Monday, May 12, 2008

തല’മുറ...!

ഈയവധിക്ക്‌ നാട്ടില്‍പ്പോയപ്പോള്‍, പറമ്പ്‌ കിളപ്പിക്കാനൊരു ആളെ കിട്ടുമൊയെന്നു തപ്പി ഒരു പണിക്കാരന്റെ വീട്ടില്‍പ്പോയി. അവിടെ ചെന്നപ്പോള്‍ അയാളുടെ ഇളയകുട്ടിയും പിന്നെ അടുത്തവീട്ടിലെ കുട്ടിയും വീടിന്റെ മുന്‍വശത്തിരുന്നു കളിക്കുന്നുണ്ടായിരുന്നു;

'മോനെ... അച്ഛനുണ്ടൊ...?

''ഇല്ലല്ലൊ..''

'എവിടെപ്പോയി'..?

''എവടെയ്ക്യാന്നറിയില്ലാ കാലത്തേ ഒരു ചേട്ടന്റെ കൂടെപ്പോയി''

'അച്ഛനിപ്പോള്‍ എന്താ ചെയ്യുന്നത്‌..?

''ഒന്നും ചെയ്യണില്ല''

ഈ വര്‍ത്തമാനം കേട്ടുനിന്ന അടുത്തവീട്ടിലെ കുട്ടി ഉടനെ പണിക്കാരന്റെ കുട്ടിയോട്‌;

'അയ്യേ... നിനൊക്കൊന്നുമറിയില്ല.., ഡാ ഒന്നും ചെയ്യാതെയാണോ നീയുണ്ടായത്‌'..?

വീട്ടുകാരന്‍കുട്ടി ഒരു നിമിഷം വൈകാതെ..,

"ഛീ.. നിനക്കു നാണമില്ലെഡാ ഇത്തരം വൃത്തികേട്‌ പറയാന്‍"..!!!

പണ്ടേ ട്യൂബ്‌ ലൈറ്റായ ഞാന്‍ ഈ എല്ലീഡി ബള്‍ബുകളുടെ മുമ്പില്‍ മിനിറ്റുകളോളം മിന്നിമിന്നി നിന്നു..!!!

ഇതിലെന്തിരിക്കുന്നുവെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും.. ഈ കുട്ടികള്‍ക്ക്‌ ഏകദേശം ആറൊ ഏഴൊ വയസ്സു മാത്രം..! അതായത്‌ ഇപ്പോഴത്തെ പിള്ളാരുടെയൊരു അറിവേ..!!!


ഇനി ഇരുപത്‌ വര്‍ഷങ്ങള്‍‍ പുറകോട്ട്‌...

അടുത്ത വീട്ടില്‍ ഞങ്ങളെല്ലാവരും കൂടി ടിവിയില്‍ ചിത്രഹാര്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക്‌ കെയര്‍ഫ്രീ നാപ്കിന്റെ പരസ്യം വന്നപ്പോള്‍ ആ വീട്ടിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന രവി അവന്റെ അച്ഛനോട്‌ ചോദിച്ചു;

‘അച്ഛാ, അതെന്തിന്റെ പരസ്യമാണ്‌‘..?

അവന്റെ അച്ഛന്‍ കുറുപ്പുചേട്ടന്‍ അവന്‍ ചോദിച്ച ചോദ്യം കേട്ടില്ലെന്നു ഭാവിച്ചു.

വീണ്ടും രവി ആ ചോദ്യമാവര്‍ത്തിച്ചു..

ഈ സമയം കുറുപ്പുചേട്ടന്‍ കൈകള്‍ കൂട്ടിത്തിരുമ്മുകയായിരുന്നു, അപ്പോളൊരു കക്ഷണം മഞ്ഞള്‍ ആ കൈയ്യില്‍ വച്ചുകൊടുത്തിരുന്നെങ്കില്‍ അത്‌ അരഞ്ഞു വന്നേനേ..!! അത്രക്കുണ്ടായിരുന്നു കുറുപ്പുചേട്ടനു നാണക്കേടുകൊണ്ടുള്ള ദേഷ്യം...##...ഇത്രയും ആളുകളുടെ മുമ്പില്‍ വച്ച്‌ ഇങ്ങനെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍.....

പക്ഷെ രവി വിടാനുള്ള ഭാവമില്ലായിരുന്നു, വീണ്ടും ചോദിക്കാനായി ആഞ്ഞപ്പോള്‍

"ഡ്ഢാ...പോയിരുന്നു പഠിക്കടാ", 'പത്താം ക്ലാസ്സിലാണെന്നുള്ള വിചാരമില്ലാതെ ടിവി കാണാനായിട്ടിരിക്കുന്നു'....***@#@***....