Monday, August 18, 2008

പെണ്ണു കെട്ടാന്‍..!

സര്‍വ്വ രാജ്യ ബാച്ചികളെ സംഘടിക്കുവിന്‍... നിങ്ങള്‍ക്ക് നഷ്ടപെടാന്‍ ഒരു ജീവിതം മാത്രം ... കിട്ടാനുള്ളതോ ബാച്ചികളില്ലാത്ത ലോകവും..!

പുര നിറഞ്ഞു നില്‍ക്കുന്ന ആണ്‍ബാച്ചികളെ, ഇതു നിങ്ങള്‍ക്ക്‌ നിങ്ങള്‍ക്കു വേണ്ടി മാത്രം..!!

ആദ്യം നിങ്ങള്‍ പുരനിറഞ്ഞു നില്‍ക്കുന്നവരാണൊ, അതൊ അതിനപ്പുറം കടന്നവരാണൊ എന്നൊക്കെ അറിയുവാന്‍ ചില ലക്ഷണങ്ങള്‍;

* മാതാശ്രീ നിങ്ങളോട്‌ 'ഡാ മോനെ എന്നൊക്കൊണ്ട്‌ വയ്യാതായി നിനക്കു വച്ചു വിളമ്പിത്തരാന്‍, ഇനി നിനക്ക്‌ ഇതില്‍ക്കൂടുതല്‍ സ്വാദോടെ കഴിക്കണമെന്നുണ്ടെങ്കില്‍.. ഉറപ്പിച്ചോളൂ നിങ്ങളെ കെട്ടിക്കാറായെന്ന്.

* മാതാപിതാക്കള്‍ നിങ്ങളോട്‌ 'ഡാ, മ്മടെ മടക്കത്താനത്തെ പാപ്പന്‍ ഒരാലോചനയുമായി ഇവിടെ വന്നു' ഈ ഡയലോഗ്‌ കേട്ടാല്‍ നിങ്ങള്‍, എന്താലോചന? ആര്‍ക്ക്‌? എനിക്കോ? കുറച്ചു കഴിയട്ടെ! ഇത്യാദി വാക്കുകള്‍ നവരസങ്ങളോടുകൂടി മൊഴിഞ്ഞിട്ടുണ്ടൊ എങ്കില്‍ നിങ്ങള്‍ പുരനിറഞ്ഞവന്‍ തന്നെ.

* 'ഡാ പരമൂ, ഞാന്‍ വെള്ളമടിയും വായ്‌ നോട്ടവും നിര്‍ത്തി'..ഇങ്ങനെ നിങ്ങള്‍ പറഞ്ഞാലും അനുമാനിക്കാം ഇതതിന്റെ മുന്നോടിയാണെന്ന്.

* നാലുപുത്തന്‍ കൈയ്യില്‍ വന്നുവെന്നും ഞാനും ഒത്തരാളായി എന്ന തോന്നലുണ്ടാവുക.

* നാട്ടുകാര്‍ ഒറ്റക്കും കൂട്ടാമായും നിങ്ങളുടെ വീട്ടില്‍ വന്ന് ചെക്കനെ എത്രയും പെട്ടെന്ന് കെട്ടിച്ചുവിടുക അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ കൈപ്പണിയുണ്ടാകും എന്ന മുന്നറിയിപ്പ്‌ തന്നിട്ടുണ്ടെങ്കില്‍ ഇതും‌ അതിന്റെ ലക്ഷണമാണെന്ന് ഊഹിക്കാം. കുറിപ്പ്‌: ഈ അറിയിപ്പ്‌ കിട്ടിയാല്‍ ഉടന്‍ പരിഹാരം തേടിയിരിക്കണം ഇല്ലെങ്കില്‍...

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ വച്ച്‌ നിങ്ങള്‍ പുര നിറഞ്ഞുനില്‍ക്കുന്നവാണെന്ന് കണ്ടെത്തുകായാണെങ്കില്‍ നിശ്ചയമായും ഞാന്‍ പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രദ്ധിക്കുക.

നാട്ടാരുടെ മുമ്പില്‍..


* കുടി, വലി, മുറുക്ക്, കുത്തിവയ്പ് എന്നീ നല്ല ശീലങ്ങള്‍ നിര്‍ത്തലാക്കുക. ഇനി അതിനു കഴിയില്ലെങ്കില്‍ പരസ്യമായി ചെയ്തിരുന്നത്‌ രഹസ്യമായി ചെയ്യുക.

* കലങ്കിലൊ കവലയിലൊ കൂട്ടുകാരൊത്ത്‌ പരദൂഷണം പറഞ്ഞിരിക്കുന്നത് അവസാനിപ്പിക്കുക.

* കുളി നോട്ടം, ഒളിഞ്ഞുനോട്ടം, വായനോട്ടം, തെളിഞ്ഞനോട്ടം എന്നീ നോട്ടങ്ങള്‍ നിര്‍ത്തിവയ്ക്കുക.

