Saturday, August 30, 2008

നോമ്പ് ആശംസകള്‍..!

എന്റെ എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കും വിശുദ്ധിയുടെയും ത്യാഗത്തിന്റെയും ആത്മ സംസ്കൃതിയുടെയും പുണ്യ ദിനങ്ങള്‍ക്കായി ആശംസകള്‍ നേരുന്നു.

എന്റെയും കുടുംബത്തിന്റെയും റമളാന്‍ ആശംസകള്‍..!

Tuesday, August 26, 2008

ഒന്ന് രണ്ട് മൂന്ന് ഇന്ന് മൂന്ന്..!




രണ്ടായിരത്തി അഞ്ച് ഓഗസ്റ്റ് ഇരുപത്തി ഏഴ്

അന്നാണ് അഷ്ടമി രോഹണി...

അതായിത് ഭഗാവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം.

അന്ന് എന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ ചേര്‍ത്തു.

വീട്ടുകാര്‍ കാക്കത്തൊള്ളായിരം വഴിപാട് നേരുന്നു.

അതില്‍ രണ്ടു മൂന്നെണ്ണം അന്ന് അവള്‍ പ്രസവിക്കല്ലേയെന്നായിരുന്നു.

അതുപോലെ എന്റെയും പ്രാര്‍ത്ഥനയില്‍ അന്ന് അവള്‍ പ്രസവിക്കല്ലെയെന്നായിരുന്നു.

കാരണം ശ്രീകൃഷ്ണ ഭഗവാന്‍ ജനിച്ചതിന്റെ മുഖ്യ ഉദ്ദേശ്യങ്ങളിലൊന്ന് മാതുലനായ കംസനെ നിഗ്രഹം ചെയ്യുക എന്നതായിരുന്നു.
അപ്പോള്‍ ആ നാളില്‍ ആ ദിവസം ജനിക്കുന്ന എന്റെ കുഞ്ഞ്, കഷ്ടകാലത്തിന് എന്റെയൊ അവളുടെയൊ അമ്മാവന്മാരൊ ബന്ധുക്കളൊ തട്ടിപ്പോയാല്‍ ആ പഴി എന്റെ കുഞ്ഞിന് വന്നു ചേരും..!

ഇതുകൊണ്ടാണ് വീട്ടുകാര്‍ കൃഷ്ണന്റെ ജന്മദിനത്തില്‍ത്തന്നെ കുഞ്ഞ് പിറക്കല്ലെയെന്ന് വഴിപാടുകള്‍ നേര്‍ന്നത്.

എന്നാല്‍ ഈയുള്ളവന്‍ വഴിപാട് നേര്‍ന്നതിനു പിന്നിലുള്ള ചേതോവികാരം, ജനിക്കുന്ന കുഞ്ഞ് ആണാണെങ്കില്‍ അവന്‍ കൃഷ്ണ ഭഗവാന്റെ ലീലാവിലാസങ്ങല്ലാം കാണിച്ചാലൊയെന്ന് ഭയപ്പെട്ടിരുന്നു എന്തുകൊണ്ടെന്നാല്‍ നാട്ടിലെ നാരിമണികളെ നാരങ്ങ മുഠായി പോലെ അവന്‍ നുണഞ്ഞു നടക്കും..!

കൃഷ്ണ ഭഗവാനെ പഴിക്കാമെങ്കിലും അവന്റെ പിതാശ്രീയായ എന്നിലെ ജനിതകം അവനിലും ഉണ്ടാകുമല്ലൊ എന്നൊരു ഇത് എന്നെ അലട്ടിയിരുന്നു..!






ഇന്ന് എന്റെ മോന്‍ ആദിത്യയുടെ മൂന്നാം പിറന്നാള്‍. അഷ്ടമിരോഹണിയില്‍ ജനിച്ചില്ലെങ്കിലും തിരുവാതിര നാളില്‍ ജനിച്ച അവന്‍ ജനിതകം കാത്തുസൂക്ഷിക്കുന്നുണ്ട്.





