Tuesday, August 14, 2007

ഒരു ബൂലോക കാഴ്ചപ്പാട്‌...

മുഖമായി പറയട്ടേ ശരാശരി നിലവാരമൊ അതില്‍ത്താഴയൊയുള്ള എന്റെ ബൂലോകത്തെപ്പറ്റിയുള്ള ഒരുകാഴ്ചപ്പാടാണീപോസ്റ്റ്‌.

ഒരാള്‍ ഒരു പോസ്റ്റിട്ടാല്‍ അതുവായിക്കുന്നതു അയാള്‍ ആരായിരുന്നുവൊ എന്തായിരുന്നുവെന്നൊ നോക്കിയല്ല, നേരെ മറിച്ചു ആവിഷയത്തില്‍ ഒരു ശരിയുണ്ട്‌,ആശയമുണ്ട്‌ അല്ലെങ്കില്‍ ഒരു വായന സുഖം നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌.ബൂലോകത്തെഴുതുന്ന പോസ്റ്റിനു ഒരു നിശ്ചിത സ്റ്റാന്റേര്‍ഡ്‌ വേണമെന്നൊക്കെ വാദിക്കുന്നതു ഒരു ബാലിശമായ കാര്യമാണെന്നാണെനിക്കു തോന്നുന്നത്‌.

ബൂലോകത്തെഴുതുന്നവര്‍, 90% പേരും എഴുത്തിനെ ഒരു മുഖ്യധാരയായി കാണുന്നവരല്ല. ഒരു സാമ്പത്തികനേട്ടത്തിനു വേണ്ടിയിട്ടൊ അല്ല ബ്ലോഗെഴുതുന്നത്‌. ജീവിതമാര്‍ഗ്ഗത്തിനു വേണ്ടി പല പല ജോലിയില്‍ ഏര്‍പ്പെട്ടവര്‍ ജോലിയില്‍ നിന്നല്‍പം ആശ്വാസം കിട്ടുവാനൊ,അല്ലെങ്കില്‍ ബോറടിമാറ്റനൊ അതിനുമപ്പുറം അവന്റെ അല്ലെങ്കില്‍ അവുളുടെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസന പ്രകടിപ്പിക്കുവാനൊരു വേദിയെന്നതിലാണ്‌ ഒരു പോസ്ട്ടിടുന്നെതെന്നെനിക്കു തോന്നുന്നത്‌. ആയതിനാല്‍ ആ സൃഷ്ടി ഉന്നത നിലവാരം പുലര്‍ത്തണമെന്നില്ല കാരണം ജേര്‍ണ്ണലിസം പഠിച്ചവരൊ അല്ലെങ്കില്‍ എഴുത്തു ഒരു മുഖ്യ ജീവനോപാധിയാക്കിയവരൊ അല്ല മുഴുവന്‍ ബ്ലോഗെഴുത്തുകാര്‍. അതുകൊണ്ട്‌ ഒരു നിശ്ചിത നിലവാരം പുലര്‍ത്തണമെന്നൊക്കെ വാദിക്കുന്നതു അല്‍പം ബുദ്ധിമുണ്ടാക്കുന്നകാര്യമാണ്‌.

രചനകളില്‍ തന്റെ സാഹിത്യ പാടവം കാണിക്കാന്‍വേണ്ടി കടിച്ചാല്‍ പൊട്ടാത്ത വാചകങ്ങള്‍ എഴുതുന്നവരുണ്ട്‌. കമന്റു പെട്ടിയില്‍ ആശയകുഴപ്പമുണ്ടാക്കുന്ന രീതില്‍ അപാര സാഹിത്യ വിജ്ഞാനം വിളമ്പുന്നവരുമുണ്ട്‌. ഇത്തരക്കാര്‍ സ്വയം അപഹാസ്യന്മാരാകുന്നത്‌ അറിയുന്നില്ലെന്നു തോന്നുന്നു.

സാധാരണക്കാരന്റെ ഭാഷയില്‍ അവനു മനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ വളരെ ഭംഗിയായി എഴുതിയതുകൊണ്ടാണു ശ്രീ വിശാലമനസ്കനെയും കുറുമാനെയും മറ്റുള്ളവരെയുമെല്ലാം ജനപ്രിയരാക്കിത്തീര്‍ത്തത്‌.

അദ്ധ്യാപകരുടെ കൂട്ടയ്മ കൊണ്ടൊ ഡോക്ടേഴ്സിന്റെ കൂട്ടായ്മ കൊണ്ടുള്ള ബൂലോക സൃഷ്ടിയേക്കാള്‍ നല്ലത്‌ അവരുടെ സര്‍ഗ്ഗപരമായാ സൃഷ്ടികളാണു ബൂലോകത്തുനു വേണ്ടത്‌. കാരണം ഇന്നു ഏതു വിഷയത്തെപ്പറ്റി സംശയമുണ്ടെങ്കില്‍ ചുമ്മാ ഗൂഗിളിലൊ യാഹുവിലൊ ഒന്നു സേര്‍ച്ചു ചെയ്താല്‍ മതി ആവിഷയത്തെപ്പറ്റി അറിവുപകരുന്ന അനവധി സൈറ്റുകള്‍ നിമിഷങ്ങള്‍ക്കകം നമുക്ക്‌ ലഭ്യമാകും.

ബൂലോകത്തു വരുന്ന സൃഷ്ടികളില്‍ ഇഷ്ടമുള്ളത്‌ എഴുതട്ടേ, അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ. ഒരു കല്യാണ സദ്യക്കു പലതരത്തിലുള്ള കൂട്ടാന്‍ വിളമ്പാറുണ്ട്‌ അതെല്ലാം നമ്മള്‍ കഴിക്കാറുണ്ടൊ? ഉപ്പുകഴിക്കാത്തവരുണ്ടാകും,എണ്ണമയമുള്ളതു കഴിക്കാത്തവരുണ്ടാകാം അല്ലെങ്കില്‍ മധുരം ഇഷ്ടമല്ലാത്തവരൊ കഴിക്കാന്‍ പറ്റാത്തവരൊ ഉണ്ടാകാം. അപ്പോള്‍ എല്ലാം കഴിക്കണമെന്നു നിഷ്കര്‍ച്ചാല്‍ എന്തു ചെയ്യും? പക്ഷെ എല്ലാവരും മുഖ്യ വിഭവമായ ചോറുകഴിക്കുന്നു. ഇതുപോലെയാണ്‌ ബൂലോകവായനയും എഴുത്തും.അവനവനിഷ്ടപ്പെടുന്ന രീതിയില്‍ രചനകള്‍ രചിക്കട്ടേ! പക്ഷെ അതു സഭ്യതക്കു നിരക്കുന്നതായിരിക്കണം.

ഒരു സൃഷ്ടി അതു അച്ചടി മാദ്ധ്യമത്തിലേയ്ക്കയച്ചാല്‍ അതു പ്രസദ്ധീകരിച്ചു വരുവാന്‍ ഒരു പാടു കടമ്പകള്‍ കടക്കണം. അതുപോലെ അതു പ്രസദ്ധീകരിച്ചാല്‍ത്തന്നെ ആ സൃഷ്ടിയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ ഉടനടി ലഭിക്കുകയില്ല. പക്ഷെ ബൂലോകത്തിലാണെങ്കില്‍ ഉടനെ പ്രതികരണങ്ങള്‍ (നല്ലതായലായാലും ചീത്തയായാലും)ലഭിക്കും. അതുകൊണ്ട്‌ ബൂലോകത്തേക്കു വരുന്നവരെ അവരുടെ രചനകളിലെ നന്മയും തെറ്റും ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ അതു അവര്‍ക്കു നല്‍കുന്ന പ്രോത്സാഹനമായിരിക്കും. അല്ലാതെ ഞാനെന്നഹങ്കരിക്കുന്നവര്‍ ആ രചന വായിച്ചിട്ടു ഒരു അഭിപ്രായവും പ്രകടിപ്പിക്കാതെ പോകുന്നത്‌ വളരെ കഷ്ടമാണ്‌. കല്യാണത്തിനു പോയിട്ടു കല്യാണം കാണാതെ സദ്യ മാത്രമുണ്ടെട്ടുവരുന്നതുപോലെയാണ്‌.

ശ്രീ സാല്‍ജൊ,ബാജി ഓടം വേലി,സുനീഷ്‌ തോമസിനെപ്പൊലുള്ളവര്‍ ചെയ്യുന്ന പ്രതികരണങ്ങല്‍ അഭിനന്ദനീയമാണ്‌. എന്തുകൊണ്ടെന്നാല്‍ വലിപ്പ ചെറുപ്പം നോക്കാതെ ഏതൊരു രചന ഭൂലോകത്തേയ്ക്കു വന്നാലും അതില്‍ അവരുടെ ഒരു ചെറു പുഞ്ചിരിയെങ്കിലും പ്രകടിപ്പിക്കാറുണ്ട്‌. അത്‌ നവാഗതരായ എന്നേപ്പോലുള്ളവര്‍ക്കു വലിയ ആശ്വാസമാണ്‌. എവിടെയാണു തെറ്റുപറ്റിയത്‌ അല്ലെങ്കില്‍ എങ്ങിനെയതിനെ കൂടുതല്‍ കലാപരമായി നന്നാക്കമെന്നു കൂടി ആദരണിയരായ സഹ ബ്ലോഗന്മാര്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍, അതൊരുപക്ഷെ ഞങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട രചനകള്‍ സൃഷ്ടിക്കുവാന്‍ സാധിക്കും.

