Monday, October 12, 2009

വീണ്ടുമൊരു സ്വർണ്ണച്ചതിക്കുഴി..!

ദൈവമേ എന്തൊരു കളിപ്പീര്..!!

ഇത്തവണയും നാട്ടിൽ പോയപ്പോൾ, എന്റെ വാമഭാഗത്തിന് വീണ്ടുമൊരു അതിമോഹം കഴിഞ്ഞതവണ വാങ്ങിയ കമ്മൽ മാറ്റി പകരം ഒരു പുതിയ കമ്മൽ വാങ്ങുകയെന്നത്. ഈ കമ്മൽ വാങ്ങിയപ്പോളുണ്ടായ സംഭവബഹുലമായ കഥ മുമ്പ് പോസ്റ്റിയിട്ടുണ്ട്. ദേ ഇതാണ് ആ പോസ്റ്റ്

ശരി പകരത്തിന് പകരമല്ലെ കൂടാതെ അധികം സാമ്പത്തിക നഷ്ടം വരുകയുമില്ലല്ലൊ എന്ന ചിന്തയാൽ എറണാകുളം മഹാനഗരത്തിലെ എംജി റോഡ് തുടങ്ങന്ന സ്ഥലത്തുള്ള ഒരു ബഹുനില സ്വർണ്ണവ്യാപാര പീടികയിലേക്ക് വണ്ടി ഒതുക്കി. ആ സമയം ഒരു സെക്യൂരിറ്റി ചേട്ടൻ വണ്ടിയുടെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു താക്കോൽ വണ്ടിയിൽത്തന്നെ ഇട്ടോളു എന്നിട്ട് പീഡികയിലേക്ക് പൊക്കോളൂയെന്നും പറഞ്ഞതിനാൽ പാർക്കിങ്ങിന്റെ തലവേദനയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ ഞങ്ങൾ പീഡികയിലേക്ക് കയറി...

സർ..എന്താണ് വേണ്ടത്?
ഞാൻ..ഒരു കാപ്പി..
അത് സാർ ഞാൻ ചോദിച്ചത് എന്താണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ്...ഡിം..!

ആ ചുറുചുറുക്കുള്ള സുന്ദരൻ ഞങ്ങളെ കമ്മൽ വിഭാഗത്തിലേക്ക് ആനയിച്ചു. അങ്ങിനെ ഒരുപാട് തിരച്ചിലിനൊടുവിൽ ഒരു കമ്മൽ എനിക്കും നല്ലപാതിക്കും ഇഷ്ടമായി.

സർ ക്യാഷാണൊ അതൊ കാർഡൊ? എന്റെ പൊന്നു മച്ചാ..ന്റെ കയ്യിൽ കാശില്ല കുറച്ച് പഴയ സ്വർണ്ണം ഉണ്ട് സൊ അത് വാങ്ങിയിട്ട് ഈ കമ്മൽ ഞങ്ങൾക്ക് തരൂ.. ശരി ശരി..ഞാനീ സ്വർണ്ണം എത്ര ശുദ്ധിയുണ്ടെന്ന് നോക്കട്ടെ എന്നു പറഞ്ഞ് ടി സുമുഖനായ സെയിത്സുമാൻ എങ്ങോട്ടൊ പോയി..

ആ സമയം ഞാൻ ചുറ്റുപാടും ഒന്നു നോക്കി..നാലഞ്ചു പവൻ എടുക്കാൻ വന്ന മറ്റു കസ്റ്റമേഴ്സിന് കൂൾഡ്രിങ്സ്,ചായ എന്നിവ കൊടുക്കുന്നു എന്നാൽ അരപ്പവന്റെ കമ്മലെടുക്കാൻ വന്ന ഞങ്ങൾക്ക്....

സാർ..ഈ പഴയ സ്വർണ്ണം 8.5 ഗ്രാമുണ്ട്, പുതിയ കമ്മൽ ഏഴുഗ്രാമും ആയതിനാൽ എല്ലാം തട്ടിക്കിഴിച്ചു നോക്കുമ്പോൾ സർ ഒരു 700 രൂപ ഇങ്ങോട്ട് തരണം..!!!

ഹെയ് എന്താ ഭായി നിങ്ങളീ പറയുന്നത് 700 രൂപ അങ്ങോട്ട് തരാനൊ..ശരി ശരി ആ കണക്കൊന്ന് പറയാമൊ..ടിയാൻ പിന്നെ കാൽക്കുലേറ്ററെടുത്ത് കുത്തിക്കുത്തി ഒരു തുണ്ടു പേപ്പറിൽ കാര്യങ്ങൾ എഴുതിത്തന്നു..സംഗതി ഇങ്ങനെ..

