Saturday, August 13, 2011

തീരുമാനം ശരിയൊ തെറ്റൊ..?

നാരായണേട്ടന് ഇലക്ട്രിസിറ്റിയാഫീസിൽ പെറ്റി കോണ്ട്രാക്ടറുടെ കീഴിൽ ലൈൻമാനായിട്ടായിരുന്നു ജോലി. ഒരു ദിവസം ഇലക്ട്രിക് പോസ്റ്റിലിരുന്ന് പുതിയ ലൈൻ വലിച്ചുകൊണ്ടിരിക്കുമ്പോൾ ലൈൻ കമ്പി മുകളിലുള്ള ഇലവൻ കേവിയിൽ കൊള്ളുകയും അതിലൂടെ ഷോക്കടിച്ച് പോസ്റ്റിൽ നിന്നും തെറിച്ച് താഴെ വീണ് നട്ടെല്ല് തകരുകയും ക്രിട്ടിക്കൽ സ്റ്റേജിൽ കുറെ മാസം അങ്കമാലി ആശുപത്രിയിൽ കിടക്കുകയും ചെയ്തു. പെറ്റി കോണ്ട്രാക്റ്ററുടെ കീഴിലായതുകൊണ്ട് ഇലക്ട്രിക് അധികാരികാരികൾ സ്നേഹപൂർവ്വം നാരായണേട്ടനെ കയ്യൊഴിഞ്ഞു. പിന്നെ നാട്ടുകാർ പിരിവിട്ടാണ് ആശുപത്രി ചിലവുകളും മറ്റു വഹിച്ചത്. ഇന്നിപ്പോൾ നാരായേട്ടന് സ്വയം സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യം മാത്രമെയുള്ളൂ, ഇതെല്ലാം പറയാൻ കാരണം, നാരായണേട്ടന് മക്കൾ രണ്ടു പെൺകുട്ടികൾ.. സുമയും, സിത്താരയും.

നാരായണേട്ടന്റെ വീട് വളരെ ചെറിയതാണ്, വീട്ടിലേക്കുള്ള വഴി പാടത്തിനു സമീപത്തീലൂടെ ഒരാൾക്ക് നടന്നുപോകാവുന്ന വീതിയിലുള്ളത്. ഇങ്ങനെയുള്ള ചുറ്റുപാടായതിനാൾ, പോസ്റ്റു ഗ്രാജേറ്റുകളായ സുമയുടെയും സിത്തുവിന്റെയും കല്യാണാലോചനകൾ പാറപ്പുറത്ത് തിരയടിക്കുന്നതുപോലെ ചിതറിപ്പോയിക്കൊണ്ടിരുന്നു. മൂത്തവളുടെ പ്രായം 29 കഴിഞ്ഞിരിക്കുന്നു, ആ സമത്ത് ആലുവായിൽ നിന്നും ഒരാലോചന വരുകയും ചെക്കന് മറ്റു കാഴ്ചപ്പാടുകളൊന്നും ഇല്ലാത്തതിനാലും നല്ലവനുമായതിനാൽ സുമയുടെ കല്യാണം ഒരു വിധം ഭംഗിയായി നടത്താൻ സാധിച്ചു. വർഷങ്ങൾ പൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു രണ്ടാമത്തെ കുട്ടിയായ സിത്താരക്ക് വയസ്സ് 28 കഴിഞ്ഞു, ആലോചനകൾ ധാരാളം വരുന്നുണ്ട് പക്ഷെ നിർദ്ധന കുടംബത്തിൽ നിന്നും, വഴിയില്ലാത്ത വീട്ടിൽ നിന്നും കല്യാണം കഴിക്കാൻ ആളുകൾക്ക് മടിയായിരുന്നു. രണ്ടു മാസം മുമ്പ് പറവൂരിൽ നിന്നും ഒരാലോചന സിത്താരയ്ക്ക് വന്നു. ചെക്കന് ഗൾഫിലാണ് ജോലി. ചെക്കനു വേണ്ടി ചെക്കന്റെ പെങ്ങളും ചേട്ടത്തിയും വന്നു കണ്ടു അവർക്കിഷ്ടമായി സിത്തുവിനെ. ഫോൺ വഴി സിത്തു ചെക്കനുമായി സാരിക്കുകയും, വീട്ടിലെ അവസ്ഥകൾ ഒന്നും ഒളിച്ചുവയ്ക്കാതെ ചെക്കനോട് പറയുകയും ചെയ്തു. പിന്നീടുള്ള കാര്യങ്ങൾ അതി വേഗത്തിൽ നീങ്ങി. നാരായണേട്ടനും ബന്ധുക്കളും കൂടി ചെക്കന്റെ വീട്ടിൽ പോകുകയും അവർക്ക് ചെക്കന്റെ വീട്ടുകാരെ ഇഷ്ടപ്പെടുകയും ചെയ്തു. പിറ്റേ ആഴ്ച ചെക്കന്റെ വീട്ടിൽ നിന്നും പത്തു പേർ സിത്തുവിനെ കാണാൻ വരുകയും, അവർ ഈ കല്യാണം ഉറപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു..വരുന്ന ആഗസ്റ്റ് 21 ഞായറാഴ്ച...