നിങ്ങളുടെ അനുഗ്രഹം അവനിലുണ്ടാകണം എന്ന പ്രാര്‍ത്ഥനയോടെ..


സസ്നേഹം കുഞ്ഞന്‍

Monday, August 18, 2008

പെണ്ണു കെട്ടാന്‍..!

സര്‍വ്വ രാജ്യ ബാച്ചികളെ സംഘടിക്കുവിന്‍... നിങ്ങള്‍ക്ക് നഷ്ടപെടാന്‍ ഒരു ജീവിതം മാത്രം ... കിട്ടാനുള്ളതോ ബാച്ചികളില്ലാത്ത ലോകവും..!

പുര നിറഞ്ഞു നില്‍ക്കുന്ന ആണ്‍ബാച്ചികളെ, ഇതു നിങ്ങള്‍ക്ക്‌ നിങ്ങള്‍ക്കു വേണ്ടി മാത്രം..!!

ആദ്യം നിങ്ങള്‍ പുരനിറഞ്ഞു നില്‍ക്കുന്നവരാണൊ, അതൊ അതിനപ്പുറം കടന്നവരാണൊ എന്നൊക്കെ അറിയുവാന്‍ ചില ലക്ഷണങ്ങള്‍;

* മാതാശ്രീ നിങ്ങളോട്‌ 'ഡാ മോനെ എന്നൊക്കൊണ്ട്‌ വയ്യാതായി നിനക്കു വച്ചു വിളമ്പിത്തരാന്‍, ഇനി നിനക്ക്‌ ഇതില്‍ക്കൂടുതല്‍ സ്വാദോടെ കഴിക്കണമെന്നുണ്ടെങ്കില്‍.. ഉറപ്പിച്ചോളൂ നിങ്ങളെ കെട്ടിക്കാറായെന്ന്.

* മാതാപിതാക്കള്‍ നിങ്ങളോട്‌ 'ഡാ, മ്മടെ മടക്കത്താനത്തെ പാപ്പന്‍ ഒരാലോചനയുമായി ഇവിടെ വന്നു' ഈ ഡയലോഗ്‌ കേട്ടാല്‍ നിങ്ങള്‍, എന്താലോചന? ആര്‍ക്ക്‌? എനിക്കോ? കുറച്ചു കഴിയട്ടെ! ഇത്യാദി വാക്കുകള്‍ നവരസങ്ങളോടുകൂടി മൊഴിഞ്ഞിട്ടുണ്ടൊ എങ്കില്‍ നിങ്ങള്‍ പുരനിറഞ്ഞവന്‍ തന്നെ.

* 'ഡാ പരമൂ, ഞാന്‍ വെള്ളമടിയും വായ്‌ നോട്ടവും നിര്‍ത്തി'..ഇങ്ങനെ നിങ്ങള്‍ പറഞ്ഞാലും അനുമാനിക്കാം ഇതതിന്റെ മുന്നോടിയാണെന്ന്.

* നാലുപുത്തന്‍ കൈയ്യില്‍ വന്നുവെന്നും ഞാനും ഒത്തരാളായി എന്ന തോന്നലുണ്ടാവുക.

* നാട്ടുകാര്‍ ഒറ്റക്കും കൂട്ടാമായും നിങ്ങളുടെ വീട്ടില്‍ വന്ന് ചെക്കനെ എത്രയും പെട്ടെന്ന് കെട്ടിച്ചുവിടുക അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ കൈപ്പണിയുണ്ടാകും എന്ന മുന്നറിയിപ്പ്‌ തന്നിട്ടുണ്ടെങ്കില്‍ ഇതും‌ അതിന്റെ ലക്ഷണമാണെന്ന് ഊഹിക്കാം. കുറിപ്പ്‌: ഈ അറിയിപ്പ്‌ കിട്ടിയാല്‍ ഉടന്‍ പരിഹാരം തേടിയിരിക്കണം ഇല്ലെങ്കില്‍...

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ വച്ച്‌ നിങ്ങള്‍ പുര നിറഞ്ഞുനില്‍ക്കുന്നവാണെന്ന് കണ്ടെത്തുകായാണെങ്കില്‍ നിശ്ചയമായും ഞാന്‍ പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രദ്ധിക്കുക.