ബൂലോക കൂട്ടായ്മ എപ്പോഴും നല്ലതു തന്നെ. അതിന്റെ നല്ലവശങ്ങള്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍, അതില്‍ക്കൂടി നമുക്ക്‌ വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയില്ലെങ്കിലും സാമൂഹിക നന്മക്കുവേണ്ടി ഒരു ചെറുതിരിയെങ്കിലും കൊളുത്തിവയ്ക്കാന്‍ പറ്റും. ഒന്നുംചെയ്യുവാന്‍ കഴിവില്ലാത്തവരെന്നു സ്വയം വിശ്വസിക്കുന്നവര്‍ക്കു ബൂലോക കൂട്ടായ്മകൊണ്ട്‌ ആത്മവിശ്വാസം നേടുവാന്‍ സാധിക്കും അതില്‍ക്കൂടി സമൂഹത്തിന്റെ ക്രിയാത്മക ഭാഗമാകുവാന്‍ കഴിയും.

ഒരു ചെറിയപേക്ഷ.. മലായാള പദങ്ങളെകുറിച്ചുള്ള ബ്ലോഗുണ്ടെങ്കില്‍ ദവായി ആ ബ്ലോഗഡ്രസ്സ്‌ പറഞ്ഞുതരുക. (ഉദാ: ഉദ്ദേശം - ഉദ്ദേശ്ശം - ഉദ്ദ്യേശ്ശം - ഉദ്ദേശ്ശ്യം ഇതില്‍ ഏതാണു ശരിയായ പദം)

ബഹറനില്‍ ഒരു ബൂലോക കൂട്ടയ്മ ഉണ്ടാക്കുവാന്‍ ഉദ്ദേശ്ശിക്കുന്നു. ആയതിനാല്‍ നിങ്ങളുടെ നിര്‍ദ്ദേശ്ശങ്ങള്‍ എഴുതുകയാണെങ്കില്‍ അതു ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടായിരിക്കും.


"എല്ലാ ബൂ(ഭൂ)ലോകവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍"

നന്മകള്‍ നേര്‍ന്നുകൊണ്ട്‌,

സസ്നേഹം കുഞ്ഞന്‍.

28 പ്രതികരണങ്ങള്‍:

  1. Sanal Kumar Sasidharan said...

    നന്ന് ,നേരായ അഭിപ്രായം.

  2. ബാജി ഓടംവേലി said...

    തുടക്കക്കാരൊക്കെ സമ്മതിക്കുന്ന ആശയം,
    നന്നായിരിക്കുന്നു.

    കഴിഞ്ഞ ദിവസം വന്നൊരു പൊസ്റ്റിന്റെ മറുപടി പുതിയ പോസ്‌റ്റിലൂടെ കൊടുക്കാന്‍ ശ്രമിച്ചു.

    ചില തല മുതിര്‍ന്ന ബ്ലോഗര്‍മാര്‍ ബൂര്‍ഷാസികളുടെ ഭാഷയിലാണ് ചിലപ്പോള്‍ സംസാരിക്കാറുള്ളത്‌. അവര്‍ക്ക്‌ പുതിയ ബ്ലോഗര്‍മാര്‍ കരിവേപ്പിലയാണോയെന്ന്‌ തോന്നിപ്പോകും.പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ പുലികള്‍ വല്ലതു ചെയ്യുന്നോയെന്ന്‌ സ്വയം ചോദിക്കട്ടെ.

    കൂട്ടായ്‌മകള്‍ ഉണ്ടാകട്ടെ ( അടുക്കളയിലേയും പട്ടിയുടെയും കൂടെയുള്ള പടം കൊടുക്കാനല്ല ) ക്രീയാത്‌മകമായ ബ്ലൊഗ്ഗിങ്ങിനേ പ്പറ്റി ചര്‍ച്ചയുണ്ടാകട്ടെ, പുതിയ ബ്ലൊഗ്ഗര്‍മാര്‍ക്ക്‌ പ്രോത്സാഹനമാകട്ടെ.

  3. Dinkan-ഡിങ്കന്‍ said...

    കുഞ്ഞന്‍സേ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത് കണ്ടു. യോജിക്കുന്നു.

    ഓഫ്.ടൊ
    കൂട്ടായ്‌മകള്‍ ഉണ്ടാകട്ടെ ( അടുക്കളയിലേയും പട്ടിയുടെയും കൂടെയുള്ള പടം കൊടുക്കാനല്ല ) ക്രീയാത്‌മകമായ ബ്ലൊഗ്ഗിങ്ങിനേ പ്പറ്റി ചര്‍ച്ചയുണ്ടാകട്ടെ, പുതിയ ബ്ലൊഗ്ഗര്‍മാര്‍ക്ക്‌ പ്രോത്സാഹനമാകട്ടെ.
    പ്രിയ ബാജി ഓടംവേലി ചേട്ടാ അടുക്കളയുടെയും പട്ടിയുടേയും പടം ഉണ്ടാകും. അത് ഇടുന്നവന്റെ ഇഷ്ടം. ഇഷ്ടമായില്ലെങ്കിലും “കൊടുക്കരുത്” എന്ന് പറയാന്‍ നമുക്കെന്തവകാശം? ഒരു മീറ്റ് ആയാല്‍ അവിടെയുള്ള രസകരം ആയ ഫോട്ടോകളും എടുത്തിട്ടു എന്നിരിക്കും. ഇവിടെ താങ്കള്‍ ഉദ്ദേശിച്ചത് പച്ചാളം എന്ന ശ്രീനി കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ട http://pachalama.blogspot.com/2007/08/blog-post_13.html ആണെന്ന് വ്യക്തമാണ്. ആ കൂട്ടായ്മയുടെ തന്നെ പല വിവരണങ്ങളും, ചര്‍ച്ചകളും ഒക്കെ കണ്ടതല്ലേ. അത് കൊണ്ട് ഇത്തരത്തിലുള്ള പ്രതികരണം ശരിയാണൊ എന്ന് ഒന്നുകൂടെ ചിന്തിക്കുക.

    പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ പുലികള്‍ വല്ലതു ചെയ്യുന്നോയെന്ന്‌ സ്വയം ചോദിക്കട്ടെ. ആരാണ് ചേട്ടാ ഈ പ്രസ്തുത പുലികള്‍? (ഒന്ന് അറിഞ്ഞിരിക്കാനാ)

  4. Mr. K# said...

    വ്യക്തമായി അഭിപ്രായം എഴുതിയിരിക്കുന്നു :-)

  5. Unknown said...

    കുഞ്ഞന്‍സ് .... പറഞ്ഞതിനോട് തത്വത്തില്‍ യോജിക്കുന്നു. പക്ഷേ ബ്ലോഗ് വായിക്കുന്ന എല്ലാവര്‍ക്കും കമന്റ് എഴുതാന്‍ കഴിഞ്ഞെന്നു വരില്ല. അതൊരു ന്യൂനതയായി കാണണ്ട. അഭിപ്രായം ലളിതമായി പറഞ്ഞിരിക്കുന്നു, ആരെങ്കിലും വിയോജിക്കുമെന്ന് തോന്നുന്നില്ല.
    ആശംസകളോടെ ,

  6. പരാജിതന്‍ said...

    കുഞ്ഞന്റെ ബ്ലോഗില്‍ ആദ്യമായാണ്‌ വരുന്നത്‌. അതു കൊണ്ട്‌ ഒരാശംസ പറഞ്ഞോട്ടെ, ആദ്യം. :)

