ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം
വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്..
ഓർമ്മ
വച്ച കാലം മുതൽ ഇളയ കുട്ടിയായ ഞാൻ അമ്മയോടൊപ്പമായിരുന്നു ഉറക്കം. അമ്മയും
ഞാനും കട്ടിലിലും പെങ്ങൾ കട്ടിന്റെ അടിയിലും. അച്ഛനും ചേട്ടന്മാരും
അപ്രത്തെ മുറിയിൽ. അമ്മയും ഞാനും ഒരുമിച്ച് കിടന്നുറങ്ങുന്നത് ഡിഗ്രി പഠന
കാലം വരെ തുടർന്നിരുന്നു. ഇടക്ക് പ്രീഡിഗ്രി കാലഘട്ടത്തിൽ ഞാനൊരു ഒത്ത
യുവാവായി മാറിയെന്ന തോന്നലുണ്ടാകുകയും അമ്മയിൽ നിന്നും മാറി കിടക്കാൻ
ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷെ എന്തോ കുറെ നാൾ കഴിഞ്ഞപ്പോൾ വീണ്ടും
അമ്മയ്ക്കരികിൽ വന്ന് കിടപ്പു തുടങ്ങി. അമ്മയ്ക്ക് കിടന്നുറങ്ങുമ്പോൾ
ശരീരത്തിൽ തൊടുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് അനങ്ങാതെ ഒരേ പോസിൽ
കിടന്നുറങ്ങി ശീലമായതിനാൽ ഇപ്പോഴും ഉറക്കം നീണ്ടു നിവർന്നാണ് ഉറങ്ങുന്നത്.
അതുപോലെ അമ്മയുടെ ശീലം എനിക്കും പകർന്നുകിട്ടിയിട്ടുണ്ട് എന്റെ ശരീരത്തിലും
ഉറക്കത്തിൽ ആരെങ്കിലും തൊടുന്നത് ഇഷ്ടമല്ല.
സ്കൂളിൽ പഠിക്കുമ്പോൾ
പഠിക്കാൻ പറഞ്ഞ് ചേട്ടന്മാരൊ അച്ഛനൊ ഒച്ചവച്ചാൽ ബുക്ക് തുറക്കുമ്പോൾ തന്നെ
ഉറക്കം ഓടിവരും, സത്യമായിട്ടും ഞാൻ പഠിക്കണമെന്ന് വിചാരിച്ചാലും ഉറക്കം
എന്ന അതിനു അനുവദിക്കില്ല..
സ്കൂൾ കാലഘട്ടത്തിൽ നേരത്തെ കിടക്കുകയും
വൈകി എണീക്കുകയുമായിരുന്നു രീതി, എങ്കിലും, ശനി ഞായർ ദിവസങ്ങളിൽ റേഡിയോ
സ്റ്റേഷൻ തുറക്കുന്ന ആ ശ്രവ്യ സുന്ദരമായ ട്യൂണിങ്ങിന്റെയൊപ്പം ഞാനും
എഴുന്നേൽക്കും. ഇനിയിപ്പൊ റേഡിയൊ ഇല്ലെങ്കിലും സൂര്യോദയമൊക്കെ
ഉണ്ടെന്നറിയുന്നത് ശനി ഞായർ ദിവസങ്ങളിലും കശുമാവും മാവും പൂത്തുലഞ്ഞ്
അതിന്റെ പഴങ്ങൾ പഴുത്ത് വീഴാറാകുമ്പോഴുമാണ്.
ബാലരമയും പൂമ്പാറ്റയും വായിച്ച് ഉറങ്ങുന്നതും ഒരു ഹരമായിരുന്നു.
മഴക്കാലത്ത്
ഇടിവെട്ടും ജനലിലൂടെ ഊത്തലും അടിക്കുമ്പോൾ അത് ഏതു സമയമാണെങ്കിലും
കിടന്നുറങ്ങാൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇന്നും അങ്ങിനെ
അവസരമുണ്ടെങ്കിൽ ഞാൻ മഴയുടെ ഊത്തൽ(മഴവെള്ളത്തിന്റെ സ്പ്രേ)
ആസ്വദിച്ചുകൊണ്ട് ജനലിലൂടെ വെളിയിലേക്ക് നോക്ക് മഴയുടെ സംഗീതം ആസ്വദിച്ച്
അങ്ങിനെ കിടന്നുറങ്ങും.
കോളേജ് കാലഘട്ടങ്ങളിൽ ഉറക്കം കുറവായിരുന്നു.
എന്നിരുന്നാലും പരീക്ഷാ സമയങ്ങളിൽ പുലർച്ചെ പഠിക്കാനായി എഴുന്നേൽക്കുമ്പോൾ
ഉറക്കത്തെ ഓടിക്കാനായി തണുത്ത വെള്ളത്തിൽ കാല് വച്ചിരിക്കാറുണ്ടായിരുന്നു.
എന്നാൽ കട്ടൻ കാപ്പി ഉറക്കത്തിനു മുന്നിൽ സുല്ലിടുമായിരുന്നു.
