Tuesday, October 7, 2008

BIS vs 91.6..!

ഇത്തവണ നാട്ടില്‍പ്പോയപ്പോള്‍ എന്റെ ഭാര്യക്കൊരാഗ്രഹം..

ദേ..മമ്മൂട്ടി പറയുന്നതു കേട്ടൊ..BIS സ്വര്‍ണ്ണമാണ് സ്വര്‍ണ്ണമെന്ന്..!
എന്റെ കമ്മല്‍ ഔട്ട് ഓഫ് ഫാഷനായി..BIS മുദ്രയുള്ള ഒരു കമ്മല്‍ വാങ്ങണം..

ശരി..അങ്ങിനെയെങ്കില്‍ മോന്റെ ചളുങ്ങിയ രണ്ട് വളയും തളയും കൂടി മാറ്റാം കൂടെ ഈ പഴയ കമ്മലും കൊടുത്ത് നമുക്ക് BIS മുദ്രണമുള്ള പുത്തന്‍ പുതിയ കമ്മല്‍ വാങ്ങാം.

അങ്ങിനെ തൃശ്ശിവപേരൂറിലെ മമ്മൂട്ടിയെക്കൊണ്ടു പറയിപ്പിക്കുന്ന ആ ഭീമാകാരന്‍ ജ്വൂല്ലറിയില്‍ കമ്മല്‍‍ വാങ്ങാന്‍ പോയി..

പഴയ കമ്മല്‍ 11 ഗ്രാമിന്റേതായിരുന്നു.കുറെ തിരച്ചിലിനൊടുവില്‍ ഒരു കമ്മല്‍ തിരഞ്ഞെടുത്തു അതാകട്ടെ 8 ഗ്രാമിന്റേതും. ആദ്യമെ സെയില്‍‌സ്മാനോട് മാറ്റക്കച്ചവടമാണെന്ന് പറഞ്ഞിരുന്നു. പഴയ സ്വര്‍ണ്ണം 91.6 ആയതിനാല്‍ ഒറ്റ തട്ടിക്കിഴിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു അതുപോലെ ബാക്കി കാശ് ഇങ്ങോട്ട് കിട്ടുമെന്നും വിചാരമുണ്ടായിരുന്നു...

എന്നാല്‍ ഞങ്ങളുടെ ഉറപ്പിനെ കാറ്റില്‍പ്പറത്തിക്കൊണ്ട് ആ ചുള്ളന്‍ സെയില്‍‌സ്മാന്‍ പറയ്യാ..ഒരു ഗ്രാമില്‍ 10 രൂപ വച്ച് കുറക്കും അതുപോലെ ചെളി/അഴുക്ക് എന്നിവ സ്വര്‍ണ്ണത്തില്‍ പറ്റിയുള്ളതിനാല്‍ അതിന്റെ വിഹിതവും കുറക്കുമെന്ന്... 91.6 വാങ്ങിയാല്‍ വിലക്കുറവുണ്ടാകില്ല എന്ന ധാരണ അവിടെ വീണുടഞ്ഞു.

പിന്നീടയാള്‍ പഴയ സ്വര്‍ണ്ണത്തിന്റെ (കമ്മല്‍) ക്ലാരിറ്റി നോക്കിയിട്ട് ഇതിന് 87.5 ശുദ്ധതയുള്ളൂ ആയതിനാല്‍ വ്യത്യാസത്തിന്റെ ശുദ്ധതക്ക് വില തട്ടിക്കിഴിക്കുമെന്നും അറിയിച്ചു. അതായിത് 91.6 (ക്ലാരിറ്റി) ശൂദ്ധത സ്വര്‍ണ്ണം പരിശോധിക്കുമ്പോള്‍ കാണണം എങ്കില്‍ മാത്രമെ അതേ വില ലഭിക്കുവെന്ന്

അപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു, മാഷെ.. ഈ 91.6 കമ്മല്‍ വാങ്ങിയത് ആലൂക്കാസ് ജ്വൂല്ലറിയില്‍ നിന്നാണ്..

അപ്പോള്‍ സെ മാന്‍..അതൊന്നും ഇവിടെ പ്രസക്തമല്ല ഏതൊരു തട്ടാനും 91.6 മുദ്രണം ചെയ്യാന്‍ പറ്റും. എന്നാല്‍ BIS അങ്ങിനെയല്ല അത് ഗവണ്മേന്റ് മുദ്രയാണ് അതിനാല്‍ ഒരു കളിപ്പീരും നടക്കില്ല.

ഞാന്‍.. മാഷെ ഈ 91.6 വാങ്ങുമ്പോഴും അവര്‍ പറഞ്ഞത് ഇതില്‍ ഒരു പറ്റിക്കത്സും ഇല്ലെന്നും ഏതു കാലത്തും അതാത് വിലകിട്ടുമെന്ന്. എന്നിട്ടിപ്പോള്‍ പറയുന്നു ഏതു തട്ടാനും 91.6 മുദ്രണം ചെയ്യാന്‍ പറ്റുമെന്നും അത് വിശ്വസിക്കാന്‍ പറ്റില്ലെന്നും..! അതുപോലെ ഇപ്പോള്‍ നിങ്ങള്‍ പറയുന്നു BIS ഉണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ടന്ന്.. നാളേ വേറെരു മുദ്രണം വന്നാല്‍ അപ്പോഴും നിങ്ങള്‍ പറയില്ലെ BIS മുദ്രണം ആര്‍ക്കും ചെയ്യാന്‍ പറ്റുമായിരുന്നുവെന്ന്..

സെ.മാന്‍.. എങ്കില്‍ ഒരു കാര്യം ചെയ്യൂ ഈ സ്വര്‍ണ്ണം എവിടെ നിന്നു വാങ്ങിയൊ അവിടെ കൊടുക്കൂ..അവര്‍ മുഴുവന്‍ വിലയും ചിലപ്പോള്‍ തരും..!

91.6 ശുദ്ധ സ്വര്‍ണ്ണത്തിലും പറ്റിപ്പുണ്ടെന്ന് മനസ്സിലായി..

