള്ളന്മാര്‍! നല്ലവര്‍!!
അപ്പോള്‍, അക്കരെ പാടത്തുകൂടി ആളുകള്‍ ടോര്‍ച്ചുമടിച്ചുകൊണ്ടുവരുന്നതു കണ്ടു.
അവരുടെ കയ്യിലെങ്ങാനും പെട്ടുപോയാല്‍? പിന്നെ പെട്ടിക്കടയില്‍ പഴക്കുല തൂക്കിയിട്ടതുപോലെയാകും!!.
ഇനിയവിടെ നിന്നാല്‍ സംഗതി പന്തികേടാവുമെന്നു തോന്നിയപ്പോള്‍ " തോമസുകുട്ടീ വിട്ടോടാ" യെന്നു ഇന്‍ ഹരിഹര്‍നഗറില്‍ പറയുന്നതു പോലെ ഞങ്ങള്‍ അവിടെ നിന്നും സ്കൂട്ടായി.
അപ്പോഴേക്കും എല്ലാവരുടെയും കെട്ടെറെങ്ങിയിരുന്നു. അതിനാല്‍ ജോസൂട്ടിയാണു ഓട്ടൊയോടിച്ചത്.
ഏതൊക്കെയൊ വഴിയിലൂടെ സഞ്ചരിച്ചു ഞങ്ങള്‍ തിരിച്ചു ഹൈവയില്‍ കയറി. ചെന്നു കയറിയതൊ ഹൈവേ പോലീസിന്റെ മുന്‍പില്‍!!!.
എവിടെ പോയതാടാ ??
സാര്‍, ഞങ്ങള്‍ പാലക്കാട്ടുപോയിവരികയാണ്!
ഈ വഴിയാണോടാ പാലക്കാട്ടുനിന്നും വരുന്നത്? മര്യാദക്കു സത്യം പറഞ്ഞൊ, ഇല്ലെങ്കില്‍....
സര്‍, നിങ്ങളെ കണ്ടു പേടിച്ചിട്ടാണ്!!!
അതെന്തെടാ ഞങ്ങള്‍ ഭൂതങ്ങളാണൊ?
അതേന്നു പറയണമെന്നുണ്ടായിരുന്നു പക്ഷെ നാവു പൊന്തിയില്ല.
ഞങ്ങള്‍ നടന്ന സംഭവം മുഴുവന്‍ പറഞ്ഞു. പക്ഷെ ഞാന്‍ ഓട്ടൊയോടിച്ച കാര്യം മാത്രം പറഞ്ഞില്ല!.
അവരതൊന്നും വിശ്വസിച്ചില്ല. ഞങ്ങള്‍ മോഷ്ടിക്കാന്‍ വന്നവരാണെന്നു പറഞ്ഞു ജീപ്പില്‍ കയറ്റി.
സ്റ്റേഷനില്‍ ചെന്നാല്‍ ഇടിയുടെ പൂരമാവും, പിന്നെ തെളിയാതെ കിടക്കുന്ന സകല കേസുകളെല്ലാം ഞങ്ങളാണ് ചെയ്തതെന്നു വരുത്തിത്തീര്‍ക്കും!!. (അങ്ങിനെയാണല്ലൊ അതിന്റെയൊരു രീതി)
അതിനേക്കാളുമപ്പുറം, സ്റ്റേഷനില്‍ എത്തിയാല്‍ എല്ലാവരുടെയും ഷര്‍ട്ടും മുണ്ടും ഊരിയെടുത്ത് വെറും അണ്ടെര്‍വെയര്‍ മാത്രമിടീച്ചു നിര്‍ത്തുന്നത് സിനിമയിലും മറ്റും കണ്ടിട്ടുണ്ട്. അങ്ങിനെയൊരവസ്ഥ വന്നാല്‍ ഈയുള്ളവന്റെ സ്ഥിതി വളരെ പരിതാപകരമാകും ക്യോംകി, ഞാന്‍ വിത്തൗട്ടാനാകുന്നു!!!!.