* ജോലി സൗകര്യാര്‍ത്ഥം മാത്രമെ പാന്റു ധരിക്കാവൂ, കഴിവതും മുണ്ടുടുത്ത്‌ മടക്കിക്കുത്തി നടക്കുക. എന്തെന്നാല്‍ നിങ്ങളെക്കാള്‍ പ്രായം കൂടിയവരെ കാണുമ്പോള്‍ ബഹുമാനം കാണിക്കുവാന്‍ വേണ്ടി മടക്കിക്കുത്തിയത്‌ വെപ്രാളത്തോടെ അഴിച്ചിടുക.

* സമീപ പ്രദേശത്തെ കല്യാണങ്ങളില്‍ പരമാവധി പങ്കെടുക്കുക, ക്ഷണിച്ചില്ലെങ്കില്‍ക്കൂടിയും. ഒരു കാര്യം ശ്രദ്ധിക്കുക അവിടെ കഠിനമുള്ള ഒരു ജോലിയും ചെയ്യരുത്‌ ആകെ ചെയ്യേണ്ടെത്‌ പെണ്‍ പടകളിരിക്കുന്ന സ്ഥലത്ത്‌ വെള്ളം മുറുക്കാന്‍ എന്നിവ വേണൊ വേണൊ എന്നു ചോദിച്ച്‌ കറങ്ങി നടക്കുക. അതുപോലെ സദ്യക്ക്‌ സ്ത്രീജനങ്ങളുടെ സൈഡില്‍ മാത്രം സദ്യ വിളമ്പാന്‍ കൂടുക.

* ആരാധാനാലയങ്ങളില്‍ പറ്റുമെങ്കില്‍ മൂന്നൊ നാലൊ തവണ പോയി പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുന്നതായി അഭിനയിച്ചാലും കുഴപ്പമില്ല.

* നാട്ടു വര്‍ത്തമാനം പറയുന്നത്‌ മദ്ധ്യവയസ്സുകഴിഞ്ഞ അമ്മമാരോട്‌ മാത്രമാക്കാന്‍ നോക്കണം. അവര്‍ പറയുന്ന സങ്കടങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ണും മൂക്കും തുടച്ച്‌ അവരുടെ സങ്കടത്തില്‍ പങ്കുചേരുക ( അവരുടെ കണ്ണും മൂക്കും അല്ലാട്ടൊ തുടക്കേണ്ടത്‌ നിങ്ങള്‍ സ്വയം നിങ്ങളുടെ അല്ലെങ്കില്‍ അവരെക്കൊണ്ടായാല്‍ ഭേഷ്..!)

* വൃദ്ധജനങ്ങള്‍ നിങ്ങളെ കാണുമ്പോള്‍, അവര്‍ നിങ്ങളോട്‌ "മോനെവിടെത്തെയാ..? കൊണ്ടോട്ടി....യുടെ തലതെറിച്ച സന്തതി അല്ലെടാ" എന്നൊക്കെ ചോദിക്കുമ്പോള്‍ മടിക്കുത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു കഷണം പുകയിലയൊ, വെറ്റിലയൊ, സിഗരറ്റൊ അവര്‍ക്കു നല്‍കുക.

വീട്ടാരുടെ മുമ്പില്‍..

* സന്ധ്യയാകുന്നതിനുമുമ്പ്‌ വീടണയാന്‍ നോക്കണം.

* വീട്ടില്‍ പരിശുദ്ധ ഗ്രന്ഥങ്ങളുണ്ടെങ്കില്‍ അതുറക്കെ വായിക്കണം, പ്രാര്‍ത്ഥനയില്‍ പങ്കുചേരുക.

* വീട്ടീല്‍ അമ്മയെ അടുക്കളപ്പണിയില്‍ സഹായിക്കുക ( തിന്നുതീര്‍ക്കുന്നതല്ലാട്ടൊ )

* സ്വന്തം വസ്ത്രങ്ങള്‍ തന്നത്താന്‍ കഴുകുക.

ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളെപ്പറ്റി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു ഒരു മതിപ്പും പിന്നെ ഒരു ഇതും വന്നിട്ടുണ്ടാകും. അത്‌ നിങ്ങള്‍ക്ക്‌ കല്യാണ മാര്‍ക്കറ്റില്‍ ഉപകാരമാകും.
*
*
*
*
വാല്‍ക്കഷണം... ഒരു ആറുമാസം മുമ്പ്‌ വരെയുള്ള കാര്യങ്ങള്‍ നാട്ടുകാര്‍ക്ക്‌ ഓര്‍മ്മയുണ്ടാകില്ല, ഓര്‍ത്തിരിക്കാന്‍ സമയമുണ്ടാകില്ല. അതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ചുനോക്കാന്‍ നാലൊ അഞ്ചൊ മാസം മെനക്കെട്ടാല്‍ മതി..!
*
*
*
*
*
*
അടുത്ത പോസ്റ്റിലുടനെ പ്രസദ്ധീകരിക്കുന്നു...പെണ്ണു കാണാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..ടംങ് ട ടൈയ്..(മ്യൂസിക്)

44 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  പുര നിറഞ്ഞു നില്‍ക്കുന്ന ആണ്‍ബാച്ചികളെ, ഇതു നിങ്ങള്‍ക്ക്‌ നിങ്ങള്‍ക്കു വേണ്ടി മാത്രം..!!


  ഈ പോസ്റ്റ് ബൂലോഗ ആണ്‍ബച്ചന്മാര്‍ക്ക് സമര്‍പ്പിക്കുന്നു..!