    ഇനി ഈ പോസ്റ്റിനെപ്പറ്റി തോന്നിയ ചില കാര്യങ്ങള്‍.
    1. ബ്ലോഗെഴുതുന്നവരില്‍ നല്ലൊരു വിഭാഗം എഴുത്തിനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗൗരവമായി കാണുന്നവരാണ്‌. അല്ലാത്തവര്‍ കാണുമായിരിക്കും. അവര്‍ പോലും മാതൃകയായി കാണുന്ന പലരും എഴുത്തിനോടുള്ള മോഹം കാരണമാണ്‌ എഴുതുന്നത്‌. അല്ലെന്നു പറയുന്നവരെ കള്ളന്മാരെന്നു വിളിക്കേണ്ടി വരും.
    2. ബ്ലോഗെഴുതിയാല്‍ കാശൊന്നും കിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. (ഗൂഗിള്‍ ആഡ്‌ സെന്‍സൊക്കെ ഇപ്പോഴത്തെ നിലയ്ക്ക്‌ ഒരു തമാശ മാത്രമാണ്‌.) പക്ഷേ കാശിനെക്കാളും വലിയ ആകര്‍ഷണമാണ്‌ പോപ്പുലാരിറ്റി, പലപ്പോഴും.
    3. ബ്ലോഗിങ്ങില്‍ സര്‍ഗസൃഷ്ടികള്‍ക്കു മാത്രമല്ല, വൈജ്ഞാനികസാഹിത്യത്തിനും പ്രാധാന്യമുണ്ട്‌. നെറ്റില്‍ സെര്‍ച്ചു ചെയ്തു പലതും കണ്ടു പിടിക്കാമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, മലയാളത്തില്‍ പലതും രേഖപ്പെടുത്തപ്പെടുന്നത്‌ ഈ ഭാഷയ്ക്കും അതുപയോഗിക്കുന്നവര്‍ക്കും പ്രയോജനപ്പെടുക തന്നെ ചെയ്യും. പോരെങ്കില്‍ രാഷ്ട്രീയം, പരിസ്ഥിതി, ആര്‍ക്കിയോളജി, വിദ്യാഭ്യാസം മുതലായ വിഷയങ്ങളില്‍ എഴുതുന്ന ആളിന്റെ ഇന്‍സൈറ്റുകള്‍ കൂടി ഉള്‍ക്കൊള്ളുമെന്നതിനാല്‍ ബ്ലോഗില്‍ അത്തരമെഴുത്തിന്റെ പ്രസക്തി ഒരു പക്ഷേ മറ്റു പലതിനെക്കാളും മുന്നിലാണ്‌.
    4. കമന്റെഴുതേണ്ട ബാധ്യത വായനക്കാരനില്ല. എന്റെ കാര്യത്തില്‍, ഗൂഗിള്‍ റീഡര്‍ വഴി, വായിച്ച രചനകളില്‍ മികച്ചവ സ്വന്തം ബ്ലോഗില്‍ വായനാലിസ്റ്റായി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതില്‍ പിന്നെ കമന്റിടല്‍ തീരെ വിരളമായി. മറ്റു പലരും അങ്ങനെയാണ്‌ ചെയ്യുന്നതെന്നും അറിയുന്നു.

  7. ദേവന്‍ said...

    സ്വാതന്ത്ര്യദിനാശംസകള്‍ കുഞ്ഞന്‍സേ.
    posted by കുഞ്ഞന്‍ "ഉദാ: ഉദ്ദേശം - ഉദ്ദേശ്ശം - ഉദ്ദ്യേശ്ശം - ഉദ്ദേശ്ശ്യം ഇതില്‍ ഏതാണു ശരിയായ പദം?"
    അതറിയണമെങ്കില്‍, അമ്മാതിരി കാര്യങ്ങള്‍ക്ക് നോക്കാന്‍ ഒരിടം വേണമെങ്കില്‍ സര്‍ഗ്ഗപരമായ സൃഷ്ടികള്‍ മാത്രമുള്ള ഒരു ബൂലോഗം പോരല്ലോ, ഒരു അംഗീകാരവും സന്തോഷവും പ്രതീക്ഷിക്കാതെ ഒരു ഓണ്‍ലൈന്‍ യൂണിക്കോഡ് നിഘണ്ടുവുണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ദത്തൂക്ക് ജോസഫേട്ടന്മാരെയും സിദ്ധാര്‍ത്ഥന്മാരെയും വേണം. വ്യാകരണവും പര്യായവും പഠിപ്പിക്കുന്ന ഗുരുകുലങ്ങളും വേണം

    ഒരു കമന്റും പ്രതീക്ഷിക്കാതെ കോവയ്ക്ക എന്നാല്‍ അമേരിക്കന്‍ കര്‍ഷകന്‍ പാഴ്ച്ചെടിയായി വെട്ടിക്കളയുന്ന ivy gourd ആണെന്ന് ആരെങ്കിലും എഴുതി വയ്ക്കണം. അതിനു താഴെ ഒരു വൈദ്യന്‍ കോവല്‍ പറങ്കിപ്പുണ്ണിനു മരുന്നായി ഉപയോഗിക്കുന്നെന്ന് കൂട്ടി ചേര്‍ക്കണം.

    നാളെ സ്വാതന്ത്ര്യദിനം. ഇന്റെര്‍നെറ്റില്‍ ഒരിടത്തും കാണാന്‍ കഴിയാത്ത ഒരറിവ് ഇവിടെ കുറിച്ചു പോകട്ടെ. കല്‍ക്കട്ട സ്വിമ്മിങ് പൂളില്‍ (മറ്റനേകം വൈറ്റ് ഒണ്‍ളി ജോയിന്റുകളിലെപ്പോലെ ) വെള്ളക്കാരന്‍ "പട്ടികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഇവിടെ പ്രവേശനമില്ല" എന്ന ബോര്‍ഡ് വയ്ച്ചപ്പോള്‍ ആത്മാഭിമാനം വ്രണപ്പെട്ട ഒരു ചെറുപ്പക്കാരന്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ തന്റെ ഹോട്ടലിനു മുന്നില്‍ "പട്ടിക്കും വെള്ളക്കാരനും ഇവിടെ ഭക്ഷണം വില്‍ക്കില്ല" എന്ന് ബോര്ഡ് വയ്ച്ചു.
    ആ ഭോജനശാലയുടെ പേര്‍? ആസാദ് ഹോട്ടല്‍.

  8. Inji Pennu said...

    സ്വാഗതം! ‘പണ്ടൊക്കെ’ വെച്ചടി വെച്ചടി സ്വാഗതം പറയുവായിരുന്നു ‘പുതിയ’ ബ്ലോഗറാണെന്ന് തോന്നുമ്പൊ. ഇപ്പൊ പുതിയത് പഴയത് എന്നൊക്കെ പറേരുതെന്നാ നിയമം ഇറക്കിയേക്കണതേ. ആവാം. നിയമങ്ങള്‍ അനുസരിക്കേണ്ടതാണല്ലൊ. അതോണ്ട് പഴയത് പുതിയതൊക്കെ കോട്ട്സിലാക്കിയേക്കണൂട്ടൊ.:)

    പക്ഷെ മാഷ്കടെ ഈ പോസ്റ്റ് മൊത്തം വായിച്ചപ്പൊ ഈ സെന്റസൊക്കെ ഭയങ്കര കോണ്ട്രഡിക്ഷന്‍ ആയിട്ട് എനിക്ക് തോന്നുന്നു?

    എനിക്ക് ഭയങ്കര കണ്‍ഫ്യൂഷ്യനായി. (കട: വക്കാരിജി). അതോണ്ട് സംശയങ്ങള്‍ കുറിക്കുന്നു.

    1. ബൂലോകത്തു വരുന്ന സൃഷ്ടികളില്‍ ഇഷ്ടമുള്ളത്‌ വായിക്കുക. അതിനുള്ള സ്വാതന്ത്രം
    നമുക്കുണ്ടല്ലോ. ഒരു കല്യാണ സദ്യക്കു പലതരത്തിലുള്ള കൂട്ടാന്‍ വിളമ്പാറുണ്ട്‌ അതെല്ലാം നമ്മള്‍ കഴിക്കാറുണ്ടൊ?

    2. അല്ലാതെ ഞാനെന്നഹങ്കരിക്കുന്നവര്‍ ആ രചന വായിച്ചിട്ടു ഒരു അഭിപ്രായവും പ്രകടിപ്പിക്കാതെ പോകുന്നത്‌ വളരെ കഷ്ടമാണ്‌. കല്യാണത്തിനു പോയിട്ടു കല്യാണം കാണാതെ സദ്യ മാത്രമുണ്ടെട്ടുവരുന്നതുപോലെയാണ്‌.

    - എഴുതാന്‍ സ്വാതന്ത്ര്യമുള്ളതുപോലെയല്ലെ വായിക്കാനും സ്വാതന്ത്ര്യം? കമന്റിടണമെന്ന് അവിടെ നിഷ്കര്‍ഷ പാടില്ല, ല്ലെ? സ്വാതന്ത്ര്യം കീ വേര്‍ഡ് ആയി.

    1. അവനവനിഷ്ടപ്പെടുന്ന രീതിയില്‍ രചനകള്‍ രചിക്കട്ടേ!

    2. പക്ഷെ അതു സഭ്യതക്കു നിരക്കുന്നതായിരിക്കണം.

    - അതെങ്ങിന്യാ? അതു രണ്ടും കൂടി ചെയ്യാ? അത് വായിക്കാണ്ടിരുന്നാല്‍ മതീല്ലേ? ആരെന്തു വേണമെങ്കിലും പോസ്റ്റട്ടേന്ന് വെക്കണം. അതല്ലെ ആദ്യത്തെ കല്ല്യാണ സദ്യ ഉപമയിലൂടെ മാഷ് പറഞ്ഞേക്കണത്?

    >>ബൂലോക കൂട്ടായ്മ എപ്പോഴും നല്ലതു തന്നെ.

