Wednesday, October 28, 2009

ഫോട്ടൊ..!

ഐഷുമ്മോ...ന്താ പുള്ളേ...
ഹജ്ജിനു പോകേണ്ടേ..?
പിന്നേ...
എന്നാ പാസ്പ്പോർട്ട് എടുക്കണം..
അതിന് ഫോട്ടൊ വേണം..
എടുത്തോ എടുത്തൊ എത്ര വേണമെങ്കിലും ജ്ജ് എടുത്തോ..

****************************************

സൂറാബി...എന്തെഡാ..
തിരിച്ചറിയൽ കാർഡിന് ഫോട്ടൊ എടുക്കണം..
അതിനെന്താ.. ഞാനീവേഷം മാറി ടപ്പേന്ന് വരാം..

****************************************

ഹസ്സനാരിക്കാ.. മോളേ എഞ്ചിനീയറിങ്ങിന് ചേർക്കേണ്ടെ..?
പിന്നെ വേണ്ടെ, അടുത്തമാസം കോഴിക്കോട് കോളേജിൽ ചേർക്കണം..
ചേർക്കുമ്പോൾ ഫോട്ടോ വേണ്ടേ..?
അതൊക്കെ ഞമ്മള് എപ്പഴേ എടുത്തുവച്ചുകഴിഞ്ഞു പഹയാ..

*****************************************

നോക്കൂ..മുകളിൽ പറഞ്ഞ സംഭവങ്ങൾ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു പൊതുവകുപ്പ് ഫോട്ടൊ എടുക്കണമെന്ന് പറഞ്ഞാൽ എന്തുകൊണ്ട് ഫോട്ടൊ എടുത്തുകൂടാ.. ഇന്നലെ കണ്ണൂരിൽ വോട്ടുചെയ്യുന്നവരുടെ പടമെടുക്കുമെന്ന് പറഞ്ഞപ്പോൾ..ഫോട്ടൊ എടുക്കേണ്ടാന്ന്.. എത്ര ബാലിശമായ കാരണമാണ് ഒരു രാഷ്ട്രീയ പാർട്ടി ചൂണ്ടിക്കാണിക്കുന്നത്..ഒരു ജനവിഭാഗം മൊത്തം തെറ്റിദ്ധരിക്കപ്പെടുകയാണ്.

Monday, October 12, 2009

വീണ്ടുമൊരു സ്വർണ്ണച്ചതിക്കുഴി..!

ദൈവമേ എന്തൊരു കളിപ്പീര്..!!

ഇത്തവണയും നാട്ടിൽ പോയപ്പോൾ, എന്റെ വാമഭാഗത്തിന് വീണ്ടുമൊരു അതിമോഹം കഴിഞ്ഞതവണ വാങ്ങിയ കമ്മൽ മാറ്റി പകരം ഒരു പുതിയ കമ്മൽ വാങ്ങുകയെന്നത്. ഈ കമ്മൽ വാങ്ങിയപ്പോളുണ്ടായ സംഭവബഹുലമായ കഥ മുമ്പ് പോസ്റ്റിയിട്ടുണ്ട്. ദേ ഇതാണ് ആ പോസ്റ്റ്

ശരി പകരത്തിന് പകരമല്ലെ കൂടാതെ അധികം സാമ്പത്തിക നഷ്ടം വരുകയുമില്ലല്ലൊ എന്ന ചിന്തയാൽ എറണാകുളം മഹാനഗരത്തിലെ എംജി റോഡ് തുടങ്ങന്ന സ്ഥലത്തുള്ള ഒരു ബഹുനില സ്വർണ്ണവ്യാപാര പീടികയിലേക്ക് വണ്ടി ഒതുക്കി. ആ സമയം ഒരു സെക്യൂരിറ്റി ചേട്ടൻ വണ്ടിയുടെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു താക്കോൽ വണ്ടിയിൽത്തന്നെ ഇട്ടോളു എന്നിട്ട് പീഡികയിലേക്ക് പൊക്കോളൂയെന്നും പറഞ്ഞതിനാൽ പാർക്കിങ്ങിന്റെ തലവേദനയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ ഞങ്ങൾ പീഡികയിലേക്ക് കയറി...

സർ..എന്താണ് വേണ്ടത്?
ഞാൻ..ഒരു കാപ്പി..
അത് സാർ ഞാൻ ചോദിച്ചത് എന്താണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ്...ഡിം..!

ആ ചുറുചുറുക്കുള്ള സുന്ദരൻ ഞങ്ങളെ കമ്മൽ വിഭാഗത്തിലേക്ക് ആനയിച്ചു. അങ്ങിനെ ഒരുപാട് തിരച്ചിലിനൊടുവിൽ ഒരു കമ്മൽ എനിക്കും നല്ലപാതിക്കും ഇഷ്ടമായി.

