Monday, July 30, 2007

വീമാനയാത്രപുരാണം

ള്ളിനിക്കറിട്ടു നടക്കുന്ന പ്രായത്തില്‍ CID മൂസ,CID മഹേഷ്‌, ഫാന്റം, മായാവി ഇത്യാദി ചിത്രകഥകള്‍ വായിച്ച്‌ അതിലെ CID മഹേഷിനെക്കൂട്ട്‌ പറക്കാന്‍ പറ്റിയാല്‍,, അയ്യടാ!! സത്യമ്മേടെ വളപ്പില്‍നിന്നും ടൈഗറിന്റെ കടികൊള്ളാതെ മാങ്ങ,കശുനണ്ടി എന്നിവ യഥേഷ്ടം പറിക്കാം,മരത്തില്‍ തങ്ങിയിരിയ്ക്കുന്ന പട്ടങ്ങല്‍ സ്വന്തമാക്കാം അതിലുമപ്പുറം യാതൊരു ബന്ധനമില്ലാതെ എവിടെയും പോകാം. അങ്ങിനെ അങ്ങിനെ ഒരുപാടു കാര്യങ്ങല്‍ ചെയ്യാം.... പക്ഷെ എന്തുചെയ്യാം!!!!

ഇത്യാദി ദുരാഗ്രഹങ്ങള്‍ മനസ്സിലൊളിപ്പിച്ച്‌, ബോര്‍ഡു വയ്ക്കാത്ത ലൈന്‍ബസ്സിനെപ്പോലെ ജോലിയും കൂലിയുമില്ലാതെ വായില്‍നോട്ടവും പരദൂഷണവും പറഞ്ഞു കൂട്ടുകാരൊത്ത്‌ കലുങ്കില്‍ ഇരിക്കുന്ന സമയത്തിങ്കല്‍, ആദ്യം ഹൃദ്ദ്യമായ പരിമളത്തിന്റെ അകമ്പടിയോടെ കയ്യില്‍ ജിമ്മിപട്ടിയുടെ തുടലുപോലത്തെ ചെയിനും കെട്ടി ടി-ഷര്‍ട്ടിന്റെ ബട്ടന്‍സിടാതെ ഇമ്മണി വല്യ മാലയൊക്കെയിട്ടു നല്ല ചുവന്ന 'തുടു'വിനെപ്പോലെയുള്ള സുന്ദരന്മാരായ ഗള്‍ഫ്‌ യുവകോമളന്മാര്‍ പോക്കറ്റില്‍ 555 സിഗരട്ട്‌ പാക്കറ്റുമായി ഞങ്ങള്‍ക്കസൂയണ്ടാക്കാനായി ഒരുജാതി ജാഡ സ്റ്റയിലില്‌ "എന്തെരെടൈയപ്പീ നിനക്കു ജ്വാലിയും കൂല്യൊന്നുല്ലെടൈ" യെന്നുംപറഞ്ഞ്‌ cool cool ആയി ഗാന്ധിത്തലയുള്ള നോട്ടുകള്‍ വീശിയെറിഞ്ഞ്‌ കമ്പനികൂടാന്‍ വരാറുണ്ട്‌.

അപ്പോഴായിരിയ്ക്കാം ഈയുള്ളവനു ഗല്‍ഫില്‍പോണമെന്നുള്ള ഒടുക്കത്തെ ആഗ്രഹമുണ്ടായെതെന്നുതോന്നുന്നത്‌!.

ഏതു പോലിസുകാരനും ഒരീസമുണ്ടകുമെന്ന് ഉഗാണ്ടയിലുള്ള ആരൊരാള്‍ പറഞ്ഞിട്ടുണ്ട്‌. അതുപോലെ എനിയ്ക്കും ഗള്‍ഫില്‍ പോകാനൊരുവസരം വന്നു.

നാടോടിക്കാറ്റില്‍ ശ്രീനിവാസനും മോഹന്‍ലാലും കൂടി ഗള്‍ഫിലേയ്ക്കുള്ള ലോഞ്ചില്‍ 'കരകാണ കടലലമേലെ' എന്ന പാട്ടില്‍ കാണുന്ന സ്വപ്നം പോലെ ഞാനും കളര്‍ സ്വപ്നങ്ങള്‍ യാതൊരു മുതല്‍മടക്കമില്ല്ലാതെയും ബ്രെയ്ക്കില്ലാതെയും കണ്ടു. അതിലുമപ്പുറം വീമാനത്തില്‍ കയറി പറക്കാമെന്നയാഗ്രഹം നടക്കാന്‍ പോകുന്നതിന്റെ ത്രില്ലില്‍ ആയിരുന്നു.

