Wednesday, October 24, 2007

പ്രസാദം...ദിവ്യം..!

പഴമയുണ്ടെങ്കിലും പെരുമയില്ലാത്ത എന്റെ അമ്മവിട്‌, അതും നാലേക്കര്‍ വളപ്പ്‌. ഇതില്‍ നാലു കിണര്‍, ഒരു കൊക്കരണി, പിന്നെ മൂന്ന് സര്‍പ്പക്കാവ്‌, ഒരു ബ്രഹ്മരക്ഷസ്സ്‌ പിന്നൊരു നമ്പൂരിയച്ചനും..

നമ്പൂരിയച്ചനെ ഇരുത്തിയിരിക്കുന്നത്‌ മൂത്രപ്പുരയുടെ സമീപം (മൂത്രപ്പുരയെന്നു പറയുമ്പോള്‍ അടയ്ക്കാമരത്തിന്റെ പാങ്ങ്‌(പാള) തൂക്കിയിട്ടു മറച്ചത്‌) ആ സ്ഥലത്തുനിന്ന് മാറ്റിയിരുത്താമെന്നു വച്ചാല്‍ അദ്ദേഹത്തിനു ഇഷ്ടമല്ലാന്ന് കാവുണ്ണിയാശാന്‍ കവടി നിരത്തി പല്ലിയുടെ ചിലച്ചില്‍ നോക്കി പറഞ്ഞതുകൊണ്ട്‌ പിന്നീടാരും നമ്പൂരിയച്ചെനെ തൊട്ടിട്ടില്ല. അതുകൂടാതെ നമ്പൂരിയച്ചന്റെ ഭക്ഷണ മെനു ചാരായവും മുട്ട പൊരിച്ചതും, പിന്നെ അരി വറുത്ത്‌ പൊടിച്ചതും കൂടിയുണ്ടെങ്കില്‍ ബഹുത്തിഷ്ടം..!

അന്ന് നമ്പൂരിയച്ചന്റെ കലശം കഴിഞ്ഞപ്പോള്‍, എന്റെ മൂത്ത ചേട്ടന്‍ ഹാജരാകാത്തതിനാല്‍ പ്രസാദ വിതരണത്തിനു ശേഷവും ചാരായം ക്ഷമിക്കണം പ്രസാദം കുറച്ചു കൂടുതല്‍ ബാക്കി വന്നു.

രാത്രി അമ്മയ്ക്ക്‌ കലശലായ വയറുവേദന വന്നപ്പോള്‍, അച്ഛിഛന്‍ പ്രസാദ ചാരായം (ഒരു ഗ്ലാസ്സ്‌) മുഴുവന്‍ മരുന്നായി കൊടുക്കുകയും ക്ഷിപ്ര ഫലം കാണുകയും ചെയ്തു.. ഇത്‌ ചരിത്രം..

കേഴിക്കോട്ടുള്ള രണ്ടാമത്തെ ചേട്ടന്‍ ഓണാവധിക്കു നാട്ടിലേക്കു വരുന്നതിനുമുമ്പ്‌ അമ്മയ്ക്കു കത്തെഴുതി വരുമ്പോള്‍ എന്താണു കൊണ്ടു വരേണ്ടതെന്ന്. അമ്മയുടെ മറുപടി കത്തില്‍ ഹൈലറ്റായി ഉണ്ടായിരുന്നത്‌ ഒരു കുപ്പി മദ്യം...!

അനുസരണയുള്ള മകന്‍ അമ്മക്ക് ഒരു കുപ്പി സ്വയമ്പന്‍ സാധനം അവധിക്കു വന്നപ്പോള്‍ കൊണ്ടു കൊടുത്തു.

അങ്ങിനെ ഇടക്കിടെ വരുന്ന വയറുവേദന അമ്മയെ കാണാനെത്തി. ഇത്തവണ അമ്മ ഒരു വെട്ടുഗ്ലാസ്സിന്റെ മുക്കാല്‍ഭാഗം സ്വയമ്പന്‍ വെള്ളം ചേര്‍ക്കാതെ കൊടുത്താണു സ്വീകരിച്ചത്‌. അതിനു പ്രത്യുപകാരമായി വയറുവേദന വീണ്ടും വരാമെന്നു പറഞ്ഞു മനസ്സില്ലാമനസ്സോടെ പമ്പ കടക്കുകയും ചെയ്തു..പമ്പകടന്നുവെന്നു മനസ്സിലാക്കിയത്‌ അമ്മ ചിരിയോടു ചിരി, ചിരിച്ചു കൊണ്ട്‌ സംസാരിക്കുന്നു, ചിരിച്ചുകൊണ്ട്‌ അടുക്കളപ്പണിയെടുക്കുന്നു..