അങ്ങനെ കുറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഞാന്‍ മോന്റെ വളയും തളയും പഴയ കമ്മലിനു പകരം കൊടുത്തു, പക്ഷെ ഒരു ഉപാധി വച്ചു ഇതിന്റെ ക്ലാരിറ്റി എനിക്ക് പരിശൊധിക്കുന്നത് കാണണം കാരണം ഇതു വാങ്ങിയത് ബഹ്‌റൈനില്‍ നിന്നാണ്. (ബഹ്‌റൈന്‍ സ്വര്‍ണ്ണം ലോകാത്തിലെ ഏറ്റവും മികച്ചതാണെന്നുള്ള ഒരു വിശ്വാസമുണ്ട്)

അയാള്‍ മൂന്നാമത്തെ നിലയില്‍ ക്ലാരിറ്റി പരിശോധനക്ക് എന്നേയും കൂട്ടിക്കൊണ്ടുപോയി. പരിശോധനയില്‍ മോന്റെ വളയും തളയും 95.4 ശുദ്ധമാണെന്ന് കണ്ടു. വീണ്ടും വീണ്ടും അയാള്‍ പരിശോധിച്ചു അപ്പോഴൊക്കെ 95 ല്‍ തന്നെ കിടന്ന് കറങ്ങി.

പക്ഷെ, പരിശോധനയില്‍ 91.6 കാണേണ്ട പഴയ കമ്മല്‍‌ പരിശോധിച്ചപ്പോള്‍‍ 87.5 ശുദ്ധതെയുള്ളൂ അതിനാല്‍ ‍ ബാക്കി 4.1 ന്റെ കാശ് തട്ടിക്കിഴിക്കുമെന്നും പറഞ്ഞ സെയില്‍‌സ് മാന്‍ 95 ശുദ്ധതയുള്ള സ്വര്‍ണ്ണത്തിന് കൂടുതലുള്ള ശുദ്ധതക്ക് ഒരു നയാപൈസ കൂടുതല്‍ തരാന്‍പറ്റില്ലെന്നും പറഞ്ഞു. ഈ ന്യായ വാദം എന്നെ വെളിച്ചപ്പാടാക്കി.. അവസാനം മാനേജര്‍ എത്തി, അയാള്‍ പ്രശ്നപരിഹാരം പറഞ്ഞത് തളയും വളയും അവര്‍ എടുക്കാം അതേ വില നല്‍കാമെന്ന് അതായിത് 91.6 ന്റെ അപ്പോഴത്തെ വില. പക്ഷെ വാശി കേറിയ ഞാന്‍ കമ്മല്‍ മാത്രമെ ഞാന്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നെതെന്നും ശുദ്ധത കുറവിന് ഒറ്റ ചില്ലിപ്പൈസ അങ്ങോട്ടു തരികയില്ലെന്നും പറഞ്ഞു. അവസാനം അവര്‍ക്ക് മറ്റു കസ്റ്റമേഴ്സിന് മുന്നില്‍ നാണക്കേടാവാതിരിക്കാന്‍ പഴയ കമ്മല്‍ അതേ വില(91.6) തരാമെന്നും ധാരണയായി.

പക്ഷെ അവിടെകൊണ്ടും പ്രശ്നം തീര്‍ന്നില്ല. പുതിയ കമ്മലിന് പണിക്കൂലിയായി 2000 രൂപ അവര്‍ കൂട്ടി..ഇതുകണ്ടപ്പോള്‍ വീണ്ടും വെളിച്ചപ്പാടായി ഞാന്‍.. എന്റെ മാഷെ നിങ്ങള്‍ നിങ്ങളുടെ പരസ്യത്തില്‍ പറയുന്നുണ്ടല്ലൊ ഒരു പണിക്കുലിയും ഈടാക്കുന്നതല്ലന്ന്.. പിന്നെയെന്തിന് ഇതിന് പണിക്കൂലിയെടുക്കുന്നു..? അവര്‍ പറഞ്ഞ മറുപടി.. ഇത് മെഷിയന്‍ കട്ടിങ്ങാണ് ആയതിനാലാണ് പണിക്കൂലി ഈടാക്കുന്നതെന്ന്..! പണിക്കൂലി ഈടാക്കാത്ത രണ്ട് ഐറ്റങ്ങള്‍ എന്നെക്കാണിച്ചു..സാധാ മോതിരവും വളയും..!

പുതിയ കമ്മലെടുത്തപ്പോള്‍ പഴയ കമ്മലിന്റെ തട്ടിക്കിഴിക്കലിനു ശേഷം അങ്ങോട്ട് കൊടുക്കേണ്ടിയിരുന്ന ആയിരത്തിചില്ലാന്‍ രൂപ കൊടുക്കാതെ തര്‍ക്കിച്ച് തര്‍ക്കിച്ച് 500 രൂപ ഇങ്ങോട്ട് വാങ്ങി യുദ്ധം ജയിച്ച മട്ടില്‍ തല ഉയര്‍ത്തിപ്പിടിച്ച് ആ ജ്വൂല്ലറിയില്‍ നിന്നും ഞാനും കുടുംബവും സെക്ക്യൂ‍രിട്ടിയുടെ സലാമും മേടിച്ച് ഇറങ്ങിപ്പോന്നു. ഇതിനിടയില്‍ കുറെ പിച്ചും നല്ലപകുതിയില്‍നിന്നും ഞാന്‍ വാങ്ങിക്കൂട്ടിയിരുന്നു

സുഹൃത്തുക്കളെ...എഴുതി വന്നപ്പോള്‍ ഉണ്ടായ സംഭവം അതേപോലെ പറഞ്ഞ് ഫലിപ്പിക്കാന്‍ ‍പറ്റിയിട്ടില്ല എന്നാലും സ്വര്‍ണ്ണത്തിന്റെ വില്പനയില്‍ ഒരു പാട് പറ്റിക്കപ്പെടല്‍ നടക്കുന്നുണ്ട് അത് എത്ര വലിയ ആഭരണ ശാലയായാലും, ആയതിനാല്‍ പരസ്യത്തില്‍ ആകൃഷ്ടരാകാതെ പകിട്ടില്‍ വീഴാതെ ഒളിഞ്ഞു കിടക്കുന്ന കൂലികള്‍ എന്തെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കിയിട്ട് സ്വര്‍ണ്ണം വാങ്ങുക...!