പുതിയ കമ്മൽ 7 ഗ്രാം ഒരു മില്ലി
1415.00 ഒരു ഗ്രാമിന്
വാറ്റ് 4%
പണിക്കൂലി 21%

പഴയ ഉരുപ്പടി 8.5 ഗ്രാം
ഉരുപ്പടിയിലുള്ള അഴുക്കിന് കുറവ് 2%

ആകെ മൊത്തത്തിൽ നിന്നും പഴയ ഉരുപ്പടി കുറക്കുമ്പോൾ 700 രൂപ അങ്ങോട്ട് കൊടുക്കണം...

ഛായ്...അതെങ്ങിനെ മാഷെ..ഒന്നാമത് പഴയ ഉരുപ്പടി ഒന്നര ഗ്രാം കൂടുതലുണ്ട് പിന്നെ വിലയിൽ ഒരു കുറവും വരുത്തുകയില്ലെന്നുള്ള പ്രസ്താവനകൾ വാഗ്ദാനങ്ങൾ.. രണ്ടാമത് നിങ്ങൾ പണിക്കൂലിയൊന്നും ഈടാക്കുന്നതല്ലെന്ന് പറഞ്ഞിട്ട്.. 21% പണിക്കൂലിയൊ..?? ശിവ ശിവ..! മറ്റുള്ള പീഡികയിലൊക്കെ മാക്സിമം 14% ആണല്ലൊ പണിക്കൂലിയെടുക്കുന്നത്... അമ്മേ രക്ഷതു...

സർ..ഇത് പ്രത്യേകതരം മെഷിയൻ കട്ടിങാണ്,,ഞാൻ മാനേജറുമായി ഒന്നു സംസാരിക്കട്ടെ എന്നിട്ട് സാറിന് കിഴിവ് നേടിത്തരാൻ ശ്രമിക്കാം... ന്നാ ശീഘ്രം ചെയ്യടാ സുന്ദരക്കുട്ടപ്പാന്ന് ഞാൻ ഉള്ളിൽ പറഞ്ഞു..

ടിയാൻ മേലധികാരിയുടെ അടുത്തേക്ക് പോയപ്പോൾ, ഞാൻ ശുമ്മാ ആ കണക്കൊക്കെ ഒന്നു കൂട്ടി നോക്കി..അമ്പടാ പണിക്കൂലി 21% ഏതാണ്ട് രണ്ടായിരം രൂഫ ഒരു കുഞ്ഞ് കമ്മലിന്..ഞാൻ നല്ലപാതിയെ നോക്കി..സത്യം പറയാമല്ലൊ ഈ സമയങ്ങളിൽ പൊണ്ടാട്ടി കണ്ണുമിഴിച്ചുകാട്ടുന്നുണ്ടായിരുന്നു(ആ പയ്യനെയല്ലാ എന്നെ എന്നെയാണ്,തെറ്റിദ്ധരിക്കല്ലേ..)കൈയ്യിൽ നുള്ളുന്നു(ബാച്ചികൾക്ക് ഇത് മനസ്സിലാകില്ല)...

സർ..ഞാനെല്ലാം മാനേജറപ്പനോട് പറഞ്ഞ് ഒരുവിധം ശരിയാക്കിട്ടുണ്ട് ആനാ സാറിന് കണ്ടിപ്പാ കിഴിവ് കെടച്ചിടും..!

അങ്ങിനെ ഞാൻ ക്യാഷ് കൌണ്ടറിന്റെ മുന്നിൽ ക്യൂ നിന്നു...ടി കൌണ്ടറിലെ സുമുഖൻ ശശാങ്കൾ ഒരു ബില്ല് തരികയും അത് മാനേജറപ്പനെ കാണിക്കാനും പറഞ്ഞു..മാനേജറപ്പന്റെ മുന്നിൽ റാൻ പറഞ്ഞ് നിന്നു. ഭവാൻ ആ ബില്ലിലെ മൊത്തം തുക നോക്കീട്ട് ഒറ്റ വെട്ട് എന്നിട്ടവിടെ എഴുതി രൂഫ മുന്നൂറ്...! ആ ബില്ലുമായി ഞാൻ വീണ്ടും ആ ശശാങ്കന്റെയടുത്ത് ചെന്ന് കാശ് ഒടുക്കി എന്നിട്ട് ആ ബില്ലുമായി സാധനം ഡെലിവെറി ചെയ്യുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെ നിന്ന് സാധനം അതുതന്നെയാണെന്നും ബില്ലിലെ തൂക്കത്തിനനുസരിച്ചുള്ള സാധനമാണൊയെന്നും നോക്കി തിട്ടപ്പെടുത്തി അതിനുശേഷം ബില്ല് ശുമ്മാ പരിശോധിച്ചപ്പോൾ..ദേ കിടക്കണൂ പണിക്കൂലി 17% എന്ന് നല്ലക്ഷരത്തിൽ..അമ്പടാ മാനേജറപ്പാ ഇതാണല്ലെ അപ്പൊ എനിക്കു തന്ന കിഴിവ്... 21% പണിക്കൂലി ഈടാക്കിയിട്ട് അതിൽ 4% ഡിസ്കൌണ്ടാക്കി 17% പണിക്കൂലി ഈടാക്കിയതിൽ ഉണ്ടായ വ്യത്യാസമാണ് മാനേജറപ്പന്റെ ദാക്ഷണ്യമായ 400 രൂപ...


