Monday, December 22, 2008

അമ്മയുടെ കത്ത്..!

അഞ്ചാം തിയ്യതിയിലെ
ശമ്പളത്തിരക്കു കഴിഞ്ഞാ-
വേവലാതികള്‍ അടുക്കിവെച്ച്
എയര്‍മെയിലു തുറക്കുമ്പോളോ
തള്ളിവരും, കാച്ചെണ്ണയുടെ,
ചൂടു ദോശയുടെ, അടുക്കളച്ചുവരിന്റെ ഗന്ധം.

വടിവില്ലാത്ത അക്ഷരങ്ങളില്‍
കുനുകുനെ എഴുതിയിട്ടുണ്ടാകും
ചിറകിലൊതുക്കാനുള്ള അമ്മക്കരുതല്‍

മകനെ,
നിനക്കും കുഞ്ഞിനും
പിന്നെയവള്‍ക്കും സുഖമല്ലെ?

കുഞ്ഞുമോനവന്‍ വികൃതിതന്നെയോ?
കുഞ്ഞുനാളില്‍
നീയും വികൃതിയായിരുന്നല്ലോ
അച്ഛന്റെ കൈയ്യിലെ
പുളിവാറില്‍ വടികൊണ്ട്‌
നീയെത്ര മേടിച്ചുകൂട്ടി അക്കാലം

അന്ന്
നിനക്കു കണ്ണീരൊപ്പാന്‍
നിന്റെ മുത്തശ്ശന്‍ അച്ഛമ്മ,
പിന്നെയമ്മൂമ്മയും.

ഇപ്പോഴും നിനക്കാ
മൂക്കൊലിപ്പുണ്ടൊടാ?
രാസ്നാദി മറക്കാതെ
പുരട്ടണം നിത്യം നെറുകയില്‍

കോവാട്ടുദേവിക്ക്‌
നിത്യവും തെളിയിക്കുന്നു തിരി
നിങ്ങടെ ജീവിതം
ജ്വലിച്ചേയിരിക്കുവാന്‍

ഇവിടെയെനിക്ക്‌
സുഖം തന്നെ മകനെ,
ഒട്ടുമേ കുറവില്ല
കൈകാല്‍ത്തരിപ്പ്
നടുവേദനയും
കുട്ടുവൈദ്യന്റെ
കുഴമ്പെന്നും പുരട്ടുന്നു.

പണ്ടൊരോപ്പറേഷന്‍
ചെയ്തൊരാ കണ്ണില്‍ വീണ്ടും
പീളകെട്ടുന്നു, കാഴ്ചക്കുറവും.

രാത്രിയില്‍
കാലുകോച്ചിപ്പിടിക്കുമ്പോള്‍
നീയായിരുന്നല്ലൊ
ആശ്വാസമന്നെല്ലാം.

എണ്ണവറ്റി
കരിന്തിരിയാകുന്ന
ഈയമ്മയെയോര്‍ത്ത്‌
നീ വിഷമിക്കരുത്‌
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !

എന്നിരിക്കിലും
വയസ്സായെനിക്കൊരു ഊന്നുവടിയായി
എന്നോടൊപ്പമുണ്ടാകുമെന്നു സ്വപ്നം
കണ്ടിരുന്നേറെ..

ഇത്തവണയെങ്കിലും
നീയെനിക്കിത്തിരി
കൂടുതലയക്കണേ കാശ്,
കാര്യമുണ്ടെന്നാല്‍
മൂപ്പന്‍ ശിവനോടു പറഞ്ഞമ്മ
വെപ്പിക്കാമഞ്ചെട്ടു
തെങ്ങിന്‍ തൈകള്‍ നമ്മുടെ
വടക്കേ പറമ്പതില്‍.

എങ്കിലും

ഒരിക്കലും മകനേ നീയ-
മ്മയെയോര്‍ത്ത്‌
വിഷമിക്കരുത്‌
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !

Thursday, December 18, 2008

കാക്ക..!

കാ...കാ.. എന്ന് കാക്ക കരയുന്നതുകൊണ്ടാണൊ കാക്കയ്ക്ക് കാക്ക എന്ന പേര് കിട്ടിയത്?

കാക്ക...കാക്ക.. എന്നു വിളിക്കുന്നതുകൊണ്ടാണൊ കാക്ക കാ കാ എന്നു കരയുന്നത്?

Thursday, December 4, 2008

ആത്മഹത്യ..!