അങ്ങിനെ പരിശോധനകളെല്ലാം കഴിഞ്ഞു നെടുമ്പാശ്ശേരിയില്‍നിന്നും വീമാനത്തില്‍ കയറി. വാതിക്കല്‍വച്ച്‌ ഒരു സുന്ദരി എന്നൊടുയെന്തോ ചോദിച്ചു. അതിനു മറുപടിയായി ഭാഷയറിയാത്തതിനാല്‍ 'ya ya' എന്നുപറഞ്ഞു തലയാട്ടികൊണ്ടു ആദ്യം കണ്ട സീറ്റിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വീപ്പക്കുറ്റിയില്‍ വാള്‍പ്പോസ്റ്റര്‍ ഒട്ടിച്ചതുപോലെ പട്ടണികിടന്നുതടിച്ചുകൊഴുത്ത സാരിയുടുത്ത ഒരു മോഹനാംഗി എന്റെയടുത്തുവന്നിട്ട്‌ പറയ്യാ 'ഇതവരുടെ സീറ്റാണെന്നും അതുകൊണ്ടവിടെന്നെഴുന്നേറ്റുമാറിക്കൊടുക്കണൊന്ന്'. അതുകേട്ടപ്പോള്‍ ഞാന്‍ പുറകിലെത്തെ സൈഡ്‌ സീറ്റിലേക്കുമാറിയിരുന്നു. അപ്പോള്‍ വീണ്ടുമൊരു സായിപ്പു എന്റെടുത്തുവന്നിട്ടുപറഞ്ഞു അവിടെന്നെഴുന്നെറ്റുമാറണമെന്ന് ഇതു പുള്ളീക്കാരന്റെ സീറ്റാണെന്ന്. ഒന്നുംമിണ്ടാതെ ഞാനെഴുന്നെറ്റുമാറിക്കൊടുത്തു, ബിക്കോസ്‌ എനിയ്ക്കിഗ്ലീഷില്‍ നല്ലപരിജ്ഞാനമുള്ളതുകൊണ്ട്‌ സായിപ്പിനോട്‌ തര്‍ക്കിക്കാന്‍ നിന്നില്ല.

ടക ടക അപ്പോള്‍ ഇങ്ങനെയായിരിക്കും വീമാനത്തില്‍ സീറ്റുപിടിയ്ക്കുന്നതെന്നെനിക്കു മനസ്സിലായി. അങ്ങിനെ പറഞ്ഞാല്‍ എനിയ്കും സ്വസ്ഥമായിരിയ്ക്കാന്‍ ഒരു സീറ്റുകിട്ടുമെന്നുകരുതി അടുത്ത സീറ്റിലിരുന്ന ഒരുചേട്ടനോട്‌ ഇതെന്റെ സീറ്റാണെന്നുപറഞ്ഞു. ഇവന്‍ ഏതു കോത്താഴത്തുകാരനെന്നരീതിയില്‍ അയാള്‍ എന്നോടു ബോര്‍ഡിംഗ്‌ പാസ്സ്‌ ചോദിച്ചു. അതെന്തൊരു പാസ്സെന്ന് ചിന്തിച്ചിട്ട്‌ എന്റെ കൈയ്യിലിരുന്ന പാസ്പോര്‍ട്ടും ടിക്കറ്റും അദ്ദേഹത്തിനുനേരെ നീട്ടി. അതുവാങ്ങി നോക്കിയിട്ടയാള്‍ എന്റെ സീറ്റ്‌ കാണിച്ചുതന്നു.