    വളരെ ശരി! എനിക്കും കൂട്ടായ്മ നല്ല ഇഷ്ടാണ്. ഇപ്പളും ഇഷ്ടാണ്. പക്ഷെ എന്തു പറ്റി? എല്ലാര്‍ക്കും അവനവനു ഇഷ്ടമുള്ളതു ചെയ്യണം എന്നായി. അപ്പൊ കൂട്ടായ്മ പറ്റില്ലാന്നായി. ഒക്കെ. ശരി. ഒക്കെ. എനിക്കിഷ്ടമുള്ളത് ചെയ്യാന്ന് ആയപ്പൊ സത്യം പറഞ്ഞാ സന്തോഷായി. സമൂഹം എന്നൊരു കൂട്ടായ്മ ഉള്ളപ്പോഴണല്ലൊ നമ്മള്‍ സമൂഹത്തില്‍ മാ‍ന്യമായി ഇടപെടുന്നത്. അത് വേണ്ടാന്ന് ഇപ്പൊ ട്രെണ്ട്. ആരേം നോക്കാണ്ട് മുന്നേ പിന്നേ നോക്കാണ്ട് വീട്ടില്‍ പെരുമാറണ പോലെയൊക്കെ ചെയ്യാന്ന്. മൊറാലിറ്റി വേണ്ട, പുണ്യവതിയാവണ്ട, നിയമങ്ങള്‍ അനുസരിക്കണ്ട. സുഖം സുഖകരം. ഒക്കേ. ഞാന്‍ എപ്പ്ലേ റെഡി. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായൂന്നൊക്കെ പറേണത് ഇതാന്ന് മനസ്സിലായി. ഇത്രേം നാളും നീ പിന്നെ എന്തുട്ടാടീ വായൂ വായൂന്ന് പറഞ്ഞ് ശ്വസിച്ചതെന്ന് ഇന്നച്ചന്‍ ചോദിക്ക്ണൂ മ്മടെ ഇരിഞ്ഞാലക്കുടേന്ന് ;)

    അപ്പൊ ഒരു നമസ്കാരം. മാഷ് നോക്കിക്കൊ.
    ഇതിനിവിടെ ഉഗ്രന്‍ കമന്റുകള്‍ വീഴൂട്ടൊ, പിന്നാലെ പിന്നാലെ, അല്ലെങ്കില്‍ മിനിമം ഒരു പുതിയ ബ്ലോഗും ബ്ലോഗ് പോസ്റ്റെങ്കിലും വരും. ഹൊ! എനിക്ക് വയ്യ! ഞാന്‍ ഭൂമി മലയാളത്തിനു ഒറ്റക്ക് ചെയ്യുന്ന സംഭാവനകള്‍. എത്ര പുതിയ ബ്ലോഗുകളും പുതിയ ബ്ലോഗുകളും പുതിയ ബ്ലോഗര്‍മാരേം സൃഷ്ടിക്കുന്നു മിനുട്ടുകള്‍ കൊണ്ട്. അതും മനസ്സില്‍ പോലും വിചാരിക്കാണ്ടേ. ബ്രഹ്മാവ് പോലും നാണിക്കണുണ്ടാവും :)

    പ്ലീസ് അതിനൊക്കെ എനിക്കിച്ചിരെ അഹങ്കരിക്കണം. അഹങ്കരിക്കാന്‍ എന്നെ ദയവായി അനുവദിക്കൂ.:)

    പിന്നെ സദ്യ സദ്യ ന്ന് പറഞ്ഞ് കൊതിപ്പിച്ച്. അതും ഓണം അടുത്ത് വരുമ്പൊ. :) ആ ഫോട്ടൊ കണ്ടാ മോളാണെന്ന് തോന്നൂള്ളൂ. നല്ല ഉഗ്രന്‍ ആയിട്ട് ഒരുക്കീട്ടുണ്ട് മോനെ. അപ്പൊ വീണ്ടും ഒരു സ്വാഗതം.

  9. ഏ.ആര്‍. നജീം said...

    കുഞ്ഞന്‍,
    പലരുടേയും മനസില്‍ ഉള്ളതു താങ്കള്‍ തുറന്നെഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍..!!
    വായിക്കുന്നവരെല്ലാം കമന്റിടണം എന്ന് നിര്‍ബന്ധമല്ല കുഞ്ഞന്‍ പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. നല്ലതോ ചീത്തയോ ആയിക്കോട്ടെ, അതു വായിക്കുന്നയാള്‍ ഇടുന്ന ഒരു വാക്ക് (അഭിനന്ദനമായാലും തിരിച്ചായാലും), അതു പോസ്‌റ്റ് ഇടുന്നയാള്‍ക്ക് ലഭിക്കുന്ന മനസ്സന്തോഷം അതാണ് ഏത് പ്രതിഫലത്തേക്കാളും മികച്ചത്. നാലോ അഞ്ചോ പോസ്‌റ്റിങ്ങ് കഴിഞ്ഞ് നിര്‍ജ്ജീവമാകുന്ന പല ബ്ലോഗുകളുടെയും ഒരു കാര്യം ഇതാവാം..
    ഞാനും ഒരു പുതുമുഖം ആണെ, എന്റെ ഒരു തോന്നല്‍ പറഞ്ഞെന്നേയുള്ളൂ

  10. കുഞ്ഞന്‍ said...

    ശ്രീ സനാതന്‍,ബാജി,ഡിങ്കന്‍(എതിരാളിക്കൊരു പോരാളി),കുതിരവട്ടന്‍,സുകുവേട്ടന്‍,പരാജിതന്‍,ദേവന്‍, ഇഞ്ചിപ്പെണ്ണ്‍,നജീം എന്നിവരുടെ പ്രതികരണങ്ങള്‍ക്കു നന്ദി..:)

    പോപ്പുലാരിറ്റി കിട്ടിയ ബ്ലോഗാവുകള്‍ എല്ലായിപ്പോഴും മികച്ച രചനകള്‍ നടത്തണമെന്നില്ല, പക്ഷെ അത്തരം നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ വന്നാല്‍, രാജാവ്‌ നഗ്നനാണെന്നു വിളിച്ചു പറയുവാന്‍ ധൈര്യം കാട്ടാതെ പുകഴ്ത്തുന്നതാണു കാണുന്നത്‌. ഇവിടേക്കാണു ഞാന്‍ വിരല്‍ ചൂണ്ടുന്നത്‌.

    പുതിയൊരാള്‍ എന്നര്‍ത്ഥമാക്കുന്നത്‌ ആദ്യമായി ബ്ലോഗ്‌ ചെയ്യുന്നവന്‍ എന്നുള്ളതല്ല,മറിച്ച്‌ അയാളുടെ രചനകളില്‍കൂടി സഞ്ചരിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാക്കന്‍ പറ്റും ആ വ്യക്തി ആ രംഗത്തേക്കു ആദ്യമായിട്ടാണ്‌ പ്രവേശിക്കുന്നതെന്ന്. അങ്ങിനെയുള്ളവരുടെ സൃഷ്ടികളില്‍ സ്വര്‍ഗ്ഗപരമായ എന്തെങ്കിലും മൂല്യമുണ്ടെന്ന് തോന്നിയാല്‍, ബൂലോകത്ത്‌ പ്രസിദ്ധിയാര്‍ജ്ജ്ജ്ജിച്ചവര്‍, അല്ലെങ്കില്‍ ആ രംഗത്ത്‌ പ്രാവീണ്യമുള്ളവര്‍, അവര്‍ ആ രചനകള്‍ കാണുവാനിടയാകുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു വാക്ക്‌ അല്ലെങ്കില്‍ ഒരു ചിരി കമന്റു ബോക്സിലിടുകയാണെങ്കില്‍ അതു രചനാപാടവമമില്ലാത്തവര്‍ക്ക്‌ ഒരു ഗംഭീര പ്രോത്സാഹനമായിരിക്കുമെന്നാണെന്റെ കാഴ്ചപ്പാട്‌.

    എഴുത്തിനെ ഗൗരവത്തോടെയാണെല്ലാവരും കാണുന്നത്‌, പക്ഷെ മുകുന്ദനെപ്പോലെയൊ,ബാലചന്ദ്രന്‍ ചുള്ളിക്കടിനെപ്പോലെയൊ എഴുത്തിനു പ്രാമുഖ്യംകൊടുക്കുന്നവരൊ അല്ലാ ബൂലോകെഴുത്തുകാര്‍.

    ബ്ലോഗുമാത്രമെഴുതികൊണ്ടിരുന്നാല്‍, വീട്ടില്‍ ചെല്ലുമ്പോള്‍ അരി തീര്‍ന്നു,കറന്റു കാശടക്കണം,ട്യൂഷന്‍ ഫീ കൊടുക്കണമെന്നൊക്കെപ്പറഞ്ഞാല്‍ ചുറ്റിപ്പോകും!

  11. Mr. K# said...

    കുഞ്ഞാ, ബൂലോകത്തേക്ക് വന്നപ്പോള്‍ ഇതൊക്കെ എനിക്കും തോന്നിയിരുന്നു. ഇപ്പൊ എല്ലാ സംശയങ്ങളും മാറി. കമന്റുകളെക്കുറിച്ചോക്കെ ബൂലോകത്ത് പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതൊന്നു വായിച്ചാല്‍ കുഞ്ഞന്റെ സംശയങ്ങളും തീരും. അല്ലെങ്കില്‍ ഒന്നു രണ്ടു മാസം കഴിയട്ടേ, എല്ലാ സംശയങ്ങളും തന്നെ മാറും.

