Sunday, June 29, 2008

ഴ..!

എന്ന അക്ഷരം പറയുവാന്‍ എന്താണ് ബുദ്ധിമുട്ട്..?

കാലങ്ങളായി അതിനൊരു മാറ്റമില്ല.. ക്കു പകരം ..!

Wednesday, June 18, 2008

വിധവന്‍..!



ദേ
.. ഡോക്ടറു പറഞ്ഞിട്ടുണ്ടല്ലൊ അച്ഛനോട്‌ സിഗരട്ട്‌ വലിക്കരുതെന്ന്.. എന്നിട്ട്‌ പാത്തും പതുങ്ങിയും വലിക്കുന്നു..


എന്തിനാ അച്ഛന്‍ കവലയില്‍ പോയിരിക്കുന്നത്‌..? വീട്ടിലിരുന്നാല്‍ മതി, ആളുകളെക്കൊണ്ടു പറയിപ്പിക്കാന്‍...


അവിടെ തുപ്പരുതെന്ന് അച്ഛനോട്‌ എത്ര പ്രാവിശ്യം പറഞ്ഞതാ..


ഏതു നേരം ഇങ്ങിനെ കിടക്കാതെ അച്ഛന്‌ ആ പറമ്പിലൊക്കെ ഒന്നു ഇറങ്ങി നടക്കരുതോ..


കാര്യങ്ങള്‍ അങ്ങിനെ പോകുന്നു...


എന്റെ ശാരദ ഉണ്ടായിരുന്നെങ്കില്‍......!!




ഒരു മനുഷ്യജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ ജീവിതം ഒരു പക്ഷെ ഭാര്യ മരിച്ചു പോയ അറുപത്‌ വയസ്സിനുമേല്‍ പ്രായമുള്ള ഭര്‍ത്താക്കന്മാരുടേതാണെന്നു ഞാന്‍ പറഞ്ഞാല്‍..............


*
*
*
*
*
*
*
*
*
*
*
*
*


കുറിപ്പ്: ലോകത്തിലെ ഏറ്റവും ഭാഗ്യവന്മാര്‍ യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭവും അനുഭവിക്കാത്തവരാണ്..!

Monday, May 12, 2008

തല’മുറ...!

ഈയവധിക്ക്‌ നാട്ടില്‍പ്പോയപ്പോള്‍, പറമ്പ്‌ കിളപ്പിക്കാനൊരു ആളെ കിട്ടുമൊയെന്നു തപ്പി ഒരു പണിക്കാരന്റെ വീട്ടില്‍പ്പോയി. അവിടെ ചെന്നപ്പോള്‍ അയാളുടെ ഇളയകുട്ടിയും പിന്നെ അടുത്തവീട്ടിലെ കുട്ടിയും വീടിന്റെ മുന്‍വശത്തിരുന്നു കളിക്കുന്നുണ്ടായിരുന്നു;

'മോനെ... അച്ഛനുണ്ടൊ...?

''ഇല്ലല്ലൊ..''

'എവിടെപ്പോയി'..?

''എവടെയ്ക്യാന്നറിയില്ലാ കാലത്തേ ഒരു ചേട്ടന്റെ കൂടെപ്പോയി''

'അച്ഛനിപ്പോള്‍ എന്താ ചെയ്യുന്നത്‌..?

''ഒന്നും ചെയ്യണില്ല''

ഈ വര്‍ത്തമാനം കേട്ടുനിന്ന അടുത്തവീട്ടിലെ കുട്ടി ഉടനെ പണിക്കാരന്റെ കുട്ടിയോട്‌;

'അയ്യേ... നിനൊക്കൊന്നുമറിയില്ല.., ഡാ ഒന്നും ചെയ്യാതെയാണോ നീയുണ്ടായത്‌'..?

വീട്ടുകാരന്‍കുട്ടി ഒരു നിമിഷം വൈകാതെ..,

"ഛീ.. നിനക്കു നാണമില്ലെഡാ ഇത്തരം വൃത്തികേട്‌ പറയാന്‍"..!!!