പിന്നീട്‌, വേദന കൊണ്ടു പുളയുന്ന അമ്മ, കൊടകര പുരാണം വായിച്ചിട്ടു ചിരിക്കുന്നതു പോലെ കാണുമ്പോള്‍ എനിക്കു മനസ്സിലാകും അമ്മ വെട്ടു ഗ്ലാസ്സെടുത്തുവെന്ന്.. പക്ഷെ അപ്പോഴൊക്കെ എന്റെ മൂന്നാമത്തെ ചേട്ടന്റെ ചുണ്ടില്‍ ഒരു കുഞ്ഞിച്ചിരി വിരിയുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ഒരു ദിവസം കൊച്ചച്ഛന്‍ വീട്ടില്‍ വന്നു. അന്ന് അമ്മയൊടു കൊച്ചച്ഛന്‍ കാശ്‌ ചോദിച്ചു, അത്‌ എന്തിനാണെന്നു മനസ്സിലായ അമ്മ അഞ്ചെട്ടു മാസം മുമ്പു ചേട്ടന്‍ കൊണ്ടുവന്ന മദ്യം കുപ്പിയോടു കൂടി കൊച്ചച്ഛനു കൊടുത്തു. എലിക്ക്‌ പുന്നെല്ല് കിട്ടിയതുപോലെയായിരുന്നു കൊച്ചച്ഛന്റെ സന്തോഷമപ്പോള്‍!!. ബൂലോകത്തെ സാന്റോസിനോട്‌ കിടപിടിക്കുന്ന കൊച്ചച്ഛന്‍ ഒരു ലാര്‍ജ്ജ്‌ എടുത്ത്‌ വായിലേക്കൊഴിച്ചതും ഫൂ ...ന്നും പറഞ്ഞു ഒറ്റത്തുപ്പല്‍...!!! എന്നിട്ട്‌ അമ്മയുടെ നേരെ നോക്കി, എന്റെ ചേച്ചി എന്നോടു വേണമായിരുന്നൊ എന്നൊരു ചോദ്യവും..!??

വാല്‍ക്കഷണം:

ആദ്യത്തെ പ്രാവിശ്യം മാത്രമെ അമ്മക്കു ഒര്‍ജിനല്‍ മദ്യം കഴിക്കാന്‍ പറ്റിയിരുന്നുള്ളൂ, കാരണം ആദ്യ ദിനങ്ങളില്‍ത്തന്നെ എന്റെ മൂന്നാമത്തെ ചേട്ടന്‍ അമ്മയറിയാതെ അമ്മയുടെ അരിപ്പെട്ടിയില്‍ നിന്ന് ആരുമറിയാതെ മദ്യം സേവിക്കുകയും പകരം പിടിക്കപ്പെടാതിരിക്കാന്‍ കട്ടന്‍ച്ചായ ഒഴിച്ചു വയ്ക്കുകയും ചെയ്തിരുന്നു. ഈ മുക്കാല്‍ ഭാഗ കട്ടന്‍ച്ചായ മദ്യമാണു അമ്മ അഞ്ചെട്ടു മാസമായി വയറുവേദനവന്നപ്പോഴൊക്കെ കഴിച്ചിരുന്നത്‌.. മദ്യം കഴിച്ചാല്‍ വേദന പോകുമെന്നുള്ള അനുഭവവും അതു കഴിഞ്ഞാല്‍ ചിരിവരുമെന്നുമുള്ള പാമ്പന്‍ പാലത്തിന്റെ വിശ്വാസമുള്ളതു കൊണ്ടും പാവം അമ്മ കട്ടന്‍ച്ചായ മദ്യത്തെ അവിശ്വസിച്ചില്ല, അല്ലെങ്കില്‍ത്തന്നെ എങ്ങിനെ അവിശ്വസിക്കും..?? മദ്യം കഴിച്ചു പരിചയമില്ലല്ലൊ, പക്ഷെ കൊച്ചച്ഛന്‍ അങ്ങിനെയല്ലല്ലൊ, സാന്റോസല്ല്ലേ തനി സാന്റോസ്‌..!

