Tuesday, October 9, 2007

താന്‍ കുഴിച്ച കുഴിയില്‍...!

രംഗം ഒന്ന് : നമ്മുടെ കഥാനായകന്‍ ബസ്സില്‍ യാത്രചെയ്യുന്നു.

ബസ്സ്‌ കാലടി പാലം കഴിഞ്ഞപ്പോഴേയ്ക്കും, അയ്യോ എന്നെ പാമ്പു കടിച്ചേ.... എന്നുള്ള അലര്‍ച്ച കേട്ടു. ബസ്സില്‍ പാമ്പൊ..? യാത്രക്കാരെല്ലാം പരിഭ്രാന്തരായി. പാമ്പു കടിച്ചുവെന്നു നിലവിളിക്കുന്ന അയാളോട്‌ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരു സഞ്ചി ചൂണ്ടിക്കാണിക്കുകയും അതില്‍ പാമ്പുണ്ടെന്നു പറയുകയും ചെയ്തു. യാത്രക്കാരിലൊരാള്‍ ധൈര്യപൂര്‍വ്വം സഞ്ചിപരിശോധിച്ചപ്പോള്‍ അതില്‍ പാമ്പുണ്ടെന്നു ബോദ്ധ്യമായി. പക്ഷെ കടിയേറ്റ അയാളോട്‌ കാര്യങ്ങള്‍ ചോദിച്ചപ്പോല്‍ കൂടുതലൊന്നും അയാള്‍ പറഞ്ഞില്ല.

സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡ്രൈവര്‍, ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വേഗം ബസ്സ്‌ തിരിച്ച്‌ അങ്കമാലി എല്‍ എഫ്‌ ആശുപത്രിയിലേയ്ക്കു കത്തിച്ചു വിട്ടു.

രംഗം രണ്ട്‌ : എല്‍ എഫ്‌ ആശുപത്രി.

അങ്കമാലി എല്‍ എഫ്‌ ആശുപത്രി കണ്ണിനും വിഷ ചികത്സക്കും വളരെ പ്രസിദ്ധമാണ്‌. വേഗം അയാളെ വിഷവിഭാഗത്തിലേയ്ക്കു കൊണ്ടുപോയി. ഏതുതരം പാമ്പാണു കടിച്ചതെന്നു ഡോക്ടര്‍ ചോദിച്ചപ്പോള്‍ അയാളുടെ സഞ്ചി കാണിച്ചുകൊടുത്തു. സഞ്ചിയിലുള്ള പാമ്പിനെ കണ്ടപ്പോള്‍ ഡോക്ടറിന്റെ മുഖത്ത്‌ ഭയങ്കര ആശ്ചര്യമായി. ഡോക്ടര്‍ അയാളോട്‌ ചോദിച്ചു,

"സത്യം പറയൂ, ഈ സഞ്ചി നിങ്ങള്‍ക്കെവിടെ നിന്നും കിട്ടി..?"

"സാറേ, എനിക്കൊരബദ്ധം പറ്റിയതാണ്‌, അത്‌ ഞാനിവിടെ നിന്നും മോഷ്ടിച്ചതാണ്‌, എന്നെ രക്ഷിക്കണം... ഇല്ലെങ്കില്‍ ഞാന്‍ ചത്തുപോകും....!!"

അവസാന രംഗം : സംഭവതന്തു.

ആരയൊ പാമ്പുകടിയേറ്റ്‌ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ കൂടെ കടിച്ച പാമ്പിനെയും ജീവനോടെ പിടിച്ചുകൊണ്ടു വന്നിരിന്നു. ഏതു പാമ്പാണു കടിച്ചതെന്നറിഞ്ഞാല്‍ ചികത്സ എളുപ്പമാകും. അതിനാല്‍ ഭംഗിയുള്ള ഒരു കവറില്‍ പാമ്പിനെ പൊതിഞ്ഞാണു കൊണ്ടു വന്നത്‌. ഡോക്ടറെ കാണിച്ച ശേഷം പാമ്പിന്റെ സഞ്ചി വരാന്തയില്‍ വച്ചിരുന്നു. അതാണു നമ്മുടെ കഥാനായകനായ മോഷ്ടാവ്‌ ഇന്നത്തെ കാര്യം കുശാലായല്ലൊയെന്ന ചിന്തയില്‍ അടിച്ചു മാറ്റിയത്‌.