    പണ്ട് ഇതേ സംശയങ്ങള്‍ ഉന്നയിച്ച ഒരു ബ്ലോഗറോട് അഞ്ചല്‍കാരന്‍ പറഞ്ഞ മറുപടി കാണൂ.

  12. ഷാനവാസ്‌ ഇലിപ്പക്കുളം said...

    കുഞ്ഞാ കൊള്ളാം ഒരു സാധാരണക്കാരനായ ബ്ലോഗര്‍ക്ക്‌ തോന്നുന്ന സംശയങ്ങള്‍ സ്വാഭാവികമായി തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. ഇതിനുള്ള മറുപടി കാലം തരുമെന്ന് കരുതാം.കമന്റിട്ടാലുമിട്ടില്ലേലും ആരെങ്കിലുമൊക്കെ വായിക്കുമെങ്കില്‍ അതും നല്ലതല്ലേ?. ആശംസകള്‍

  13. കുഞ്ഞന്‍ said...

    ഞാന്‍ ഇരിങ്ങല്‍ said...

    കമന്‍ റിടാന്‍ മാര്‍ഗ്ഗമില്ലാത്തിനാല്‍ ഇ-മെയില്‍ അയക്കുന്നു. ഇത് കോപ്പി ചെയ്ത് കമന്‍ റ് ബോക്സില്‍ ഇടുമല്ലൊ.

    കുഞ്ഞന്‍സേ..,

    നല്ലൊരു ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടതിനും മറ്റൊരു പോസ്റ്റിന് മറുപടിയായി പുതിയൊരു പോസ്റ്റ് ഇടാന്‍ തോന്നിയതിനും അഭിനന്ദനങ്ങള്‍.

    താങ്കള്‍ പരാമര്‍ശിച്ച വിഷയങ്ങളില്‍ ബ്ലോഗ് എഴുത്തിന്‍ റെ നിലവാരത്തെ ക്കുറിച്ചും കമന്‍ റിന്‍ റെ പ്രത്യയ ശാസ്ത്ര ത്തെ ക്കുറിച്ചും ഒക്കെ യാണല്ലൊ.

    എനിക്ക് തോന്നുന്നത് ബ്ലോഗ് എഴുത്തിന്‍റെ നിലവാരം എന്നുള്ളത് ആപേക്ഷികമാണെന്നാണ്. അത് ഓരോ എഴുത്തുകാരന്‍ റെയും വായനക്കാരന്‍ റെയും നിലവാരത്തിന് അനുസരിച്ചല്ലേ പറ്റൂ.

    അതു കൊണ്ട് തന്നെ താങ്കള്‍പറഞ്ഞതു പോലെ ഇഷ്ടമുള്ളത് കഴിക്കാനുള്ള വിഭവങ്ങള്‍ തയ്യാറാക്കി വയ്ക്കുക തന്നെയാണ് ഓരോ ബ്ലോഗ് എഴുത്തുകാരനും /കാരിയും ചെയ്യുന്നത്. എന്നാല്‍ എഴുത്തിന്‍റെ ഘട്ടങ്ങള്‍ പുരോഗമിക്കുമ്പോള്‍ സ്വന്തം എഴുത്തിന്‍റെ വളര്‍ച്ചയെ കുറിച്ച് എഴുത്തുകാരനും വായനയുടെ രസത്തെ കുറിച്ച് വായനക്കാരനും ബോധവാന്‍മാരാകുന്നതില്‍ തെറ്റുണ്ടൊ? അല്ലെങ്കില്‍ എഴുത്തിനെ നവീകരിക്കുവാനും വായനയെ നവീകരിക്കുവാനും ഓരോഘട്ടത്തിലും ശ്രമിച്ചില്ലെങ്കില്‍ പിന്നെ എഴുതുന്നതില്‍ എന്ത് ആത്മസംതൃപ്തിയാണ് എഴുത്തുകാരനും / കാരിക്കും വായനക്കാരനും ലഭിക്കുക?

    ജനപ്രീയരാവുക എന്നുള്ളതാവരുത് എഴുത്തിന്‍റെ ഉദ്ദേശ്യം എന്നു തന്നെ ഞാന്‍ കരുതുന്നു.

    ജനപ്രീയത പലതരത്തിലും ലഭിക്കും.

    ഓരോ എഴുത്തിലും സ്വന്തമായ കൈയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ മാത്രമാണ് എഴുത്തിനും എഴുത്തുകാരനും അതിന്‍റെ വിശാലമായ പ്രീയത ലഭിക്കുന്നത്.

    അല്ലാതെ വിശാല മനസ്കന്‍ തന്‍റെ സ്വന്ത സിദ്ധമായ തമാശകളിലൂടെ ഒരു ഗ്രാമത്തെ ബൂലോകത്തിലൂടെ വരച്ചു കാണിച്ചുവെങ്കില്‍,
    തന്‍റെ ജീവിതാനുഭവത്തെ തന്‍റെതായ ജീവിത വീക്ഷണത്തിലൂടെയും വഴികളിലൂടെയും ഓര്‍ത്തെടുത്ത് സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്ന കുറുമനേയും പോലുള്ളവരെ പിന്തുടര്‍ന്ന് ശിഖണ്ടി രചന നടത്തുന്നവര്ക്ക് ജനപ്രീയത കുറച്ചു നാളത്തേക്ക് കിട്ടിയേക്കും എന്നാല്‍ അത് വായനയുടെ നല്ല ലോകം വായനക്കാരനും അതു പോലെ എഴുത്തുകാരനും ഒരിക്കലും നല്‍കില്ലെന്ന് നമുക്കൊക്കെ അറിയാവുന്ന കാര്യ് ങ്ങള്‍ തന്നെ. അല്ലെങ്കില്‍ അങ്ങിനെ ‘ജനപ്രീയത’ കിട്ടുമെങ്കില്‍ ‘മത്തി’ പൊതിയാന്‍ ഉപയോഗിക്കുന്ന 15 ലക്ഷം പേപ്പറുകളും ജനപ്രീയതയുടെ ഉദാഹരണങ്ങളാനെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.

    പിന്നെ ഇവിടെ ‘ പുലികളെ’ കുറിച്ച് ബാജി പറയുകയുണ്ടായി. പുലികളായി ആരും ജനിക്കുന്നില്ല എന്നു മാത്രമേ അതിനേ കുറിച്ച് പറയനുള്ളൂ. അതു പോലെ പൂച്ചകളായും.

    മുമ്പേ വന്നവരില്‍ പലരും മനസ്സു കൊണ്ടും വിശ്വാസം കൊണ്ടും ബൂലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിയത് അവരുടെ ആത്മാ‍ര്‍ത്ഥത കൊണ്ടു തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബൂലോകത്ത് ഒരു എഴുത്തുകാരന്‍ /കാരി വരുമ്പോള്‍ ഇത്രയും സന്തോഷത്തോടെ കൈനീട്ടി സ്വീകരിക്കുന്ന ഒരു മാധ്യമം വേറെയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഓരോ ‘പുലികളും’ പുതിയ ബ്ലോഗറെ സ്വീകരിക്കുകയും നിര്‍ദ്ദേശങ്ങളും ഉപയോഗക്രമങ്ങളെ ക്കുറിച്ച് പഠിപ്പിച്ചു കൊടുക്കുന്നതും ഞാന്‍ പലപ്പോഴായി കണ്ടിട്ടുള്ളതാണ്. അതു പോലെ എനിക്കും ഒരു പാട് നിര്‍ദ്ദേശങ്ങളും സഹായങ്ങളും പലപ്പോഴായി ‘പുലി’കളില്‍ നിന്ന് കിട്ടിയിട്ടുമുണ്ട്.

    അതു കൊണ്ട് തന്നെ എല്ലാവരും നമ്മുടെ വിളിപ്പുറത്ത് തന്നെ ഉണ്ടെന്ന് നമുക്ക് വിശ്വസിക്കാം.

    ഓരോ കൂട്ടായമയും മനസ്സിലെ മാലിന്യ് ങ്ങളെ ശുദ്ധീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്‍റെ ഉത്തമ ഉദാഹരണമാണ് ‘ബെര്‍ളി തോമസിന്‍റെ ബ്ലോഗെഴുത്തിന്റെ തത്വശാസ്ത്രങ്ങള്. http://berlythomas.blogspot.com/2007/08/blog-post_13.html

    സ്നേഹപൂര്‍വ്വം

    ഇരിങ്ങല്‍

  14. ബാജി ഓടംവേലി said...