 2. Rasheed Chalil said...

  ഈ പോസ്റ്റിന് താഴെ ആജീവനാന്ത ബാച്ചീസ് ദില്‍ബന്‍, സാന്‍ഡോസ് എന്നിവരുടെ ഒപ്പുകൂടി ചേര്‍ക്കാമായിരുന്നു ... :)

 3. കുഞ്ഞന്‍ said...

  ശ്രീമാന്‍ ഇത്തിരി മാഷിന്റെ നിര്‍ദ്ദേശപ്രകാരം ഈ പോസ്റ്റ് ദില്‍ബന്‍, സാന്‍ഡോസ്, പച്ചാളം തുടങ്ങി ശ്രീ വരെയുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു..( അടി കിട്ടാണെങ്കില്‍ ഇത്തിരിമാഷിന് കിട്ടിക്കോളുമല്ലൊ)

  ആദ്യ പ്രതികരണത്തിന് ഇത്തിരി നന്ദി ഇത്തിരിമാഷെ.. പിന്നെ ഈ പോസ്റ്റിനു വേണ്ട വരികള്‍ നല്‍കിയതിനും..!

 4. അനില്‍@ബ്ലോഗ് // anil said...

  വേണ്ട കുഞ്ഞോ,
  ആറ്റിലേക്കെടുത്തു ചാടല്ലെ.

 5. krish | കൃഷ് said...

  ഹഹ കൊള്ളാം.സംഗതി.
  ഈ സീരീസ് കഴിഞ്ഞ് ഇനി പുര നിറഞ്ഞുനില്‍ക്കുന്ന പെണ്‍ ബാച്ചികള്‍ക്കും ഇതുപോലെ സമര്‍പ്പണം വല്ലതുമുണ്ടോ..
  ബൂലോകത്ത് ഒരു ‘കൊച്ച്’ പുര നിറഞ്ഞുനില്‍ക്കുന്നുണ്ടേ! അവര്‍ക്കും വേണ്ടേ ഒരു സമര്‍പ്പണം.

  :)

 6. nandakumar said...

  ഒരു രണ്ടു കൊല്ലം മുന്‍പ് ഇതു പറഞ്ഞു തന്നിരുന്നെങ്കില്‍ല്‍ ല്‍ ല്‍ ല്‍ .... :(

  കല്യാണം പെട്ടെന്ന് നടത്തി തരാന്‍ വേറൊരു ഉപായം ചെയ്യാം. രാത്രി കിടക്കുമ്പോള്‍ പായ നെടുകെ നീളത്തില്‍ പകുതി മടക്കി വെച്ച് കിടക്കുക. ‘എന്തിനാഡാ ഇദ്’എന്നെങ്ങാനും പാരന്റ്സ് ചോദിച്ചാല്‍...’ഓ!! പിന്നെ എനിക്കൊരാള്‍ക്ക് കിടക്കാന്‍ ഇത്രയൊക്കെ സ്ഥലം മതി!’ നെക്സ്റ്റ് വീക്ക് സംഗതി ഓക്കെ.

 7. മുസ്തഫ|musthapha said...

  ചുമ്മാതല്ല എന്നെ കെട്ടിക്കാന്‍ വൈക്യേത്

 8. കുഞ്ഞന്‍ said...

  അനില്‍..
  ഇയാളൊരു മറ്റേ രീതിയിലാണല്ലൊ സംസാരിക്കുന്നത്..വേണ്ട വേണ്ട ചൊറിച്ചുമല്ലൊന്നും വേണ്ടാ.ഈ പാവത്തെ വിട്ടേക്ക്..!

  കൃഷ് ഭായി..
  ഹഹ അത് ഞാന്‍ കൂട്ട്യാ കൂടുല്ലാ മാഷെ.

  നന്ദന്‍ മാഷെ..
  എന്നാലും ഇനിയും കെട്ടാത്തവര്‍ക്ക് വേണ്ടി ഇത് ശ്രമിക്കാമല്ലൊ.
  ഹഹ..ഞാനും ഈ വിദ്യ കാണിക്കാറുണ്ടായിരുന്നു. പായ പകുതി മടക്കിക്കിടക്കുക.

  അഗ്രു മാഷെ..
  ബൂലോഗത്ത് സംസാരം അഗ്രുഭായിയെ തട്ടിയെടുത്ത് കെട്ടിക്കൊണ്ടുപോയെന്നാണ്.( ഇത്ത കേള്‍ക്കേണ്ടാ)

  ഇത്രയും അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി..പ്രത്യേകിച്ച് അനിലിന്

 9. Mr. K# said...

  പച്ചാളം കുട്ടിയല്ലേ കുഞ്ഞാ, അവനുള്ള സമര്‍പ്പണം പിന്വലിച്ചേക്കൂ. :-)

 10. OAB/ഒഎബി said...

  രണ്ടാം കെട്ടുകാറ്ക്ക് വല്ല ഐഡിയായും...?

