Showing posts with label നമ്പൂരിയച്ചന്‍. Show all posts
Showing posts with label നമ്പൂരിയച്ചന്‍. Show all posts

Wednesday, October 24, 2007

പ്രസാദം...ദിവ്യം..!

പഴമയുണ്ടെങ്കിലും പെരുമയില്ലാത്ത എന്റെ അമ്മവിട്‌, അതും നാലേക്കര്‍ വളപ്പ്‌. ഇതില്‍ നാലു കിണര്‍, ഒരു കൊക്കരണി, പിന്നെ മൂന്ന് സര്‍പ്പക്കാവ്‌, ഒരു ബ്രഹ്മരക്ഷസ്സ്‌ പിന്നൊരു നമ്പൂരിയച്ചനും..

നമ്പൂരിയച്ചനെ ഇരുത്തിയിരിക്കുന്നത്‌ മൂത്രപ്പുരയുടെ സമീപം (മൂത്രപ്പുരയെന്നു പറയുമ്പോള്‍ അടയ്ക്കാമരത്തിന്റെ പാങ്ങ്‌(പാള) തൂക്കിയിട്ടു മറച്ചത്‌) ആ സ്ഥലത്തുനിന്ന് മാറ്റിയിരുത്താമെന്നു വച്ചാല്‍ അദ്ദേഹത്തിനു ഇഷ്ടമല്ലാന്ന് കാവുണ്ണിയാശാന്‍ കവടി നിരത്തി പല്ലിയുടെ ചിലച്ചില്‍ നോക്കി പറഞ്ഞതുകൊണ്ട്‌ പിന്നീടാരും നമ്പൂരിയച്ചെനെ തൊട്ടിട്ടില്ല. അതുകൂടാതെ നമ്പൂരിയച്ചന്റെ ഭക്ഷണ മെനു ചാരായവും മുട്ട പൊരിച്ചതും, പിന്നെ അരി വറുത്ത്‌ പൊടിച്ചതും കൂടിയുണ്ടെങ്കില്‍ ബഹുത്തിഷ്ടം..!

അന്ന് നമ്പൂരിയച്ചന്റെ കലശം കഴിഞ്ഞപ്പോള്‍, എന്റെ മൂത്ത ചേട്ടന്‍ ഹാജരാകാത്തതിനാല്‍ പ്രസാദ വിതരണത്തിനു ശേഷവും ചാരായം ക്ഷമിക്കണം പ്രസാദം കുറച്ചു കൂടുതല്‍ ബാക്കി വന്നു.

രാത്രി അമ്മയ്ക്ക്‌ കലശലായ വയറുവേദന വന്നപ്പോള്‍, അച്ഛിഛന്‍ പ്രസാദ ചാരായം (ഒരു ഗ്ലാസ്സ്‌) മുഴുവന്‍ മരുന്നായി കൊടുക്കുകയും ക്ഷിപ്ര ഫലം കാണുകയും ചെയ്തു.. ഇത്‌ ചരിത്രം..

കേഴിക്കോട്ടുള്ള രണ്ടാമത്തെ ചേട്ടന്‍ ഓണാവധിക്കു നാട്ടിലേക്കു വരുന്നതിനുമുമ്പ്‌ അമ്മയ്ക്കു കത്തെഴുതി വരുമ്പോള്‍ എന്താണു കൊണ്ടു വരേണ്ടതെന്ന്. അമ്മയുടെ മറുപടി കത്തില്‍ ഹൈലറ്റായി ഉണ്ടായിരുന്നത്‌ ഒരു കുപ്പി മദ്യം...!

അനുസരണയുള്ള മകന്‍ അമ്മക്ക് ഒരു കുപ്പി സ്വയമ്പന്‍ സാധനം അവധിക്കു വന്നപ്പോള്‍ കൊണ്ടു കൊടുത്തു.

അങ്ങിനെ ഇടക്കിടെ വരുന്ന വയറുവേദന അമ്മയെ കാണാനെത്തി. ഇത്തവണ അമ്മ ഒരു വെട്ടുഗ്ലാസ്സിന്റെ മുക്കാല്‍ഭാഗം സ്വയമ്പന്‍ വെള്ളം ചേര്‍ക്കാതെ കൊടുത്താണു സ്വീകരിച്ചത്‌. അതിനു പ്രത്യുപകാരമായി വയറുവേദന വീണ്ടും വരാമെന്നു പറഞ്ഞു മനസ്സില്ലാമനസ്സോടെ പമ്പ കടക്കുകയും ചെയ്തു..പമ്പകടന്നുവെന്നു മനസ്സിലാക്കിയത്‌ അമ്മ ചിരിയോടു ചിരി, ചിരിച്ചു കൊണ്ട്‌ സംസാരിക്കുന്നു, ചിരിച്ചുകൊണ്ട്‌ അടുക്കളപ്പണിയെടുക്കുന്നു..