അപ്പോള്‍ വീണ്ടും പ്രശ്നം എനിയ്ക്കു സൈഡു സീന്‍ കാണാന്‍ പറ്റില്ലാ. കാരണം എന്റെ സീറ്റ്‌ നടുക്കായിട്ടാണ്‌. താഴെ കാഴ്ചകാണുവാന്‍ ഒരു രക്ഷയുമില്ലല്ലൊ ഭഗവാനെയെന്നു വിചരിച്ചിരിയ്ക്കുമ്പോള്‍ അടുത്തിരുന്ന ചേട്ടനെന്നൊടുരു ചോദ്യം 'നീ കള്ളുകുടിക്കുമൊയെന്ന്'. അത്തരം നല്ല ശീലങ്ങള്‍ എനിയ്കില്ലാത്തതിനാല്‍ ഇല്ല്ലായെന്നുപറഞ്ഞു. എങ്കില്‍ ഒരുപകാരംചെയ്യൂ നിന്റെ ക്വോട്ടയില്‍ എനിയ്ക്കു ജായ്ക്ക്‌ ഡാനിയല്‍ വാങ്ങിത്തരുമോയെന്ന്. അതാരപ്പാ ഈ ജായ്ക്‌ ഡാനിയല്‍?? പിന്നെ മനസ്സിലായി അതൊരു 'ലവനാണെന്ന്'. അപ്പോള്‍ എന്റെ തലയിലൊരു ബള്‍ബുമിന്നി, ഞാന്‍ സാധനം വാങ്ങിത്തരാം പക്ഷെങ്കി എനിയ്ക്കാസൈഡുസീറ്റൊഴിഞ്ഞു തരണമെന്നു ഞാന്‍ മാക്കാന്‍തവളയെപ്പോലെ ഏറുപിടിച്ചു പറഞ്ഞു. അതുകേള്‍ക്കേണ്ട താമസം അതിയായ സന്തോഷത്തോടെ അയാളുടെ സീറ്റെനിയ്ക്കൊഴിഞ്ഞുതന്നു.

TVയില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണാനിരിന്നിട്ട്‌ മധുമോഹന്‍ന്റെ സീരിയല്‍ കണ്ടതുപോലെയായി എന്റെവസ്ഥ!!! കാരണം വല്യകാര്യത്തില്‍ പുറത്തേയ്ക്കുനോക്കിയപ്പോഴാണ്‌ മനസ്സിലായത്‌ പുറത്ത്‌ കൂരിരിട്ടാണെന്ന്!! ഒന്നും കാണാന്‍പറ്റാത്തവസ്ഥ. രാത്രിയിലായിരുന്നു ഫ്ലൈറ്റ്‌.

ഗള്‍ഫുയാത്രയ്ക്കു മുന്നോടിയായി പലരും പല പല ഉപദേശങ്ങള്‍ കാശൊന്നുംകൊടുക്കാതെ പറഞ്ഞുതന്നിരിന്നു.വീമാനത്തില്‍ കയറിയാല്‍ കമ്പിയില്‍ മുറുകെപ്പിഡിച്ചിരിയ്ക്കണം, ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ ബെല്ലടിച്ച്‌ ഇറക്കിവിടുമെന്നും മറ്റും.

അങ്ങിനെ നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും വീമാനം ഏതൊ താവളത്തില്‍ എത്തി. എല്ലാവരും ഇറങ്ങുന്നതുകണ്ടപ്പോള്‍ ഞാനും എന്റെ ചെറിയ ബാഗുമെടുത്ത്‌ പുറത്തേയ്ക്കുനടന്നു. അങ്ങിനെ ഞാന്‍ അമ്പമ്പട രാവണാ എന്നന്തിച്ചു പുറത്തേയ്ക്കുനടക്കുമ്പോള്‍,മൈക്കില്‍ക്കൂടി എന്റെ പേരു വിളിച്ചുപറയുന്നതുകേട്ടു.

ശ്ശൊ ഞാനിവിടെയും പ്രശസ്തനാണൊ???

എന്താണു കാര്യമെന്നറിയാന്‍ മുന്‍പില്‍ നടന്ന ഒരു മലയാളിയോടു എന്താണെന്റെ പേരുവിളിച്ചുപറയുന്നതെന്നു ചോദിച്ചു.

ആ മാന്യന്‍ എന്നോടു ചോദിച്ചു

മോനെവിടെയ്ക്കാണു പോകേണ്ടത്‌?

ബഹറിന്‍!

എന്റെ മോനെ ഇതു ഖത്തറാണ്‌!! വേഗം തിരിച്ചു വീമാനത്തില്‍ കയറൂ.....

ഞാന്‍ പരിഭ്രമിച്ച്‌ വന്നവഴി തിരിച്ചുനടന്നപ്പോള്‍ എന്നെയന്വേഷിച്ചു നടന്ന രണ്ടു ജീവനക്കാര്‍ എന്നെ കണ്ടുമുട്ടി. അവരുടെയൊപ്പം തിരിച്ചു രാജകീയമായി വീമാനത്തില്‍ കയറി. വീമാനത്തിലുണ്ടായിരുന്ന എല്ലാവരും എന്നെ 'മാതൃഭൂമിയെകണ്ട ദേശഭിമാനിയെപ്പോലെ' നോക്കുന്നുണ്ടായിരുന്നു.

