“കാണാമറയത്തിരുന്ന് അക്ഷരങ്ങളിലൂടെ പരസ്പരം അറിയുകയും , ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, എന്തിന് വിവാദവിഷയങ്ങളില്‍ വാക് ശരങ്ങള്‍ എയ്യുന്ന ബ്ലോഗേഴ്സ് തമ്മിൽ പോലും പറഞ്ഞറിയിയ്ക്കാനാവത്ത ഒരു സ്നേഹബന്ധം അദൃശ്യമായി ഈ ബൂലോകത്ത് ഉണ്ടാകുന്നുണ്ട്.. ഇതാണ്.. ഇതാണ്.. ഇതാണ്.. ശരിക്കും ഇന്ന് നമ്മള്‍ അറിയുന്ന ബൂലോഗത്തിന്റെ ശക്തിയും സൌന്ദര്യവും”
ബൂലോഗ സഞ്ചാരി നിരക്ഷരൻ ബഹ്‌റൈനിൽ ഔദ്യോഗികാർത്ഥം വരുന്നുണ്ടെന്നു കേട്ടപ്പോൾ മുതൽ, ഉത്സവപ്പറമ്പിൽ നിൽക്കുന്ന ബാല്യമാണെനിക്ക് തിരികെ കിട്ടിയത്.
തലേ ദിവസം തന്നെ ഒരു മൊബൈൽ മെസ്സേജിലൂടെ സജിച്ചായൻ എന്നെ ഒന്നുകൂടി ഓർമ്മപ്പെടുത്തിയിരുന്നു നിരക്ഷരൻ നാളെ തന്റെ വീട്ടിലുണ്ടാകുമെന്നും നിരുവിന് അടുത്തറിയാവുന്ന ചില കൂട്ടുകാരും അവിടെയുണ്ടാകുമെന്നും ആയതിനാൽ ഞാനും കുടുംബവും ഈ കൂടിച്ചേരലിൽ എത്തിച്ചേരണമെന്നും ഈ സ്നേഹസംഗമം മനോഹരമാക്കണമെന്നും...രാവണ നിഗ്രഹാർത്ഥം ലങ്കയിലേക്ക് ശ്രീരാമ സേന പാലം നിർമ്മിക്കുമ്പോൾ ഒരു അണ്ണാറക്കണ്ണൻ തനിക്കാവും വിധം ആ പാലം പണിയിൽ സഹായിക്കുന്നത് വീക്ഷിച്ച ശ്രീരാമൻ അണ്ണാറക്കണ്ണനെ സ്നേഹപൂർവ്വം തലോടുകയും അനുഗ്രഹിക്കുകയും ചെയ്തു...ഇക്കഥ ഇവിടെ പരാമർശിച്ചത് കുറച്ചുനേരമെങ്കിലും ഈ സ്നേഹ സംഗമത്തിൽ ഞാൻ അണ്ണാറക്കണ്ണനായി മാറിയെന്നതിലാണ്..!
ആകാംഷയോടെ അതിലേറെ സന്തോഷത്തോടെയാണ് സജിച്ചായന്റെ വീട്ടിലേക്ക് ഞാനും എന്റെ കുടുംബവും ഇരിങ്ങലും കുടുംബവും ചെന്നത്. വളരെ ഹൃദ്യമായ രീതിയിലാണ് സജിച്ചായൻ ഞങ്ങളെ സ്വീകരിച്ചത്. സജിച്ചായന്റെ വീടും ഞാൻ ആദ്യമായി കാണുകയായിരുന്നു. സജിച്ചായന്റെ വീടിന്റെ മനോഹാരിത ആരേയും അസൂയവാലുവാക്കും അത്തരത്തിലാണ് തന്റെ വീട് വൃത്തിയും വെടിപ്പുമായി കാത്തുസൂക്ഷിക്കുന്നത്. എന്നാൽ കുട്ടികളുടെ ഭിത്തിയിലെ കുത്തിവരകൾ വീടിന്റെ മനോഹാരിതയെ തെല്ല് കുറക്കുമെങ്കിലും സ്നേഹസ്വരൂപനായ ഒരു പിതാവിനെ എനിക്ക് സജിച്ചായനിൽ കാണുവാൻ സാധിച്ചു..