ഇതിപ്പൊ എന്റെ കൈയ്യിൽ നിന്നും ആയിരം രൂപ കടം വാങ്ങിയിട്ട് 500 രൂപ എനിക്കുതന്നെ കടമായി തന്നതുപോലെയായി,ഇതങ്ങിനെ വിട്ടാൽ പറ്റില്ലല്ലൊ.. അമ്പടാ സ്വർണ്ണക്കച്ചവടക്കാരാ...

എന്റെ മനേജറുമാഷെ നിങ്ങളുടെ സെയിത്സുമാൻ ചുള്ളപ്പൻ പറഞ്ഞത് 14% പണിക്കൂലിയാണ് ഞങ്ങളും ഈടാക്കുകയൊള്ളൂന്നാണല്ലൊ....ഞാൻ ശുമ്മാ കാച്ചി... ഉവ്വൊ ആ ശപ്പാണ്ടി അങ്ങിനെ പറഞ്ഞോ എന്നാ ആ ബില്ലിങ് താ മാഷെ...ഡിം ഡിം ഡിം ചില കണക്കുകൂട്ടലൊക്കെ നടത്തിയിട്ട് അതിൽ ടിയാൻ 100 എന്ന് വരച്ചു എന്നിട്ട് പറഞ്ഞു ഇതുമായി കൌണ്ടറിൽ ചെന്നാൽ താങ്കൾക്ക് ബാക്കി തുക തിരികെ തരും. വീണ്ടും ഞാനാ സുന്ദരകുസുമ വദനന്റെ മുമ്പിൽ ചെന്നപ്പോൾ.. പഴയ മുന്നൂറ് ഈടാക്കിയതും പിന്നെ ഇപ്പോഴത്തെ 100 ചേർത്ത് നാനൂറ് രൂപ എനിക്ക് തിരികെ തന്നു... അതായിത് ഈ ഇടപാടിൽ നൂറ് രൂപ എനിക്ക് ഇങ്ങോട്ട് കിട്ടി..മിണ്ടാതെ മണങ്ങസ്യാ മിഴങ്ങസ്യാ സാധനം വാങ്ങിപ്പോന്നിരുന്നെങ്കിൽ 700+100 ഗോവിന്ദാ......!!


സ്വർണ്ണം വാങ്ങാൻ പോകുമ്പോഴും വാങ്ങിക്കഴിയുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..


  • 91.6 ശുദ്ധിയും ഹോൾമാർക്കും ഉണ്ടൊന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിലും അവരോട് ചോദിക്കുക ഇപ്പോൾ മേടിക്കുന്ന ഈസ്വർണ്ണം എത്ര നാൾ കഴിഞ്ഞാലും ഒരു തട്ടിക്കിഴിക്കലും കൂടാതെ അന്നത്തെ വില ലഭിക്കുമൊയെന്ന്, മാത്രമല്ല ഈ കാര്യം മറ്റു പീഡികയിൽ ചെന്നാലും ലഭിക്കുമൊയെന്ന് ചോദിച്ച് മനസ്സിലാക്കുക

  • പണിക്കൂലി എത്രെയെന്ന് പ്രത്യേകം ചോദിച്ച് മനസ്സിലാക്കുക

  • ഹാൻഡ് മെയ്ഡാണൊ മെഷിയൻ മെയിഡാണൊ എന്നും മനസ്സിലാക്കുക

  • പഴയ സ്വർണ്ണം മാറ്റിയെടുക്കുവാനാണെങ്കിൽ ആ സ്വർണ്ണ ഉരുപ്പടി ഇത്തിരി പഞ്ചസാര ലായനിയിലിട്ടു വച്ചിട്ട് നന്നായി ബ്രഷ് ചെയ്ത് വൃത്തിയാക്കിയിട്ടു വേണം കൊണ്ടുപോകാൻ