നാട്ടാരുടെ മുമ്പില്‍..


* കുടി, വലി, മുറുക്ക്, കുത്തിവയ്പ് എന്നീ നല്ല ശീലങ്ങള്‍ നിര്‍ത്തലാക്കുക. ഇനി അതിനു കഴിയില്ലെങ്കില്‍ പരസ്യമായി ചെയ്തിരുന്നത്‌ രഹസ്യമായി ചെയ്യുക.

* കലങ്കിലൊ കവലയിലൊ കൂട്ടുകാരൊത്ത്‌ പരദൂഷണം പറഞ്ഞിരിക്കുന്നത് അവസാനിപ്പിക്കുക.

* കുളി നോട്ടം, ഒളിഞ്ഞുനോട്ടം, വായനോട്ടം, തെളിഞ്ഞനോട്ടം എന്നീ നോട്ടങ്ങള്‍ നിര്‍ത്തിവയ്ക്കുക.

* ജോലി സൗകര്യാര്‍ത്ഥം മാത്രമെ പാന്റു ധരിക്കാവൂ, കഴിവതും മുണ്ടുടുത്ത്‌ മടക്കിക്കുത്തി നടക്കുക. എന്തെന്നാല്‍ നിങ്ങളെക്കാള്‍ പ്രായം കൂടിയവരെ കാണുമ്പോള്‍ ബഹുമാനം കാണിക്കുവാന്‍ വേണ്ടി മടക്കിക്കുത്തിയത്‌ വെപ്രാളത്തോടെ അഴിച്ചിടുക.

* സമീപ പ്രദേശത്തെ കല്യാണങ്ങളില്‍ പരമാവധി പങ്കെടുക്കുക, ക്ഷണിച്ചില്ലെങ്കില്‍ക്കൂടിയും. ഒരു കാര്യം ശ്രദ്ധിക്കുക അവിടെ കഠിനമുള്ള ഒരു ജോലിയും ചെയ്യരുത്‌ ആകെ ചെയ്യേണ്ടെത്‌ പെണ്‍ പടകളിരിക്കുന്ന സ്ഥലത്ത്‌ വെള്ളം മുറുക്കാന്‍ എന്നിവ വേണൊ വേണൊ എന്നു ചോദിച്ച്‌ കറങ്ങി നടക്കുക. അതുപോലെ സദ്യക്ക്‌ സ്ത്രീജനങ്ങളുടെ സൈഡില്‍ മാത്രം സദ്യ വിളമ്പാന്‍ കൂടുക.

* ആരാധാനാലയങ്ങളില്‍ പറ്റുമെങ്കില്‍ മൂന്നൊ നാലൊ തവണ പോയി പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുന്നതായി അഭിനയിച്ചാലും കുഴപ്പമില്ല.

* നാട്ടു വര്‍ത്തമാനം പറയുന്നത്‌ മദ്ധ്യവയസ്സുകഴിഞ്ഞ അമ്മമാരോട്‌ മാത്രമാക്കാന്‍ നോക്കണം. അവര്‍ പറയുന്ന സങ്കടങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ണും മൂക്കും തുടച്ച്‌ അവരുടെ സങ്കടത്തില്‍ പങ്കുചേരുക ( അവരുടെ കണ്ണും മൂക്കും അല്ലാട്ടൊ തുടക്കേണ്ടത്‌ നിങ്ങള്‍ സ്വയം നിങ്ങളുടെ അല്ലെങ്കില്‍ അവരെക്കൊണ്ടായാല്‍ ഭേഷ്..!)

* വൃദ്ധജനങ്ങള്‍ നിങ്ങളെ കാണുമ്പോള്‍, അവര്‍ നിങ്ങളോട്‌ "മോനെവിടെത്തെയാ..? കൊണ്ടോട്ടി....യുടെ തലതെറിച്ച സന്തതി അല്ലെടാ" എന്നൊക്കെ ചോദിക്കുമ്പോള്‍ മടിക്കുത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു കഷണം പുകയിലയൊ, വെറ്റിലയൊ, സിഗരറ്റൊ അവര്‍ക്കു നല്‍കുക.