    പ്രീയ കുഞ്ഞന്‍ , ഡിങ്കന്‍ , ഇരിങ്ങല്‍, മറ്റുള്ളവര്‍

    ‘പുലികള്‍‘ എന്ന പ്രയോഗം പിന്‍‌വലിക്കുന്നു. എന്നാലും സീനിയോറിറ്റി തള്ളിക്കളയാനാവില്ലല്ലോ. സീനിയേഴ്‌സില്‍ നിന്നും തുടക്കക്കര്‍ ഒത്തിരി പ്രതീക്ഷിക്കുന്നു. പ്രധാനമായും പ്രോത്സാഹനവും ക്രിയാത്‌മകമായ നിര്‍‌ദ്ദേശങ്ങളും മിക്ക സീനിയേഴ്‌സും കമന്റിടീലില്‍ പിന്നോട്ടാണെന്നതാണ് എന്റെ അനുഭവം.

    ബഹറിനിലും ആഗസ്റ്റ് 22 ന് ബൂലോക മീറ്റു നടക്കുന്നതിനാൽ, ബായിഗ്ലൂർ മീറ്റിനേ പറ്റി മിക്കവയും വായിച്ചു. ഒരു പിക്കിനിക്ക്‌ പോയ വിവരണമേ കിട്ടിയുള്ളൂ. പിന്ന്‌ ചില വ്യക്‌തികളുടെ പടങ്ങളും. ആ മീറ്റില്‍ നടന്ന ക്രീയാത്‌മക ചര്‍ച്ച ലോകം അറിഞ്ഞില്ല, ആ വിഷമത്തിന് ഒരല്പം കടുത്ത ഭാഷ ഉപയോഗിച്ചതാണ്. ബ്ലൊഗ്ഗറുടെ സ്വാതന്ത്രത്തെ ചോദ്യം ചെയ്‌തതല്ല.

    ബോഗ്ഗുകള്‍ ജനകീയ മാക്കുവാന്‍ മീറ്റുകള്‍ക്ക്‌ എന്തു ചെയ്യുവാന്‍ സാധിക്കും. ദിവസവും 10 മണിക്കൂര്‍ ഇന്‍‌റ്റര്‍ നെറ്റിന്റെ മുന്‍പില്‍ ഇരിക്കുന്ന പലര്‍ക്കും മലയാളം ഇ-വായനയും മലയാളം ഇ-എഴുത്തും അറിയില്ല. അവര്‍ക്കായി മീറ്റുകള്‍ക്ക്‌ എന്തു ചെയ്യാന്‍ സാധിക്കും എന്നു നാം ഉറക്കെ ചിന്തിക്കണം

    ബ്ലോഗ്ഗുകള്‍ ജനകീയ മാകട്ടെ

    ബാജി

  15. Unknown said...

    ഞാന്‍ സീനിയര്‍ ബ്ലോഗറാണോ എന്ന് അറിയില്ല. ഒരു വര്‍ഷമായി ബ്ലോഗിങ്ങുണ്ട്. എന്റെ നിലപാട് വ്യക്തമാക്കട്ടെ. ഞാന്‍ എനിയ്ക്ക് തോന്നുന്ന ബ്ലോഗുകള്‍ മാത്രമേ വായിച്ച് കമന്റിടുകയുള്ളൂ. എന്റെ കമന്റ് കിട്ടാതെ വിഷമിച്ച് ബ്ലോഗ് പൂട്ടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ‘നമസ്കാരം ഉണ്ട്’.

    ബ്ലോഗുകള്‍ നേഴ്സറി സ്കൂളൊന്നുമല്ല ‘സീനിയേഴ്സ്’ ചെന്ന് കൈപിടിച്ച് നടത്തണം എന്ന് അവകാശപ്പെടാന്‍. തുടക്കക്കാരെ അവഗണിയ്ക്കണം എന്നല്ല മൂഡനുസരിച്ച് ചിലപ്പോള്‍ വായിച്ചു എന്നും കമന്റിട്ടു എന്നും ഇരിക്കും . ചിലപ്പോള്‍ തുടക്കക്കാര‍ല്ലെ എന്ന് കരുതി രണ്ട് വാക്ക് പറഞ്ഞു എന്നും ഇരിക്കും. പക്ഷെ അതൊക്കെ അവകാശമാണ് അതൊന്നും ഇല്ലാത്തത് കൊണ്ടാണ് ലോകം നന്നാവാത്തത് എന്ന് പലപ്രാവശ്യമായി ഈ ഒരു വര്‍ഷത്തിനുള്ളില്‍ കേള്‍ക്കുന്നു. എത്ര ബാലിശമാണ് ഇത്.

    സീനിയേഴ്സിന്റെ കമന്റ് കിട്ടാതെ ബ്ലോഗാന്‍ വയ്യ എങ്കില്‍ ചുമ്മാ ഇട്ടേച്ച് പോടേയ്..

    (ഞാന്‍ അതിഭീകരമായ വിധത്തില്‍ സീനിയറായിപ്പോയ ഒരു ബ്ലോഗറാണെന്നും എന്റെ അഹങ്കാരമാണ് ഈ കമന്റില്‍ നിറഞ്ഞ് നില്‍ക്കുന്നത് എന്നും എല്ലാവര്‍ക്കും ഇപ്പോള്‍ മനസ്സിലായില്ലേ?) :-)

  16. Anonymous said...

    ബാജി ഓടംവേലി said...
    "ബഹറിനിലും ആഗസ്റ്റ് 22 ന് ബൂലോക മീറ്റു നടക്കുന്നതിനാൽ, ബായിഗ്ലൂർ മീറ്റിനേ പറ്റി മിക്കവയും വായിച്ചു. ഒരു പിക്കിനിക്ക്‌ പോയ വിവരണമേ കിട്ടിയുള്ളൂ. പിന്ന്‌ ചില വ്യക്‌തികളുടെ പടങ്ങളും. ആ മീറ്റില്‍ നടന്ന ക്രീയാത്‌മക ചര്‍ച്ച ലോകം അറിഞ്ഞില്ല"

    അതങ്ങനെയൊന്നും പുറത്ത് പറയാന്‍ പറ്റുന്ന കാര്യങ്ങളോ ചര്‍ച്ചകളോ അല്ല കുട്ടീ. കമന്റ് അഗ്രഗേറ്ററുകളേയും പോസ്റ്റ് അഗ്രഗേറ്ററുകളേയും സംബന്ധിക്കുന്ന അതിഭയങ്കര രഹസ്യങ്ങളാണ്.
    നിനക്കൊന്നുമറിയില്ല കാ‍ാ‍ാരണം നീ ....

  17. മന്‍സുര്‍ said...

    പ്രിയ സ്നേഹിത

    വളരെ അര്‍ത്ഥവത്തായ കാര്യങ്ങള്‍ ലളിതമായ് വിവരിച്ചിരിക്കുന്നു.
    അഭിനന്ദങ്ങള്‍ ....
    തീര്‍ച്ചയായും നാമൊക്കെ വലിയ എഴുതുകാരായിരുന്നെകില്‍ ഒരു പക്ഷേ ഇത്തരം ഒരു സംരഭം പിറകുമായിരുന്നില്ല...ജീവിതതിന്‍റെ അകരെ പച്ച തേടിയുള്ള ഈ യാത്രയില്‍ മനസ്സില്‍ നിറയുന്ന ഓര്‍മ്മകളും...അനുഭവങ്ങളും ..അക്ഷരങ്ങളായ് ജനിക്കുന്നു.
    ചീത്തയും ..നന്‍മയും എല്ലാത്തിലും ഉണ്ടല്ലോ...നന്‍മയുള്ളവര്‍ നമ്മെ പ്രോസ്താഹിപ്പിക്കുന്നു.
    ജോലി തിരകുകള്‍ക്കിടയില്‍ കിട്ടുന്ന ചില ഒഴിവു സമയങ്ങള്‍ ഇതിനായ് ഉപയോഗിക്കുന്ന ഒരാളാണ്‌ ഞാന്‍
    പലപ്പോഴും അക്ഷരതെറ്റുകള്‍ കടന്ന് കയറുന്നു....തെറ്റുകള്‍ ചൂണ്ടി കാട്ടുനവരോട് എന്നും ഇഷ്ടം കൂടിയിട്ടെയുള്ളു.
    ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷികുന്നു.

    സ്നേഹ വാക്കുകളിലൂടെ ഒരു കമാന്‍റ്റ് ഈയുള്ളവന്‍റെ ബ്ലോഗില്‍ സമ്മാനിച്ചതിന്ന് നന്ദി.

    സസ്നേഹം
    കാല്‍മീ ഹലോ
    മന്‍സൂര്‍,നിലംബൂര്‍

  18. ബാജി ഓടംവേലി said...

    ബോഗ്ഗുകള്‍ ജനകീയ മാക്കുവാന്‍ മീറ്റുകള്‍ക്ക്‌ എന്തു ചെയ്യുവാന്‍ സാധിക്കും. ദിവസവും 10 മണിക്കൂര്‍ ഇന്‍‌റ്റര്‍ നെറ്റിന്റെ മുന്‍പില്‍ ഇരിക്കുന്ന പലര്‍ക്കും മലയാളം ഇ-വായനയും മലയാളം ഇ-എഴുത്തും അറിയില്ല. അവര്‍ക്കായി മീറ്റുകള്‍ക്ക്‌ എന്തു ചെയ്യാന്‍ സാധിക്കും എന്നു നാം ഉറക്കെ ചിന്തിക്കണം

    ബ്ലോഗ്ഗുകള്‍ ജനകീയ മാകട്ടെ

  19. ബാജി ഓടംവേലി said...