  • ഒരു ഗ്രാമിന്റെ സ്വർണ്ണമൊ പത്തു പവന്റെ സ്വർണ്ണം വാങ്ങുകയൊ രണ്ടിലേതായാലും വളരെ ശ്രദ്ധയോടെ തൂക്കവും പണിക്കൂലിയും അന്നത്തെ റേറ്റും മനസ്സിലാക്കിയിരിക്കണം

  • ഞാൻ ഒരു ഗ്രാമല്ലെ മേടിക്കുന്നത് അതുകൊണ്ട് എനിക്ക് ഇത്ര പരിഗണന മതി എന്ന തോന്നലോടെ സെയിത്സുമാനുമായി ഇടപെഴുകരുത്.

  • സെയിത്സുമാൻ എഴുതിത്തരുന്ന തുണ്ട് കടലാസിലെ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കിത്തരുവാനും അത് മറ്റൊരു പേപ്പറിൽ നമ്മൾ തന്നെ എഴുതിയെടുക്കുകയും ചെയ്യണം.

  • ഒരു ഗ്രാം മേടിച്ചാലും അഞ്ചു പവൻ മേടിച്ചാലും ഗിഫ്റ്റുകളും ആനുകൂല്യങ്ങളും ചോദിച്ച് വാങ്ങുക.

  • കുറെയധികം നോക്കിയിട്ടും നമുക്ക് മനസ്സിനിണങ്ങിയത് കണ്ടുകിട്ടിയില്ലെങ്കിൽ, ആ സെയിത്സുമാനെന്തു കരുതും എന്നു ചിന്തിക്കാതെ നല്ലൊരു ചിരി അദ്ദേഹത്തിന് സമ്മാനിച്ചിട്ട് മറ്റൊരു കടയിലേക്ക് ശീഘ്രം വച്ചുപിടിപ്പിക്കുക.

    ഒരുകാര്യം കൂടി കാർഡിലൂടെയാണ് പണം നൽകുന്നതെങ്കിൽ, കൊടുക്കുന്നതിന്റെ മുൻപ് ചോദിച്ച് മനസ്സിലാക്കുക അധിക തുക ഈടാക്കുമൊയെന്ന് അതായിത് ചില കടകളിൽ കാർഡ് വഴി പണം സ്വീകരിക്കുമ്പോൾ ബാങ്ക് ചാർജ്ജും ഈടാക്കും. അങ്ങിനെ ഈടാക്കുമെന്ന് പറയുകയാണെങ്കിൽ അതിവേഗം അടുത്തുള്ള എ ടി എമ്മിൽ പോയി കാശെടുത്ത് വരിക.

    അപ്പോൾ ഇനി സ്വർണ്ണം വാങ്ങുമ്പോൾ മേപ്പടി കാര്യങ്ങൾ ഓർത്താൽ,പ്രാവർത്തികമാക്കിയാൽ..

  • 25 പ്രതികരണങ്ങള്‍:

    1. കുഞ്ഞന്‍ said...

      അപ്പോൾ ഇനി സ്വർണ്ണം വാങ്ങുമ്പോൾ മേപ്പടി കാര്യങ്ങൾ ഓർത്താൽ,പ്രാവർത്തികമാക്കിയാൽ..

    2. Norah Abraham | നോറ ഏബ്രഹാം said...

      ഇങ്ങനെയൊക്കെ കൂട്ടിയും കിഴിച്ചും ജയിക്കാന്‍‌ സാമര്‍ത്ഥ്യമില്ലത്തോണ്ടല്ലെ, ഞങ്ങടെ പാ‍റൂന് ഇതുവരെ കാത് കുത്താത്തത്.

      :)

      കുഞ്ഞാ, നിങ്ങളുടെ ഈ പോസ്റ്റ് വായനക്കാരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ തട്ടാതിരിക്കില്ല.

    3. kichu / കിച്ചു said...

      കുഞ്ഞാ..

      നാട്ടില്‍ എപ്പോള്‍ പോയാലും സ്വര്‍ണക്കടയില്‍ ഒരു കശപിശ ഉറപ്പാ അല്ലിയൊ??

    4. ശ്രീ said...

      കുഞ്ഞന്‍ ചേട്ടനും ചേച്ചിയും എന്ന് പോയാലും സ്വര്‍ണ്ണക്കടക്കാര്‍ക്ക് കോളാണല്ലോ... ;)

      എന്തായാലും പഴയ പോസ്റ്റും ഈ പോസ്റ്റും ഒരുപാട് ഉപകാരപ്രദമാണ്, സാധാരണക്കാര്‍ക്ക് എന്നതില്‍ സംശയമേയില്ല.