സഞ്ചിയെടുത്ത്‌ വേഗം സ്ഥലം സ്കൂട്ട്‌ ചെയ്യന്‍ വേണ്ടി പുറത്തേയ്ക്കു വന്ന കഥാനായകന്‍ അപ്പോള്‍ സ്റ്റോപ്പിലുണ്ടായിരുന്ന ബസ്സില്‍ കയറി. ബസ്സിലെ തിരക്കു കാരണം സഞ്ചി പരിശോധിക്കാന്‍ അയാള്‍ക്കു പറ്റിയില്ല. കാലടിയില്‍ ആളുകളെറങ്ങിയപ്പോള്‍ സീറ്റുകിട്ടുകയും, ഇന്നത്തെ കോളെന്താണെന്ന് അറിയാന്‍ ആകാംക്ഷയോടെ സഞ്ചിയില്‍ കയ്യിട്ടപ്പോള്‍, കുറെ നേരമായി അടച്ച സഞ്ചിയില്‍ വീര്‍പ്പുമുട്ടി ശൗര്യത്തോടെയിരുന്ന മൂര്‍ഖന്‍ ചേട്ടന്‍ തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തത്‌ അയാളുടെ കൈയ്യിലും!!!!

വാല്‍ക്കക്ഷണം :

ഇളയമ്മക്കസുഖമായി ആശുപത്രയി ചേര്‍ത്തപ്പോള്‍ ഈയുള്ളവനായിരുന്നു ആശുപത്രിയില്‍ കൂട്ടിനിരുന്നത്‌. കുറച്ചു ബോറടിച്ചപ്പോള്‍ ആശുപത്രിയില്‍ക്കൂടി ചില ഉദ്ദേശത്തോടെ കറങ്ങി നടക്കുന്നതിനിടയിലാണ്‌ ഈ സംഭവത്തിനു ദൃക്‌സാക്ഷിയായത്‌. രസകരമായ വസ്തുത ആദ്യം പാമ്പു കടിയേറ്റ ആള്‍ ജീവിതത്തിലേക്കു തിരിച്ചുവരുകയും, മോഷ്ടാവായ നമ്മുടെ കഥാനായകന്‍ പരലോകത്തേയ്ക്കു പോകുകയും ചെയ്തു.

32 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  രംഗം ഒന്ന് : നമ്മുടെ കഥാനായകന്‍ ബസ്സില്‍ യാത്രചെയ്യുന്നു.

  ബസ്സ്‌ കാലടി പാലം കഴിഞ്ഞപ്പോഴേയ്ക്കും, അയ്യോ എന്നെ പാമ്പു കടിച്ചേ.... എന്നുള്ള അലര്‍ച്ച കേട്ടു. ബസ്സില്‍ പാമ്പൊ..? യാത്രക്കാരെല്ലാം പരിഭ്രാന്തരായി. പാമ്പു കടിച്ചുവെന്നു നിലവിളിക്കുന്ന അയാളോട്‌ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരു സഞ്ചി ചൂണ്ടിക്കാണിക്കുകയും അതില്‍ പാമ്പുണ്ടെന്നു പറയുകയും ചെയ്തു. യാത്രക്കാരിലൊരാള്‍ ധൈര്യപൂര്‍വ്വം സഞ്ചിപരിശോധിച്ചപ്പോള്‍ അതില്‍ പാമ്പുണ്ടെന്നു ബോദ്ധ്യമായി. പക്ഷെ കടിയേറ്റ അയാളോട്‌ കാര്യങ്ങള്‍ ചോദിച്ചപ്പോല്‍ കൂടുതലൊന്നും അയാള്‍ പറഞ്ഞില്ല.

 2. Rasheed Chalil said...

  കൊതിച്ചതും വിധിച്ചതും...

 3. സഹയാത്രികന്‍ said...

  അത് നന്നായി...

  “പാമ്പെടുത്തവന്‍ പാമ്പാല്‍”

  :)

 4. ശ്രീ said...