  ]സുഹൃത്തിനെക്കൊണ്ട് പെണ്ണ് കെട്ടിക്കാനുള്ള യാതൊരു വിധ ചിന്തയും ബാപ്പാക്ക് ഇല്ലായിരുന്നു. ഞങ്ങളുടെ ഐഡിയ പ്രകാരം അവന്‍ ഉറക്കത്തില്‍ (അഭിനയം)
  “ങും..നാസറും കെട്ടി.. സലാമിനും ഉറപ്പിച്ചു..ന്റെ കാര്യം..”
  അപ്പുറത്ത് കിടന്നിരുന്ന അവന്റെ ബാപ്പയും ഉറക്കത്തില്‍.
  “ഹാ..പൊരീക്ക് നോക്ക്... പൊരീക്ക് നോക്ക്”

 11. യാരിദ്‌|~|Yarid said...

  “മാതാശ്രീ നിങ്ങളോട്‌ 'ഡാ മോനെ എന്നൊക്കൊണ്ട്‌ വയ്യാതായി നിനക്കു വച്ചു വിളമ്പിത്തരാന്‍, ഇനി നിനക്ക്‌ ഇതില്‍ക്കൂടുതല്‍ സ്വാദോടെ കഴിക്കണമെന്നുണ്ടെങ്കില്‍“

  ഇതു പറഞ്ഞപ്പോല്‍ ഞാന്‍ പ്രതിക്ഷിച്ചു വല്ലതും നടക്കുമെന്നു..!

  “ മാതാപിതാക്കള്‍ നിങ്ങളോട്‌ 'ഡാ, മ്മടെ മടക്കത്താനത്തെ പാപ്പന്‍ ഒരാലോചനയുമായി ഇവിടെ വന്നു' ഈ ഡയലോഗ്‌ കേട്ടാല്‍ നിങ്ങള്‍, എന്താലോചന? ആര്‍ക്ക്‌? എനിക്കോ? കുറച്ചു കഴിയട്ടെ! ഇത്യാദി വാക്കുകള്‍ നവരസങ്ങളോടുകൂടി മൊഴിഞ്ഞിട്ടുണ്ടൊ എങ്കില്‍ നിങ്ങള്‍ പുരനിറഞ്ഞവന്‍ തന്നെ“

  ഇമ്മാതിരി ഡയലോഗു കേട്ടപ്പോഴും ഞാന്‍ പ്രതീക്ഷിച്ചു..

  പലതും ചെയ്തു നോക്കി, നടന്നില്ല. ഇനി എന്തൊക്കെ ചെയ്താലാണൊ ഒരു പെണ്ണ് കെട്ടാന്‍ പറ്റുക...!!

  ഓഫ്: ഉണ്ടവനു പായ കിട്ടാത്തതിന്റെ പ്രശ്നം, ഉണ്ണാത്തവനു ഇല കിട്ടാത്തതിന്റെ പ്രശ്നം..! കുഞ്ഞന്‍ ചേട്ടോ നമ്മളൊക്കെ ഇങ്ങനെ നടക്കുന്നതു കണ്ടപ്പൊ ചെറിയ ഒരു അസൂയ ഉണ്ടല്ലെ..;)

 12. ശ്രീവല്ലഭന്‍. said...

  ഹ ഹാ ...:-)


  " മാതാശ്രീ നിങ്ങളോട്‌ 'ഡാ മോനെ എന്നൊക്കൊണ്ട്‌ വയ്യാതായി നിനക്കു വച്ചു വിളമ്പിത്തരാന്‍, ഇനി നിനക്ക്‌ ഇതില്‍ക്കൂടുതല്‍ സ്വാദോടെ കഴിക്കണമെന്നുണ്ടെങ്കില്‍.........ആ തട്ടുകടേന്ന് വല്ല പൊറോട്ടേം ഇറച്ചീം വാങ്ങിക്കഴിച്ചോ. "

 13. Jay said...

  അത് സംഭവം കൊള്ളാം. ഏതായാലും കറക്റ്റ് സമയത്തുതന്നെ പോസ്റ്റിട്ടതില്‍ സന്തോഷം.

 14. കനല്‍ said...

  നാട്ടില്‍ “ദുര്‍നടപ്പുകാരി” ലേബല്‍ വാങ്ങിയ,അല്ലെങ്കില്‍ ആ സംശയദ്യഷ്ടിയിലുള്ള സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് മാ:പിതാക്കന്മാര്‍ കാണ്‍കെ ചുമ്മാ ക്ഷേമം അന്വേഷിച്ചാലും മതി,(ഐ മീന്‍ ഒരു ചിരി രണ്ട് വാക്ക് അത്രയും മതീട്ടോ?)

  കല്യാണം ഉടന്‍ നടന്നൂന്ന് കൂട്ടിക്കോ.

  :)

 15. Anil cheleri kumaran said...

  അവനവന്‍ കുഴിക്കുന്ന കുഴികളില്‍ വീഴുമ്പോള്‍ ഗുലുമാല്‍...

 16. Anil cheleri kumaran said...
  This comment has been removed by the author.
 17. കുഞ്ഞന്‍ said...

  കു.വ മാഷെ..
  കുട്ടിയാണെങ്കിലും തള്ളിക്കളയാന്‍ പറ്റില്ലല്ലൊ..പണ്ട് ഇത്തിരി മാഷ് പച്ചാളത്തെ കെട്ടിക്കാന്‍ നോക്കീതാ..ങും എന്നിട്ടും നടന്നില്ല പിന്നെയാണ് ഇത്തിരിപ്പോന്ന ഈ കുഞ്ഞന്‍.