36 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    സുഹൃത്തുക്കളെ...എഴുതി വന്നപ്പോള്‍ ഉണ്ടായ സംഭവം അതേപോലെ പറഞ്ഞ് ഫലിപ്പിക്കാന്‍ ‍പറ്റിയിട്ടില്ല എന്നാലും സ്വര്‍ണ്ണത്തിന്റെ വില്പനയില്‍ ഒരു പാട് പറ്റിക്കപ്പെടല്‍ നടക്കുന്നുണ്ട് അത് എത്ര വലിയ ആഭരണ ശാലയായാലും, ആയതിനാല്‍ പരസ്യത്തില്‍ ആകൃഷ്ടരാകാതെ പകിട്ടില്‍ വീഴാതെ ഒളിഞ്ഞു കിടക്കുന്ന കൂലികള്‍ എന്തെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കിയിട്ട് സ്വര്‍ണ്ണം വാങ്ങുക...!

  2. ശ്രീ said...

    ഇത്തരം കാര്യങ്ങളെ കുറിച്ച് സാമാന്യം അറിവും കടക്കാരോട് വേണ്ട വിധം പറഞ്ഞു നില്‍ക്കാനുള്ള തന്റേടവും ഉള്ളതു കൊണ്ട് കുഞ്ഞന്‍ ചേട്ടന് ഇതു സാധിച്ചു. പക്ഷേ മിക്കവരും കടക്കാര്‍ പറയുന്നത് ശരിയാണെന്ന് വിശ്വസിച്ച് കബളിപ്പിയ്ക്കപ്പെടുന്നവരാണ് എന്നു തോന്നുന്നു.

    പോസ്റ്റ് നന്നായി. ഇനിയെങ്കിലും എല്ലാവരും ഇതൊക്കെ ഒന്നു ശ്രദ്ധിയ്ക്കുമല്ലോ.

  3. കുഞ്ഞന്‍ said...

    ശ്രീ..
    ആദ്യ കമന്റിന് നന്ദി..
    ശ്രീ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ഞാന്‍ അങ്ങിനെ വാദിച്ചില്ലായിരുന്നെങ്കില്‍ രണ്ടായിരത്തിച്ചില്ലാനും രൂപ അങ്ങോട്ട് കൊടുക്കേണ്ടി വന്നേനെ..

    പണിക്കൂലിയില്‍ ശരിക്കും നമ്മളെ പിഴിയും.

  4. G.MANU said...

    പിന്നെയും ഞെട്ടി..

    (ഈയിടെയായി സ്വര്‍ണ്ണം, ബി.ഐ.എസ്, 916 ഈ വാക്കുകള്‍ എവിടെ കേട്ടാലും ഞെട്ടാറുണ്ട്.. പെണ്മക്കള്‍ ഉള്ളവര്‍ക്ക് ഈ ഞെട്ടല്‍ നോര്‍മല്‍ ആണെന്ന് മനശ്ശാസ്ത്രജ്ഞന്‍ മറുപടി തന്നു..)

  5. കാസിം തങ്ങള്‍ said...

    സ്വര്‍‌ണ്ണവിപണിയും തട്ടിപ്പിന്റെ കൂത്തരങ്ങ് തന്നെ. അനുഭവങ്ങള്‍ പങ്കു വെച്ചതിന് കുഞ്ഞന്‍ ചേട്ടന് നന്ദി.

  6. ഗുരുജി said...

    വളരെ നല്ല പോസ്റ്റ്.
    കുഞ്ഞനെപ്പോലെ ഉറച്ചു നിന്നു വാദിക്കാന്‍ പലര്‍ക്കും കഴിയാറില്ല. എതായാലും സംഭവം നേരില്‍ കണ്ടതുപോലെ വിവരിച്ചിട്ടുണ്ട്....

  7. സക്കാഫ് vattekkad said...

    കുഞ്ഞന്‍ നിങ്ളൂറ്ടേ ദീനാര്‍ പൊയി കാരണം സ്വര്‍ണ്ണത്തിന്റെ വില കൈയില്‍ ഇരിക്കുബൊല്‍ ആണ് .മാറ്റം ചെതാല്‍ മുല്യം കുറഞൂ മിനിമാം 30% പ്പോയി അതായത് 100 ദിനാര്‍ന് വാങിയത് മാറ്റിയപ്പൊള് 70 ദിനാര്‍ മുല്യം ആയി പൊയി കുടാതെ പ‍ണീക്കൂലീ 2 time പൊയി

  8. Typist | എഴുത്തുകാരി said...

    ശ്രീ പറഞ്ഞതുപോലെ ,ഇക്കാര്യത്തെക്കുറിച്ചുള്ള അറിവും അവരോട് പറഞ്ഞു നില്‍കാനുള്ള മിടുക്കും ഉള്ളതുകൊണ്ട്‌ ഇത്രയും സാധിച്ചു. അതല്ലായിരുന്നെങ്കില്‍, അവര്‍ തരുന്ന (തരുന്നു എന്നു പറയുന്ന) ഡിസ്കൌണ്ടും കോമ്പ്ലിമെന്റുമൊക്കെ വാ‍ങ്ങി തിരിച്ചുവന്നേനേ.
    പണിക്കൂലിയില്ല, മാറുന്ന സ്വര്‍ണ്ണത്തിനു് വിലക്കുറവില്ല, എല്ലാം പരസ്യത്തിലേയുള്ളൂ.

  9. ചാണക്യന്‍ said...

    അപ്പോ ആളൊരു കൊഴപ്പക്കാരനാണ് അല്ലെ?

  10. മുസാഫിര്‍ said...

    ബി ഐ എസ്സും മറ്റും അടീച്ച് വാങ്ങാന്‍ ചെറിയ കടക്കാര്‍ക്കേ ബുദ്ധിമുട്ടുള്ളൂ എന്നാണ് കേട്ടത്.വമ്പന്‍ ശ്രാവുകള്‍ക്ക് അതിനും വഴികള്‍ ഉണ്ടത്രെ.അടിക്കുന്നവര്‍ ഇതിന്റെ സാമ്പിളൊന്നും വക്കുന്നില്ലല്ലോ‍.സ്വര്‍ണ്ണം വില്‍ക്കുന്നത് എപ്പോഴും നഷ്ടം തന്നെ.

  11. മറ്റൊരാള്‍ | GG said...

    പിന്നെയും ഞെട്ടി..