നീരുവിന്റെ പടം നന്ദപർവ്വത്തിൽ വരച്ചതുകണ്ടപ്പോൾ സുന്ദരനാണ് ഞാനെന്ന എന്റെ അഹങ്കാരമാണ് ഇല്ലാതായത് എന്നാലും മനസ്സിലുണ്ടായിരുന്നു നേരിൽ കാണുമ്പോൾ ഇത്രയ്ക്ക് ഭംഗിയൊന്നുമുണ്ടാകില്ലെന്ന് പക്ഷെ, നേരിൽ കണ്ടപ്പോൾ നിരക്ഷരൻ എന്ന മനോജ് ഭംഗി കൊണ്ടുമാത്രമല്ല പെരുമാറ്റം കൊണ്ടും അറിവുകൊണ്ടും മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റുന്നവനാണെന്ന് മനസ്സിലായി..
നീരുവിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതത്വവും അനുഭവപ്പെട്ടില്ല നിത്യവും കാണുന്ന എന്റെ അടുത്തൊരു കൂട്ടുകാരനെ കണ്ടതുപോലെയായിരുന്നു ഒരു പക്ഷെ ഇതായിരിക്കും ബ്ലോഗേഴ്സ് തമ്മിലുള്ള അദൃശ്യമായ ആ സ്നേഹ ബന്ധം..!
ഞങ്ങൾ ചെന്നപ്പോൾ അവിടെ നീരുവിനോടൊപ്പം നട്ടപ്പിരാന്തനും മോഹനേട്ടനും(പുത്തഞ്ചിറ) രഞ്ജിത്ത് വിശ്വേട്ടനും ഹാജരായിട്ടുണ്ടായിരുന്നു.
പിന്നീടുള്ള നിമിഷങ്ങൾ രസകരവും എന്നെന്നും ഓർമ്മയിൽ തങ്ങുന്നതുമായിരുന്നു. സജിമാഷിന്റെ ഗ്രന്ഥ ശേഖരം കണ്ട് അന്തംവിട്ടിരിക്കന്ന നീരുവിനോട് ഞാനാസത്യം വെളിപ്പെടുത്തി ഇതൊക്കെ സജിച്ചായൻ നീരുവരുന്നുണ്ടെന്നറിഞ്ഞ് രണ്ടുമൂന്ന് ദിവസം മുമ്പ് ഓടിനടന്ന് സംഘടിപ്പിച്ചതാണെന്ന്..!
നീരു പുസ്തകങ്ങളെല്ലാം ആർത്തിയോടെ തപ്പിനോക്കി അതില്‍ ഓരോ ബ്ലോഗ്ഗേഴ്സ് പ്രസിദ്ധികരിച്ച പുസ്തകങ്ങള്‍ പരിശോധിക്കുയയായിരുന്നു., കുറുമാന്‍, വിനോദ്, ബാജി തുടങ്ങിയ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങള്‍ എല്ലാം മറിച്ചു നോക്കി. പക്ഷെ അതില്‍ ദേവദാസിന്റെ “ഡില്‍ഡോ“ കാണാത്തതില്‍ പുള്ളിക്കാരന്‍ അസാരം സങ്കടപ്പെട്ടു കാരണം അത്തരത്തിലായിരുന്നു നട്ടാപ്പി ആ പുസ്തകത്തെപ്പറ്റി നീരുവിനോട് വർണ്ണിച്ചിരുന്നത്. ബ്ലോഗര്‍ അനില്‍ വെങ്കോട് ജയ് ഹിന്ദ് ചാനലില്‍ എല്ലാ ആഴ്ചയും നടത്തുന്ന വായന എന്ന എപ്പിസോഡില്‍ ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളെയും പരിചയപ്പെടുത്താറുണ്ടെന്നുള്ള കാര്യം എനിക്ക് പുതിയൊരറിവായിരുന്നു. വാക്കുകളെ അമ്മാനമാടുന്ന വേങ്കോട് മാഷ് ഇക്കാര്യത്തിൽ യോജിച്ചവൻ തന്നെ. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കാൻ വേങ്കോട് മാഷ്‍ വിശാലമനസ്കന്റെ “കൊടകരപുരാണം” കുത്തിയിരുന്ന് വായിക്കുകയാണെന്നും ഇങ്ങനെ പണ്ട് ഞാൻ വായിച്ചിരുന്നെങ്കിൽ അറ്റ്ലീസ്റ്റ് തന്റെ മാതാപിതാക്കളെങ്കിലും സന്തോഷിച്ചേനെയെന്നുപറഞ്ഞത് എന്നിൽ ചിരിയുണർത്തി.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൊച്ചുകുട്ടികൾ ഉത്സാഹത്തിമർപ്പോടെ ഞങ്ങളുടെ ഇടയിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. അവിടെ വന്ന കുട്ടികൾക്കെല്ലാം ഒരു പാർക്കിൽ ചെന്ന സന്തോഷമാണ് പ്രകടിപ്പിച്ചത് കാരണം കോട്ടയം അയ്യപ്പാസ് പോലെ അത്രക്കും വിശാലമായ മുറികളും കളിപ്പാട്ടങ്ങളുമാണ് സജിച്ചായന്റെ വീട്ടിലുള്ളത്.