      :)

    5. മീര അനിരുദ്ധൻ said...

      ഈ പോസ്റ്റ് ഒരാഴ്ച മുന്നേ ഇട്ടിരുന്നെങ്കിൽ എന്റെ കാശു കുറെ പോവുകില്ലായിരുന്നു.3 പവൻ ഉള്ള ഒരു സ്വർണ്ണമാല 39000 രൂപ കൊടുത്തു വാങ്ങിയതിന്റെ സങ്കടത്തിൽ ഇരിക്കുകയാ ഞാൻ.പണിക്കൂലി എത്ര ശതമാനം ഈടാക്കി എന്നു നോക്കാൻ ബില്ലു പോലും സൂക്ഷിച്ചു വെച്ചിട്ടില്ല.സ്വർണ്ണം വാങ്ങുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം എന്നറിയില്ലായിരുന്നു.ഈ പോസ്റ്റ് എന്തായാലും ഉപകാരപ്രദമായി.ഇനീം സ്വർണ്ണക്കടേൽ കേറുമ്പോൾ ശ്രദ്ധിക്കാമല്ലോ ! വളരെ നന്ദി കുഞ്ഞൻ ചേട്ടാ .

    6. Anil cheleri kumaran said...

      ഇതാണ് പോസ്റ്റ്. വളരെ ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല...
      സൂപ്പര്‍ കുഞ്ഞന്‍.

    7. ബിന്ദു കെ പി said...

      ഇക്കണണക്കിന് അടുത്ത കൊല്ലം മുതൽ കുഞ്ഞനെ സ്വർണ്ണക്കടക്കാർ ഏഴയലത്ത് അടുപ്പിക്കുമെന്നു തോന്നുന്നില്ല :) :)

    8. OAB/ഒഎബി said...

      ഇതിവിടെ കുറിച്ചത് നന്നായി.
      ഇത് പോലൊരു അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. മഞ്ചേരിയിലെ പേര് കേട്ട ജ്വല്ലറി. ഒരു മാല വാങ്ങി.പൊന്ന് അങ്ങോട്ടെടുക്കുന്ന റേറ്റ് ചോദിച്ചപ്പോൾ ചുള്ളൻ ഉയർന്ന വോള്യത്തിൽ (കൂടിയവരൊക്കെ കേൾക്കാൻ തക്ക)‘സർ, ഗ്രാമിന്മേൽ വെറും രണ്ട് രൂപ കുറച്ച്......’ ലാസ്റ്റ് കണക്ക് കൂട്ടി നോക്കുമ്പോൽ പറഞ്ഞതിലും 800 രൂപയോളം വിത്യാസം.ഒന്ന് വിശദമാക്കാൻ പറഞ്ഞു. അയാൾ എനിക്ക് കേൾക്കാൻ തക്ക രീതിയിൽ കുറേ തരികിട കണക്ക്....ഞാനേതാ രോമൻ വിട്ട് കൊടുക്കാനൊ. എന്റെ ശബ്ദം കേട്ട് ഭാര്യ പോലും അന്തംവിട്ടു.
      പൊന്നെടുക്കുന്നവരൊക്കെ ആ പണി നിർത്തി ഇവനേത് കോത്താഴത്തുകാരനെന്ന് പറഞ്ഞ് എന്നെ കളിയാക്കി ചിരിച്ചു. ആയിക്കോട്ടെ...

      ചുരുക്കം:- 800 അല്ല 850ഉം ഓരോ സർബത്തും തന്ന് എന്നെയും ഭാര്യയേയും അവർ....
      എങ്കിലെന്ത്...
      അതിനാൽ വല്ല്യ ഗമ കാണിച്ച്, അവർ പറഞ്ഞ കണക്ക് പ്രകാരം പണമെണ്ണിക്കൊടുത്ത് പോരുന്നവരെ ഒന്ന് പറയട്ടെ....
      തൊള്ള തുറന്ന് സംസാരിക്കാൻ ചങ്കൂറ്റമുള്ളവർ, അതിന് തക്ക തൊലിക്കട്ടിയുള്ളവർ മാത്രം സ്വർണ്ണക്കടയിലേക്ക് പോയാൽ മതി. പിന്നെ നിങ്ങളെ കാശ്/സ്വർണ്ണം. അത് പോയാൽ എനിക്കെന്ത് ,കുഞ്ഞനെന്ത്....