    പ്രീയ അനോണി പറഞ്ഞു,

    അതങ്ങനെയൊന്നും പുറത്ത് പറയാന്‍ പറ്റുന്ന കാര്യങ്ങളോ ചര്‍ച്ചകളോ അല്ല കുട്ടീ. കമന്റ് അഗ്രഗേറ്ററുകളേയും പോസ്റ്റ് അഗ്രഗേറ്ററുകളേയും സംബന്ധിക്കുന്ന അതിഭയങ്കര രഹസ്യങ്ങളാണ്.
    നിനക്കൊന്നുമറിയില്ല കാ‍ാ‍ാരണം നീ ....

    ബാജിയുടെ മറുപടി,
    ഞാന്‍ ആരുമായിക്കോള്ളട്ടെ. പക്ഷേ ബ്ലോഗ്ഗിനേപ്പറ്റി ലോകം അടിയണം .കൂടുതല്‍ എഴുത്തുകാരും വായനക്കാരും ഉണ്ടാകണം. മീറ്റുകള്‍ക്ക്‌ വളരെ ചെയ്യാനാകും.
    ലോകം മുഴുവന്‍ ബ്ലോഗ്ഗര്‍മാര്‍ ഒന്നിച്ചു കൂടട്ടെ

  20. കുഞ്ഞന്‍ said...

    പ്രിയ ദില്‍ബാ....

    ബൂലോകത്ത്‌ അങ്ങ്‌ ചിലപ്പോള്‍ സീനിയറായിരിക്കും അല്ലെങ്കില്‍ ആയിരത്തിലധികം പോസ്റ്റിട്ടവനായിരിക്കാം അതുമല്ലെങ്കില്‍ കഴിഞ്ഞ 5-10 വര്‍ഷം ബ്ലോഗിങ്ങിലൂടെ കമന്റുന്നാളായിരിക്കാം അതുകൊണ്ട്‌ നിങ്ങളുടെ ഒരു കമന്റിനു വലിയ വിലയുണ്ടന്നൊ ഇല്ലെന്നൊ അല്ല ഞാന്‍ പറയുന്നത്‌.

    ബൂലോകത്ത്‌ പലരും പല രംഗത്തും പ്രാവീണ്യമുള്ളവരാണ്‌. അങ്ങിനെയുള്ളവര്‍ എന്തുകോണ്ട്‌ അവരുടെ മേഖലയിലേക്കു (ബൂലോകം) കടന്നു വരുന്നവര്‍ക്ക്‌ പ്രോത്സാഹനം നല്‍കിക്കൂടാ? നല്‍കുന്നില്ലാന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല. പക്ഷെ അതു വളരെ കുറച്ചുമാത്രം!

    സീനിയറായതുകൊണ്ടൊ അല്ലെങ്കില്‍ ധാരാളം പോസ്റ്റുകളിട്ടതുകൊണ്ടൊ ആ വ്യക്തി കേമനാവണമെന്നില്ല.

    നല്ല കലാമൂല്യമുള്ളതൊ, വിജ്ഞാനപ്രദമായതൊ, നല്ല സന്ദേശങ്ങള്‍ നിറഞ്ഞതുമായ സൃഷ്ടികള്‍ രചിക്കുന്നവരെ ബൂലോകം തിരിച്ചറിയും അംഗീകരിക്കും, പക്ഷെ അതിനു സമയമെടുക്കും. ഇതു തിരിച്ചറിയാനെടുക്കുന്ന സമയംവരെ നവാഗതര്‍ക്കു പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല.

    ( എനിക്കീ തിരിച്ചറിവുണ്ടാകണമെങ്കില്‍ ഒരു ഒന്നന്നര ലക്ഷം മിനിറ്റെങ്കിലും എടുക്കും!!)

  21. സഹയാത്രികന്‍ said...

    കുഞ്ഞാ(കുഞ്ഞേട്ടാ)... യോജിക്കുന്നു... എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.... അവര്‍ എഴുതട്ടെ... അഭിപ്രായം പറയാന്‍ സന്മനസ്സും സമയവുമുള്ളവര്‍ അഭിപ്രായങ്ങള്‍ അറിയിക്കട്ടെ... അത് അഭിനന്ദനങ്ങളായലും, വിമര്‍ശനങ്ങളായാലും ഒരു പ്രചോദനം തന്നെയണു....

  22. ശ്രീഹരി::Sreehari said...

    കുഞ്ഞന്‌ .... എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....

    പോസ്റ്റിനെക്കുറിച്ച്... പൂര്‍‌ണമായും യോജിക്കുന്നു... പുതിയ ബ്ലോഗേഴ്സ്‌സിനു നല്ല പ്രോല്‍സാഹനം തരുന്ന പലരും ഉണ്‍ട്... അവരോട് എല്ലാവര്‍ക്കും വേണ്ടി എന്റെ നന്ദി....
    ഒരു കാര്യം കൂടെ.... പുതിയ ബ്ലോഗേഴ്സ് എന്നാല്‍ പുതിയ എഴുത്തുകാര്‍ എന്നു അര്‍ത്ഥമില്ല. പലരും മറ്റ് പ്ലാറ്റ്ഫോമുകളില്‍ എഴുതി തെളിഞ്ഞവരാണു....

    വളരെ കുറച്ചു സമയമെ നെറ്റ് ആക്സസ് ഉള്ളു... അതു കാരണം വായിക്കുന്ന എല്ലാ പോസ്റ്റിനും കമന്റ് ഇടാന്‍ കഴിയാരില്ല.. എന്നാലും പരമാവധി ശ്രമിക്കാറുണ്ട്.

  23. Rajeeve Chelanat said...

    കുഞ്ഞന്‍

    എന്റെ ബ്ലോഗ്ഗില്‍ അഭിപ്രായം എഴുതിയത് വായിച്ചു. നന്ദി. താങ്ങളുടെ ബ്ല്Lഓഗ്ഗിലൂടെയും ഓടിച്ചു നോക്കി.”ബൂലോക കാഴ്ചപ്പാട്‌“, ആശയത്തോട് ഒരു പരിധിവരെ മാത്രമേ യോജിപ്പുള്ളു.കാരണം, എഴുതാതെ വയ്യ എന്നു തോന്നുമ്പോള്‍ മാത്രമേ എഴുതാവൂ എന്നൊരു അഭിപ്രായം എനിക്കുണ്ട്. പിന്നെ, എഴുത്ത്, എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.അതിനര്‍ത്ഥം, രാഷ്ട്രീയമായി മാത്രമേ എഴുതൂ, ചിന്തിക്കൂ, എന്നൊന്നുമല്ല. പക്ഷേ, ഏതൊരു എഴുത്തിനും അതിന്റേതായ ഒരു രാഷ്ട്രീയമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    പിന്നെ, എല്ലാ ബ്ലോഗ്ഗുകളും വായിക്കാനും, അഭിപ്രായം എഴുതാനും, സമയവും അനുവദിക്കാറില്ല.നല്ലതെന്നു തോന്നുന്ന എഴുത്തിനെ കണ്ടില്ലെന്നു നടിക്കാറുമില്ല.

    സ്നേഹപൂര്‍വ്വം
    രാജീവ് ചേലനാട്ട്

  24. Visala Manaskan said...

    പ്രിയ കുഞ്ഞന്‍,

    പറഞ്ഞതില്‍ കാര്യമൊക്കെയുണ്ട്. പുതുതായി ഏത് രംഗത്ത് വരുന്നവര്‍ അവിടെയുള്ള സീനിയേഴ്സാല്‍ പ്രോത്സാഹിപ്പിക്കപ്പെടുക എന്നത് വളരെ നല്ല കാര്യം തന്നെയാണ്. ശരിക്കും ബൂസ്റ്റ് കുടിച്ച പോലെയാവും അവര്‍. വ്യക്തിപരമായി എനിക്ക് ഈ ബൂസ്റ്റിങ്ങ് വല്യ സന്തോഷമുള്ള കാര്യവുമാണ്.

    പക്ഷെ, ഒരു സത്യം പറയട്ടേ(ഒത്തിരി തവണ ബ്ലോഗില്‍ പറഞ്ഞതാണ്),

    ബ്ലോഗില്‍ എഴുതുന്നതിനും വായിക്കുന്നതിനും എനിക്ക് പരമാവധി കിട്ടുന്ന സമയം 1 മണിക്കൂറാണ്. ഓഫീസില്‍ നിന്ന് ബ്ലോഗുന്ന പലരുടെയും സ്ഥിതി ഇത് തന്നെ.

    അതിനിടയില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ വായിക്കും. പിന്നെ, ചിലത് പ്രിന്റ് എടുത്തുകൊണ്ട് പോയി യാത്രയില്‍ വായിക്കും. സമയം പോലെ വല്ലതും എഴുതും.

