Tuesday, March 1, 2011

ദൈവങ്ങളേ...!

എന്റെ ദേവീ, ദേവി മഹാമായെ അമ്മ അവിടെ ഇരിക്കുന്നുണ്ടൊ അതൊ ഇറങ്ങിയോടിപ്പോയൊ..?

പെരുമ്പാവൂരിലെ വീട് വിറ്റതിനു ശേഷം ഞാൻ കുറ്റിപ്പുഴയിൽ അച്ഛന്റെ നാട്ടിലേക്ക് താമസം മാറ്റി. കുറ്റിപ്പുഴയിലെ അതി പ്രശസ്തമായ ഒരു തറവാട്ടിലെ ഒരു കുടുംബ ക്ഷേത്രമാണ് ദേ ഈ കാണുന്നത്.



ഈ അമ്പലത്തിലെ ഉത്സവത്തിന് ഒരിക്കൽ ഞാൻ പോയിരുന്നു. വർഷത്തിലൊരിക്കൽ മാത്രം ഉത്സവവും പൂജയും. ഇവിടത്തെ ആചാര അനുഷ്ഠാനങ്ങൾ കണ്ടപ്പോൾ ഞാൻ ഈ നൂറ്റാണ്ടിലാണൊ ജീവിക്കുന്നതെന്ന് തോന്നിപ്പോയി. ഈ ഫോട്ടൊയിൽ പടം പിടിച്ചയാൾ നിൽക്കുന്ന സ്ഥലത്ത് മാത്രമെ താണ ജാതിക്കാർക്ക്(ക്ഷമിക്കുക) നിൽക്കാൻ പറ്റു, അവിടെ നിന്ന് തൊഴുകണം അവിടെ നിന്ന് വഴിപാടുകൾ സമർപ്പിക്കണം..! ആ പറമ്പിലേക്ക് കയറാൻ അനുവാദമില്ല. എന്നാൽ രസകരമായ മറ്റൊരു വസ്തുത ഉത്സവത്തിനു മുന്ന് ആ അമ്പലം പെയ്ന്റടിക്കാനും, കാടും പടലവും വെട്ടി വൃത്തിയാക്കാനും കീഴ്ജാതിക്കാർക്ക് അനുമതിയുണ്ട് ഈ അനുമതി കൊടുത്തില്ലെങ്കിൽ ദൈവകോപം ഉണ്ടാകും അതു ഭയന്നിട്ടാകും മേളാന്മാർ അനുമതി നൽകിയിരിക്കുന്നതെന്ന് ഞാൻ അനുമാനിക്കുന്നു. പുരോഗമന വാദികൾ നിറയെയുള്ള പ്രദേശമാണ് കുറ്റിപ്പുഴ. ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജന്മ ദേശവും അതിൽ ഊറ്റം കൊള്ളുന്നവരും തിങ്ങിനിറഞ്ഞ് ജീവിക്കുന്ന നാട്..!

************************************************************************************

മാളക്കടുത്ത് വടമയിലാണ് പാമ്പുമ്മേയ്ക്കാട്ട് മന, അവിടെ സർപ്പങ്ങളാണ് പ്രതിഷ്ഠ. ഈ അമ്പലത്തിൽ നായന്മാർക്ക് കുളിക്കാതെ ക്ഷേത്രത്തിനകത്ത് കയറാം(വീട്ടിൽ നിന്നും കുളിച്ചുവരുന്നവർ), കയറുന്നതിനുമുമ്പ് അവിടത്തെ വാല്യേക്കാരൻ ചോദിക്കും താങ്കൾ നായരാണൊ.? മേൽ ജാതിക്കാരനാണൊന്ന്.? ആണെന്ന് പറഞ്ഞാൽ കയറാം. ഇനി കീഴ്ജാതിയിൽ‌പ്പെട്ടവർ അകത്തുകയറണമെങ്കിൽ അവിടെയുള്ള അമ്പലക്കുളത്തിൽ കുളിച്ച് ഈറനോടെ വന്നാൽ മാത്രം അകത്ത് കയറ്റും എന്നാൽത്തന്നെയും നാലുകെട്ടിലേക്ക് പ്രവേശനമില്ല..മറ്റൊരു കാര്യം ഈ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പ്രസാദം അവിടെ നിന്ന് കഴിക്കാൻ പാടില്ല കാരണം അത് താഴെ വീണാൽ അമ്പലം അശുദ്ധമാകും. ഇതറിയാതെ ഞാനെന്റെ മോന് നേദിച്ച പഴം അവിടെ വച്ചുകൊടുത്തപ്പോൾ തിരുമേനി എന്നോട് പറഞ്ഞു ഡോണ്ടു ഡോണ്ടൂന്ന് ഇത് പറഞ്ഞുകഴിഞ്ഞപ്പേഴേക്കും അദ്ദേഹത്തിന് ചുമവരുകയും ശക്തമായി ചുമക്കുകയും ആ ചുമയുടെ ആഫ്റ്റർ ഇഫക്റ്റായി വന്ന കഫം മുറ്റത്തേക്ക് തൂഫ്ന്ന് പറഞ്ഞ് തുപ്പുകയും ചെയ്തു..! അപ്പോൾ ഞാൻ മനസ്സിലാക്കണമായിരുന്നു പ്രസാദം താഴെവീഴുന്ന അശുദ്ധത്തേക്കാൾ ശുദ്ധതയുണ്ട് കഫത്തിനെന്ന്..!