സർ ക്യാഷാണൊ അതൊ കാർഡൊ? എന്റെ പൊന്നു മച്ചാ..ന്റെ കയ്യിൽ കാശില്ല കുറച്ച് പഴയ സ്വർണ്ണം ഉണ്ട് സൊ അത് വാങ്ങിയിട്ട് ഈ കമ്മൽ ഞങ്ങൾക്ക് തരൂ.. ശരി ശരി..ഞാനീ സ്വർണ്ണം എത്ര ശുദ്ധിയുണ്ടെന്ന് നോക്കട്ടെ എന്നു പറഞ്ഞ് ടി സുമുഖനായ സെയിത്സുമാൻ എങ്ങോട്ടൊ പോയി..

ആ സമയം ഞാൻ ചുറ്റുപാടും ഒന്നു നോക്കി..നാലഞ്ചു പവൻ എടുക്കാൻ വന്ന മറ്റു കസ്റ്റമേഴ്സിന് കൂൾഡ്രിങ്സ്,ചായ എന്നിവ കൊടുക്കുന്നു എന്നാൽ അരപ്പവന്റെ കമ്മലെടുക്കാൻ വന്ന ഞങ്ങൾക്ക്....

സാർ..ഈ പഴയ സ്വർണ്ണം 8.5 ഗ്രാമുണ്ട്, പുതിയ കമ്മൽ ഏഴുഗ്രാമും ആയതിനാൽ എല്ലാം തട്ടിക്കിഴിച്ചു നോക്കുമ്പോൾ സർ ഒരു 700 രൂപ ഇങ്ങോട്ട് തരണം..!!!

ഹെയ് എന്താ ഭായി നിങ്ങളീ പറയുന്നത് 700 രൂപ അങ്ങോട്ട് തരാനൊ..ശരി ശരി ആ കണക്കൊന്ന് പറയാമൊ..ടിയാൻ പിന്നെ കാൽക്കുലേറ്ററെടുത്ത് കുത്തിക്കുത്തി ഒരു തുണ്ടു പേപ്പറിൽ കാര്യങ്ങൾ എഴുതിത്തന്നു..സംഗതി ഇങ്ങനെ..

പുതിയ കമ്മൽ 7 ഗ്രാം ഒരു മില്ലി
1415.00 ഒരു ഗ്രാമിന്
വാറ്റ് 4%
പണിക്കൂലി 21%

പഴയ ഉരുപ്പടി 8.5 ഗ്രാം
ഉരുപ്പടിയിലുള്ള അഴുക്കിന് കുറവ് 2%

ആകെ മൊത്തത്തിൽ നിന്നും പഴയ ഉരുപ്പടി കുറക്കുമ്പോൾ 700 രൂപ അങ്ങോട്ട് കൊടുക്കണം...

ഛായ്...അതെങ്ങിനെ മാഷെ..ഒന്നാമത് പഴയ ഉരുപ്പടി ഒന്നര ഗ്രാം കൂടുതലുണ്ട് പിന്നെ വിലയിൽ ഒരു കുറവും വരുത്തുകയില്ലെന്നുള്ള പ്രസ്താവനകൾ വാഗ്ദാനങ്ങൾ.. രണ്ടാമത് നിങ്ങൾ പണിക്കൂലിയൊന്നും ഈടാക്കുന്നതല്ലെന്ന് പറഞ്ഞിട്ട്.. 21% പണിക്കൂലിയൊ..?? ശിവ ശിവ..! മറ്റുള്ള പീഡികയിലൊക്കെ മാക്സിമം 14% ആണല്ലൊ പണിക്കൂലിയെടുക്കുന്നത്... അമ്മേ രക്ഷതു...

സർ..ഇത് പ്രത്യേകതരം മെഷിയൻ കട്ടിങാണ്,,ഞാൻ മാനേജറുമായി ഒന്നു സംസാരിക്കട്ടെ എന്നിട്ട് സാറിന് കിഴിവ് നേടിത്തരാൻ ശ്രമിക്കാം... ന്നാ ശീഘ്രം ചെയ്യടാ സുന്ദരക്കുട്ടപ്പാന്ന് ഞാൻ ഉള്ളിൽ പറഞ്ഞു..

ടിയാൻ മേലധികാരിയുടെ അടുത്തേക്ക് പോയപ്പോൾ, ഞാൻ ശുമ്മാ ആ കണക്കൊക്കെ ഒന്നു കൂട്ടി നോക്കി..അമ്പടാ പണിക്കൂലി 21% ഏതാണ്ട് രണ്ടായിരം രൂഫ ഒരു കുഞ്ഞ് കമ്മലിന്..ഞാൻ നല്ലപാതിയെ നോക്കി..സത്യം പറയാമല്ലൊ ഈ സമയങ്ങളിൽ പൊണ്ടാട്ടി കണ്ണുമിഴിച്ചുകാട്ടുന്നുണ്ടായിരുന്നു(ആ പയ്യനെയല്ലാ എന്നെ എന്നെയാണ്,തെറ്റിദ്ധരിക്കല്ലേ..)കൈയ്യിൽ നുള്ളുന്നു(ബാച്ചികൾക്ക് ഇത് മനസ്സിലാകില്ല)...