    (ഈയിടെയായി സ്വര്‍ണ്ണം, ബി.ഐ.എസ്, 916 ഈ വാക്കുകള്‍ എവിടെ കേട്ടാലും ഞെട്ടാറുണ്ട്.. പെണ്മക്കള്‍ ഉള്ളവര്‍ക്ക് ഈ ഞെട്ടല്‍ നോര്‍മല്‍ ആണെന്ന് മനശ്ശാസ്ത്രജ്ഞന്‍ മറുപടി തന്നു..)

    Copied and Pasted from G. Manu

  12. കുഞ്ഞന്‍ said...

    ജി മനു മാഷെ..
    ഈ ഞെട്ടല്‍ കേരളത്തില്‍ മാത്രമെ അനുഭവപ്പെടു എന്നുണ്ടൊ..? എന്തായാലും ഞാന്‍ കാരണം കൂടുതല്‍ ഞെട്ടിയെന്നു പറയുമ്പോള്‍, ഇനി വരും കാലം ഡൈമന്‍ഡ്സാണ് കൈയ്യടക്കാന്‍ പോകുന്നത്..ദേ വീണ്ടും ഞെട്ടിയല്ലെ..സോറി

    കാസിം ഭായി..
    സ്വര്‍ണ്ണ വിപണി തട്ടിപ്പു തന്നെ,കോടികള്‍ പരസ്യത്തിനുവേണ്ടി ചിലവഴിക്കുന്നു ആ കോടികള്‍ കസ്റ്റമേഴ്സില്‍ നിന്നും ഈടാക്കാന്‍ ചില ചതിക്കുഴികള്‍ വേണ്ടി വരും.

    രഘുവംശി മാഷെ,
    ബില്ലടിക്കുമ്പോള്‍ ആ മെയ്ക്ക് ഈ മെയ്ക്ക് എന്നൊക്കെപ്പറഞ്ഞ് കുറെ വസൂലാക്കും.പോരാടിയാല്‍ കുറച്ചൊക്കെ എഴുതിതള്ളും അവര്‍. എന്തായാലും എനിക്ക് അവിടെ നിന്ന് ഒരു കുഞ്ഞ് പേഴ്സ് ഗിഫ്റ്റായി കിട്ടി..മറ്റുള്ളവര്‍ക്ക് കൊടുത്തത് ഇമ്മണി വല്യ ബാഗും..!

    സക്കാഫ് ജീ..
    താങ്കള്‍ പറഞ്ഞത് തികച്ചും വാസ്തവം. സ്വര്‍ണ്ണം മാറ്റിയെടുക്കാതെ വില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ ലാഭം കിട്ടും മാറ്റ മേടിക്കലിനേക്കാള്‍.

    എഴുത്തുകാരിചേച്ചി..
    എനിക്ക് ഇക്കാര്യത്തില്‍ വല്യ അറിവില്ല എന്നാലും പൊരുത്തക്കേടുകള്‍ കണ്ടപ്പോള്‍ ചോദ്യം ചെയ്തു. അത് നേട്ടവുമായി. സ്വര്‍ണ്ണം വാങ്ങി ബില്ലടച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഒരു ഫോം തന്നു അത് പൂരിപ്പിച്ചുകൊടുത്താല്‍ ഒരു കാര്‍ഡ് കിട്ടും പിന്നീട് സ്വര്‍ണ്ണം എടുക്കുമ്പോള്‍ ഈ കാര്‍ഡ് പ്രകാരം ഒരു ശതമാനം കിഴിവ് നല്‍കുമെന്ന്. ഞാന്‍ അപ്പഴേ ആ ഫോം ചുരുട്ടിക്കൂട്ടി..എന്നാല്‍ കൂടവന്ന ചേച്ചി കുത്തിയിരുന്ന് പൂരിപ്പിക്കുന്നുണ്ടായിരുന്നു.

    ചാണക്യന്‍ ഗുരുജി..
    കുഴപ്പക്കാരനാണെങ്കിലും പച്ചപ്പാവമാ ഞാന്‍, അത് എനിക്കു മാത്രമെ അറിയാവൂ..

    മുസാഫീര്‍ ജീ..
    ശരിയാണ്. ഇതൊക്കെ വലിയ ജ്വൂലറിക്കാര്‍ ആളുകളെ ആകര്‍ഷിക്കാന്‍ ചെയ്യുന്നതാണെന്ന് ചെറിയ ജ്വൂലറിക്കട നടത്തുന്ന ഒരു കടക്കാരന്‍ എന്നോട് പറഞ്ഞു.
    ഇതിന് ഒരു ഉദാ.. എന്റെ വീടിന്റെ അടുത്ത് ഒരു മൃഗാശുപത്രിയുണ്ട്. അവിടെ ചന്തയില്‍ അറക്കാന്‍ കൊണ്ടുവരുന്ന നാല്‍ക്കാലികളെ കൊണ്ടു വരാറുണ്ട്. എന്തിനാണെന്നൊ ഇവറ്റകള്‍ക്ക് യാതൊരു രോഗമില്ലെന്നും ഭക്ഷണയോഗ്യമാണെന്നുള്ള ഡോക്ടറുടെ സീലടിക്കാന്‍. എന്നാല്‍ സീലടിക്കുന്നത് ഇവറ്റകളെ തെളിയിച്ചുകൊണ്ടു വരുന്നയാളുകളാണ്. ഇതുപോലെ കാശുകൊടുത്താല്‍ ഏതു മുദ്രണവും അടിച്ചുകിട്ടും..!

    ജിജി മാഷെ
    അപ്പോള്‍ അവിടെയും പെണ്‍കുട്ടി.. മാഷെ നിങ്ങള്‍ സമ്പാദിച്ചാലെ (സ്വര്‍ണ്ണം) ഞങ്ങള്‍ക്ക് നേട്ടമുണ്ടാകൂ..എന്ന് ആണ്‍കുട്ടിയുടെ അച്ഛന്‍

    അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി പറയുന്നു

  13. krish | കൃഷ് said...