പിന്നീട്‌, വേദന കൊണ്ടു പുളയുന്ന അമ്മ, കൊടകര പുരാണം വായിച്ചിട്ടു ചിരിക്കുന്നതു പോലെ കാണുമ്പോള്‍ എനിക്കു മനസ്സിലാകും അമ്മ വെട്ടു ഗ്ലാസ്സെടുത്തുവെന്ന്.. പക്ഷെ അപ്പോഴൊക്കെ എന്റെ മൂന്നാമത്തെ ചേട്ടന്റെ ചുണ്ടില്‍ ഒരു കുഞ്ഞിച്ചിരി വിരിയുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ഒരു ദിവസം കൊച്ചച്ഛന്‍ വീട്ടില്‍ വന്നു. അന്ന് അമ്മയൊടു കൊച്ചച്ഛന്‍ കാശ്‌ ചോദിച്ചു, അത്‌ എന്തിനാണെന്നു മനസ്സിലായ അമ്മ അഞ്ചെട്ടു മാസം മുമ്പു ചേട്ടന്‍ കൊണ്ടുവന്ന മദ്യം കുപ്പിയോടു കൂടി കൊച്ചച്ഛനു കൊടുത്തു. എലിക്ക്‌ പുന്നെല്ല് കിട്ടിയതുപോലെയായിരുന്നു കൊച്ചച്ഛന്റെ സന്തോഷമപ്പോള്‍!!. ബൂലോകത്തെ സാന്റോസിനോട്‌ കിടപിടിക്കുന്ന കൊച്ചച്ഛന്‍ ഒരു ലാര്‍ജ്ജ്‌ എടുത്ത്‌ വായിലേക്കൊഴിച്ചതും ഫൂ ...ന്നും പറഞ്ഞു ഒറ്റത്തുപ്പല്‍...!!! എന്നിട്ട്‌ അമ്മയുടെ നേരെ നോക്കി, എന്റെ ചേച്ചി എന്നോടു വേണമായിരുന്നൊ എന്നൊരു ചോദ്യവും..!??

വാല്‍ക്കഷണം:

ആദ്യത്തെ പ്രാവിശ്യം മാത്രമെ അമ്മക്കു ഒര്‍ജിനല്‍ മദ്യം കഴിക്കാന്‍ പറ്റിയിരുന്നുള്ളൂ, കാരണം ആദ്യ ദിനങ്ങളില്‍ത്തന്നെ എന്റെ മൂന്നാമത്തെ ചേട്ടന്‍ അമ്മയറിയാതെ അമ്മയുടെ അരിപ്പെട്ടിയില്‍ നിന്ന് ആരുമറിയാതെ മദ്യം സേവിക്കുകയും പകരം പിടിക്കപ്പെടാതിരിക്കാന്‍ കട്ടന്‍ച്ചായ ഒഴിച്ചു വയ്ക്കുകയും ചെയ്തിരുന്നു. ഈ മുക്കാല്‍ ഭാഗ കട്ടന്‍ച്ചായ മദ്യമാണു അമ്മ അഞ്ചെട്ടു മാസമായി വയറുവേദനവന്നപ്പോഴൊക്കെ കഴിച്ചിരുന്നത്‌.. മദ്യം കഴിച്ചാല്‍ വേദന പോകുമെന്നുള്ള അനുഭവവും അതു കഴിഞ്ഞാല്‍ ചിരിവരുമെന്നുമുള്ള പാമ്പന്‍ പാലത്തിന്റെ വിശ്വാസമുള്ളതു കൊണ്ടും പാവം അമ്മ കട്ടന്‍ച്ചായ മദ്യത്തെ അവിശ്വസിച്ചില്ല, അല്ലെങ്കില്‍ത്തന്നെ എങ്ങിനെ അവിശ്വസിക്കും..?? മദ്യം കഴിച്ചു പരിചയമില്ലല്ലൊ, പക്ഷെ കൊച്ചച്ഛന്‍ അങ്ങിനെയല്ലല്ലൊ, സാന്റോസല്ല്ലേ തനി സാന്റോസ്‌..!

ഓ.ടോ.. ഒരു മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഞാനെടുത്തു വച്ചിട്ടുണ്ട്.. :)