  ഓഎബി ഭായി..
  ഞാനിത് അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതുന്നതാണ്. ഇനി സൂചിപ്പിച്ച സ്റ്റേജിന് വേണ്ടി ഞാനൊന്നു നോക്കട്ടെ.
  അപ്പനാരാമോന്‍ എന്നാലും ഹാ പൊരീക്ക് നോക്ക്.. മനസ്സിലായില്ലാട്ടൊ..ആകാംക്ഷ..ആകാംക്ഷ..

  യാരിദ് ഭായി..
  എന്തുത്തരം നല്‍കുമെന്ന് കരുതി ചിന്തിച്ചിരുന്നപ്പോള്‍ ദേ വരുന്നു കനല്‍ മാഷിന്റെ കമന്റ്..ഇതുതന്നെ യാരിദ് കുട്ടനുള്ള മറുപടി.. അതുപോലെ നന്ദന്‍ മാഷ് പറഞ്ഞതുപോലെ ആ പായ പ്രയോഗവും
  നടത്തൂ..
  സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല ബാച്ചിലൈഫ് തന്നെയാണ് നല്ലത്..!

  ശ്രീവല്ലഭന്‍ മാഷെ..
  നല്ല കഥയായി ഇല്ലത്തെ കുട്ടിയോട് മാതാശ്രീ പറയൊ പൊറൊട്ടയും ഇറച്ചിയും കഴിക്കാന്‍..ശിവ ശിവ..

  അജേഷ് ഭായി..
  ഞാന്‍ കൃതാര്‍ത്ഥനായി..ഈ പോസ്റ്റുകൊണ്ട് ഒരള്‍ക്കെങ്കിലും പ്രയോജനം ലഭിക്കുമല്ലൊ..നന്ദീണ്ടട്ടോ..

  കനന്‍ മാഷെ..
  ഹഹ.. ഈ പൊയന്റ് ഞാന്‍ ഓര്‍ത്തില്ല..ഇതും പോസ്റ്റിലേക്ക് ആവാഹിച്ചാലൊ? പിന്നെ എന്നെ ഒരു ധര്‍മ്മസങ്കടത്തിന്ന് കയറ്റിയതിന് നന്ദി, ആ യാരിദ് ചുള്ളന്റെ ചോദ്യം അതിനെ തടുക്കാന്‍ ഈ കമന്റ് ധാരാളം

  ഇത്രയും അഭിപ്രായങ്ങള്‍ പറഞ്ഞ സുഹൃത്തുക്കള്‍ക്ക് നന്ദി പറയുന്നു.. വീണ്ടും നല്ല പുര നിറഞ്ഞ ലക്ഷണങ്ങള്‍ എഴുതുക

 18. OAB/ഒഎബി said...

  എഴുതിയതൊക്കെ തമാശയായി എടുത്തിട്ടില്ല.
  പെണ്ണു കെട്ടാനുള്ളവറ് ഇതനുകരിക്കുന്നത്
  നല്ലതായിരിക്കും എന്ന് തന്നെയാണ്‍
  എന്റെയും അഭിപ്രായം.

  ]പൊരീക്ക് നോക്ക് (വീട്ടിലേക്ക് നോക്ക്)
  വീട്ട് ചിലവ് നടത്തണം എന്ന് സാരം.

 19. smitha adharsh said...

  സുന്ദരിയും,സുശീലയും,വിവാഹിതയും സര്‍വോപരി ഒരു നാല് വയസ്സുകാരിയുടെ അമ്മയുമായ ഞാന്‍ "ബ്ലോഗ് ബച്ചന്‍" മാര്‍ക്ക് വേണ്ടി "മാത്രം" എഴിതിയ ഈ പോസ്റ്റ് കണ്ടിട്ടുമില്ല,വായിച്ചിട്ടുമില്ല...കമന്‍റ് എഴുതിയിട്ടും ഇല്ല.

 20. Kichu $ Chinnu | കിച്ചു $ ചിന്നു said...

  ഞാനിപ്പൊ ബാച്ചിയല്ല കുഞാ കഴിഞ ജൂലായ്12ന്‍ പുര നിറയണേന്റെ മുമ്പെ തന്നെ കാര്യം സാധിച്ചു...
  പിന്നെ ആ ക്വോട്ട് ഇഷ്ട്ടായി ട്ടോ...
  നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒരു ജീവിതം മാത്രം, നേടാനോ ബാച്ചികളില്ലാത്ത ഒരു ലോകവും

 21. ശ്രീ said...

  “സമീപ പ്രദേശത്തെ കല്യാണങ്ങളില്‍ പരമാവധി പങ്കെടുക്കുക, ക്ഷണിച്ചില്ലെങ്കില്‍ക്കൂടിയും. ഒരു കാര്യം ശ്രദ്ധിക്കുക അവിടെ കഠിനമുള്ള ഒരു ജോലിയും ചെയ്യരുത്‌ ആകെ ചെയ്യേണ്ടെത്‌ പെണ്‍ പടകളിരിക്കുന്ന സ്ഥലത്ത്‌ വെള്ളം മുറുക്കാന്‍ എന്നിവ വേണൊ വേണൊ എന്നു ചോദിച്ച്‌ കറങ്ങി നടക്കുക. അതുപോലെ സദ്യക്ക്‌ സ്ത്രീജനങ്ങളുടെ സൈഡില്‍ മാത്രം സദ്യ വിളമ്പാന്‍ കൂടുക.”