  അതെ. അതായിരുന്നിരിക്കണം അവന്റെ വിധി.
  കഷ്ടം!

 5. സുനീഷ് said...

  വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളില് വച്ചെന്ന് കേട്ടിട്ടില്ലേ, അതന്നെ… കഷ്ടം തോന്നി ആ മോഷ്ടാവിനെ ഓര്‍ത്ത്…

 6. സുല്‍ |Sul said...

  അപ്പോളതിനൊരു തീരുമാനമായി.
  കൊള്ളാം
  -സുല്‍

 7. പ്രയാസി said...

  സ്വന്തം മരണം മോഷ്ടിച്ച കള്ളന്‍ കഷ്ടം!
  ചിലരങ്ങനെയാ ഇരന്നു വാങ്ങും..

 8. ശ്രീഹരി::Sreehari said...

  symapathykkano chirikkano ennayipoyi... ethayalum sambhavam kollam

 9. Typist | എഴുത്തുകാരി said...

  അയ്യോ പാവം, കള്ളന്‍.

 10. ഉപാസന || Upasana said...

  ഉപാസനയെ പണ്ട് പാമ്പ് കടിച്ചിട്ടുണ്ട്.
  അസ്സല്‍ ശംഖുവരയന്‍... എന്നിട്ടെന്താ പാമ്പ്... ചത്തു.
  ഇനി പാമ്പൊക്കെ പുല്ലാ കാരണം രക്തത്തില്‍ പാമ്പിന്‍ വിഷത്തിനെതിരായ ആന്റിബോഡിയുണ്ട്, സോ ഒരു കൈ നോക്കാം അത്ര തന്നെ.
  :)
  ഉപാസന

  ഓ. ടോ: പാമ്പ് കടിച്ചു എന്ന് കേട്ടപ്പോള്‍ ഞാന്‍ സാന്റോസിനെ ഓര്‍ത്തു, അറിയാതെ.

 11. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ഒരു സംശയം മാത്രം
  “സഞ്ചിയിലുള്ള പാമ്പിനെ കണ്ടപ്പോള്‍ ഡോക്ടറിന്റെ മുഖത്ത്‌ ഭയങ്കര ആശ്ചര്യമായി“
  ആ ഡോക്ടറാളു കൊള്ളാലോ ഒരു തവണ കണ്ട പാമ്പിനെ രണ്ടാമത് കണ്ടപ്പോള്‍ തിരിച്ചറിഞ്ഞോ അതോ സഞ്ചി കണ്ട് തിരിച്ചറിഞ്ഞോ? നല്ല ഓര്‍മ്മശക്തി.

 12. മെലോഡിയസ് said...

  വേണ്ടാത്ത പണിക്ക് പോയാല്‍ ഇങ്ങനെയൊക്കെ ഇരിക്കും..അത്ര തന്നെ..

 13. കുഞ്ഞന്‍ said...

  ചാത്താ, പലരും പാമ്പിനെ കൊണ്ടുവരുന്നത് കൊന്നിട്ടാണ്, അപ്പോള്‍ ജീവനുള്ള പാമ്പിനെ കൊണ്ടുവരുമ്പോള്‍(അപൂര്‍വ്വമായി)ഓര്‍ത്തിരിക്കാന്‍ സാദ്ധ്യതയുണ്ട്. ആ സഞ്ചിയും ജീവനുള്ള പാമ്പിനേയും ഏതാനും മണിക്കുറുകള്‍ക്കുമുമ്പാണ് ഡോക്ടര്‍ കണ്ടത്. ഇത് കഥയല്ലല്ലൊ നടന്ന പത്തരമാറ്റ് സംഭവം!!

 14. ഏ.ആര്‍. നജീം said...

  ഹഹാ സംഗതി കൊള്ളാം
  ഇതു നടന്നത് തന്ന്യേ...?
  :)

 15. ഹരിശ്രീ said...