പണ്ടേ ട്യൂബ്‌ ലൈറ്റായ ഞാന്‍ ഈ എല്ലീഡി ബള്‍ബുകളുടെ മുമ്പില്‍ മിനിറ്റുകളോളം മിന്നിമിന്നി നിന്നു..!!!

ഇതിലെന്തിരിക്കുന്നുവെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും.. ഈ കുട്ടികള്‍ക്ക്‌ ഏകദേശം ആറൊ ഏഴൊ വയസ്സു മാത്രം..! അതായത്‌ ഇപ്പോഴത്തെ പിള്ളാരുടെയൊരു അറിവേ..!!!


ഇനി ഇരുപത്‌ വര്‍ഷങ്ങള്‍‍ പുറകോട്ട്‌...

അടുത്ത വീട്ടില്‍ ഞങ്ങളെല്ലാവരും കൂടി ടിവിയില്‍ ചിത്രഹാര്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക്‌ കെയര്‍ഫ്രീ നാപ്കിന്റെ പരസ്യം വന്നപ്പോള്‍ ആ വീട്ടിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന രവി അവന്റെ അച്ഛനോട്‌ ചോദിച്ചു;

‘അച്ഛാ, അതെന്തിന്റെ പരസ്യമാണ്‌‘..?

അവന്റെ അച്ഛന്‍ കുറുപ്പുചേട്ടന്‍ അവന്‍ ചോദിച്ച ചോദ്യം കേട്ടില്ലെന്നു ഭാവിച്ചു.

വീണ്ടും രവി ആ ചോദ്യമാവര്‍ത്തിച്ചു..

ഈ സമയം കുറുപ്പുചേട്ടന്‍ കൈകള്‍ കൂട്ടിത്തിരുമ്മുകയായിരുന്നു, അപ്പോളൊരു കക്ഷണം മഞ്ഞള്‍ ആ കൈയ്യില്‍ വച്ചുകൊടുത്തിരുന്നെങ്കില്‍ അത്‌ അരഞ്ഞു വന്നേനേ..!! അത്രക്കുണ്ടായിരുന്നു കുറുപ്പുചേട്ടനു നാണക്കേടുകൊണ്ടുള്ള ദേഷ്യം...##...ഇത്രയും ആളുകളുടെ മുമ്പില്‍ വച്ച്‌ ഇങ്ങനെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍.....

പക്ഷെ രവി വിടാനുള്ള ഭാവമില്ലായിരുന്നു, വീണ്ടും ചോദിക്കാനായി ആഞ്ഞപ്പോള്‍

"ഡ്ഢാ...പോയിരുന്നു പഠിക്കടാ", 'പത്താം ക്ലാസ്സിലാണെന്നുള്ള വിചാരമില്ലാതെ ടിവി കാണാനായിട്ടിരിക്കുന്നു'....***@#@***....

Monday, April 21, 2008

അബദ്ധം ആര്‍ക്കും പറ്റും..!

നാട്ടിലേക്കുള്ള ഒരു യാത്ര..

രാത്രി 11.05 നായിരുന്നു എന്റെ ഫ്ലൈറ്റ്‌ അതും നമ്മുടെ സ്വന്തം വീമാനത്തില്‍. ആയതിനാല്‍ 'നല്ല' സര്‍വ്വീസിനു പേരുകേട്ടിട്ടുള്ള വീമാനം ഞാന്‍ കാരണം വൈകിയെന്നു പറയിപ്പിക്കേണ്ട എന്ന നല്ല മനസ്സോടെ 8 മണിയായപ്പോഴേക്കും എയര്‍പോര്‍ട്ടില്‍ എത്തി. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ചേട്ടനും ചേച്ചിയും പറഞ്ഞതാണ്‌ എന്തെങ്കിലും കഴിക്കാന്‍. ആ സമത്ത്‌ എന്തു വിശപ്പ്‌...?

യാതൊരു പ്രശ്നവും കൂടാതെ ബോര്‍ഡിങ്ങ്‌ പാസ്സ്‌ കിട്ടിയപ്പോള്‍ വളരെയധികം സന്തോഷമായി. പിന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ചില സാധനങ്ങള്‍ വാങ്ങി, ബോര്‍ഡിങ്ങ്‌ പാസ്സില്‍ പറഞ്ഞിരിക്കുന്ന ഗെയിറ്റിനു സമീപം മനോരാജ്യങ്ങള്‍ കണ്ടിരിപ്പായി.