ഓ.ടോ.. ഒരു മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഞാനെടുത്തു വച്ചിട്ടുണ്ട്.. :)

Sunday, October 21, 2007

ഇന്ന് എന്റെ മോന്‍ അറിവിന്റെ ലോകത്തേയ്ക്ക്


എന്റെ മോന്‍ ആദിത്യ ഇന്ന് വിദ്യാരംഭം കുറിച്ചു... എല്ലാ ബൂലോക കൂടപ്പിറപ്പുകളുടെയും അനുഗ്രഹങ്ങള്‍ എന്റെ മോനുണ്ടാവട്ടെയെന്നു ആഗ്രഹിച്ചുകൊണ്ട്...
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍

Tuesday, October 9, 2007

താന്‍ കുഴിച്ച കുഴിയില്‍...!

രംഗം ഒന്ന് : നമ്മുടെ കഥാനായകന്‍ ബസ്സില്‍ യാത്രചെയ്യുന്നു.

ബസ്സ്‌ കാലടി പാലം കഴിഞ്ഞപ്പോഴേയ്ക്കും, അയ്യോ എന്നെ പാമ്പു കടിച്ചേ.... എന്നുള്ള അലര്‍ച്ച കേട്ടു. ബസ്സില്‍ പാമ്പൊ..? യാത്രക്കാരെല്ലാം പരിഭ്രാന്തരായി. പാമ്പു കടിച്ചുവെന്നു നിലവിളിക്കുന്ന അയാളോട്‌ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരു സഞ്ചി ചൂണ്ടിക്കാണിക്കുകയും അതില്‍ പാമ്പുണ്ടെന്നു പറയുകയും ചെയ്തു. യാത്രക്കാരിലൊരാള്‍ ധൈര്യപൂര്‍വ്വം സഞ്ചിപരിശോധിച്ചപ്പോള്‍ അതില്‍ പാമ്പുണ്ടെന്നു ബോദ്ധ്യമായി. പക്ഷെ കടിയേറ്റ അയാളോട്‌ കാര്യങ്ങള്‍ ചോദിച്ചപ്പോല്‍ കൂടുതലൊന്നും അയാള്‍ പറഞ്ഞില്ല.

സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡ്രൈവര്‍, ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വേഗം ബസ്സ്‌ തിരിച്ച്‌ അങ്കമാലി എല്‍ എഫ്‌ ആശുപത്രിയിലേയ്ക്കു കത്തിച്ചു വിട്ടു.

രംഗം രണ്ട്‌ : എല്‍ എഫ്‌ ആശുപത്രി.

അങ്കമാലി എല്‍ എഫ്‌ ആശുപത്രി കണ്ണിനും വിഷ ചികത്സക്കും വളരെ പ്രസിദ്ധമാണ്‌. വേഗം അയാളെ വിഷവിഭാഗത്തിലേയ്ക്കു കൊണ്ടുപോയി. ഏതുതരം പാമ്പാണു കടിച്ചതെന്നു ഡോക്ടര്‍ ചോദിച്ചപ്പോള്‍ അയാളുടെ സഞ്ചി കാണിച്ചുകൊടുത്തു. സഞ്ചിയിലുള്ള പാമ്പിനെ കണ്ടപ്പോള്‍ ഡോക്ടറിന്റെ മുഖത്ത്‌ ഭയങ്കര ആശ്ചര്യമായി. ഡോക്ടര്‍ അയാളോട്‌ ചോദിച്ചു,

"സത്യം പറയൂ, ഈ സഞ്ചി നിങ്ങള്‍ക്കെവിടെ നിന്നും കിട്ടി..?"

"സാറേ, എനിക്കൊരബദ്ധം പറ്റിയതാണ്‌, അത്‌ ഞാനിവിടെ നിന്നും മോഷ്ടിച്ചതാണ്‌, എന്നെ രക്ഷിക്കണം... ഇല്ലെങ്കില്‍ ഞാന്‍ ചത്തുപോകും....!!"