    9. OAB/ഒഎബി said...

      ഇതിന് മുമ്പത്തെ താങ്കളുടെ അതേ അനുഭവം തന്നെ. അതേ രൂപത്തിൽ തന്നെയാണ് ഞാനും പെരുമാറിയത് (അത് മുകളിൽ എഴുതിയ കമന്റിന് ശേഷമാണ് വായിച്ചത്)

    10. വീകെ said...

      ഇവിടെ നല്ല അസ്സലു സ്വർണ്ണമുള്ളപ്പൊ
      എന്തിനാ ഈ വയ്യാവേലിക്കു പോയേ.. ...?

    11. siva // ശിവ said...

      സ്വര്‍ണം മാത്രമല്ല ഏതു സാധനം വാങ്ങിയാലും ഇങ്ങനെ തന്നെ.... മരുന്ന് വിപണിയിലെ കൊള്ളലാഭം ഇന്നലെ പത്രത്തില്‍ വായിച്ചതേയുള്ളൂ....

    12. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

      ഞാനൊരു സ്വര്‍ണക്കട തുടങ്ങിയാല്‍ നിങ്ങളുടെ ഫോട്ടോ അവിടെ ഒട്ടിച്ചു വെക്കും .. ഈ ഫോട്ടോയില്‍ കാണുന്നവന് ഈ കടയില്‍ സ്വര്‍ണ്ണമില്ല എന്നും എഴുതി വെക്കും ... ഹല്ലാ പിന്നെ സ്വര്‍ണ്ണക്കടക്കാര്‍ക്ക് നിങ്ങളെക്കൊണ്ട് ജീവിക്കാന്‍ വയ്യാ എന്ന് വന്നാല്‍ ...

      ഭായീ പറഞ്ഞതെല്ലാം സത്യം .. ഇത്ര തട്ടിപ്പ് നടക്കുന്ന വേറെ കച്ചവടമുണ്ടോ എന്ന് തന്നെ സംശയം , കൂണ് പോലല്ലേ പുതിയ പുതിയ കടകളും , ബ്രാഞ്ചുകളും മുളച്ചു പൊന്തുന്നത്‌ ...
      ദുരഭിമാനികളുടെയും , ചിന്താ ശക്തിയില്ലാതവരുടെയും കാശാണതൊക്കെ ..

      നല്ല ഇന്‍ഫോര്‍മാറ്റീവ് ആയ പോസ്റ്റ്‌ ..

    13. ബിനോയ്//HariNav said...

      ആഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടെങ്കിലും ഇതുവരെ പറ്റിക്കപ്പെട്ടതായി തോന്നിയിട്ടില്ല. വഴക്കിനും വിലപേശലിനുമൊന്നും നില്‍ക്കാറുമുല്ല.(പത്ത് ദിര്‍‌ഹം‌സിന് മൂന്നെണ്ണം കിട്ടുന്ന മുത്തുമാലക്ക് വിലപേശീട്ട് വേണം അവമ്മാരടെ തല്ല് കൊള്ളാന്‍) :))

    14. yousufpa said...

      കുഞ്ഞന്‍, നമുടെ സ്തീകള്‍ ഈ മഞ്ഞലോഹമോഹം എന്നാണ് വെടിയുക?.
      സ്വര്‍ണ്ണ വിപണി ഒരു വലിയ തട്ടിപ്പ് തന്നെയാണ്. പക്ഷെ, നമ്മുടെ സ്ത്രീകളെ ഒറ്റയ്ക്ക്(ഉത്തരവാദപ്പെട്ട ആരെങ്കിലും ഇല്ലാതെ) സ്വര്‍ണ്ണം വാങ്ങാന്‍ വിടരുത്. സ്വര്‍ണ്ണം കടം കൊടുത്ത് കാമപൂരണം നിര്‍വ്വഹിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ പുരുഷ സ്പര്‍ശം ഏല്‍ക്കാതെ കാത്തിരിക്കുന്ന ഗള്‍ഫീയന്‍റെ ഭാര്യമാര്‍ ചില ദുര്‍ബ്ബല നിമിഷത്തില്‍ അതിനടിമപ്പെട്ടേക്കും. ഇത് വെറുതെ പറയുകയല്ല. ഒരു സ്വര്‍ണ്ണക്കടക്കാരന്‍ സുഹൃത്തിന്‍റെ മൊഴിയില്‍ നിന്നും മനസ്സിലാക്കിയെടുത്തതാണ്.

    15. കുഞ്ഞന്‍ said...