ജോലി
കിട്ടിയത് മാർക്കറ്റിങ് രംഗത്തായതിനാൽ, ഉച്ചയൂണ് കഴിഞ്ഞാൽ ആ ഏരിയയിൽ
ഏതെങ്കിലും ബന്ധു ജനത്തിന്റെയൊ കൂട്ടുകാരന്റെ വീടുണ്ടെങ്കിൽ കുറച്ചു നേരം
ഉറങ്ങാനായി പത്തൊ പതിനഞ്ചൊ കിലോമീറ്റർ ദൂരം താണ്ടാൻ യാതൊരു
മടിയുമില്ലായിരുന്നു. ചിലപ്പോൾ ഈ അവസരം ഉണ്ടായില്ലെങ്കിൽ മനോരമയിലൊ
മാതൃഭൂമിയിലൊ കിടന്നുറങ്ങും..!
ഇവിടെ ബഹ്‌റൈനിൽ എത്തിയപ്പോൾ ഉച്ച
ഇടവേള ധാരാളമുള്ളതിനാൽ ഊണു കഴിഞ്ഞ് പത്തുമിനിറ്റിനു ശേഷം ഒന്നോ രണ്ടോ
മണിക്കൂർ ഉറങ്ങും. ഇങ്ങനെ ഉറങ്ങുമ്പോൾ ചെറിയ ശബ്ദം പോലും എന്നെ
അലോസരപ്പെടുത്തും. ആയതിനാൽ എത്ര തണുപ്പുണ്ടെങ്കിലും ഏസി ഓൺ ചെയ്തിടും
എന്തുകൊണ്ടെന്നാൽ ഏസിയുടെ മുരൾച്ചയാൽ കുട്ടികൾ ഒച്ചയെടുക്കുന്നതിന്റെയൊ
താഴെ വണ്ടികൾ പോകുന്നതിന്റെയൊ ശബ്ദം കേൾക്കേണ്ടി വരില്ലെന്നുള്ളതാണ്.
ഇപ്പോൾ
എത്ര അതിരാവിലെ വേണമെങ്കിലും ഉണരാം എന്നാൽ പ്രഭാത ഭക്ഷണം കഴിച്ച്(അവധി
ദിവസങ്ങളിൽ) കുറച്ച് നേരം ഉറങ്ങാൻ പറ്റിയാൽ ഇതിൽ പരം സന്തോഷം
മറ്റൊന്നുമില്ല. എന്നാൽ സ്കൂൾ കാലഘട്ടത്തിനു ശേഷം ദീർഘമായ ഉറക്കം
ഉണ്ടായിട്ടില്ല, ഇഷ്ടവുമല്ല. രാവിലെ ഏഴുമണിയിൽ കൂടുതൽ (എത്ര വൈകി
കിടന്നാലും) ഉറങ്ങിക്കിടക്കാൻ സാധിക്കുകയില്ല.
കലശലായ
ഉറക്കഭ്രാന്തുള്ളതിനാൽ ഇഷ്ടപ്പെട്ട അവസരങ്ങൾ ധാരാളം നഷ്ടപ്പെട്ടിട്ടുണ്ട്.
കല്യാണങ്ങൾ, കളികൾ, സൌഹൃദ വേദികൾ, സിനിമകൾ,ടിവി പ്രോഗ്രാമുകൾ
അങ്ങിനെയങ്ങിനെ...
ഇന്നും ഉറങ്ങാൻ കിടന്നാൽ രണ്ടൊ മൂന്നൊ
മിനിറ്റുനുള്ളിൽ ഞാൻ ഉറങ്ങിയിരിക്കും (അല്പം സ്വകാര്യം പെട്ടന്നുള്ള ഗുഡ്
നൈറ്റ് പറയൽ അവൾക്ക് ഇഷ്ടപ്പെടാറില്ല..!) എന്നാൽ മറ്റൊരു വീട്ടിലൊ പരിസരം
മാറിക്കിടന്നാലൊ കിടന്നയുടനെ ഉറക്കം കിട്ടാറില്ല ചിലപ്പോൾ രണ്ടും മൂന്നും
മണിക്കൂർ കഴിഞ്ഞേ ഉറക്കം വരുകയൊള്ളൂ..
ഉറക്കത്തെക്കുറിച്ച് എത്രവേണമെങ്കിൽ ഉപന്യാസം എഴുതാം എന്തുകൊണ്ടെന്നാൽ ഉറക്കം ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നു..
Monday, November 25, 2013
ഉറക്കം..!
രചന : കുഞ്ഞന്‍ , ദിവസം : 11:37:00 AM
കാര്യം : ഉറക്കഭ്രാന്ത്
Subscribe to:
Post Comments (Atom)
3 പ്രതികരണങ്ങള്‍:
എന്താ മാഷേ... ഇതുവരെ ഉറക്കമല്ലായിരുന്നോ... ഇനിയൊന്നുണരൂ...
ഹഹ വീകെ മാഷേ..അതെ സുഷപ്തിയിലായിരുന്നു..പതുക്കെ പതുക്കെ കണ്ണ് തെളിയുമായിരിക്കും..
ഇടയ്ക്ക് ഇങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു അല്ലേ?
ബ്ലോഗില്‍ കയറാന്‍ മടി കാരണം പ്ലസ്സില്‍ മാത്രം വിലസി നടപ്പാണെന്നായിരുന്നു കരുതിയത്.
വല്ലപ്പോഴുമൊക്കെ ഇവിടേം വല്ലതുമൊക്കെ എഴുതി പോസ്റ്റൂ, കുഞ്ഞന്‍ ചേട്ടാ :)
Post a Comment