സർ..ഞാനെല്ലാം മാനേജറപ്പനോട് പറഞ്ഞ് ഒരുവിധം ശരിയാക്കിട്ടുണ്ട് ആനാ സാറിന് കണ്ടിപ്പാ കിഴിവ് കെടച്ചിടും..!

അങ്ങിനെ ഞാൻ ക്യാഷ് കൌണ്ടറിന്റെ മുന്നിൽ ക്യൂ നിന്നു...ടി കൌണ്ടറിലെ സുമുഖൻ ശശാങ്കൾ ഒരു ബില്ല് തരികയും അത് മാനേജറപ്പനെ കാണിക്കാനും പറഞ്ഞു..മാനേജറപ്പന്റെ മുന്നിൽ റാൻ പറഞ്ഞ് നിന്നു. ഭവാൻ ആ ബില്ലിലെ മൊത്തം തുക നോക്കീട്ട് ഒറ്റ വെട്ട് എന്നിട്ടവിടെ എഴുതി രൂഫ മുന്നൂറ്...! ആ ബില്ലുമായി ഞാൻ വീണ്ടും ആ ശശാങ്കന്റെയടുത്ത് ചെന്ന് കാശ് ഒടുക്കി എന്നിട്ട് ആ ബില്ലുമായി സാധനം ഡെലിവെറി ചെയ്യുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെ നിന്ന് സാധനം അതുതന്നെയാണെന്നും ബില്ലിലെ തൂക്കത്തിനനുസരിച്ചുള്ള സാധനമാണൊയെന്നും നോക്കി തിട്ടപ്പെടുത്തി അതിനുശേഷം ബില്ല് ശുമ്മാ പരിശോധിച്ചപ്പോൾ..ദേ കിടക്കണൂ പണിക്കൂലി 17% എന്ന് നല്ലക്ഷരത്തിൽ..അമ്പടാ മാനേജറപ്പാ ഇതാണല്ലെ അപ്പൊ എനിക്കു തന്ന കിഴിവ്... 21% പണിക്കൂലി ഈടാക്കിയിട്ട് അതിൽ 4% ഡിസ്കൌണ്ടാക്കി 17% പണിക്കൂലി ഈടാക്കിയതിൽ ഉണ്ടായ വ്യത്യാസമാണ് മാനേജറപ്പന്റെ ദാക്ഷണ്യമായ 400 രൂപ...


ഇതിപ്പൊ എന്റെ കൈയ്യിൽ നിന്നും ആയിരം രൂപ കടം വാങ്ങിയിട്ട് 500 രൂപ എനിക്കുതന്നെ കടമായി തന്നതുപോലെയായി,ഇതങ്ങിനെ വിട്ടാൽ പറ്റില്ലല്ലൊ.. അമ്പടാ സ്വർണ്ണക്കച്ചവടക്കാരാ...

എന്റെ മനേജറുമാഷെ നിങ്ങളുടെ സെയിത്സുമാൻ ചുള്ളപ്പൻ പറഞ്ഞത് 14% പണിക്കൂലിയാണ് ഞങ്ങളും ഈടാക്കുകയൊള്ളൂന്നാണല്ലൊ....ഞാൻ ശുമ്മാ കാച്ചി... ഉവ്വൊ ആ ശപ്പാണ്ടി അങ്ങിനെ പറഞ്ഞോ എന്നാ ആ ബില്ലിങ് താ മാഷെ...ഡിം ഡിം ഡിം ചില കണക്കുകൂട്ടലൊക്കെ നടത്തിയിട്ട് അതിൽ ടിയാൻ 100 എന്ന് വരച്ചു എന്നിട്ട് പറഞ്ഞു ഇതുമായി കൌണ്ടറിൽ ചെന്നാൽ താങ്കൾക്ക് ബാക്കി തുക തിരികെ തരും. വീണ്ടും ഞാനാ സുന്ദരകുസുമ വദനന്റെ മുമ്പിൽ ചെന്നപ്പോൾ.. പഴയ മുന്നൂറ് ഈടാക്കിയതും പിന്നെ ഇപ്പോഴത്തെ 100 ചേർത്ത് നാനൂറ് രൂപ എനിക്ക് തിരികെ തന്നു... അതായിത് ഈ ഇടപാടിൽ നൂറ് രൂപ എനിക്ക് ഇങ്ങോട്ട് കിട്ടി..മിണ്ടാതെ മണങ്ങസ്യാ മിഴങ്ങസ്യാ സാധനം വാങ്ങിപ്പോന്നിരുന്നെങ്കിൽ 700+100 ഗോവിന്ദാ......!!