    വീണ്ടും ഞെട്ടി. അല്ലാതെന്തു ചെയ്യാന്‍, സ്വര്‍ണ്ണത്തിന്റെ വില റോക്കറ്റിന്റെ വേഗത്തിലല്ലേ കുതിച്ചുയരുന്നത്.
    അതിനുപുറമെ, എപ്പോഴെങ്കിലും സ്വര്‍ണ്ണം മാറിയെടുക്കാന്‍ പോയാല്‍, എന്തെല്ലാം കിഴിവുകള്‍.
    മാറ്റ് കുറവ്, ചളി, പണിക്കിഴിവ്, തുടങ്ങി. പുതിയത് വാങ്ങുമ്പോള്‍ പണിക്കൂലി, ബില്ലടിച്ചാ‍ല്‍ ടാക്സ് വേറെ. അല്ലെങ്കില്‍ കച്ചാ രസീതിയും. പിന്നെ ആകെ കിട്ടുന്നത് ഒരു കുഞ്ഞു പേഴ്സോ, ബാഗോ മറ്റൊ ആയിരിക്കും.
    സ്വര്‍ണ്ണം ഇന്ത്യയിലടക്കം ലോകത്ത് എല്ലായിടത്തും വില്‍ക്കുന്നുണ്ടല്ലോ. പിന്നെന്തിനാണ് കോടിക്കണക്കിനു രൂപ മുടക്കി കേരളത്തില്‍ ഇത്രേം വലിയ പരസ്യങ്ങള്‍. ഇതിന്റെ കാശും നമ്മുടെ കൈയ്യില്‍ നിന്നു തന്നെയല്ലേ അവര്‍ ഈടാക്കുന്നത്.

  14. സജീവ് കടവനാട് said...

    സ്വര്‍ണ്ണബിസിനസിലെ തട്ടിപ്പുകളെത്രയായാലും നാമൊക്കെ താരങ്ങളുടെ പരസ്യവാചകത്തില്‍ വീണ് പിന്നെയും കഴുത്തങ്ങു വെച്ചുകൊടുക്കും, മുറിക്ക്, മുറിക്ക് എന്ന് പറഞ്ഞ്.

    നല പോസ്റ്റ്.

  15. Anoop Technologist (അനൂപ് തിരുവല്ല) said...

    Good Post

  16. ഗീത said...

    ഞാന്‍ ഞെട്ടിയൊന്നുമില്ല.
    ഈ കള്ളന്മാരെ എത്ര കണ്ടിരിക്കുന്നു.
    സെയിത്സ്മാന്‍‌മാരുടെ വായില്‍ നിന്നുതിരുന്ന തേനൂറും മൊഴികള്‍ - അമ്മേ, ചേച്ചീ, ചേട്ടാ, ആന്റീ എന്നൊക്കെ വിളിച്ച്..

  17. അനില്‍@ബ്ലോഗ് // anil said...

    കുഞ്ഞന്‍ ഭായി,
    ഇതെല്ലാം തട്ടിപ്പുതന്നെ.

    916 എന്നു പറഞ്ഞാല്‍ നമ്മുടെ 22 കാരറ്റ് ശുദ്ധത തന്നെ. 91.6 % സ്വര്‍ണ്ണം.അന്നു പരസ്യത്തിനായി 916 വന്നെങ്കില്‍ ഇന്ന് ബി.ഐ.എസ്.

    പിന്നെ പണികൂലിയും പണിക്കുറവും ഇല്ലാതെ ഈ ഇവര്‍ പുണ്ണ്യം നേടാനാണോ കച്ചവടത്തിനിരിക്കുന്നത്.
    പണികൂലി ഇല്ലെങ്കില്‍ സ്വര്‍ണ്ണത്തില്‍ അഡ്ജസ്റ്റ് ചെയ്യാമല്ലോ.

    ഈ പണ്ടാരം പിടിച്ച സാധനം വേണ്ട എന്നു വച്ചാല്‍ പോരെ?

    (എന്റെ ഭാര്യ ഈ കമന്റു വായിക്കില്ലെന്നു എനിക്കുറപ്പാണെ)

  18. പിരിക്കുട്ടി said...

    njaanum karuthi last vaayikkunna vare...iyalude bharya evide ppoyennu....
    pichukayalla vendathu....njaananel odi pponnene...
    onnamathu jewelleryil pokumbol ake oru virayala...
    aanungalkke patoo ingane okke parayaan nammude vicharam ingane okke paranjaal nnakkedallenna...
    enthayalum kollam..
    wife nte pichu

  19. അങ്കിള്‍ said...

    പരസ്യത്തില്‍ വീഴുന്നത് സ്വര്‍ണ്ണം വാങ്ങുന്നവര്‍ മാത്രമല്ല. ഇതാ ഈ പരസ്യങ്ങളെ പറ്റി എന്തു പറയുന്നു.

  20. കുറ്റ്യാടിക്കാരന്‍|Suhair said...

    അങ്ങനെ ചില സംഭവങ്ങളൊക്കെയുണ്ടല്ലേ...?

    വിവരങ്ങള്‍ക്ക് നന്ദി.

  21. അക്കേട്ടന്‍ said...

    കുഞ്ഞാ...

    അനില്‍ എന്ന സുഹൃത്ത്‌ പറഞ്ഞതാണ് ശരി. 916 എന്നാല്‍ ഒരു ഗ്രാം എടുത്താല്‍ അതില്‍ 91.6% സ്വര്‍ണം ഉണ്ട് എന്നര്‍ത്ഥം. ബഹറിനില്‍ സ്വര്‍ണം സ്റ്റാമ്പ്‌ ചെയ്യണമെങ്കില്‍ അത് 92.4% എങ്കിലും വേണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതാണ്‌ ബഹറിന്‍ സ്വര്‍ണത്തിന് മാര്‍കറ്റ്‌ കൂട്ടുന്നത്‌. ( കടപ്പാട്: ഇതുപോലെ പല അടിപിടികള്‍ 2004 നു ശേഷം, കൃത്യമായി പറഞ്ഞാല്‍ കല്ല്യാണത്തിന് ശേഷം പല തവണ കൂടിയ ശേഷം എനിക്ക് ആലുക്കാസ് ബഹറിനിലെ ഒരു സുഹൃത്ത്‌ തന്ന അറിവ് )

  22. അപ്പു ആദ്യാക്ഷരി said...

    തര്‍ക്കിച്ചുനില്‍ക്കാന്‍ മിടുക്കുണ്ടായതുകൊണ്ട് കളിപ്പിക്കപ്പെടാതെ രക്ഷപെട്ടു... :-)

  23. saju john said...