      നോറാ..
      അപ്പൊ പാറൂട്ടിയ്ക്ക് ഇനി കാതു കുത്തില്ലാന്നാണൊ...നന്ദി മാഷെ

      കിച്ചുത്താ..
      അങ്ങിനെയൊന്നുമില്ലാ,എന്നാലും പറ്റിക്കപ്പെടുന്നത് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന രോഷം..

      ശ്രീക്കുട്ടാ..
      ചെറിയ കടയിൽ പോയാൽ ഇത്രയും കബളിപ്പിക്കൽ ഉണ്ടാകില്ല, എന്തുചെയ്യാം നമ്മൾ പരസ്യത്തിൽ വീഴുന്നവരല്ലെ..നന്ദി മാഷെ..അതാണല്ലൊ ബ്ലോഗിന്റെ ഗുണം.

      മീരാജി..
      ഹേയ്..താങ്കൾ പറ്റിക്കപ്പെട്ടിട്ടുണ്ടാകില്ല, എല്ലാ പീഡികക്കാരും കബളിപ്പിക്കുന്നവരായിരിക്കില്ല. വലിയ വലിയ കടകൾ അവരെ നമ്മൾ ചോദ്യം ചെയ്യില്ല എന്നുള്ള വിശ്വാസത്തെ അവർ മുതലെടുക്കുന്നു...പിന്നെ എത്ര ശ്രദ്ധിച്ചാലും അവർ പലപല കണക്കുകൾ നിരത്തി അവർക്ക് കിട്ടേണ്ടത് വസൂലാക്കിയിരിക്കും എന്നാലും ഒരു ശ്രമം..നന്ദി ജി.

      കുമാർജി..
      എല്ലാവരുടെ പോസ്റ്റുകളും ഒരുതരത്തിലല്ലങ്കിൽ മറ്റൊരുതരത്തിൽ വായനക്കാർക്ക് ഉപകാരപ്രദമാണ്. പുതിയ പുതിയ അറിവുകൾ തീർച്ചയായും ലഭിക്കും. ചിലപ്പോൾ അത് മാനസീക സന്തോഷത്തിന്റെ രൂപത്തിലായിരിക്കും. നന്ദി മാഷെ

      ബിന്ദുജി..
      ശരിയാണെന്ന് തോന്നുന്നു. എന്റെ ഭാര്യ പറഞ്ഞത് ഇനി എന്റെ കൂടെ സ്വർണ്ണം വാങ്ങാൻ വരുന്നില്ലെന്നാണ് ഇക്കാര്യത്തിൽ അവൾ ഉറച്ചു നിന്നാൽ ഞാൻ രക്ഷപ്പെട്ടു. നന്ദി ജി.

      ഒഎബി സാബ്..
      ഇതുതന്നെയാണു മാഷെ എനിക്കും അനുഭവപ്പെട്ടത്. ഈ അനുഭവം പങ്കുവച്ചതിന് പെരുത്ത് നന്ദി മാഷെ.

      വീകെ മാഷെ..
      ടിവി പരസ്യത്തിൽ വീണുപോയതാ മാഷെ. റൊക്കം രൂപ കൊടുത്ത് സ്വർണ്ണം വാങ്ങാനുള്ള ആഗ്രഹം നടക്കില്ല. അപ്പോൾ ഇത്തരം വലിയ പീഡിക സന്ദർശിക്കാനും പരസ്യത്തിലെപ്പോലെയാണൊ എന്നറിയാനും വേണ്ടി, പഴയത് കൊടുത്ത് പുതിയത് വാങ്ങുന്നു. നന്ദി മാഷെ

    16. കുഞ്ഞന്‍ said...

      ശിവാജി..
      താങ്കൾ ചൂണ്ടിക്കാണിച്ചത് അക്ഷരം പ്രതി ശരിയാണ്. ദീപസ്തംഭം മാഹാശ്ചര്യം നമുക്കും കിട്ടണം പണം..! നന്ദി മാഷെ.

      ശാരാദാജി..
      നിങ്ങളുടെ ആഗ്രഹം സഫലീകരിക്കട്ടെ, എത്രയും പെട്ടന്ന് താങ്കൾക്കൊരു സ്വർണ്ണക്കട തുടങ്ങാൻ സാധിക്കട്ടെ..മാഷെ ഈയൊരു തട്ടിപ്പ് എല്ലാ മേഖലകളിലും ഉണ്ട്. കൂടിയ തുകക്ക് റേറ്റ് ഒട്ടിച്ചുവച്ചിട്ട് അതിൽ നിന്നും കിഴിവ് നൽകി നമ്മളെ മറ്റു ഉപഭോഗവസ്തുക്കൾ നൽകുന്നവർ കബളിപ്പിക്കുന്നില്ലെ.. നന്ദി മാഷെ