അവസാന രംഗം : സംഭവതന്തു.

ആരയൊ പാമ്പുകടിയേറ്റ്‌ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ കൂടെ കടിച്ച പാമ്പിനെയും ജീവനോടെ പിടിച്ചുകൊണ്ടു വന്നിരിന്നു. ഏതു പാമ്പാണു കടിച്ചതെന്നറിഞ്ഞാല്‍ ചികത്സ എളുപ്പമാകും. അതിനാല്‍ ഭംഗിയുള്ള ഒരു കവറില്‍ പാമ്പിനെ പൊതിഞ്ഞാണു കൊണ്ടു വന്നത്‌. ഡോക്ടറെ കാണിച്ച ശേഷം പാമ്പിന്റെ സഞ്ചി വരാന്തയില്‍ വച്ചിരുന്നു. അതാണു നമ്മുടെ കഥാനായകനായ മോഷ്ടാവ്‌ ഇന്നത്തെ കാര്യം കുശാലായല്ലൊയെന്ന ചിന്തയില്‍ അടിച്ചു മാറ്റിയത്‌.

സഞ്ചിയെടുത്ത്‌ വേഗം സ്ഥലം സ്കൂട്ട്‌ ചെയ്യന്‍ വേണ്ടി പുറത്തേയ്ക്കു വന്ന കഥാനായകന്‍ അപ്പോള്‍ സ്റ്റോപ്പിലുണ്ടായിരുന്ന ബസ്സില്‍ കയറി. ബസ്സിലെ തിരക്കു കാരണം സഞ്ചി പരിശോധിക്കാന്‍ അയാള്‍ക്കു പറ്റിയില്ല. കാലടിയില്‍ ആളുകളെറങ്ങിയപ്പോള്‍ സീറ്റുകിട്ടുകയും, ഇന്നത്തെ കോളെന്താണെന്ന് അറിയാന്‍ ആകാംക്ഷയോടെ സഞ്ചിയില്‍ കയ്യിട്ടപ്പോള്‍, കുറെ നേരമായി അടച്ച സഞ്ചിയില്‍ വീര്‍പ്പുമുട്ടി ശൗര്യത്തോടെയിരുന്ന മൂര്‍ഖന്‍ ചേട്ടന്‍ തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തത്‌ അയാളുടെ കൈയ്യിലും!!!!

വാല്‍ക്കക്ഷണം :

ഇളയമ്മക്കസുഖമായി ആശുപത്രയി ചേര്‍ത്തപ്പോള്‍ ഈയുള്ളവനായിരുന്നു ആശുപത്രിയില്‍ കൂട്ടിനിരുന്നത്‌. കുറച്ചു ബോറടിച്ചപ്പോള്‍ ആശുപത്രിയില്‍ക്കൂടി ചില ഉദ്ദേശത്തോടെ കറങ്ങി നടക്കുന്നതിനിടയിലാണ്‌ ഈ സംഭവത്തിനു ദൃക്‌സാക്ഷിയായത്‌. രസകരമായ വസ്തുത ആദ്യം പാമ്പു കടിയേറ്റ ആള്‍ ജീവിതത്തിലേക്കു തിരിച്ചുവരുകയും, മോഷ്ടാവായ നമ്മുടെ കഥാനായകന്‍ പരലോകത്തേയ്ക്കു പോകുകയും ചെയ്തു.

Wednesday, October 3, 2007

ശാപ ജന്മങ്ങള്‍..!

"അവന്‍ ചത്തത്‌ നന്നായി......"

ഈ ഡയലോഗ്‌ വന്നത്‌ ഈയുള്ളവന്റെ വായില്‍നിന്ന്. മരിച്ചു കിടക്കുന്നവനെപ്പറ്റി അങ്ങിനെ പറയാമൊ..?

ഒരു ദിവസം ഞാന്‍ കോളേജില്‍ നിന്ന് ബസ്സിറങ്ങി വീട്ടിലേക്കു നടന്നപ്പോള്‍, ഗോപാലകൃഷ്ണേട്ടന്‍ വിളിച്ചു പറഞ്ഞു, "ഡാ, ബള്‍ബണ്ണന്‍ നിന്റെ അയല്‍വക്കത്തെ സോണിയയെ ആക്രാന്തിച്ചു...". ‘ചേട്ടാ, എന്താണുണ്ടായതെന്ന് വിശദമായി പറ..’