  ഹ ഹ... കുഞ്ഞന്‍ ചേട്ടാ... ഈ ഭാഗം ഓര്‍ത്ത് ചിരിച്ചു പോയി. എവിടെ കല്യാണമുണ്ടായാലും പെണ്‍പടകള്‍ക്ക് ഭക്ഷണത്തിനു മുട്ടുണ്ടാകാത്തതിന്റെ കാരണം ഇതാണല്ലേ?
  [പോസ്റ്റ് ചേച്ചി കാണണ്ട. കെട്ടു കഴിഞ്ഞിട്ടും കല്യാണ വീടുകളില്‍ കറങ്ങുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ എന്തു പറയും?]

  പിന്നെ, സമര്‍പ്പണം എനിയ്ക്കും കൂടി വേണ്ടി ആണല്ലേ.... ഡാങ്ക്സ് ട്ടാ. :)

 22. Areekkodan | അരീക്കോടന്‍ said...

  അടുത്ത ഭാഗത്തിനായി ഇതേ എന്റെ അടുത്ത്‌ ബ്ലോഗ്‌ വായിക്കുന്ന ഒരു പാവം കാത്തിരിക്കുന്നു.

 23. നജൂസ്‌ said...

  കുഞ്ഞ... വളരെ ഉപകാരപ്രതമായ പോസ്റ്റാണ് എന്നെപ്പോലുള്ള അവിവാഹിതര്‍ക്ക്‌....:)

  നന്നായിരിക്കുന്നു

 24. നജൂസ്‌ said...
  This comment has been removed by the author.
 25. Bindhu Unny said...

  കുഞ്ഞാ, ഈ ഇന്റര്‍നെറ്റ് യുഗത്തില്‍, ഓണ്‍ലൈനായി നടപ്പില്‍ വരുത്താനുള്ള ചില മാറ്റങ്ങള്‍ കൂടി എഴുതാമായിരുന്നു. ബൂലോഗരുടെ മുന്നില്‍ നല്ല പയ്യനാവാന്‍ :-)

 26. നരിക്കുന്നൻ said...

  ഈ ബ്ലോഗ് കുറ്ച്ച് മുമ്പായിരുന്നെങ്കിൽ കഷ്ടപ്പെടാതെ പെണ്ണ് കെട്ടാമായിരുന്നു. ഒരു കാര്യം പ്രത്യേകം പറയാം... തമാശ രൂപത്തിലാണെങ്കിലും പറഞ്ഞത് മുഴുവർ സത്യമാ.... ഇതൊന്നുമില്ലങ്കിൽ എളുപ്പത്തിൽ കല്യാണം കഴിഞ്ഞ് പോകാൻ പാടാ. കയ്യിലിരിപ്പിന്റെയാകും അല്ലേ...

 27. ബഷീർ said...

  ബാച്ചികളേ. കൈവള ചാര്‍ത്താന്‍.. വരൂ. ഈ ബ്ലോഗിലൂടെ...


  അപ്പോ മാഷേ... ഇതിലൊക്കെ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌ നടത്താന്‍ വല്ല വഴിയുമുണ്ടോന്ന് നോക്കാം.. ഡിസ്റ്റന്‍ഡ്‌ എഡൂക്കേഷന്‍ മതിയാവും... നാട്ടിലുള്ള ബാച്ചികള്‍ക്കും ഡ്രാഫ്റ്റയക്കാമല്ലോ..

  ശ്രീ.. നല്ല പ്രായത്ത്‌ കല്ല്യാണിച്ചില്ലെങ്കില്‍ ജീവിതം കള്ളന്‍ കയറിയ കപ്പത്തോട്ടം പോലെയാവും ..പറഞ്ഞില്ലെന്ന് വേണ്ട.. മറ്റു ബാച്ചികള്‍ക്കും ഇതൊരു മുന്ന റിയിപ്പാകട്ടെ

  (കുഴിയില്‍ വീണു... ഇനി മുകളിലൂടെ നടക്കുന്നവനെയും വീഴ്ത്തി സമാധാനിക്കാം )

 28. നവരുചിയന്‍ said...

  ഓണ്‍ലൈന്‍ ആയി നടപ്പില്‍ വരുത്താവുന്ന ഒരു മാര്‍ഗം ഞാന്‍ പറഞ്ഞു തരാം.. കണ്ട കല്യാണ വെബ്സൈറ്റില്‍ നമുടെ പ്രൊഫൈല്‍ വിത്ത് ഫോട്ടോ വെക്കുക ..... പ്രതേകം ശ്രെദ്ധിക്കുക തയാറാകിയത് ആര് എന്ന ഓപ്ഷന്‍ വരുമ്പോള്‍ അച്ഛന്‍ , അമ്മ , പെങ്ങള്‍ അങ്ങനെ ആരുടെ എങ്കിലും പേരു വെക്കുക ....... ബാക്കി എല്ലാം പെട്ടെന്ന് നടക്കും ....