രാത്രി 11.05 പുറപ്പെടേണ്ടിരുന്ന എയറിന്ത്യാ എക്സ്പ്രസ്സ്‌ വീമാനം പുറപ്പെട്ടെത്‌ രാവിലെ 5.40 ന്‌. ഇതിനിടക്ക്‌ പച്ചവെള്ളം പോലും കഴിച്ചില്ല, കിട്ടിയില്ല, തന്നില്ല ( ഒരു കാപ്പിയെങ്കിലും തരാമായിരുന്നു ). പക്ഷെ അന്ന് യാത്രക്കാരുടെ ഐക്യവും അനൈക്യവും അറിയാന്‍‍ കഴിഞ്ഞെന്നു മാത്രമല്ല എങ്ങിനെയൊക്കെ വാക്കുകളിലൂടെ എയറിന്ത്യാ എക്സ്പ്രസ്സിനോട്‌ സ്നേഹപ്രകടങ്ങള്‍ നടത്താമെന്നതും കേള്‍ക്കാനും കഴിഞ്ഞു !!.

ശബരിമലക്കു പോകുന്ന മണ്ഡലക്കാലമായതിനാല്‍ ഞാനും നൊയമ്പ്‌ നോക്കിയിരുന്നു. അങ്ങിനെ തണുത്ത വിറച്ച ശരീരത്തോടും ദേഷ്യംകൊണ്ടും സ്വയം ശപിച്ചുകൊണ്ടും തിളക്കുന്ന മനസ്സുമായി ഫ്ലൈറ്റിലിരുന്നു പുറം കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്ന ഞാന്‍, എന്തോ ശബ്ദം കേട്ടിട്ട്‌ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചവണയില്‍ ആവി പറക്കുന്ന എന്തോ സ്നാക്സ്‌ പിടിച്ചു നില്‍ക്കുന്ന സുന്ദരിയായ വൃദ്ധകന്യകയെയാണു കണ്ടത്‌. വിശന്നിട്ടു കൊടലു കത്തിയ മണം വരുന്നുണ്ടായിരുന്നുവെങ്കിലും നൊയമ്പുള്ളതിനാല്‍, അവരോട്‌ is it veg ? എന്നു ചോദിച്ചു. ഞാന്‍ ചോദിച്ചതിനേക്കാള്‍ സ്പീഡില്‍ ആ സുന്ദരി whhhaatt... എന്ന് അന്തം വിട്ട മുഖഭാവത്തോടെ ഉറക്കെ തിരിച്ചു ചോദിച്ചു. ഒരു മിനിറ്റു നേരത്തേയ്ക്ക്‌ എനിക്കൊ ആ കോമളാംഗിക്കൊ എന്റെ അടുത്തിരുന്നവര്‍ക്കൊ ഒന്നും മനസ്സിലായില്ല. പിന്നെ എന്റെ ചമ്മലോടുകൂടിയുള്ള വിശദീകരണം കേട്ടപ്പോള്‍...........

സംഗതിയെന്തെന്നാല്‍, ആവി പറക്കുന്ന ആ സാധനം കണ്ടപ്പോള്‍ എന്റമ്മച്ചിയാണെ ഞാന്‍ വിചാരിച്ചത്‌ അത്‌ തിന്നാനുള്ള എന്തെങ്കിലുമായിരിക്കുമെന്നാണ്‌. ശബരിമലക്കു പോകണമെന്നുള്ളതിനാല്‍ അറിഞ്ഞൊ അറിയാതെയൊ നോണ്‍ വെജ്‌ കഴിക്കേണ്ടല്ലൊയെന്നുവിചാരിച്ചാണു ഞാന്‍ is it veg എന്നു ചോദിച്ചത്‌. പക്ഷെ അവര്‍ നീട്ടിത്തന്നത്‌ ചൂടുവെള്ളത്തിലിട്ട മുഖം തുടയ്ക്കുന്ന കടലാസായിരുന്നു...!