കോളേജ് ജീവിതം..
വര്‍ണ്ണങ്ങളുടെ വസന്തം.
അവന്‍ അവളെ കണ്ടു അവള്‍ അവനേയും
ആദ്യം നോട്ടം പിന്നെ ചിരി..പിന്നെന്തായി കൂട്ടുകാരായി
ആദ്യം അവര്‍ തമ്മിലറിഞ്ഞു ഒരിക്കലും പിരിയാന്‍ കഴിയാത്തവണ്ണം കൊളത്തിയെന്ന്
പിന്നെ കൂട്ടുകാരറിഞ്ഞു
വീട്ടുകാരറിഞ്ഞു
നാട്ടുകാരറിഞ്ഞു

പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു ഈ ബന്ധം ഇതോടെ അവസാനിപ്പിച്ചൊ അല്ലെങ്കില്‍ ഞാനിവിടെ തൂങ്ങും, എവിടെ?

ചെക്കന്റമ്മ പറഞ്ഞു അവളൊഴിച്ച് നീ നിനക്കിഷ്ടപ്പെട്ട ഏതു പെണ്ണിനെ കൊണ്ടുവന്നാലും ഞാന്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും..!

എന്തിനു പറയുന്നു ആകെ കോലാഹലമായി

യുവാവും യുവതിയും ( പഠിക്കണ കുട്ടികള്‍ പെട്ടെന്ന് യുവാവും യുവതിയുമായി ) തീരുമാനമെടുത്തു ഒരുമിച്ച് ജീവിക്കാനായില്ലെങ്കില്‍..

ആത്മഹത്യ..!!!

അത് പരിഹാരമാണൊ? അല്ല. എന്നാല്‍ ഇവര്‍ക്ക് അതു മനസ്സിലാകുമൊ ഇല്ലേയില്ല.

എന്നിട്ടൊ, എന്തായാലും തീരുമാനിച്ചു ആത്മഹത്യ ചെയ്യാന്‍ അപ്പൊ അത് വീട്ടുകാര്‍ക്കുള്ള ശിക്ഷയും കൂടിയാകണം.
ശരി, ക്രൂരമായ രീതിയില്‍ മരിക്കാം.

വിഷം കഴിച്ചാലൊ..വിഷത്തില്‍ മായമുണ്ടെങ്കിലൊ?

തൂങ്ങിച്ചത്താലൊ..കയറു പൊട്ടി വീണാലൊ? അതുമല്ല അതു വീട്ടുകാര്‍ക്ക് ഒരു വലിയ ശിക്ഷയായി തോന്നില്ല.

എന്നാപ്പിന്നെ ഞെരമ്പു മുറിച്ച്.. അതു വേണൊ ചെക്കനിഷ്ടമായില്ല.. അതും തള്ളിക്കളഞ്ഞു.

എങ്കില്‍ ട്രൈനിനു മുന്നില്‍ ചാടിയാലൊ..അതിന് അങ്ങ് ആലുവ വരെ പോകേണ്ടെ? അതും ചീറ്റി.

ഉറക്ക ഗുളിക കഴിക്കാം..ഹേയ് അത് സുഖമരണമാകും. അതും വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ല.

വീട്ടുകാരെ ശിക്ഷിക്കണം എന്റെയും നിന്റെയും ബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞതിന്. അവര്‍ എന്നും വിലപിക്കണം നമ്മുടെ ബന്ധത്തെ എതിര്‍ത്തതിന്.

അവന്‍ അവളും ഒരേ സ്വരത്തില്‍ പറഞ്ഞു ഇനിയിപ്പൊ ഒരു വഴിയേ ഞാന്‍ കാണുന്നുള്ളൂ. അങ്ങിനെ ആ വഴി അവര്‍ തിരഞ്ഞെടുത്തു. അത് നിശ്ചയമായും വീട്ടുകാര്‍ക്ക് വലിയൊരു ശിക്ഷയാകും അവര്‍ ഉറപ്പിച്ചു,
*
*
*
ടീവിയിലെ വാര്‍ത്താ ചാനല്‍ കാണുക കേള്‍ക്കുക അങ്ങിനെ ഓരോ ദിവസം നീറി നീറി മരിക്കുക.

വീട്ടുകാര്‍ക്ക് ഇതില്‍പ്പരം ശിക്ഷ കിട്ടാനുണ്ടൊ..? ഇല്ലേയില്ല..!
*
*
*
*
ശ്രീ അപ്പുവിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചിന്ത