 29. Nachiketh said...

  )-

 30. ഹരിശ്രീ said...

  ടംങ് ട ടൈയ്....

  കൊള്ളാല്ലോ...കുഞ്ഞന്‍ ചേട്ടാ...

  അപ്പോള്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍...

  അടുത്തപോസ്റ്റിനായി കാത്തിരിയ്ക്കുന്നു...

  :)

 31. ജിജ സുബ്രഹ്മണ്യൻ said...

  ആണ്‍ ബച്ചന്മാര്‍ക്കു മാത്രം സമര്‍പ്പിച്ച ഈ പോസ്റ്റ് സുന്ദരിയും സുശീലയുമായ കാന്താരിക്കുട്ടി കണ്ടിട്ടേ ഇല്ല കെട്ടോ..

  ഈ പോസ്റ്റ് മോന്‍ കാണാതെ നോക്കണം..അല്ലെങ്കില്‍ ഇതിലെ വിദ്യകള്‍ നാളെ അവന്‍ പ്രയോഗിച്ചാലോ..പിന്നെ ഞാന്‍ പെണ്ണന്വേഷിക്കാന്‍ നടക്കണ്ടെ ?

 32. ഷിജു said...

  ഗമണ്ടന്‍ പോസ്റ്റ്........

  പിന്നെ ഒരു കാര്യം കൂടി നമ്മുടെ നാട്ടിലോ വീട്ടിലോ കുടുംബത്തോ വല്ലവരും കല്ല്യാണം കഴിക്കാന്‍ ഉണ്ടെങ്കില്‍ നമ്മുടെ വീട്ടുകാരോട് എപ്പോഴും അവരെന്താ കല്ല്യ്യാണം കഴിക്കാത്തെ എന്നു ചോദിച്ചൂ കൊണ്ടിരിക്കുക. അതുപോലെ അവര്‍ക്ക് നമ്മളാല്‍ ആവുന്ന രീതിയില്‍ കല്ല്യ്യാണമാലോചിക്കുക, .

 33. ബഷീർ said...

  ഉമ്മാ.. വരുന്ന ഞായറാഴ്ച യൂസ്ഫിന്റെ കല്ല്യാണാ..

  (അനക്കമില്ല )

  ഉമ്മോ.. അടുത്ത ഞായറാഴ്ച നമ്മടെ യൂസ്ഫിന്റെ കല്ല്യാണാന്ന്.... ഞാന്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ അവന്‍ എസ്‌.എസ്‌.എല്‍സിക്കായിരുന്നു....

  അയ്നിപ്പെന്താ കൊഴപ്പം ?
  ഇയ്യും എസെല്‍സിക്ക്‌ പഠിച്ചിട്ടില്ലേ.. പിന്നെ എന്ത്നാ സങ്കടം..
  കല്ല്യാണത്തിനന്നെ വിളിച്ചീണ്ടെങ്കി ഇയ്യ്‌ പൊയ്ക്കോ.. ഇക്കൊരു വിരോദോല്ല..

  അപ്പോ അതും ചീറ്റി..

 34. ദിലീപ് വിശ്വനാഥ് said...

  കുഞ്ഞന്‍ എന്നുള്ള പേരു മാറ്റി വലിയവന്‍ എന്നാക്കിയാല്‍ അതിനര്‍ത്ഥം പുര നിറഞ്ഞു എന്നാണോ?

 35. ഗുരുജി said...

  കുഞ്ഞാ
  ഇപ്പോള്‍‌ നാട്ടിലാ..ഒരു ബാച്ചിയെ ‘നോ മോര്‍‌ ബാച്ചി‘യാക്കി വന്നതേയൂള്ളൂ... അനുഭവം‌ ഗുരു എന്നാണല്ലോ വെയ്പ്...ഏതടവായിരുന്നു കുഞ്ഞന്റേതെന്നു കൂടി പറഞ്ഞേര്...കൊള്ളാം‌ പോസ്റ്റ്..

 36. രുദ്ര said...

  നീ കെട്ടുകേ വേണ്ടാന്ന് മാതാശ്രീ പറഞ്ഞുകിട്ടാന്‍ വല്ല വഴിയും ഉണ്ടോ കുഞ്ഞേട്ടാ :)

 37. കുഞ്ഞന്‍ said...

  കുമാരേട്ടാ..
  സത്യം.. ഇതു ഗുലുമാല് തന്നെ ഉള്ള സ്വാതന്ത്ര്യം ഡിം..!

  ഒഎബി ജീ..
  അയ്യൊ..ഞാന്‍ കൊള്ളിച്ചു പറഞ്ഞതല്ല, എന്റെ അനുഭവങ്ങളും പിന്നെ ഞാന്‍ ചെയ്ത വിദ്യകളുമാണ് പോസ്റ്റിനാധാരം. ഇപ്പോള്‍ മനസ്സിലായി പൊരീക്ക് നോക്ക്..ഓരോ സ്ഥലത്തെയും തനത് വാക്കുകള്‍

  സ്മിതാജീ..
  കണ്ടൊ കല്യാണം കഴിഞ്ഞപ്പോള്‍ സുന്ദരിയും സുശീലയും ആയില്ലെ.. ഈ പരീക്ഷണങ്ങള്‍ അനിയനൊ ചേട്ടനൊ മറ്റു ബന്ധുക്കളിലെ ബച്ചന്മാര്‍ക്ക് പറഞ്ഞു കൊടുത്തേക്ക്

  കിച്ചു & ചിന്നു ജി..
  അപ്പോള്‍ അനുഭവസ്ഥന്‍.. ഇതില്‍ ഏതെല്ലാം ഉപയോഗിച്ചിട്ടുണ്ട്? ആ വരികള്‍ ഇത്തിരി മാഷിന്റെ സംഭാവനയാണ്.