  കുഞ്ഞന്‍ ചേട്ടാ,
  സംഭവം കൊള്ളാം. ഇതുകേട്ടപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ “മൂര്‍ഖന്‍ പപ്പന്‍“ എന്നറിയുന്ന ചേട്ടനെ ആണ് ഓര്‍മ്മ വന്നത്...ഇഷ്ടനെ കടിച്ച പാമ്പിനെ ആള്‍ തിരിച്ചു കടിച്ച് ജീവന്‍ രക്ഷിച്ചു എന്നാണ് കേട്ടുകേള്‍വി. ആളിപ്പോഴും ജീവനോടെ ഉണ്ട്.

 16. തറവാടി said...

  നല്ല വിവരണം :)

 17. സജീവ് കടവനാട് said...

  അനുഭവകഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അടിയില്‍ കുറിച്ച സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ല. :)

 18. ബാജി ഓടംവേലി said...

  ഇന്നലേ വാഴിച്ചിരുന്നു.കമ്പ്യൂട്ടര്‍ സ്ലോ ആയിരുന്നതിനാല്‍ കമന്റാന്‍ പറ്റിയില്ല.
  നന്നായിരിക്കുന്നു.
  അനുഭവങ്ങളുടെ മാറാപ്പ് മനോഹരമായി തുറന്നു കാട്ടുന്നു.

 19. ചന്ദ്രകാന്തം said...

  മരണം കട്ടെടുത്തോന്‍..!!!

 20. simy nazareth said...

  കുഞ്ഞാ, എന്തൊക്കെ കാണണം അല്ലേ.

  ശംഖുവരയന്‍ രണ്ടുപേരെ കടിച്ചിട്ടും അതിനെ വെറുതേ വിട്ടോ?

 21. sandoz said...

  പാവം പാമ്പ്‌...
  അതിന്റെയൊരു വിധിയേ...

  പാവം കള്ളന്‍...ഒരു സഞ്ചി അടിച്ചുമാറ്റിയതല്ലേ അവന്‍ ചെയ്തോള്ളൂ...

  ആ ഡോക്ടറെം കമ്പോണ്ടറേം ചവുട്ടണം....പാമ്പിരിക്കിണ സഞ്ചി എവിടാ വയ്ക്കണ്ടേന്ന് ഇത്ര കാലമായിട്ടും അവര്‍ക്ക്‌ അറിഞ്ഞൂടെ...
  എടുത്ത്‌ മടീല്‍ വയ്ക്കണം...

  [ഹ.ഹ..ഉപാസനേ...അനക്ക്‌ ഞാന്‍ വച്ചിട്ടൊണ്ട്‌..]

 22. Anonymous said...

  കഷ്ടമായി,ഒരു കള്ളന്റെ വിധി...!


  കൃഷ്ണലാല്‍

 23. കുഞ്ഞന്‍ said...

  സിമി ഭായ്,

  ശംഖുവരയന്‍ അല്ലേയല്ല, മൂര്‍ഖേട്ടനാണ്..!

  സാന്റോസ് ഭായ് : അവര്‍ അത് മടീല്‍ വയ്ക്കാന്‍ വേണ്ടിയാണ് അവിടെവച്ചത്, പക്ഷെ ആക്രാന്തം..!

 24. ഉപാസന || Upasana said...

  സാന്റോയേ,
  അച്ചായന്‍ അത് ചെയ്യരുത്. എന്റെ മനസ്സില്‍ തോന്നിയത് കമന്റിയതോ ഉപാസന ചെയ്ത കുറ്റം. പലര്‍ക്കും തോന്നിയതാ അത്. പറയാതിരുന്നതാ, കട്ടായം.
  :)
  ഉപാസന

  ഓ. ടോ: സോറീട്ടാ.

 25. sandoz said...

  കുഞ്ഞാ..ഓഫോട്‌ ഓഫ്‌;
  ഹ.ഹ.ഹ..എന്റെ ഉപാസനേ...സോറിയാ..എന്തിനു....എനിക്ക്‌ വയ്യ....ഇതൊക്കെ ഒരു രസോല്ലേ മാഷേ....

 26. Sherlock said...

  എല്ലാ കള്ളന്മാരും വായിക്കേണ്ട പോസ്റ്റ്.. :)

 27. മന്‍സുര്‍ said...

  കുഞാ...