( ഗോപാലകൃഷ്ണന്‍ ബസ്സ്‌സ്റ്റോപ്പില്‍ ഒരു ചെറിയ പച്ചക്കറിക്കട നടത്തുന്നയാളാണ്‌.കൂടാതെ നാട്ടില്‍ നടക്കുന്ന എല്ലാ ചൂടന്‍ വാര്‍ത്തകളും കളക്റ്റു ചെയ്യുകയും അതു അപ്പോള്‍ത്തന്നെ എഡിറ്റു ചെയ്തു വിപുലീകരിച്ച്‌ നാട്ടുകാര്‍ക്കു ഫ്രീയായി ബ്രോഡ്‌കാസ്റ്റ്‌ ചെയ്യുന്നയാളാണ്‌. അതിന്റെ യാതൊരു അഹങ്കാരവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് എടുത്തു പറയേണ്ട കാര്യമാണ്‌)

ഇനി സംഭവത്തിലേക്കു വരാം. ബള്‍ബണ്ണനെന്നു ചെല്ലപ്പേരുള്ള മനോജ്‌, സിസിലി ചേച്ചിയുടെ രണ്ടര വയസ്സുള്ള സോണിയയെ മടിയിലിരുത്തി ആക്രാന്തിച്ചു. അതുകൊണ്ട്‌ സോണിയക്കുട്ടിയ്ക്ക്‌ മൂത്രമൊഴിക്കുന്ന സ്ഥലത്ത്‌ നീരുവരുകയും മൂത്രമൊഴിക്കാനാവത്ത അവസ്ഥയുമായി ആ കുഞ്ഞു വേദനകൊണ്ട്‌ നിലവിളിക്കുന്നു, ആശുപത്രിയില്‍ കൊണ്ടുപോകാന്‍വേണ്ടി ഓട്ടൊറിക്ഷക്കുവേണ്ടി വെയിറ്റുചെയ്യുകയാണ്‌. കുട്ടിയെ മനോജ്‌ മടിയിലിരുത്തി കളിപ്പിക്കുന്നത്‌ കുഞ്ഞന്നചേച്ചി കണ്ടിരുന്നു. ഇത്രയും കാര്യങ്ങള്‍ ഗോപാലകൃഷ്ണേട്ടന്‍ ഒറ്റ ശ്വാസത്തില്‍ എന്നൊടു പറഞ്ഞു. ഈ സംഭവം നടന്നിട്ട്‌ അപ്പോളൊരു 15 മിനിറ്റായിട്ടുണ്ടായിരുന്നുള്ളൂ (ഇപ്പോള്‍ ഗോ.കൃഷ്ണന്റെ റേഞ്ച്‌ മനസ്സിലാക്കിയിരിക്കുമല്ലൊ) ഇതെല്ലാം കേട്ട്‌ വളരെയധികം രോഷത്തോടെ ഞാന്‍ വീട്ടിലെയ്ക്കു നടന്നു. തെങ്ങിന്‍തോപ്പിലൂടെ എളുപ്പവഴിയില്‍ നടന്ന ഞാന്‍, ഒരു തെങ്ങില്‍ ചാരിയിരുന്നു ബീഡി വലിക്കുന്ന മനോജിനെ കണ്ടു. ജീവിതത്തില്‍ എന്റെ ചേട്ടന്മാരുടെ അടുത്തും പിന്നെ പെങ്ങളുമായും മാത്രം അടിപിടി കൂടിയിട്ടുള്ള ഈ ഞാന്‍ അന്ന് മനോജിനെ നാലഞ്ച്‌ ചവിട്ടു കൊടുത്തു (ഒരു മൂന്നുകൊണ്ട്‌ ഹരിച്ചോ) എന്തുകൊണ്ടൊ അവന്‍ തിരിച്ചു പ്രതികരിച്ചില്ല. വീട്ടില്‍ പോയി ബുക്കൊക്കെ വച്ചിട്ട്‌ തിരിച്ചു വരുമ്പോള്‍ മനോജ്‌ അവിടെയുണ്ടായിരുന്നില്ല. സോണിയയുടെ വീട്ടില്‍ ചെന്നപ്പോള്‍, കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുകയായിരുന്നു. അപ്പോള്‍ അവിടെ അടുത്തുള്ള കുറച്ചാളുകള്‍ കൂടി നില്‍പ്പുണ്ടായിരുന്നു. അവരുടെ പലപല അഭിപ്രായങ്ങള്‍ അവിടെ അലയടിച്ചുകൊണ്ടിരുന്നു. പക്ഷെ എന്നെ അതിശയിപ്പിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു, സോണിയയുടെ വീട്ടുകാരുടെ മുഖങ്ങളില്‍ ഒരുതരം നിര്‍വ്വികാരിതയാണു കാണാന്‍ കഴിഞ്ഞത്‌. ഒരു പക്ഷെ, സോണിയ ഒരു കുഞ്ഞു പെണ്‍കുട്ടിയല്ലെ, ഈ സംഭവം കൂടുതലാളുകള്‍ അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തതുകാരണമായിരിക്കും!