സ്വർണ്ണം വാങ്ങാൻ പോകുമ്പോഴും വാങ്ങിക്കഴിയുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..


 • 91.6 ശുദ്ധിയും ഹോൾമാർക്കും ഉണ്ടൊന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിലും അവരോട് ചോദിക്കുക ഇപ്പോൾ മേടിക്കുന്ന ഈസ്വർണ്ണം എത്ര നാൾ കഴിഞ്ഞാലും ഒരു തട്ടിക്കിഴിക്കലും കൂടാതെ അന്നത്തെ വില ലഭിക്കുമൊയെന്ന്, മാത്രമല്ല ഈ കാര്യം മറ്റു പീഡികയിൽ ചെന്നാലും ലഭിക്കുമൊയെന്ന് ചോദിച്ച് മനസ്സിലാക്കുക

 • പണിക്കൂലി എത്രെയെന്ന് പ്രത്യേകം ചോദിച്ച് മനസ്സിലാക്കുക

 • ഹാൻഡ് മെയ്ഡാണൊ മെഷിയൻ മെയിഡാണൊ എന്നും മനസ്സിലാക്കുക

 • പഴയ സ്വർണ്ണം മാറ്റിയെടുക്കുവാനാണെങ്കിൽ ആ സ്വർണ്ണ ഉരുപ്പടി ഇത്തിരി പഞ്ചസാര ലായനിയിലിട്ടു വച്ചിട്ട് നന്നായി ബ്രഷ് ചെയ്ത് വൃത്തിയാക്കിയിട്ടു വേണം കൊണ്ടുപോകാൻ

 • ഒരു ഗ്രാമിന്റെ സ്വർണ്ണമൊ പത്തു പവന്റെ സ്വർണ്ണം വാങ്ങുകയൊ രണ്ടിലേതായാലും വളരെ ശ്രദ്ധയോടെ തൂക്കവും പണിക്കൂലിയും അന്നത്തെ റേറ്റും മനസ്സിലാക്കിയിരിക്കണം

 • ഞാൻ ഒരു ഗ്രാമല്ലെ മേടിക്കുന്നത് അതുകൊണ്ട് എനിക്ക് ഇത്ര പരിഗണന മതി എന്ന തോന്നലോടെ സെയിത്സുമാനുമായി ഇടപെഴുകരുത്.

 • സെയിത്സുമാൻ എഴുതിത്തരുന്ന തുണ്ട് കടലാസിലെ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കിത്തരുവാനും അത് മറ്റൊരു പേപ്പറിൽ നമ്മൾ തന്നെ എഴുതിയെടുക്കുകയും ചെയ്യണം.

 • ഒരു ഗ്രാം മേടിച്ചാലും അഞ്ചു പവൻ മേടിച്ചാലും ഗിഫ്റ്റുകളും ആനുകൂല്യങ്ങളും ചോദിച്ച് വാങ്ങുക.

 • കുറെയധികം നോക്കിയിട്ടും നമുക്ക് മനസ്സിനിണങ്ങിയത് കണ്ടുകിട്ടിയില്ലെങ്കിൽ, ആ സെയിത്സുമാനെന്തു കരുതും എന്നു ചിന്തിക്കാതെ നല്ലൊരു ചിരി അദ്ദേഹത്തിന് സമ്മാനിച്ചിട്ട് മറ്റൊരു കടയിലേക്ക് ശീഘ്രം വച്ചുപിടിപ്പിക്കുക.

  ഒരുകാര്യം കൂടി കാർഡിലൂടെയാണ് പണം നൽകുന്നതെങ്കിൽ, കൊടുക്കുന്നതിന്റെ മുൻപ് ചോദിച്ച് മനസ്സിലാക്കുക അധിക തുക ഈടാക്കുമൊയെന്ന് അതായിത് ചില കടകളിൽ കാർഡ് വഴി പണം സ്വീകരിക്കുമ്പോൾ ബാങ്ക് ചാർജ്ജും ഈടാക്കും. അങ്ങിനെ ഈടാക്കുമെന്ന് പറയുകയാണെങ്കിൽ അതിവേഗം അടുത്തുള്ള എ ടി എമ്മിൽ പോയി കാശെടുത്ത് വരിക.

  അപ്പോൾ ഇനി സ്വർണ്ണം വാങ്ങുമ്പോൾ മേപ്പടി കാര്യങ്ങൾ ഓർത്താൽ,പ്രാവർത്തികമാക്കിയാൽ..