കുറച്ചു കഴിഞ്ഞപ്പോൾ അജിത് നായരും കുടുംബവും എത്തിച്ചേർന്നു. നീരുവിന്റെ ഒരു അടുത്ത കുടുംബസുഹൃത്ത് കൂടിയാണ് അജിത്ത്. അജിത്ത് ബഹറൈനില്‍ വച്ച് ചിത്രികരിക്കുന്ന “നിലാവ്” എന്ന സിനിമയുടേ സംവിധായകനാണ്. എല്ലാവരും പിന്നെ നിലാവ് എന്ന സിനിമയെക്കുറിച്ചായി ചോദ്യങ്ങള്‍. ആ ചിത്രത്തിലെ ഗാനത്തിന്റെ മനോഹാരിത എടുത്ത് പറയത്തക്ക ഒന്നാണ്. പിന്നെ ഗായിക ചിത്രയുടെ സഹാനുഭൂതിയും യേശുദാസിന്റെ സഹാനുഭൂതവും അനുഭവത്തിലൂടെ പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്നവരുടെ മനസ്സിൽ ചില വിഗ്രഹങ്ങൾ തേജസ്വാകുകയും ചിലത് പൊട്ടിയുടയുകയും ചെയ്തു.
ഈസമയത്താണ് ബിജു നചികേതസ്സും പിന്നെ ബെന്യാമനും കുട്ടികളും വന്നത്. ഇവർ വന്നപ്പോൾ നട്ടപ്പിരാന്തൻ തന്റെ സീറ്റ് ഒഴിഞ്ഞുകൊടുക്കുയും പകരം മറ്റൊരു സ്ഥലത്ത് ആസനസ്തനാകുകയും ചെയ്തു പക്ഷെ അദ്ദേഹം ഇരുന്നത് ഒരു മൊബൈലിന്റെ പുറത്താണ്. ഇത് കണ്ട ഒരു ബൂലോഗപുലി വിളിച്ചു പറഞ്ഞു നട്ടപ്പിരാന്തൻ തന്റെ ആയുധംകൊണ്ട് മൊബൈലിനെ ധന്യമാക്കിയെന്ന് ഇത് വീണ്ടും കൂട്ടച്ചിരിക്ക് ഇടവരുത്തി.. ഈ സമയത്ത് സ്വാമി സജിയാനന്ദയുടെ കൂടെ ഹിമാലയത്തില്‍ പോയ പാലക്കാരനായ സ്വാമി ജയ്സനാന്ദയും കുടുംബവും എത്തി. അങ്ങിനെ കോറം തികഞ്ഞു.