സീറ്റുകളെല്ലാം ഒരുവിധം കാലിയായിരുന്നു. വീണ്ടുമെന്തെക്കെയൊ പ്രശ്നങ്ങളുണ്ടെന്നുതോന്നി. എയര്‍ഹോസ്റ്റസ്സുകള്‍ വന്ന് എല്ലവരുടെയും തലയെണ്ണിനോക്കുന്നു എന്തൊക്കയൊ വിളിച്ചുചോദിയ്ക്കുന്നുണ്ട്‌. എന്താണു കാര്യമെന്ന് രണ്ടു സീറ്റു പുറകിലിരുന്ന ആളോടു ഞാന്‍ ചോദിച്ചു. ഖത്തറില്‍ ഇറങ്ങേണ്ട ഒരു യാത്രക്കരന്‍ ഖത്തറില്‍ ഇറങ്ങിയിട്ടില്ലെന്നുപറഞ്ഞു. വീണ്ടും എന്റെ സീറ്റില്‍ തിരിച്ചു വന്നിരുന്നപ്പോഴാണു സീറ്റിന്റെടിയില്‍ ആരൊ കിടക്കുന്നത്‌ കണ്ടത്‌. ഞാന്‍ വേഗം എഴുന്നേറ്റ്‌ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു 'a man a man down down'....

ആരൊക്കെയൊ വന്ന് അയാളെ ദേഷ്യത്തോടെ വലിച്ചെഴ്‌ന്നേല്‍പ്പിച്ചു അപ്പോഴാണു ഞാന്‍ അയാളെ ശ്രദ്ധിച്ചത്‌ അത്‌ എന്റെടുത്തിരുന്ന, എന്റെ പേരില്‍ 'ക്വോട്ട' അടിച്ച്‌ പിമ്പിരിയായ മാളക്കാരന്‍ മണിയപ്പനായിരുന്നു. എപ്പോഴാണവൊ അയാള്‍ താഴെവീണതെന്നു ചിന്തിച്ചു ഞാനവിടെയിരുന്നു.

ഭും.... ബെര്‍ളിതോമസ്‌ ബ്ലോഗെഴുതെന്ന സ്പീഡുപോലെ എന്റെ വീമാനം (സ്വാറി എന്റെയല്ല എയറിന്ത്യയുടെ) അടുത്ത താവളത്തില്‍ ലാന്‍ഡുചെയ്തു. ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പിന്നെ ഗ്രീന്‍വെള്ളംകണ്ടാലും പേടിയ്ക്കുമെന്നാണല്ലൊ വയ്പ്‌. ഇറങ്ങുന്നതിന്റെമുന്‍പ്‌ ഞാന്‍ ഒന്നുംകൂടി ഉറപ്പുവരുത്തി അതു ബഹ്‌റിന്‍ത്തന്നെയെന്ന്!.

അങ്ങിനെ ഏതെക്കൊയൊ പരിശോധനയ്ക്കു വേണ്ടി 'Q' നില്‌ക്കുമ്പോള്‍, അടുത്തുനിന്ന ഒരുചേട്ടനെന്നോടൊരു ചോദ്യം

എനിയ്ക്കൊരു കുപ്പി മേടിച്ചുതരുമൊയെന്ന്?

എന്തു കുപ്പി?

അപ്പോളയാള്‍ വിശദമായി പറഞ്ഞു ഡൂട്ടി ഫ്രീ ഷോപ്പില്‍ നിന്നുമയാള്‍ക്കു മദ്യം വാങ്ങിക്കൊടുക്കണമെന്ന്!!.

ശെടാ, ഞനെന്തിനു വാങ്ങിത്തരണം??? താങ്കള്‍ക്കു മേടിയ്ക്കാന്‍മേലെ?

അങ്ങേരു എന്നൊടുപറയ്യാണ്‌ ഡൂട്ടി ഫ്രീ ഷോപ്പില്‍നിന്നും പെര്‍ ഹെഡ്ഡിനു ഒരുലിറ്റര്‍ വീര്യംമാത്രമെ അനുവദീയമെന്ന്, ആയതിനാല്‍ എന്റെ ക്വോട്ടയില്‍ ഞാന്‍ സാധനം വാങ്ങിക്കൊടുക്കണമെന്ന്.