വീട്ടാരുടെ മുമ്പില്‍..

* സന്ധ്യയാകുന്നതിനുമുമ്പ്‌ വീടണയാന്‍ നോക്കണം.

* വീട്ടില്‍ പരിശുദ്ധ ഗ്രന്ഥങ്ങളുണ്ടെങ്കില്‍ അതുറക്കെ വായിക്കണം, പ്രാര്‍ത്ഥനയില്‍ പങ്കുചേരുക.

* വീട്ടീല്‍ അമ്മയെ അടുക്കളപ്പണിയില്‍ സഹായിക്കുക ( തിന്നുതീര്‍ക്കുന്നതല്ലാട്ടൊ )

* സ്വന്തം വസ്ത്രങ്ങള്‍ തന്നത്താന്‍ കഴുകുക.

ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളെപ്പറ്റി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു ഒരു മതിപ്പും പിന്നെ ഒരു ഇതും വന്നിട്ടുണ്ടാകും. അത്‌ നിങ്ങള്‍ക്ക്‌ കല്യാണ മാര്‍ക്കറ്റില്‍ ഉപകാരമാകും.
*
*
*
*
വാല്‍ക്കഷണം... ഒരു ആറുമാസം മുമ്പ്‌ വരെയുള്ള കാര്യങ്ങള്‍ നാട്ടുകാര്‍ക്ക്‌ ഓര്‍മ്മയുണ്ടാകില്ല, ഓര്‍ത്തിരിക്കാന്‍ സമയമുണ്ടാകില്ല. അതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ചുനോക്കാന്‍ നാലൊ അഞ്ചൊ മാസം മെനക്കെട്ടാല്‍ മതി..!
*
*
*
*
*
*
അടുത്ത പോസ്റ്റിലുടനെ പ്രസദ്ധീകരിക്കുന്നു...പെണ്ണു കാണാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..ടംങ് ട ടൈയ്..(മ്യൂസിക്)

Tuesday, August 5, 2008

ഉറങ്ങാനുള്ള വിദ്യകള്‍..!

ഉറക്കം കിട്ടാനുള്ള കുറച്ച്‌ എളുപ്പവഴികള്‍...ശാസ്ത്രീയമായ അടിത്തറയുണ്ടൊന്നു ചോദിച്ചാല്‍ അതൊന്നും എനിക്കറിഞ്ഞുകൂടാ, പക്ഷെ മരുന്നൊ മദ്യമൊ ഇല്ലാതെയുള്ള ഉറക്കത്തിനുള്ള എന്റെ ചില വിദ്യകള്‍...നിങ്ങള്‍ക്കും ഇതുപോലത്തെ വിദ്യകളറിയാമല്ലൊ..

നിങ്ങള്‍ ഉറങ്ങാന്‍ വേണ്ടി കിടക്കുമ്പോള്‍...

ആദ്യം കിടപ്പ്‌ സുഖകരമായ അവസ്ഥയിലാക്കുക..അതിനുമുമ്പ്‌ വെള്ളം കുടിക്കണമെന്നുണ്ടെങ്കില്‍ വെള്ളം കുടിക്കുക അതുപോലെ മൂത്ര ശങ്കയും തീര്‍ത്തിരിക്കണം.. പിന്നെ കണ്ണുകളടക്കുക...ഇനി....

നിങ്ങള്‍ നിങ്ങളുടെ കുട്ടിക്കാലം ഓര്‍ക്കുക..കൂട്ടൂകാരൊത്ത്‌ കളിക്കുന്നതും ചിരിക്കുന്നതും..പ്രത്യേകം ശ്രദ്ധിക്കുക അടിപിടിയും മറ്റു വേദനിപ്പിക്കുന്ന സംഭവങ്ങളും ഏഴയലത്ത്‌ വരരുത്‌..അഞ്ചുമിനിറ്റിലുള്ളില്‍ നിങ്ങളുറങ്ങിയിരിക്കും അപ്പോള്‍ മുഖത്തൊരു മന്ദസ്മിതവും ഉണ്ടായിരിക്കും ഉറപ്പ്‌..!

നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ ടെറസ്സിലൊ അല്ലെങ്കില്‍ ഉയര്‍ന്ന പ്രദേശത്തൊ നില്‍ക്കുന്നതായി കാണുക അപ്പോള്‍ ആരും ചുറ്റുവട്ടത്തിലുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ഇപ്പോള്‍ നിങ്ങള്‍ പറക്കാന്‍ തുടങ്ങുകയാണ്‌. പതിയെ പൊങ്ങുന്നു മരങ്ങളുടെയും വീടുകളുടെയും ഇടയിലൂടെ..അങ്ങിനെ..പറക്കുമ്പോള്‍ താഴെ കുട്ടികള്‍ കളിക്കുന്നത് കാണുന്നു (ചില കാര്യങ്ങള്‍ ഒഴിവാക്കണം കാണരുതാത്ത കാര്യങ്ങള്‍ ഉദാ..കുളിസീന്‍)..പിന്നെ അടുത്ത്‌ ഏറ്റവും ഉയരം കൂടിയ കെട്ടിടമൊ മറ്റൊ ഉണ്ടെങ്കില്‍ അതിനെ ചുറ്റി നിങ്ങള്‍ മുകളിലേക്ക്‌ കുതിക്കുന്നു അങ്ങിനെ നിങ്ങള്‍ പറക്കുന്നു..വീമാനനത്തില്‍ കയറി യാത്ര ചെയ്തവര്‍ക്ക്‌, കാഴ്ചകള്‍ പെട്ടന്ന് ഓടിയെത്തും. ഞാന്‍ ചെയ്യുന്ന ഈ വിദ്യയില്‍ ഇവിടെ നിന്ന് പറക്കുമ്പോള്‍ (ബഹ്‌റൈന്‍), നാട്ടിലേക്ക് വഴിയറിയാത്തതിനാല്‍ നാട്ടിലേക്കുള്ള വീമാനത്തിന്റെ പുറകെ പറക്കുന്നതായി സങ്കല്പിക്കും. ഈ വിദ്യയില്‍ പ്രകാരം അഞ്ചൊ ആറൊ മിനിറ്റിനുള്ളില്‍ നിങ്ങളുറങ്ങിയിരിക്കും..തീര്‍ച്ച..!

തൊണ്ണൂറ്റൊമ്പത്‌ മുതല്‍ താഴേക്ക്‌ മനസ്സിലെണ്ണുക.. ഒന്നുവരെയെത്തുകയാണെങ്കില്‍ വീണ്ടും ഒരു പ്രാവിശ്യം കൂടി തൊണ്ണൂറ്റൊന്‍പതു മുതല്‍ താഴേക്കെണ്ണുക..നിശ്ചയമായും നിങ്ങളുറങ്ങിയിരിക്കും..അച്ചട്ട്‌..!

പാട്ട്‌ കേള്‍ക്കാം അധികം ഒച്ചയില്ലാതെ..അതും ഉറക്കത്തിലേക്കു കൂട്ടിക്കൊണ്ടു പോകും..!

ബോറടിപ്പിക്കുന്ന ഏതെങ്കിലും പുസ്തകങ്ങള്‍ വായിച്ചാലും ഉറക്കം വരും..!

പഠിക്കുന്ന കുട്ടികളാണെങ്കില്‍.. പഠിക്കുന്ന പുസ്തകം വായിച്ചാല്‍ മതി അല്ലെങ്കില്‍ വായിക്കണമെന്ന് തോന്നിയാലും മതി..ഉറങ്ങിയിരിക്കും..!

*
*
*
*
*
*
*
ദാമ്പത്യ ജീവിതത്തില്‍ പെട്ടന്നുള്ള ഗുഡ്നൈറ്റ് പറയല്‍ ഇണക്ക് ഇഷ്ടപ്പെടില്ല..!