    എന്തായാലും, കുഞ്ഞന്റെ ഭാര്യയുടെ ഭാഗ്യം.....

    916 പരിശുദ്ധിയും, BIS മുദ്രയുമുള്ള തങ്കപ്പെട്ട മനുഷ്യനെയല്ലേ ഭര്‍ത്താവാ‍യി കിട്ടിയത്.

    പറക്കാട്ട് ജുവല്ലറി സിന്ദാബാദ്

  24. Jayasree Lakshmy Kumar said...

    സ്വന്തം ഉപയോഗത്തിനായി ഇനി സ്വർണ്ണം വാങ്ങേണ്ടതില്ല എന്നൊക്കെ തീരുമാനിച്ചിരുന്നെങ്കിലും ഈയിടെ ഒരു സുഹൃത്തിന്റെ കുട്ടിക്ക് ബർത്ത്ഡേ പ്രസന്റ് വാങ്ങാൻ ഒരു സ്വർണ്ണക്കടയിൽ കയറിയപ്പോൾ കൂടെയുണ്ടായിരുന്ന, മുൻപ് ഒരു പ്രശസ്ഥ ജ്വല്ലറിയിൽ സെയിത്സ്മാനായിരുന്ന ഒരു സുഹൃത്ത് ഈ ബിസിനെസ്സിലെ തട്ടിപ്പുകളെ കുറിച്ച് ഒരുപാട് സംസാരിച്ചു. മിണ്ടാതെ സ്വർണ്ണവും വാങ്ങി പോരുന്നവരോടും അൽ‌പ്പം തർക്കിച്ചേക്കും എന്നു തോന്നുന്നവരോടും അവർക്ക് രണ്ട് നയമാണത്രേ. കുഞ്ഞൻ ചെയ്തത് വളരേ നന്നായി

  25. Mr. K# said...

    ഏതാ ഈ കട എന്നും അറിഞ്ഞിരിക്കണമല്ലോ. അതോ എല്ലാ സ്വര്ണ്ണക്കടയും ഇങ്ങനെ ആയിരിക്കുമോ?

  26. വീകെ said...

    കുറച്ചു വൈകി വന്നതുകൊണ്ട് എല്ലാ അഭിപ്രായങ്ങളും വായിക്കാൻ കഴിഞ്ഞു.
    ഞാനും കയ്യിലുണ്ടായിരുന്ന കുറച്ചു സ്വർണ്ണം ഒരു പുര പണിയാനുള്ള തത്രപ്പാടിൽ വിറ്റിരുന്നു.
    നന്നായി കഴുകി വൃത്തിയാക്കിയാണു കൊണ്ടുപോയതെങ്കിലും ചെളിയുടെ പേരിൽ കുറച്ചു പിടുങ്ങി.(പുറത്തെ ചെളിയെ പോയുള്ളൂത്രെ,അകത്തു ഇനിയും ചെളി ബാക്കി) പണിക്കുറവ്,മറ്റു പല കുറവുകളും കൊണ്ടു പിന്നെയും കുറച്ചു.
    പിന്നെ ബഹറീന്റെ സ്വർണ്ണമായതു കൊണ്ടു പരിശുദ്ധിയിൽ മാത്രം കുറവു വരുത്തിയില്ല.
    അത്രയും ആശ്വാസം.
    അന്ന് കുഞ്ഞേട്ടനേയും കൂട്ടിനു കിട്ടിയിരുന്നെങ്കിൽ ഒരു ‘സ്മാൾ‘ അടിയ്ക്കാനുള്ളത് ഒപ്പിച്ചെടുക്കായിരുന്നു. ഇതെന്തെ , കുറച്ചു മുൻപെഴുതിയില്ല.

  27. രസികന്‍ said...

    എന്താ ചെയ്ക ... ഓരൊ വിജയത്തിനു പിന്നിലും ഒരു ക്രൈം ഒളിഞ്ഞു കിടപ്പുണ്ട് എന്നു പറയുന്നപോലെ ഓരൊ ഓഫറിനു പിന്നിലും ഓരൊ തട്ടിപ്പുമുണ്ടാകും. പരസ്യത്തിമു മുടക്കിയ മുതൽ തുടങ്ങി തറയിൽ മാർബിൾ പതിപ്പിച്ചതിനുവരേയുള്ള മുടക്കുമുതൽ തിരിച്ചുപിടിക്കണമല്ലൊ.
    പണിക്കൂലി ഈടാക്കിക്കൊള്ളട്ടെ ( ബിസിനസ്സിൽ മുടക്കുന്നവനു ലാഭം വേണമല്ലൊ) പക്ഷെ പണീക്കൂലി ഈടാക്കില്ല എന്നു കൊട്ടി ഘോഷിച്ചുകൊണ്ട് അതു കണ്ട് വരുന്ന കസ്റ്റമറെ കെണിയിൽ പെടുത്തരുത് എന്നുമാത്രം.
    ഞാനൊന്നും പറഞ്ഞിട്ടില്ലേ.............

  28. ബഷീർ said...

    കുഞ്ഞന്‍ ,

    സ്വര്‍ണ്ണക്കച്ചവടത്തിന്റെ മേഖലയെന്നത്‌ ചതിയില്‍ വഞ്ചന കൂട്ടിയതാണു. പഴയ സ്വര്‍ണ്ണം മാറ്റി പുതിയത്‌ വാങ്ങുമ്പോള്‍ ഇങ്ങിനെ പണിക്കുറവ്‌ ,ചളിക്കുറവ്‌, കാരറ്റ്‌ എന്നൊക്കെ പറഞ്ഞ്‌ മനുഷ്യനു മനസ്സിലാക്കന്‍ പറ്റാത്ത വേഗത്തില്‍ കാല്‍കുലേറ്ററില്‍ അടിച്ച്‌ ഒടുക്കത്തെ ഒരു വില പറയും .. പുതിയ സ്വര്‍ണ്ണവും പിന്ന് ബാക്കി പൈസയും കിട്ടുമെന്ന് കരുതി സ്വപ്നം കണ്ടിരുന്ന് പ്യാവം ഭര്‍ത്താക്കന്മാര്‍ കയ്യിലെ ബാലന്‍സും കടയില്‍ കൊടുത്ത്‌ മാനം നോക്കി (അഭിമാനം എന്ന മാനം ) ഇറങ്ങും ..