      ബിനോയ് സാബ്..
      ഹഹ..എന്നാലും ചോദിച്ചിരുന്നെങ്കിൽ ഒരെണ്ണവും കൂടി തന്നാലൊ..കെകെപിപി..നന്ദി മാഷെ

      യൂസഫ്പ മാഷെ..
      താങ്കൾ ചൂണ്ടിക്കാണിച്ചത് ഞെട്ടിക്കുന്ന ഒരു കാര്യമാണ്. ഇത്തരം കാര്യങ്ങൾ വീട്ടുകാരെ പറഞ്ഞ് ബോധവന്മാരാ(രി)ക്കുക.നന്ദി മാഷെ ഈയൊരു വെളിപ്പെടുത്തലിന്.

    17. priyag said...

      ee chathikkuzhi kattithannathinu nandhi!!!!!!!!!!!!!

    18. അനില്‍@ബ്ലോഗ് // anil said...

      ഹ ഹ !!
      കുഞ്ഞന്‍ ഭായ്, സ്വര്‍ണ്ണം പൊണ്ടാട്ടിക്ക് ഒരു വീക്ക്നെസ്സാണല്ലെ?
      :)
      ഏതായാലും ഇതേ പോലെ പേശുന്ന ആളുകള്‍ ചെന്നാലെ രക്ഷയുള്ളൂ.
      പരസ്യങ്ങളെല്ലാം തട്ടുപ്പുകളാ, പുണ്യം നേടാന്‍ ഏതായാലും സ്വര്‍ണ്ണക്കട നടത്തണ്ടല്ലോ.

    19. saju john said...

      എല്ലാം ശരിയാണ്.....പക്ഷെ കുഞ്ഞനും വാങ്ങിയില്ല അവിടെ നിന്നും ബില്ല്.

      ഇങ്ങനെ ബില്ല് വാങ്ങാത്തതാണ് സ്വര്‍ണക്കടക്കാര്‍ നികുതിവെട്ടിയ്ക്കുന്നതിനു സഹായകരമാവുന്നത്.

      എല്ലാവരും സ്വര്‍ണക്കടക്കാര്‍ എഴുതിത്തരുന്ന കടലാസില്‍ തൃപ്തരാണെന്ന് തോന്നുന്നു.

    20. അങ്കിള്‍ said...

      കുഞ്ഞാ,
      തിരുവനന്തപുരത്തെ പ്രസിദ്ധികേട്ട ആഭരണങ്ങൾക്ക് വിലപറയുന്ന സ്വർണ്ണക്കടകൾ തട്ടിപ്പ് നടത്തുന്നതെങ്ങനെയെന്നുള്ള എന്റെ അനുഭവം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

      എന്റെ ബ്ലോഗിന്റെ പരസ്യമാണെന്നു തെറ്റിധരിക്കരുതേ.

    21. കണ്ണനുണ്ണി said...

      സ്വര്‍ണ കടെയിലോക്കെ കേറിയ കാലം ഞാന്‍ മറന്നു
      ഈശ്വര ഇനി പെണ്ണ് കെട്ടി കഴിമ്പോ പണ്ടാരടങ്ങുല്ലോ

    22. Typist | എഴുത്തുകാരി said...

      ഇനി ഇതൊക്കെ ശ്രദ്ധിക്കണമല്ലേ സ്വര്‍ണ്ണക്കടയില്‍ ചെല്ലുമ്പോള്‍.കടയിലെ അവരുടെ രീതികളൊക്കെ എഴുതിയിരിക്കുന്നതു് കിറുകൃത്യം, തൃശ്ശൂരും എറണാകുളവുമെല്ലാം ഒരുപോലെ.

    23. പിള്ളേച്ചന്‍‌ said...

      vallare informative ayya post..
      thnx 4 educating us..

    24. jayanEvoor said...

      എന്റമ്മോ!

      ഇന്ത മാതിരി ഉടായിപ്പുകള് ഇപ്പഴാ മനസ്സിലാവുന്നത്!

      ഇനിയിപ്പോ എങ്ങനെ വിശ്വസിച്ചു സ്വര്‍ണം മാറി വാങ്ങിക്കും!

      എല്ലാ ആഭരണങ്ങള്‍ക്കും വാങ്ങാവുന്ന പരമാവധി പണികൂലി എകീകരിക്കെണ്ടിയിരിക്കുന്നു.

    25. Bindhu Unny said...

      സ്വര്‍ണ്ണം വാങ്ങാതിരിക്കുന്നതാണ് എളുപ്പം, എന്നെപ്പോലെ. :)