    ആയിരക്കണക്കിന് പുതിയ ബ്ലോഗുകള്‍, പോസ്റ്റുകള്‍, ഇതൊക്കെ നോക്കാന്‍ എവിടെ നേരം? പണി അങ്ങട് തെറിച്ചാലേ... ഇപ്പറയുന്ന രസമൊന്നും ഉണ്ടാവില്ലേ..! :)

    പിന്നെ മറ്റൊന്നു കൂടെ പറയട്ടേ. അഹംഭാവം ആഇ തോന്നരുത്. ഞാന്‍ എഴുതിയതും എഴുതുന്നതും 70% എന്റെ സന്തോഷത്തിന് വേണ്ടി മാത്രമാണ്‌. അല്ലാന്ന് നിങ്ങള്‍ ആര്‍ പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല. എനിക്ക് എഴുതാനങ്ങട് മുട്ടിയിട്ട് ഒരു രക്ഷയുമില്ലാണ്ട് നടക്കേയാണ് ഇങ്ങിനെയൊരു സെറ്റപ്പ് കാണുന്നതും ഊണും ഉറക്കവുമില്ലാതെ ടേങ് ടേങ് എന്ന് പറഞ്ഞ് ചറപറാ പോസ്റ്റിട്ടതും.

    സത്യം പറയാം കുഞ്ഞാ ഒരു ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം ഇഷ്ടായാലും ഞാന്‍ എഴുത്ത് തുടരും. പിന്നെ വേറൊരു കാര്യംണ്ട്. ആദ്യകാലത്ത് എന്നോട് ഞാന്‍ എഴുതുന്നത് വായിച്ചിട്ട്,

    ‘പോയേരാ.. ഇവ്ടന്ന് ഒരു തേങ്ങ എഴുതി വച്ചേക്കണ്’

    എന്ന് കുറച്ച് പേര്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എഴുത്ത് ഉപേക്ഷിച്ചേനിരുന്നു. അത് സത്യം.

    :)

    ഇപ്പോള്‍ എന്റെ ഫാന്‍സി വണ്ടി വരും. എഴുതിയത് രണ്ടാമത് വായിക്കാന്‍ വരെ ടൈമില്ല. കുറച്ചും കൂടെ എഴുതാനുണ്ട്. അപ്പോള്‍ എല്ലാം പറഞ്ഞ പോലെ! എല്ലാ വിധ ആശംസകളും.

  25. കുഞ്ഞന്‍ said...

    വിശാല്‍ജി...

    അതിയായ സന്തോഷമുണ്ട്‌...

    പുത്തനച്ചി പുരപ്പുറം തൂക്കുമെന്നു ആരൊ (not arrow) എവിടെയിരുന്നെങ്ങാണ്ടു പറഞ്ഞില്ലേ....അതുതന്നെയാണു സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും...

    എന്നാലും ഞാനുമൊരു പുത്തനച്ചിയായി മാറിയല്ലോ? :( :(

  26. സജീവ് കടവനാട് said...

    പ്രിയ കുഞ്ഞന്‍സ് ബ്ലോഗു വായിച്ചു. താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. എല്ലാവരും യോജിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് കുഞ്ഞന്റേത് എന്നിട്ടും ചില കമന്റുകള്‍ കണ്ടില്ലേ അഹങ്കാരത്തോടുകൂടിയവ. കമന്റ് പ്രതീക്ഷിച്ച് പോസ്റ്റിടാന്‍ നില്‍ക്കുകയാണെങ്കില്‍ ഞാനൊക്കെ എന്നേ പൂട്ടി പോയിട്ടുണ്ടാകും. വായിക്കുന്നവന്‍ വായിക്കട്ടെ ഇല്ലെങ്കില്‍ അവിടെ വെറുതെ കിടന്നോട്ടെ എന്ന മനോഭാവത്തിലാണ് ഇപ്പോള്‍ പോസ്റ്റ് ഇടുന്നത് തന്നെ. എന്തായാലും താങ്ക്ലുടെ പോസ്റ്റ് കൊള്ളേണ്ട ചിലയിടങ്ങളിലൊക്കെ കൊണ്ടിട്ടുണ്ട്. വീണ്ടും കാണാം. സജി.‍

  27. ശ്രീ said...

    കുഞ്ഞന്‍‌ ചേട്ടാ...

    ഇവിടെ താങ്കളും മറ്റു പലരും അഭിപ്രായപ്പെട്ടതു പോലെ തന്നെ ബ്ലോഗ് എഴുതുന്നയാളാണ്‍ ഞാനും.. സീനിയര്‍‌ ബ്ലോഗ്ഗേഴ്സില്‍‌ കുറേപ്പേരെങ്കിലും (ഞാനറിഞ്ഞിടത്തോളം) പുതുമുഖമെന്നോ സീനിയറെന്നോ നോക്കാതെ പോസ്റ്റിന്റെ ഉള്ളടക്കം ശ്രദ്ധിച്ച് കമന്റ് ഇടുന്നവരാണെന്നതാണ്‍ എനിക്കു തോന്നുന്നത്. വിശാലേട്ടന്‍‌ പറഞ്ഞതു പോലെ തിരക്കിനിടയില്‍‌ ഒട്ടനേകം ബ്ലോഗുകള്‍‌ക്കും പോസ്റ്റുകള്‍‌ക്കുമിടയില്‍‌ പുതുതായി വരുന്ന ഒരു ബ്ലോഗറെ ശ്രദ്ധിക്കാന്‍‌ അവര്‍‌ക്കത്ര സമയം കിട്ടുന്നുണ്ടാവില്ല. എന്നു കരുതി, നമ്മളെ പോലെ ഉള്ളവര്‍‌ നിരാശരാകേണ്ടതുണ്ടോ?
    ഇല്ലെന്നാണ്‍ എനിക്കു തോന്നുന്നത്.

    ലോകത്തിന്റെ പല ഭാഗങ്ങളിലുമിരുന്ന് നാമെല്ലാം ഒരു കുടക്കീഴിലെന്ന പോലെ ആശയങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കു വയ്ക്കാന്‍‌ കഴിയുന്നില്ലേ. അതു തന്നെ വലിയ കാര്യമല്ലേ?

    എഴുതിക്കൊണ്ടേയിരിക്കൂ... അംഗീകാരം തനിയേ വരും. (ഉപദേശമായി കാണരുത് എന്നപേക്ഷ. നിരാശ തോന്നി ബ്ലോഗ്ഗിങ്ങ് നിറുത്തരുത് എന്നു മാത്രമാണ്‍ ഞാന്‍‌ ഉദ്ദേശ്ശിച്ചത്)

    ആശംസകള്‍!

  28. എതിരന്‍ കതിരവന്‍ said...

    കുഞ്ഞാ:
    പുതിയ ബ്ലോഗറെന്ന നിലയില്‍ സംശയങ്ങള്‍ ശരി തന്നെ. പക്ഷെ ദില്‍ബനും വിശാലനും പറഞ്ഞത് ശ്രദ്ധിക്കുക.

    “നല്ല കലാമൂല്യമുള്ളതോ, വിജ്ഞാനപ്രദമോ.....ബൂലോകം തിരിച്ചറിയും, അംഗീകരിക്കും. പക്ഷെ അതിനു സമയമെടുക്കും. ഇതു തിരിച്ചറിയാനെടുക്കുന്ന സമയം വരെ ഒരാള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല”....
    അങ്ങനെ ഒന്നാന്തരം പോസ്റ്റെഴുതിയ ആരെങ്കിലും പിടിച്ചു നില്‍ക്കാനാകാതെ പോയിട്ടുണ്ടോ? അവനവന്‍ എഴുതുന്നതിനെക്കുറിച്ച് തിരിച്ചറിയാന്‍ സമയമെടുക്കുമോ?

    ഞാനും ഈയിടെ ഇവിടെ വന്നു കേറിയവനാണ്. ബ്ലോഗിങ്ങിനെപ്പറ്റി (എഴുത്തിനെപ്പറ്റിയും)ഒരു വെളിവുമില്ലാതെയാണ് വന്നത് (ഇപ്പോഴും അതെ!)എന്റെ ആത്മസംതൃപ്തിയ്ക്കു വേണ്ടിക്കൂടെയാണ് ഞാന്‍ എഴുതുന്നത്. എന്നെ പ്രോത്സാഹിപ്പിയ്ക്കാന്‍ ഒരുപാടുപേര്‍ വന്നെന്നുള്ളത് സത്യമാണ്. അതെനിക്ക് ഇപ്പോഴും അദ്ഭുതമാണ്. എന്റെ ചില പോസ്റ്റിന്‍് ഒരുപാട് കമന്റു വരും. ചിലതിനു വളരെക്കുറച്ച്. പക്ഷെ ഞാന്‍ എഴുതുന്നത് ഒരുപാടു പേര്‍ വായിക്കുന്നുണ്ടെന്ന (അബദ്ധ?) ധാരണയില്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു.അങ്ങനെ “പിടിച്ചു” നില്‍ക്കുന്നു. പക്ഷെ സീനിയര്‍ ആയവര്‍ വന്ന് എന്നെ രക്ഷിക്കണേ എന്ന യാചിക്കാന്‍ തോന്നിയിട്ടില്ല.