എന്നാൽ, സിത്താരയുടെ തീരുമാനം ചെറുക്കൻ വന്ന് നേരിൽ കണ്ടതിനു ശേഷം മാത്രം ഈ വിവാഹം തീരുമാനിച്ചാൽ മതിയെന്നാണ്, ചെക്കൻ ഈ ഡിസംബർ അവസാനമേ നാട്ടിൽ വരികയൊള്ളൂ... വീട്ടുകാരും ബന്ധുജനങ്ങളും സിത്തുവിനെ ശകാരിക്കുന്നു, ശാസിക്കുന്നു, ഭീഷിണിപ്പെടുത്തുന്നു, നിന്നെ കെട്ടാൻ ഇനി രാജകുമാരൻ വരും കാത്തിരുന്നോ...എന്നുവരെയായി കാര്യങ്ങൾ.. ഈ കല്യാണം ഒഴിയുകയാണെന്ന് ഇന്നലെ ചെക്കൻ വീട്ടുകാർ നാരായണേട്ടനെ അറിയിച്ചു... ഇനി പറയൂ

ഇന്നിന്റെ സ്ത്രീയായ സിത്താരയുടെ തീരുമാനമല്ലേ ശരിയായിട്ടുള്ളത്..?
നിർദ്ധരരായ മാതാപിതാക്കളുടെ കണ്ണീരിനു മുമ്പിൽ സിത്താര വഴിപ്പെടണോ..?
തന്റെ വീട്ടിലെ അവസ്ഥയിൽ വീണ്ടും ഇതുപോലെയൊരു ആലോചന വരില്ലെന്നുള്ള കാഴ്ചപ്പാടിൽ ഈ കല്യാണത്തിന് വരുന്നതുവരട്ടെ എന്നരീതിയിൽ വിധിയെന്നു പറഞ്ഞ് സമ്മതിക്കണമായിരുന്നോ...?


** സിത്താരയുടെ നിലപാടിനോട് ഈ ഞാൻ മാത്രമേ അനുകൂലിച്ചിട്ടുള്ളതെന്നു കൂടി പറയട്ടേ...

7 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    കുറെ നാളുകൾക്ക് ശേഷം വീണ്ടും ബൂലോഗത്തിൽ...

    ഇന്നിന്റെ സ്ത്രീയായ സിത്താരയുടെ തീരുമാനമല്ലേ ശരിയായിട്ടുള്ളത്..?
    നിർദ്ധരരായ മാതാപിതാക്കളുടെ കണ്ണീരിനു മുമ്പിൽ സിത്താര വഴിപ്പെടണോ..?
    തന്റെ വീട്ടിലെ അവസ്ഥയിൽ വീണ്ടും ഇതുപോലെയൊരു ആലോചന വരില്ലെന്നുള്ള കാഴ്ചപ്പാടിൽ ഈ കല്യാണത്തിന് വരുന്നതുവരട്ടെ എന്നരീതിയിൽ വിധിയെന്നു പറഞ്ഞ് സമ്മതിക്കണമായിരുന്നോ...?

  2. കൂതറHashimܓ said...

    നേരില്‍ കണ്ട് സംസാരിച്ച ശേഷം തീരുമാനിക്കുന്നത് തന്നെ നല്ലത്.

  3. Bibinq7 said...

    തീര്‍ച്ചയായും സിത്താരയുടെ തീരുമാനം ശരിയാണെന്നെ ഞാന്‍ പറയു.

  4. Manoraj said...

    സിത്താര തന്നെ ശരി..

  5. അനില്‍@ബ്ലോഗ് // anil said...

    സിതാര ഇയാളുടെ ഫോട്ടോ കണ്ടു കാണും എന്നാണ് മനസ്സിലാക്കേണ്ടത്. ഫോണിൽ സംസാരിക്കുകയും ചെയ്തു. തികച്ചും അന്ധമായ ഒരു അടിച്ചേല്പ്പിക്കലെന്ന് ഇതിനെ പറയാനാവുമോ?
    ഇനി വേണ്ടത് പ്രായോഗിക സമീപനമാണ്. പ്രായോഗികതയാണ് ജീവിതത്തെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത്.നേരിട്ട് കണ്ടേ കെട്ടൂ എന്നതൊക്കെ ഈ സാഹചര്യത്തിൽ ഒരു വാശിയെന്നെ പറയാനാകൂ. നേരിട്ട് കണ്ടാൽ മാത്രം മനുഷ്യന്റെ മനസ്സ് ചൂഴ്ന്ന് പരിശോധിക്കാനാവില്ലല്ലോ. ഇതൊരു സ്ത്രീ സ്വാതന്ത്ര്യ പ്രശ്നമായി കണക്കാക്കാതിരുന്നാൽ മാത്രം മതി.

    ഒരു രക്ഷിതാവിന്റെ റോളിൽ ഇതാണ് എന്റെ കമന്റ്. പഴഞ്ചനാണെന്ന് വിലയിരുത്തപ്പെടാം.

  6. Anil cheleri kumaran said...

    സിത്താരയുടെ കല്യാണം ആയത് കൊണ്ട് സിത്താരയുടെ തീരുമാനം തന്നെ ശരി.

  7. കുഞ്ഞന്‍ said...

    ഹാഷീം,കൊച്ചുബിബി,മനൊരാജ്, കുമാരൻ,, അഭിപ്രയത്തിന് നന്ദി, ഇവിടെ അനിൽ ഭായ് പറഞ്ഞതാണ് ഏറ്റവും അനുയോജ്യമായത്. സിത്താര ഒരു തവണ നേരിട്ടു കണ്ടു സംസാരിച്ചാൽ എത്രത്തോളം അയാളെ മനസ്സിലാക്കാൻ പറ്റും..?

    ചെക്കനെ കണ്ടിട്ടു തീരുമാനിച്ചാൽ മതിയെന്ന് പറഞ്ഞതിനു മറുപടിയായി ചെക്കൻ, എന്നാ വേണ്ടാ എന്നു പറയുന്ന നട്ടല്ലില്ലാത്ത ആ ചെക്കെനെ കെട്ടിയിരുന്നെങ്കിൽ..?