  എന്തായലും ആ നടത്തം എന്തിനായിരുന്നെന്ന്‌ എനിക്ക്‌ പിടി കിട്ടി....അത്‌ കൊണ്ടു ഇങ്ങിനെ ഒരു കാര്യം കിട്ടിയല്ലോ....നന്നായി....സൂപ്പര്‍

  ഭാഗ്യം ഒന്ന്‌ കൊണ്ടു മാത്രമാണ്‌ ആ സഞ്ചി കുഞന്‍റെ കണ്ണില്‍ പെടാതിരുന്നത്‌..ദൈവത്തിന്‌ നന്ദി.

  നന്‍മകളോടൊപ്പം പെരുന്നാല്‍ ആശംസകള്‍

 28. കുഞ്ഞന്‍ said...

  ശ്ശെ‌ടാ മന്‍സൂറെ അതു മനസ്സിലാക്കിയല്ലെ...! അപ്പോള്‍ പറഞ്ഞുവരുന്നതു ഞാന്‍ ഭാഗ്യവാനെന്ന്..:)

 29. payyans said...

  ഡിയര്‍ കുഞ്ഞാ..പാന്‍ബു കടി കഥയ്ക്ക് ഒരു ഗുണപാഠ പരിപേഷം ഒക്കെ ഉണ്ട് .കൊള്ളാം.പഷെ ഈ പാന്‍ബിനെ അങ്ങോട്ടു കടിച്ചിട്ടുണ്ടോ. ഞാന്‍ ചെയ്തിട്ടുണ്ട്. കടിക്കുക മാത്രമല്ല കടിച്ചു മുറിച്ചു തിന്നുകയും ചെയ്തു.സാധനം ചേരയായിരുന്നെന്ന് പിന്നിടറിഞ്ഞു.{ ഊത്ത മീന്‍ പിടിക്കാന്‍ പാടത്തു പോ‍യിരുന്ന കൂട്ടുകാര്‍ തല്ലികൊന്നു വറത്തു വച്ചതായിരുന്നെ..കോളെജില്‍ പോയി വന്ന എന്നെ സൂത്രത്തില്‍ കുരുക്കി അവന്‍മാര്‍ എന്റെ ആമാശയത്തിലാണെ അതിനെ ടെസ്റ്റ് ചെയ്തതെ..! :( }
  അതു കൊണ്ട് എവിടെ പാന്‍ബന്ന് കേട്ടാലും കുളിരുകേറും. പിന്നെ ഇതെടുത്ത് വീശിയാലെ സമാധാനം കിട്ടുകയുള്ളു.ക്ഷമിക്കു കേട്ടോ... :)

 30. പൈങ്ങോടന്‍ said...

  അയ്യോടാ....പാവം കള്ളന്‍.
  ഭാവിയിലുണ്ടായേക്കാവുന്ന ഒരു മഹാദുരന്തം ഒഴിവാക്കാന്‍ ജീവനില്‍ കൊതിയുള്ള
  എല്ലാ കള്ളന്മാരും ഈ പോസ്റ്റുവായിക്കണമെന്നപേക്ഷ

 31. Murali K Menon said...

  ഇതാണു പറയുന്നത് പാമ്പിനു വിശേഷ ബുദ്ധിയില്ലെന്ന്, അയാള്‍ കയ്യിടുമ്പോള്‍ കടിക്കാതെ പുറത്തേക്ക് കടന്ന് രക്ഷപ്പെടുകയല്ലേ വേണ്ടത്.. എന്തായാലും പരലോകം പൂകിയ കള്ളന്‍ സഞ്ചിയിലേക്ക് മുഖം താഴ്ത്തി നോക്കാഞ്ഞത് നന്നായി അല്ലെങ്കില്‍ അയാള്‍ ചത്തുപോയേനെ. അല്ലേ? എന്താ പറഞ്ഞത് അബദ്ധായോ, ആയി.. എന്നാ പിന്നെ ഞാന്‍ ലിറ്റില്‍ ഫ്ലവറീന്ന് സ്കൂട്ടി

 32. കുഞ്ഞന്‍ said...

  മുരളി മാഷെ...

  കിടിലന്‍ കമന്റ്...:)