ഇതിനിടയിൽ അനിൽ വേങ്കോടിനോടുമായി നീരു കുടുംബ കാര്യങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ, എത്ര നാളായി കല്യാണം കഴിഞ്ഞിട്ടെന്ന നീരുവിന്റെ ചോദ്യത്തിന് അനിലിന് മറുപടി പറയാൻ കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു. എന്തിനാണ് ഇത്ര നേരമെടുത്തത് എന്ന സജിച്ചായന്റെ ചോദ്യത്തിൽ അനിൽ പറഞ്ഞ മറുപടി “ എന്റെ അച്ചായാ ഞാൻ എന്റെ മൂത്ത കുട്ടിയുടെ വയസ്സ് കൂട്ടിനോക്കുകയായിരുന്നു അവന്റെ വയസ്സിനേക്കാൾ കുറഞ്ഞ നാളാണ് ഞാൻ പറയുന്നതെങ്കിൽ ഇവിടെയിരിക്കുന്ന ഈ പുലികൾ എന്നെ കുടഞ്ഞ് കീറും ”
നിമിഷങ്ങളിങ്ങനെ രസകരമായി പോകുമ്പോൾ അജിത്ത് ചറപറാന്ന് പടങ്ങൾ എടുക്കുന്നുണ്ടായിരുന്നു കൂടെ ഈ ഞാനും. ഫോട്ടൊഗ്രാഫിയിൽ അജിത്തിന്റെ മിടുക്ക് കണ്ടപ്പോൾ കുഞ്ഞുന്നാളിൽ ആനക്കാരനാകാനുള്ള എന്റെ ആഗ്രഹത്തെയാണ് എനിക്കൊർമ്മവന്നത്. അദ്ദേഹത്തിന്റെ ക്യാമറയായ നിക്കോൺ ഡി 3 യും മൂന്നുതരം ലെൻസുകളും അതിൽ പതിയുന്ന ചിത്രങ്ങളും കണ്ടപ്പോൾ, സജിച്ചായന്റെ നിക്കോൺ ഡി 90, എന്റെ സിഗ്മ, രഞ്ജിത്തേട്ടന്റെ ഡി 60, നീരുവിന്റെ ക്യാനൺ എന്നിവ കെട്ടിപ്പൂട്ടി കട്ടപ്പുറത്ത് കയറ്റിവയ്ക്കേണ്ടിവന്നു..!
പിന്നീടുള്ള നിമിഷങ്ങൾ ഗൌരവകരമായ വിഷയങ്ങളിലേക്ക് വഴുതിമാറി. പക്ഷെ എവിടെയും കാണുന്നതും സംഭവിക്കുന്നതുമായ ഒരു അപകടകരമായ അവസ്ഥ ഇപ്പോള്‍ ബൂലോഗത്തും സംഭവിക്കുന്നതിന്റെ ആശങ്ക എല്ലാവരും പങ്കുവച്ചു അതായിത് മതപരമായ ചര്‍ച്ചകളും, വഴക്കുകളും, സ്വന്തം മതത്തിന്‍െ ഗരിമ പറച്ചിലും ഇപ്പോള്‍ ബ്ലോഗിനെ വഴിതിരിച്ച് വിടുന്നുണ്ടോ എന്ന് ഒരു സംശയം എല്ലാവരും ഉന്നയിച്ചു. ഇത്തരം മതപരമായ ബ്ലോഗുകള്‍ അഗ്രിഗേറ്ററില്‍ നിന്നും നീക്കം ചെയ്യാന്‍ വല്ല വഴിയും ഉണ്ടോയെന്നും ബ്ലോഗേഴ്സ് ചര്‍ച്ചചെയ്തു.പണ്ട് അത്തരം നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും എന്തുകൊണ്ടോ അത് വിജയിച്ചില്ല..പക്ഷെ പതുക്കെപതുക്കെ മലയാളം ബൂലോഗം അതിന്റെ തനിമ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും വീണ്ടും കൂടുതൽ കരുത്തറ്റതായിത്തീരുമെന്നുള്ള പ്രത്യാശ എല്ലാവരിലുമുണ്ടായി. എന്നാൽ സെക്സ്പരമായ ബ്ലോഗുകൾ ഉണ്ടാകേണ്ട ആവിശ്യകതെ പറ്റി നട്ടാപ്പി വാചാലനാകുന്നതുകണ്ടപ്പോൾ ഗൌരവമായിരുന്ന ചർച്ചക്ക് ഇത്തിരി ലാഘവം വന്നു. . ..
പിന്നെ നിരു ബൂലോഗ കാരുണ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും മറ്റും വിവരിക്കുകയുണ്ടായി. അജിത്ത് ബൂലോഗ കാരുണ്യത്തിന്റെ അക്കൌണ്ട് കൈകാര്യം ചെയ്യാൻ ഓൺ ലൈൻ ബാങ്കിംങ് സംവിധാനത്തെപ്പറ്റി ഉന്നയിച്ച കാര്യങ്ങൾ ചർച്ചചെയ്യപ്പെട്ടു. ഇതിന്റെ സാധ്യതകളും പോരായ്മകളും ജെയ്സൺ ചൂണ്ടിക്കാട്ടി. ഇതിനിടയിൽ അജിത്തിന്റെ ഒരു സാധു സുഹൃത്തിന് അയാളുടെ നാട്ടിലുള്ള പെങ്ങളുടെ വൃക്ക തകരാറായതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യവും ബഹ്‌റൈൻ ബൂലോഗത്തിന് ഇതിൽ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോയെന്ന് ആരായുകയും അതിനുവേണ്ട നീക്കങ്ങളുണ്ടാകുകയും ചെയ്തു.