    ഒരു കാര്യം കൂടി എല്ലാവരോടു ഉണര്‍ത്തട്ടെ.. ഇപ്പോള്‍ ജ്വല്ലറികള്‍ തമ്മില്‍ ഭയങ്കര്‍ കോമ്പിറ്റേഷനാണു. വിവാഹ ആവശ്യത്തിനും മറ്റും സ്വര്‍ണ്ണം വാങ്ങണമെന്ന് കരുതുമ്പോഴേക്കും നമ്മുടെ അഡ്രസില്‍ കത്തു വന്ന് തുടങ്ങും .ഫോണിനും പൊറുതിയുണ്ടാവില്ല. ത്യശൂരുള്ള ജ്വല്ലറിയില്‍ നിന്ന് അടുത്തയിടെ പെങ്ങളുടെ മകള്‍ക്ക്‌ സ്വര്‍ണ്ണം വാങ്ങിയിരുന്നു. മൊത്തം സ്വര്‍ണ്ണത്തിന്റെ തൂക്കം x ‌ അന്നത്തെ വില + ഒരു പെര്‍സന്റ്ജ്‌ മാത്രം. പണിക്കൂലി കിണിക്കൂലി (അത്‌ എന്താണെന്ന് ചോദിക്കരുത്‌ ) ഒന്നുമില്ല. അവര്‍ ഇത്ര ശതമാനത്തിനു തരാമെന്ന് പറഞ്ഞിട്ടുണ്ട്‌ . നിങ്ങള്‍ക്കതില്‍ കുറച്ച്‌ തരാന്‍ കഴിയുമോ എന്ന് മറ്റ്‌ ജ്വല്ലറിക്കാരോട്‌ ചോദിക്കാം (കിട്ടിയാലായി )

    ഉദാ: പത്ത്‌ പവന്‍ ആഭരണം വാങ്ങുമ്പോള്‍ സാധാരണയായി
    ഗ്രാമിന്‍ ആയിരം വെച്ച്‌ (ഇപ്പോള്‍ കിട്ടില്ല )
    80 ഗ്രാം x 1000 =80000
    പിന്നെ എത്ര ആഭരണങ്ങള്‍ വാങ്ങിയിട്ടുണ്ടോ അതിനു ഓരോ ആഭരണത്തിനും വിത്യസ്തമായ പണിക്കൂലി ചൂരുങ്ങിയത്‌ പതിനായിരമെങ്കിലും കൂട്ടി 90000 കൊടുക്കണം

    എന്നാല്‍ മൊത്തം സ്വര്‍ണ്ണവിലായ 80000 ത്തിനു കൂടിയാല്‍ 2 പെര്‍സന്റ്‌ കൂട്ടി 81600 രൂപ കൊടുത്താല്‍ മതി അതായത്‌ 1600 രൂപമാത്രം കൂടുതല്‍ . ഇതിലും കുറച്ച്‌ കിട്ടാനും സാധ്യതയുണ്ടെന്ന് മനസ്സിലാക്കുക.

    കൂടാതെ 91.6. 95 എന്നതൊക്കെ വെറും നമ്പറുകള്‍

    കുഞ്ഞാ ഇത്‌ ഉപകാരപ്രദമായാ പോസ്റ്റ്‌.. എന്റെ കമന്റിനു നീളം കൂടിയതില്‍ ക്ഷമിക്കുക

    പിന്നെ ആ പിച്ചുകള്‍.. അതെനിക്കിഷ്ടായി.. അതല്ലേ അവര്‍ക്കപ്പോള്‍ ചെയ്യാന്‍ പറ്റൂ..

  29. കുഞ്ഞന്‍ said...

    ക്രിഷ് ഭായി..
    ബഹ്‌റൈനിലെ കൊക്കൊക്കോളയുടെ പുറത്തും ആലുക്കാസ് പരസ്യം..! ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് സ്വര്‍ണ്ണപ്പരസ്യത്തിന് കൂടുതല്‍ തുക മുടക്കുന്നത്..എനിക്കു തോന്നുന്നത് ഇത് വിവാഹ കാര്യത്തിലിള്ള വ്യത്യസ്ഥതകൊണ്ടായിരിക്കാം.

    കിനാവ് ജീ..
    സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു ഭൂരിഭാഗം പരസ്യങ്ങളിലും ചതിക്കുഴികള്‍ ഉണ്ട്.

    അനൂപ് ജി..
    വലിയ വലിയ ആഭരണ ശാലകളാണ് ഇത്തരം ചതിക്കുഴികള്‍ കൂടുതല്‍ ഉണ്ടാക്കുന്നത്.

    ഗീതേച്ചി..
    പാവങ്ങള്‍ അവര്‍ അവരുടെ ജോലി ചെയ്യുന്നു. ഞാനും ആസ്ഥാനത്തായിരുന്നാല്‍ ഇതിനേക്കാള്‍ ഭംഗിയായി ചേച്ചി ചേട്ടാ എന്നൊക്കെ വിളിച്ചേനെ. പക്ഷെ വിളമ്പുന്നവന്‍ അറിഞ്ഞില്ലെങ്കിലും കഴിക്കുന്നവന്‍ അറിയണം..വയറ് തന്റേതാണെന്ന്..!

    അനില്‍ ഭായി..
    നേരായ കാര്യം പറഞ്ഞിരിക്കുന്നു. പക്ഷെ വേണ്ടാന്നു വയ്ക്കുവാന്‍ നമുക്കാകുമൊ..?

    പിരിക്കുട്ടി ജി..
    അവിടത്തെ സെറ്റപ്പുകള്‍ കാണുമ്പോള്‍, കാല്‍കുലേറ്ററില്‍ കുറേ കുത്തിക്കൂട്ടലുകളൊക്കെ കാണുമ്പോള്‍ തുകകള്‍ ഒന്ന് തരം തിരിച്ച് തരുമൊ ചോദിക്കാന്‍ ചമ്മലായിരിക്കും.
    സാധനങ്ങള്‍ വാങ്ങാന്‍എവിടെപ്പോയാലും പരമാവധി കിഴിവ് ചോദിച്ചു വാങ്ങുക, ഈ കിഴിവ് കൊടുക്കാത്ത മെഡിക്കല്‍ ഷോപ്പുകാര്‍ ഇതിനും വലിയ കൊള്ളയാണ് ചെയ്യുന്നത്.