ഹൊ ദൈവമേ ! അങ്ങിനെയെങ്ങാന്‍ എന്നെ നിര്‍ത്തിയാല്‍, നാട്ടിലെങ്ങിനെ തലയുയര്‍ത്തി നടക്കും? ലലനാമണികള്‍ എന്തു വിചാരിക്കും??.
ഇത്യാദി ചിന്തകള്‍കൊണ്ടെന്റെ നെറ്റി വിയര്‍ത്തു തല വിയര്‍ത്തു പിന്നെ കണ്ണും നിറഞ്ഞു.
സാബും ജോസൂട്ടിയും കരച്ചിലോടു കരച്ചില്‍!!.
സര്‍, ഞാന്‍ .....സ്റ്റേഷനിലെ ...ഇന്ന പോലീസുകാരന്റെ അടുത്ത ബന്ധുവാണ്. സഖാവ് ശര്‍മ്മയുടെ വേണ്ടപ്പെട്ടവനാണ്.. എന്നൊക്കെ പറഞ്ഞുനോക്കി. നൊ രക്ഷ...
അവസാനം A.S.I യ്ക്ക് എന്തോ ദയതോന്നി, എല്ലാവരുടെയും വീട്ടഡ്രസ്സും ജോസൂട്ടിയുടെ ഡ്രൈവിംഗ് ലൈസന്‍സ് വാങ്ങിവച്ചിട്ടുപറഞ്ഞു, നാളെ അങ്കമാലി പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു കത്തും വാങ്ങി വായോ അപ്പോള്‍ ഈ ലൈസന്‍സ് തിരിച്ചുതരാം എന്നും പറഞ്ഞു ഞങ്ങളെ ജീപ്പിന്ന് ഇറക്കിവിട്ടു. അതോടൊപ്പം ഒരു രസീതു തന്നിട്ടു പറഞ്ഞു ഇനിയും വഴിയില്‍ പൊലീസ് ചെക്കിംഗ് ഉണ്ടാകും അപ്പോള്‍ ഈ രസീത് കാണിച്ചാല്‍ മതി. (നൂറുരൂപ കൊടുത്തിട്ടു അമ്പതു രൂപയുടെ രസീത്!! ബാക്കി...?)
അങ്ങിനെ ജീവനും മാനവും തിരിച്ചു കിട്ടിയ സന്തോഷത്തോടെ ഞങ്ങള്‍ അവിടെനിന്നും രക്ഷപ്പെട്ടു. പിന്നീട് വഴിക്കൊന്നും ചെക്കിംഗ് ഉണ്ടായിരുന്നില്ലാ.
വാല്‍ കക്ഷണം:
പിറ്റേദിവസം അങ്കമാലി പോലീസ്‌സ്റ്റേഷനില്‍ നിന്നും ആളു കുഴപ്പക്കാരനല്ലന്നുള്ള കത്തും വാങ്ങി പാലക്കാട്ടു പോലീസ് സ്റ്റേഷനിലെത്തിയ ജോസൂട്ടിയുടെ പേരില്‍ മദ്യപിച്ചു വണ്ടിയോടിച്ചതിനും ഓവര്‍ലോഡ് പാസഞ്ചറന്മാരെ കയറ്റിയതിനും പെറ്റിക്കേസു ചാര്‍ജ്ജുചെയ്യുകയും അവന്റെ ലൈസന്‍സ് തിരിച്ചു നല്‍കുകയും ചെയ്തു.
അതിനു ശേഷം ഒരു നാലഞ്ചുവട്ടമെങ്കിലും ജോസൂട്ടി പാലക്കാട് കോടതി കയറിയിറങ്ങിട്ടുണ്ടെന്നാണു ഈയുള്ളവന്റോര്‍മ്മ...
രചന : കുഞ്ഞന്‍ , ദിവസം : 6:57:00 AM 11 പ്രതികരണങ്ങള്‍
കാര്യം : കള്ളനും പോലീസും...