എന്തായാലും നന്ദികിട്ടുന്ന പരോപകാരമല്ലൊയെന്നുകരുതി വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞു. അതിന്‍പ്രകാരം അയാള്‍ എനിയ്ക്കു 'തുട്ട്‌' തന്നിട്ടുപറഞ്ഞു വീമാനത്താവളത്തിന്റെ പുറത്തുവച്ചയാള്‍ കുപ്പിയെന്റെകൈയ്യില്‍നിന്നും വാങ്ങിക്കോളാമെന്ന്.

അങ്ങിനെ ഏതൊക്കെയൊ പരിശോധനകള്‍ക്കുശേഷം ഞാന്‍ ഡൂട്ടി ഫ്രീഷോപ്പില്‍പോയി കുപ്പിയും വാങ്ങി പുറത്തേയ്ക്കു നടന്നു.

പുറത്തേയ്ക്കുപോകുന്ന എല്ലാവരും ഓരൊ ട്രോളിയുമെടുത്ത്‌ അവരുടെ പെട്ടിയും പ്രമാണങ്ങളും അതില്‍ വച്ചു തള്ളിക്കൊണ്ടുപോകുന്നതു ഞാന്‍ശ്രദ്ധിച്ചു.

അങ്ങിനെ ഞാനുമൊരു ഉന്തുവണ്ടിയുമെടുത്ത്‌ അതില്‍ എന്റെ ചെറിയ ബാഗും കുപ്പിയുമായി പുറത്തേയ്ക്കുനടന്നു.

(ബാഗില്‍ ആകെ 3 ഷര്‍ട്ട്‌,2 പാന്റ്‌,4 ജട്ടി, ഒരു ടൂത്ത്ബ്രഷ്‌,ഒരു ചെറിയ ഡയറി പിന്നെ എങ്ങിനെ 2 മാസത്തിനുള്ളില്‍ ഇംഗ്ലീഷ്‌ സംസാരിയ്ക്കാമെന്നുപഠിപ്പിയ്ക്കുന്ന ഒരു ബുക്കും കൂടാതെ അഛ്ന്റെയുമമ്മയുടെയും ഒരു ഫോട്ടൊ, ഇത്രയും സാധനങ്ങള്‍ക്കെല്ലാംകൂടി മൂന്നൊ നാലൊ കിലോയിലധികംവരില്ലാ)

എന്റെയീപോക്കുകണ്ടിട്ട്‌ എല്ലാവരും എന്നെ 'ഒരിത്‌' വച്ചുനോക്കുന്നുണ്ടായിരുന്നു.

പുറത്തീയ്ക്കുള്ള വാതിക്കല്‌ കുട്ടേട്ടന്‍ കാത്തുനില്‌പ്പുണ്ടായിരുന്നു.

വിശേഷങ്ങള്‍ ചോദിയ്ക്കുന്നതിന്റെമുന്‍പുതന്നെ ആ ഡൂട്ടി ഫ്രീഷോപ്പിന്റെ കവര്‍ അതിയായ സന്തോഷത്തോടെ കൈയ്യിലിടുത്തുപരിശോധിച്ചിട്ട്‌ കുട്ടേട്ടനെന്നോട്‌ 'നിനക്കു നല്ലതുവരട്ടെയെന്നുപറഞ്ഞനുഗ്രഹിച്ചു' എന്നിട്ടെന്നോടു പറഞ്ഞു

നിനക്കു നാണമില്ലെ... ഇത്ര ചെറിയ ഹാന്‍ഡ്ബാഗ്‌ ഒരുട്രോളിയില്‍വച്ചുതള്ളിക്കൊണ്ടുവരുവാന്‍????

തുടരും....

4 പ്രതികരണങ്ങള്‍:

  1. സാല്‍ജോҐsaljo said...

    :):)

  2. ബാജി ഓടംവേലി said...

    ഇപ്പം എല്ലാവരും വല്ല്യ പുള്ളികളാണ്
    ആദ്യ വരവില്‍ മിക്കവരും ഇങ്ങനെതന്നെ
    കൊള്ളാം , തുടരുക

  3. കുഞ്ഞന്‍ said...

    കിടക്കട്ടെ ബാജിയ്ക്കൊരു കിടിലന്‍ സ്മൈല്‍ :)

    ഞാനിപ്പോള്‍ പുലിയാണ്‌ വെറും പുലിയല്ലാ പെറ്റുകിടക്കുന്ന പുലി!!!!

  4. കുഞ്ഞന്‍ said...

    ക്ഷമചോദിയ്ക്കുന്നു സാല്‍ജോവിനോട്‌, ഞാന്‍ താങ്ങളുടെ :) ശ്രദ്ധിച്ചില്ലാട്ടൊ !!
    :) :) :)