ഫാരീസ്‌, പിണറായിയുടെ വെടിയുണ്ട, തന്ത്രി കണ്ടരര്‌ തുടങ്ങിയ കാര്യങ്ങള്‍ മറക്കുന്ന നാട്ടുകാര്‍ ഈ സംഭവം എപ്പെഴേ മറന്നു...അങ്ങിനെ മനോജ്‌ വീണ്ടും തലയുയര്‍ത്തി നാട്ടില്‍ക്കൂടി നടക്കാന്‍ തുടങ്ങി...

കഴിഞ്ഞ അവധിക്കു ഞാന്‍ നാട്ടിലായിരുന്ന ഒരു ദിവസം, ആളുകള്‍ ഓടുന്നതു കണ്ടു, കാരണം അന്വേഷിച്ചപ്പോള്‍, മനോജ്‌ വിഷം കഴിച്ച്‌ കനാലില്‍ 'സമാധിയായി' കിടക്കുന്നുവെന്ന്. ഞാനും ഓടി, അവിടെചെന്നപ്പോഴാണ്‌ ബള്‍ബണ്ണന്‍ ആത്മഹത്യചെയ്യുവാനുള്ള കാരണം മനസ്സിലായത്‌.

അവന്റെ വീടിന്റെ എതിര്‍വശത്തെ വീട്ടിലെ പുലയന്‍ അയ്യപ്പങ്കുട്ടിയുടെ രണ്ടുവയസ്സായ ആതിര കുട്ടിയെ അവന്‍, ദുഷ്ടന്‍ മനോജ്‌ ആക്രാന്തിച്ചു, കുട്ടിയെ ആശുപത്രയിലാക്കിയിരിക്കുകയാണ്‌. ഒരുപക്ഷെ നല്ലയിടയന്മാരോടു കളിക്കുന്നതുപോലെയാകില്ല അയ്യങ്കാളി വര്‍ഗ്ഗത്തോടു കളിച്ചാലെന്നു മനോജ്‌ മനസ്സിലാക്കിയിരിക്കണം!!.

പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ മനോജിന്റെ മൃതദേഹം വീട്ടില്‍ ദഹിപ്പിക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്‌, അപ്പോള്‍ അവിടെ കൂടിയിരുന്ന ചിലരുടെ സംഭാഷണങ്ങള്‍;

ശ്ശൊ, എന്തിനിവന്‍ ഈ കടുംകൈ ചെയ്തു?

ആത്മഹത്യ ഒരു പരിഹാരമാണൊ?

എന്നിങ്ങനെയുള്ള പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ അവിടെ കേള്‍ക്കാമായിരുന്നു. പക്ഷെ അതിലൊരു അഭിപ്രായം എനിക്കെന്റെ കണ്ട്രോള്‍ നഷ്ടപ്പെടുത്തി,

ശ്ശൊ എന്നാലും അവന്‍ ആത്മഹത്യ ചെയ്തതെന്തിനാ..അവനു വേറെ എവിടേയ്ക്കെങ്കിലും പോയി രക്ഷപ്പെടാമായിരുന്നില്ലെ...

അപ്പോഴാണു മേല്‍പറഞ്ഞ എന്റെ വാക്കുകള്‍, "അവന്‍ ചത്തത്‌ നന്നായി, പേ പിടിച്ച ഇവനെ തല്ലിക്കൊല്ലണം, ഇവന്‍ വേറൊരു നാട്ടില്‍ ചെന്നാല്‍ അവിടെയും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലാന്നു പറയാന്‍ പറ്റുമൊ?"