അകത്ത് കയറാൻ നേരം നായരാണൊന്ന് ചോദിച്ചപ്പോൾ ഞാൻ അതേന്നും പറഞ്ഞ് അകത്ത് കയറി. തിരിച്ചുവന്നപ്പോൾ വാല്യേക്കാരനോട് ചോദിച്ചു മാഷേ എന്തിനാ മാഷേ ഇക്കാലത്ത് ഇങ്ങനെയൊക്കെ നോക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ വെറും വാല്യേക്കാരൻ ഞാനെന്റെ ജോലി ചെയ്യുന്നു..

ഈ വിവേചനം അവസാനിപ്പിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും..? ചില ചോദ്യങ്ങൾ
1) കുടുംബ ക്ഷേത്രത്തിൽ അതിന്റെ അധികാരികൾ സാമൂഹ്യ വ്യവസ്ഥിതിക്ക് വിപരീതമായി നിഷ്ക്രഷിക്കുന്നതിനെ ചേദ്യം ചെയ്യപ്പെടുന്നത് നിയമപരമായി തെറ്റാണൊ..?
2) കുടുംബ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെ നിയമപരമായി ചോദ്യം ചെയ്യാൻ കഴിയുമൊ..?
3) കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഇത്തരം പരിഹാസപരമായ കാര്യങ്ങൾ അവസാനിപ്പിക്കാൻ നമുക്ക് എന്തുചെയ്യാൻ പറ്റും..?

** അമ്പലത്തിനകത്ത് ഷർട്ട് ധരിച്ച് കയറ്റാത്തതിനോടും എനിക്ക് വിയോജിപ്പുണ്ട്, കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചകത്ത് കയറാൻ അനുവദിക്കണം അതിനുള്ള ശബ്ദം ആരവമായി മുഴങ്ങട്ടെ... അടുത്ത തലമുറയ്ക്ക് ഇത്തരം അപഹാസ്യങ്ങൾ കാണാൻ ഇടയാകാതിരിക്കട്ടെ..തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാതാകട്ടെ..!!

അമ്മേ മഹാമായേ, നാഗ ദൈവങ്ങളെ നിങ്ങൾ എന്നോട് വിദ്വേഷം തോന്നരുത്..!!! വേണ്ട വഴിപാടുകൾ കഴിച്ചേക്കാം..!!

*** ചിത്രത്തിന് കടപ്പാട്: പ്രദീപ് ഞാണൂരാൻ

6 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    അമ്മേ മഹാമായേ, നാഗ ദൈവങ്ങളെ നിങ്ങൾ എന്നോട് വിദ്വേഷം തോന്നരുത്..!!! വേണ്ട വഴിപാടുകൾ കഴിച്ചേക്കാം..!!

    ചില സംഗതികൾക്ക് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയെങ്കിലും ഇത്തരം കാഴ്ചകൾ ഉണ്ടാകാതിരിക്കട്ടെ...

  2. G.MANU said...

    പരമസത്യം കുഞ്ഞാ.. (അടി കിട്ടാതെ നോക്കണേ....:) )

  3. വീകെ said...

    കുഞ്ഞേട്ടാ.. കാടു വെട്ടിത്തെളിക്കാനും മറ്റും അവർണ്ണർ വേണം എന്നുള്ളത് കായികാദ്ധ്വാനം വേണ്ട പണി ആയതു കൊണ്ടാകും. എന്നിട്ട് അതു ദൈവത്തിന്റെ പിടലിക്ക് വച്ചു കൊടുത്തു. ചിലപ്പോൾ കാശു മുടക്കാതെ കാര്യം നടക്കുമല്ലൊ.

    കുടുംബ ക്ഷേത്രത്തിലെ കാര്യങ്ങൾ കുടുംബക്കാർ തീരുമാനിക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു. അത് പൊതു ജനങ്ങൾക്കായി തുറന്നു കോടുക്കുമ്പോൾ മാത്രം അതിനെക്കുറിച്ച് ചിന്തിച്ചാൽ മതിയല്ലൊ.

  4. ശ്രീ said...

    ഒരടിയ്ക്കുള്ള വകുപ്പൊക്കെ ഏതാണ്ട് ഒപ്പിച്ചിട്ടുണ്ടല്ലേ...

    കമന്റുകള്‍ വരട്ടെ... നോക്കാം :)

  5. Anonymous said...

    Justice balakrishnan
    A RAja telecom minister

  6. അക്കേട്ടന്‍ said...

    ഇത് ശരിക്കും ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്‌ ആണ് . ഒരു ശുദ്ദി കലശം വേണം .