അജിത്തിന് ബൂലോഗ സഞ്ചാരിയായ നീരുവായി ഒരു അഭിമുഖ സംഭാഷണം റിക്കോഡ് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വേങ്കോട് മാഷ് ഇന്റർവ്യൂവറാകാമെന്ന് സമ്മതിച്ചു. എന്നാൽ എന്തുകൊണ്ടൊസംഗതി അപ്പോൾ നടന്നില്ല. കാരണം ആളുകളുടെ ചിരി നിന്നിട്ട് വേണ്ടേ എന്തെങ്കിലും ചെയ്യാന്‍. പരസ്പരം കളിയാക്കിയും, എന്നാല്‍ അത്തരം കളിയാക്കലുകള്‍ക്ക് അതിന്റെ നൂറിരട്ടി
ശക്തിയില്‍ തിരിച്ച് കൊടുത്തും ഒരു ചിരിയരങ്ങായിരുന്നു സത്യത്തില്‍ അവിടെ നടന്നത്.
എത്ര രാജ്യങ്ങൾ നീരു സന്ദർശിച്ചിട്ടുണ്ടെന്ന ഒരു ചോദ്യത്തിന് ഉത്തരം പറയാൻ നിരുവിന് വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യേണ്ടിവന്നു. പതിനാറിൽപ്പരം രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നും (ഇതിൽ രണ്ടുരാജ്യങ്ങൾ വീമനത്തിലിരുന്ന് മുകളിലൂടെ സഞ്ചരിച്ചവയാണ്) ഇനി ആരെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ ഒരിക്കലും ആദ്യം സ്വിസ്സർലാന്റിൽ പോകരുതെന്നും നിരു പറഞ്ഞപ്പോൾ, കെന്റക്കി ചിക്കൻ കഴിക്കരുതെന്ന് ആദിവാസിരോഗിയോട് ഡോക്ടർ കൊടുക്കുന്ന നിർദ്ദേശത്തേപ്പോലെയാണ് നീരുവിന്റെ ഈ ഓർമ്മപ്പെടുത്തലിനെ എനിക്ക് കാണാൻ കഴിഞ്ഞത്.ഇതിനിടയിൽ സജിച്ചായൻ വിഭവ സമൃദ്ധമായ ഭക്ഷണം ഓർഡർ ചെയ്ത് വരുത്തിയിരുന്നു. ഭക്ഷണത്തിന്റെ ഹൃദ്യമായ മണം മൂക്കിലേക്കാവാഹിച്ചപ്പോൾ ചർച്ചകൾ തുടരാൻ പിന്നീടാർക്കും മനസ്സ് വന്നില്ല..
നീരുവിന്റെ വലിയൊരു ആഗ്രഹമായിരുന്നു., പ്രശസ്തനായ നോവലിസ്റ്റ് ബെന്യാമിനെ കാണുകയെന്നത്., കാരണം അദ്ദേഹത്തിന്റെ “ആടുജീവിതം” എന്ന നോവല്‍ വായിക്കുന്ന എതോരു പ്രവാസിയും സ്വന്തം ജീവിതത്തെയായിരിക്കും അതിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുക.. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ആ നോവല്‍ വിശാലമായ ഒരു ക്യാന്‍വാസില്‍ സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിവരം ബെന്യാമിന്‍ നീരുവിനെ അറിയിച്ചു. മാത്രമല്ല “ആടുജീവിതം” യൂണിവേഴ്സിറ്റിയില്‍ പഠിക്കാനുള്ള പാഠപുസ്തകമായും തിരഞ്ഞെടുത്ത് കഴിഞ്ഞു. ആടുജീവിതം സിനിമയാക്കാൻ പോകുന്നുവെന്ന് അറിയുന്ന എന്റെ ചില മിത്രങ്ങൾ തലചൊറിഞ്ഞുകൊണ്ട് ബെന്യമിനെച്ചുറ്റിപ്പറ്റി വലയം വയ്ക്കുന്ന കാഴ്ചയും മഞ്ഞക്കണ്ണടയാൽ ഞാൻ കണ്ടു.