'ഗള്‍ഫുകാരനായ' എന്റെ അഭിപ്രായങ്ങള്‍ക്ക്‌ കണ്ണടച്ചു ഏറാന്‍മൂളാന്‍ ഒത്തിരിപ്പേരുണ്ടായിരുന്നു..!

വാല്‍ക്കഷണം:

അതിശയകരമായ മറ്റൊരുകാര്യം ഈ ഏറാന്മൂളികള്‍ മനോജിന്റെ പതിനാറടിയന്തിരത്തിനു മൂക്കുമുട്ടെ മൃഷ്ടാന്ന ഭോജനം കഴിച്ച്‌ ഏമ്പക്കം വിട്ടുകൊണ്ട്‌, മനോജിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, ഞാന്‍ അവര്‍ക്ക്‌ വെറുക്കപ്പെട്ടവനുമായി! കാരണം എനിക്കു ഗള്‍ഫിലേക്കു മടങ്ങേണ്ട സമയമായെന്ന് അവര്‍ക്കറിയാം, ആ സമയത്തു ഗള്‍ഫുകാരന്‍ 'കടം പറയലും മേടിക്കലും' ചെയ്യുകയാണല്ലൊ പതിവ്‌..!

Monday, October 1, 2007

എന്തുകൊണ്ടു പങ്കെടുക്കുന്നില്ല..?

കഴിഞ്ഞ ദിവസം മനോരമ പേപ്പര്‍ നോക്കിയപ്പോള്‍, കുറെ കല്യാണ ഫോട്ടൊകള്‍ കണ്ടു. അതില്‍ ചിലതില്‍ അഭിവന്ദ്യ തിരുമേനിമാര്‍ കൂടെനിന്നുള്ള ദമ്പതിമാരുടെ പടങ്ങളുമുണ്ടായിരുന്നു. ഇതു കണ്ടപ്പോള്‍ എന്റെ പണ്ടുമുതലുള്ള സംശയം തലപൊക്കി. എന്റെ അടുത്തിരുന്ന് റെനിയോട്‌ ഇതിനെപ്പറ്റി ചോദിച്ചു; അതിങ്ങനെയാണ്‌,

‘മാഷെ‘, “എന്തുകൊണ്ടാണു സമൂഹത്തിലെ ഏറ്റവും വിലപിടിച്ച ആളുകളുടെ വീട്ടിലെ കല്യാണത്തിനുമാത്രം തിരുമേനിമാര്‍ പങ്കെടുക്കുന്നത്‌?“

‘റെനി‘, “പണക്കാരുടെ കല്യാണത്തിനു മാത്രമല്ല പാവപ്പെട്ടവരുടെ കല്യാണത്തിനും തിരുമേനിമാര്‍ പോകാറുണ്ട്‌,പിന്നെ തിരുമേനിമാരെ കൊണ്ടുവരികയെന്നത്‌ വളരെ ചിലവുള്ള കാര്യമാണ്‌“.

‘മാഷെ‘, “ചിലവെന്നു പറയുമ്പോള്‍ പത്തിരുപതിനായിരത്തില്‍ കൂടുതല്‍ വരുമൊ?“

‘റെനി‘, “ചിലവ്‌ അത്രെക്കൊന്നും വരുകില്ല, പക്ഷെ തിരുമേനിമാര്‍ വരുമ്പോള്‍ ചില മാമൂലുകള്‍ ഒരുക്കേണ്ടതുണ്ട്‌ അതിനു ചിലവേറെയാണ്‌. പിന്നെ സാധാരണക്കാര്‍ തിരുമേനിമാരെ ക്ഷണിക്കാറില്ല, ക്ഷണിച്ചാല്‍, അവര്‍ക്കു അസൗകര്യമില്ലെങ്കില്‍ തീര്‍ച്ചയായും വരും!“