    അങ്കിള്‍ സാബ്..
    ആ പോസ്റ്റ് ഞാന്‍ വായിച്ചു,അങ്ങയുടെ നിരീക്ഷണ പാഠവത്തിനുമുന്നില്‍ ഒരു വലിയ സലാം പറയുന്നു

    കുറ്റ്യാടിക്കാരന്‍ ഭായി..
    അനുഭവങ്ങള്‍ അനുഭവങ്ങള്‍...അതാണ്.

    അഭിപ്രായങ്ങള്‍ പറഞ്ഞ മേല്‍പ്പറഞ്ഞ എല്ലാവര്‍ക്കും എന്റെ സന്തോഷം അറിയിക്കുന്നു

  30. smitha adharsh said...

    ഗീത ചേച്ചി പറഞ്ഞപോലെ ഞാനും ഞെട്ടിയില്ല..കാരണം,ഈ അബദ്ധം എനിക്ക് കുറെ പറ്റിയതാ..എന്നാലും പഠിക്കില്ല...കാരണം,നമ്മള്‍ മലയാളികളും,സര്‍വ്വോപരി ഞാന്‍ ഒരു പെണ്ണും ആയിപ്പോയില്ലേ?
    സ്വര്‍ണം വാങ്ങിയാല്‍ ഭാവിയിലേയ്ക്ക് കുറെ സമ്പാദിച്ചു വച്ചു എന്ന ഒരു അബദ്ധ ധാരണ ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ട്.

  31. Bindhu Unny said...

    സ്വര്‍ണ്ണക്കടയില്‍ പോയി ഇങ്ങനെ തര്‍ക്കിക്കാമെന്ന് അറിയിച്ചത് നന്നായി കുഞ്ഞാ.ഞാനായിട്ട് ഇതുവരെ സ്വര്‍ണ്ണം വാങ്ങീട്ടില്ല, അതിനാല്‍ ഇതിന്റെ technicalities അത്ര പിടിയില്ല. കേരളത്തില്‍ കൂണുപോലെ സ്വര്‍ണ്ണക്കടകള്‍ മുളച്ചുവരുന്നത് ടിവിയില്‍ കേട്ട് അത്ഭുതപ്പെടാറുണ്ട്. :-)

  32. രഘുനാഥന്‍ said...

    പ്രിയ കുഞ്ഞാ ...
    പറഞ്ഞതു മുഴുവന്‍ ശരി തന്നെ ....ആലപ്പുഴയിലുള്ള ഒരു ജൂവലറിയില്‍ സ്വര്‍ണം വാങാന്‍ പോയ എന്റെ കയ്യില്‍ തോക്ക് ഇല്ലാതിരുന്നത് ആ കടക്കാരന്റെ ഭാഗ്യം. അല്ലെങ്കില്‍ ഞാനവരുടെ കഥ കഴിച്ചേനെ.

  33. നരിക്കുന്നൻ said...

    കുഞ്ഞൻ ചേട്ടന്റെ പോസ്റ്റ് വളരെ നന്നായി. ഇത്തരം സന്ദർഭങ്ങളിൽ മറ്റുള്ളവർ എന്ത് കരുതുമെന്ന് കരുതി വാദിക്കാതെ ഇരുന്നാൽ നമ്മുടെ നല്ല കാശ് കണ്ടവൻ കൊണ്ട് പോകും. 2000 രൂപ അങ്ങോട്ട് കൊടുക്കേണ്ടി വരും എന്ന് പറഞ്ഞേടത്ത് 500 രൂപ പോക്കറ്റിലിട്ട് കുഞ്ഞൻ പോയില്ലേ. അതാണ് ചെയ്യേണ്ടത്. പലപ്പോഴും പലരും പതറിപ്പോകുന്നത് ഇല്ലാത്ത ജാഢ പുറത്താകുമോ എന്ന് കരുതിയാകും.

  34. ഷിജു said...

    കുഞ്ഞന്‍ ചേട്ടാ വരാന്‍ അല്‍പ്പം വൈകിപ്പോയി.ജി മനുചേട്ടന്‍ പറഞ്ഞതു പോലെ പെണ്‍പിള്ളേര്‍ ഉള്ളവര്‍ മാത്രമല്ല പുതുതായി വിവാഹം കഴിഞ്ഞവരും ഞെട്ടിപ്പോയി. ഇനി നാട്ടില്‍ വരുമ്പോള്‍ ഒന്ന് അറിയിക്കണേ എനിക്ക് കുറച്ച് പര്‍ച്ചേസിങ് ഉണ്ട്, വിഷമിക്കണ്ടാ ഞങ്ങള്‍ ത്രശ്ശൂരില്‍ വന്നേക്കാം

  35. Dr.Biji Anie Thomas said...

    വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.. ഇത്ര ശക്തമായി വാദിച്ചു സ്വര്‍ണക്കടക്കാര്‍ പറ്റിക്കാന്‍ വിടാതിരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..ഇത്രയും അറിവുകള്‍ പറഞ്ഞു തന്നതിനും നന്ദി..

    ഈ പറ്റിക്കലിനെ പറ്റി നന്നായറിയാവുന്നതു കൊണ്ടും എന്നാല്‍ ഇങ്ങനെ വാദിച്ച് ജയിക്കാന്‍ അറിയാത്തതു കൊണ്ടും ഞാന്‍ എന്റെ സ്വര്‍ണ ഭ്രമത്തെ മാറ്റിവെച്ച്, മിനിമം ആഭരണങ്ങളായ ഒറ്റ വളയും ഒറ്റ മാലയുമൊറ്റ ജോടിക്കമ്മലും, അതു പൊട്ടി പോണവരെ അതൊക്കെ മതീന്നു വെച്ചത്..

  36. Unknown said...

    kunjan,
    valare nalla post.njanum engane pattikalinu erayayitundu.. ariyillayirunnu ethinepatti onnum.
    avaru parayunnathu ketu porum.athukondu thanne epo swarnam vangan eniku deshya.. bharyede pichu kollata :)