Sunday, April 13, 2008

കുട്ടികള്‍ക്കാണ് വിഷു..!


വിഷുവിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത്‌ വിഷുക്കൈനീട്ടമാണ്‌. അച്ഛന്‍ മരിക്കുന്നതുവരെ അച്ഛനാണ്‌ വിഷുക്കണിയൊരുക്കിയിരുന്നതും വിഷുകൈനീട്ടം ആദ്യം തരുന്നതും. അച്ഛന്റെ മരണ ശേഷം ആ റോള്‍ അമ്മ ഏറ്റെടുത്തു. എന്തൊകൊണ്ടൊ വിഷുദിനത്തില്‍ എന്റെ ബന്ധുക്കാരാടും അയല്‍വക്കക്കാരോടും വല്യ ബഹുമാനവും സ്നേഹമാണെനിയ്ക്ക്‌. ബഹുമാനം കൂടുന്തോറും വിഷുകൈനീട്ടത്തിന്റെ മൂല്യം കൂടുമെന്നുള്ളത്‌ അനുഭവം..!

കുട്ടിക്കാലത്ത്‌ വിഷുക്കനീട്ടങ്ങള്‍ കിട്ടിയാല്‍ ആ രൂപ സൈക്കിള്‍ വാടകക്കെടുത്ത്‌ ചവിട്ടിത്തീര്‍ത്താലെ മനസ്സിലെ പെടപിടപ്പ്‌ മാറുകയൊള്ളൂ. വിഷു എന്നെ മോഷ്ടാവാക്കാറുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ് ആരും കാണാതെ അയല്‍വക്കങ്ങളിലെ പറമ്പില്‍ നിന്നും കശുനണ്ടി കളക്ടുചെയ്ത് പടക്കം മേടിക്കാറുണ്ടായിരുന്നു. ‍ഇതിനുവേണ്ടി എത്ര രാവിലെ എഴുന്നേല്‍ക്കാനും ഒരു മടിയുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വേണ്ടി ഇത്ര രാവിലെ എഴുന്നേറ്റിരുന്നെങ്കില്‍...

ടക്കം പൊട്ടിക്കുമ്പോള്‍ ചില അബദ്ധങ്ങള്‍ പറ്റീട്ടുണ്ട്‌. മണ്ണണ്ണ വിളക്കു കത്തിച്ചുവച്ചിട്ടാണു പടക്കം പൊട്ടിക്കുന്നത്‌. പടക്കം താഴെ വീഴുന്നതിനു മുമ്പ്‌ പൊട്ടണം എന്നാലെ ഒരു 'ഇത്‌' ഉണ്ടാവൂ അങ്ങിനെ പടക്കത്തിനു പകരം മണ്ണണ്ണ വിളക്ക്‌ എറിഞ്ഞട്ടുണ്ട്‌. അതുപോലെ കത്തിച്ചെറിഞ്ഞ പടക്കം പൊട്ടാതാകുമ്പോള്‍ വീണ്ടും കത്തിക്കാന്‍ വേണ്ടി എടുക്കുമ്പോള്‍ അല്ലെങ്കില്‍ അടുത്തുചെല്ലുമ്പോള്‍ ഞാന്‍ പറ്റിക്കപ്പെടാറുണ്ട്‌ ഒറ്റപ്പൊട്ട്‌....!!

ടക്കം മേടിക്കാന്‍ കാശില്ലെങ്കില്‍, പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ ശേഖരിച്ച്‌ (മിക്കതിനും തിരിയുണ്ടാകില്ല) അതിലെ വെടിമരുന്ന് പുറത്തെടുത്ത്‌ അതിനുമുകളില്‍ ഒരു ചെറിയ കല്ല് (നന്നായി ഉരച്ച്‌ മിനുസപ്പെടുത്തിയത്‌) കയറ്റിവച്ച്‌ അതിനു മുകളിലേക്ക്‌ ഒരു ഭാരമുള്ള കല്ലെടുത്ത്‌ ഇടും അപ്പോളൊരു ഒന്നൊന്നര പൊട്ടുണ്ട്‌...!!!