‘മാഷെ‘, “എന്തുകൊണ്ട്‌ സാധാരണ ജനങ്ങള്‍ തിരുമേനിമാരെ ക്ഷണിക്കുന്നില്ല? എല്ലാവര്‍ക്കും ആഗ്രഹം കാണില്ലെ തങ്ങളുടെ മക്കളുടെ കല്യാണത്തിനു വല്യതിരുമേനിയുടെ കാര്‍മ്മികത്വമൊ അല്ലെങ്കില്‍ സാന്നിദ്ധ്യമൊ ഉണ്ടാകണമെന്ന്?“

‘റെനി‘, “സാധാരണ തിരുമേനിമാരെ ക്ഷണിക്കുകയെന്നത്‌ വലിയ പങ്കപ്പാടുള്ള കാര്യമാണ്‌. അരമനയില്‍ പോകുക, തിരിമേനിമാരുടെ സൗകര്യപ്രദമായ സമയം കിട്ടുക, പിന്നെ ചിലവുകള്‍ ഇതൊന്നും സാധാരണക്കാരനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്‌“.

എനിക്കു റെനിയുമായി സംസാരിച്ചതില്‍ നിന്നുമനസ്സിലായത്‌,

തിരുമേനിമാര്‍ തങ്ങളുടെ സൗകര്യമനുസരിച്ച്‌ പാവപ്പെട്ടവനെന്നൊ പണക്കാരനെന്നൊ നോക്കാതെ ആരുവിളിച്ചാലും മടി കൂടാതെ പോകും, പക്ഷെ സാധാരണക്കര്‍ ക്ഷണിക്കാറില്ല, ക്ഷണിക്കാതെ എങ്ങിനെ പോകും. എന്തുകൊണ്ട്‌ ക്ഷണിക്കുന്നില്ലയെന്നതിനു സാമ്പത്തികം ഒരു മുഖ്യ ഘടകമാണെന്നും മനസ്സിലായി.

എന്നിട്ടും എന്റെ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല, ഒരു പക്ഷെ നിങ്ങള്‍ക്കതു മാറ്റുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

1) തിരുമേനിമാരുടെ ചിലവുകള്‍ വഹിക്കുവാന്‍ സാധരണക്കാര്‍ക്കു പറ്റില്ലെ?(കല്യാണത്തിനു എല്ലാം ചിലവുകളാണ്‌,അപ്പോള്‍ ഈ ചെറിയ ചിലവ്‌ ഒരു ചിലവാണൊ)

2)വലിയ പണക്കാരുടെ കല്യാണാത്തിനല്ലാതെ സാധാരണക്കരുടെ കല്യാണത്തിനു തിരുമേനിമാര്‍ പങ്കെടുത്തിട്ടുണ്ടൊ?(എന്റെ ഇടവകയില്‍ അത്യാവിശ്യം പണമുള്ള ആളുകള്‍ ഉണ്ട്‌, പക്ഷെ ഞാനിതുവരെ ഒരു വല്യതിരുമേനിയുടെ സാന്നിദ്ധ്യം കണ്ടിട്ടില്ല)

3)എന്തുകൊണ്ട്‌ സാധാരണക്കാര്‍ അഭിവന്ദ്യന്മാരായ തിരുമേനിമാരെ ക്ഷണിക്കുന്നില്ല?

4) എന്താണ്‌ തിരുമേനിമാരെ ക്ഷണിക്കുന്നതിനുള്ള മാനദണ്ഡം?

5) സാധാരണക്കരുടെ ആഘോഷങ്ങള്‍ക്കല്ലെ തിരുമേനിമാര്‍ പ്രാമുഖ്യം കൊടുക്കേണ്ടത്‌?(സാമ്പത്തിക ചിലവ്‌ അരമന തന്നെ വഹിക്കാന്‍ സാധിക്കില്ലെ)

രാഷ്ട്രീയത്തിലുമുണ്ട് ഇതുപോലുള്ള അവസ്ഥ, മന്ത്രിമാര്‍ പ്രമുഖരുടെ ആഘോഷങ്ങള്‍ക്ക് അസൌകര്യങ്ങള്‍ ഒരു തടസ്സമായിക്കാണാറില്ല.

എല്ലാമതങ്ങളിലുമുണ്ട് ഇത്തരം കാര്യങ്ങള്‍, അതുകൊണ്ട് ദയവുചെയ്ത് വേറൊരു വീക്ഷണത്തീലൂടെ എന്റെ ഈ പോസ്റ്റിനെ കാണരുത്!