നല്ലൊരു ശാപ്പാട് കഴിച്ച ആലസ്യത്തിൽ തളർന്നിരിക്കുന്ന കൂട്ടുകാരെ കണ്ടപ്പോൾ, ക്യാമറയാൽ അത്ഭുതങ്ങൾ കാണിച്ച അജിത്, ഹിമാലയ യാത്രയിലെ സാഹസിക കഥകൾ പറഞ്ഞ് അമ്പരപ്പെടുത്തിയ സജിച്ചായൻ, യാത്രവിവരണങ്ങൾകൊണ്ട് ബൂലോഗത്തെ കയ്യിലെടുത്ത് അമ്മാനമാടിയ നിരക്ഷരൻ, മറ്റു ബൂലോഗ പുലികൾ ഇവരെയൊക്കെ ഒന്നു അമ്പരിപ്പിക്കാൻ ഈയുള്ളവനും ഒരു ചെറിയ ശ്രമം നടത്തി നോക്കി, എന്നാൽ.....
എന്നാല്‍ അവസാനം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അനില്‍ വായുവില്‍ നിഷ്പ്രയാസം പൊങ്ങി വെറും നാല് വിരലുകളുടെ ശക്തിയില്‍.....പിന്നെ അതിന്റെ പിന്നിലെ സയന്‍സും , ടെക്നിക്കും, ആ ചര്‍ച്ച പിന്നെ മാപ്പിള ഖലാസികളുടെ കഴിവും, ഈജിപ്തിലെ പിരമിഡും കഴിഞ്ഞു പാലയിലെ കുരിശ് പള്ളിയുടെ രൂപകൂടില്‍ കൊണ്ട് ചെന്ന് കെട്ടിയിട്ടപ്പോഴാണ് ജയ്സണ് സമാധാനമായത്.
നിമിഷങ്ങൾ അതിക്രമിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി..മടങ്ങുമ്പോൾ ഇത്രയും നല്ലൊരു അവസരം ഉണ്ടാക്കുവാൻ കാരണഹേതുവായ നീരുവിനോട് സ്നേഹപ്രകടനങ്ങൾ നടത്തുവാനും ആരും മടിച്ചില്ല..ഈ സ്നേഹപ്രകടനങ്ങൾ അനുഭവിച്ച് നിറഞ്ഞമനസ്സുമായും നിറകണ്ണുമായും ഞങ്ങളെ നിരക്ഷരൻ യാത്രയാക്കി, നാട്ടിൽ വരുമ്പോൾ തീർച്ചയായും നീരുവിന്റെ വീട് സന്ദർശിക്കണമെന്നുള്ള സ്നേഹക്ഷണം എന്റെ മനസ്സിൽ അപ്പോഴും തേന്മഴപോലെ പെയ്തിറങ്ങുന്നുണ്ടായിരുന്നു...
*** രുചികരമായ സൂപ്പുണ്ടാക്കിത്തന്ന അച്ചായത്തിയോട് പ്രത്യേകം നന്ദിരേഖപ്പെടുത്തുന്നു
*** ചില ചിത്രങ്ങൾ അജിത്തിന്റെതാണ്
*** കൂട്ടിച്ചേർക്കലും തിരുത്തലും നടത്തിയത് നട്ടാപ്പി സാജു
*** സംഗമം രസകരമാക്കിയ നിരക്ഷരൻ,സജിച്ചായൻ,അജിത് നായർ,മോഹനേട്ടൻ,രഞ്ചിത് വിശ്വേട്ടൻ,ബെന്യാമിൻ,അനിൽ വേങ്കോട്,നട്ടാപ്പി,ജെയ്സൺ,രാജു ഇരിങ്ങൽ പിന്നെ ഈയുള്ളവനും നന്ദിയും സ്നേഹവും പങ്കുവയ്ക്കുന്നു..
Tuesday, February 23, 2010
ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!
രചന : കുഞ്ഞന്‍ , ദിവസം : 6:13:00 PM 33 പ്രതികരണങ്ങള്‍
കാര്യം : ബഹ്‌റൈനിൽ നിരക്ഷര സംഗമം
Subscribe to:
Posts (Atom)