പ്രവാസിയായതിന്റെ പേരില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളായി എനിക്ക്‌ വിഷു നനഞ്ഞ പടക്കം പോലെയാണ്‌.

പ്പോള്‍ പറഞ്ഞുവന്നത്‌ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ പേരിലും കുടുംബത്തിന്റെ പേരിലും വിഷു ആശംസകള്‍ നേരുന്നു..!

Saturday, December 8, 2007

ഒരു നാട്ടില്‍പ്പോക്ക്...!

അങ്ങിനെ ആ പ്രതീക്ഷിച്ചിരുന്ന ദിവസം വളരെയടുത്തുകൊണ്ടിരിക്കുകയാണ്‌.

പ്രിയ കൂടപ്പിറപ്പുകളെ,

രണ്ടുകൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ഞാന്‍ 60 ദിവസത്തെ അവധിക്ക്‌ നാട്ടില്‍ പോകുകയാണ്‌. പകരക്കാരനായി ഒരു ഗുമസ്ഥന്‍ എന്റെ കൂടെ കൂടിട്ടുള്ളതുകൊണ്ട്‌ ബൂലോകത്ത്‌ കഴിഞ്ഞ കുറെ ദിവസമായി അശേഷം ശ്രദ്ധ കൊടുക്കുവാന്‍ പറ്റാറില്ല.

കഴിഞ്ഞ തവണകളിലെ അവധികളില്‍, ഒരു പ്രവാസിയുടെ എല്ലാവിധ വിചാര വികാരങ്ങളോടെ നാട്ടില്‍ പോയെങ്കിലും പല പല പ്രശ്നങ്ങള്‍ മൂലം അവധി സന്തോഷപ്രദമാക്കാന്‍ പറ്റീട്ടില്ല...

ഒരു പാള വെള്ളം കിണറ്റില്‍ നിന്ന് തലവഴി കോരിയൊഴിക്കുമ്പോഴും
പുഴയില്‍ മുങ്ങി നിവരുമ്പോഴും
അമ്മയുടെ മടിയില്‍ക്കിടന്ന് അമ്മയുടെ ചുക്കിച്ചുളിഞ്ഞ കൈകൊണ്ട്‌ തലയില്‍ തലോടിപ്പിക്കുമ്പോഴും
മനയ്ക്കലെ നല്ല പുളിയന്‍ മോരും
പിന്നെ അമ്മയുടെ കൈപ്പുണ്യമുള്ള സ്നേഹമുള്ള കറികള്‍കൊണ്ട്‌ ചോറുണ്ണുമ്പോഴും,
മോന്റെ കൈപിടിച്ച്‌ പാടവരമ്പത്തുകൂടി നടക്കുമ്പോഴും
അമ്പലത്തിലെ അരയാല്‍ത്തറയിലിരുന്ന് അവന്‌ കുഞ്ഞിക്കഥകള്‍ പറഞ്ഞുകൊടുക്കുമ്പോഴും
ഞാന്‍ ചിലപ്പോള്‍ ബൂലോകത്തെ ഓര്‍ത്തെന്നിരിക്കില്ല.

അപ്പോ ശരി............................

Thursday, November 29, 2007

ഇരിങ്ങലിന്റെ കവിത മാതൃഭൂമിയില്‍...!

ശ്രീ ഇരിങ്ങലിന്റെ പുത്രന്‍ ആരുഷ് മോന്റെ മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ മാതൃഭൂമി ഗള്‍ഫ് എഡിഷനില്‍ വന്ന ‘ ഒരു വിളിയില്‍ ഒതുങ്ങാത്തത് ’ എന്ന കവിത ബൂലോകത്തിനു വേണ്ടി ഞാന്‍ അഭിമാനപൂര്‍വ്വം പുന:പ്രസ്ദ്ധീകരിക്കുന്നു.
വിരഹവും വേദനയും സ്നേഹവും ഒരുമിക്കുന്ന പ്രവാസ ജീവിതത്തിന്റെ ഒരു തനിപ്പകര്‍പ്പാണ് ഈ കവിത.
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍
കടപ്പാട് : മാതൃഭൂമി