  ശ്രീക്കുട്ടാ..
  ഒന്നും തോന്നല്ലെ.. മറ്റൊരു പോയന്റും കാണാതെ സദ്യയുടെ കാര്യത്തില്‍ മാത്രം ക്ഷ പിടിച്ചതില്‍ എനിക്കിട്ട് പാര വക്കാനായിരുന്നുവല്ലെ..ഇത്രയും നാള്‍ ഞാന്‍ ഒറ്റക്കു കല്യാണത്തിന് പോകുന്നതില്‍ അവള്‍ക്ക് ഒരു വിരോധവുമുണ്ടായിട്ടില്ല..ഇപ്പോള്‍ ഈ കമന്റ് വായിച്ചപ്പോള്‍ അവള്‍ക്ക് കാര്യം പിടികിട്ടി. ഇനി കല്യാണങ്ങള്‍ക്ക് അവളും വരുമെന്ന്..ദുഷ് ശ്രീ..ഞാനിതാ ശപിക്കുന്നു ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാതെതന്നെ നിങ്ങള്‍ക്ക് പെണ്ണു കിട്ടട്ടെ..!

  അരിക്കോടന്‍ മാഷെ..
  എത്രയും പെട്ടന്ന് പോസ്റ്റാം. പക്ഷെ അതിനുമുമ്പ് ആ അടുത്തിരിക്കുന്ന പാവം ആരാണ്..? അറിയപ്പെടുന്ന ബ്ലോഗറാണൊ?

  നജൂസ്..
  വീണ്ടും എനിക്ക് കോരിത്തരിപ്പുണ്ടാക്കുന്നു, ധന്യമായി.

  ബിന്ദു ജീ..
  അതിന് ഒറ്റ വഴി എല്ലാ ബ്ലോഗരേയും ഞാന്‍ ചെയ്യുന്നതുപോലെ ചേട്ടാ ചേച്ചി മാഷെ ജീ ഭായി ബഹന്‍ എന്നൊക്കെ സംബോധന ചെയ്യുക

  നരിക്കുന്നന്‍ ഭായി..
  ഞാന്‍ ചെയ്ത വിദ്യകളാണ് ഇതൊക്കെ. എന്നാല്‍ ഇതിലൊന്നുമാത്രം ഉണ്ടായിട്ടില്ല നാട്ടുകാര്‍ വന്ന് കൂമ്പിനിടിക്കും എന്നുള്ളത്.കുറച്ചുകൂടി കഴിഞ്ഞിരുന്നെങ്കില്‍ അതും സാംഭവ്യമായേനെ.

  ബഷീര്‍ മാഷെ..
  സംഗതി തുട്ടു (തട്ടല്ല) കിട്ടണ പരിപാടിയാണെങ്കില്‍ എപ്പെഴേ ഞാന്‍ റെഡി..
  പാവം ശ്രീ..ആ ഉപദേശം എനിക്കിഷ്ടപ്പെട്ടു..ഭക്ഷണത്തെപ്പറ്റി എവിടെ കണ്ടാലും ഇഷ്ടന്‍ ചാടിപ്പിടിക്കും..
  ബഷീര്‍ജീ ഞാന്‍ പറയുന്നത് മക്കളേ നിങ്ങള്‍ കുഴിയില്‍ ചാടല്ലെ ചാടാന്‍ നോക്കല്ലെ എന്നാണ്.

  ഇത്രയും അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലവര്‍ക്കും നന്ദി.. പിന്നെ എന്റെ മറുപടിയില്‍ ആര്‍ക്കും വിഷമം തോന്നരുതേ..

 38. mmrwrites said...

  ഹൊ എന്തെല്ലാം വഴികള്‍ ആര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കാ‍മല്ലോ

 39. അക്കേട്ടന്‍ said...

  ന്‍റെ കുഞ്ഞാ.. ഇതില് ഏതു നമ്പര് പയറ്റിയിട്ടാ പെണ്ണും പിള്ള വീട്ടുകാരെ വീഴ്ത്തിയത്?

 40. രസികന്‍ said...

  കുഞ്ഞന്റെ പോസ്റ്റും തുടർന്നു വന്ന കമന്റ്സും വായിച്ചപ്പോൾ
  നാട്ടിലെ റോഡ് ഇടവഴികൾ തുടങ്ങിയവയുടെ അളവ് ദിവസവും പത്തമ്പതു തവണ ചെക്കു ചെയ്യുന്ന തൊഴിൽ ചെയ്യുന്നവനും, ബീഡി വലി , മുറുക്ക് എന്നിവക്ക് മുടക്കം വരുമ്പോൾ ബാപ്പയുടെ പോക്കറ്റിന്റെ അളവുംകൂടി ചെക്കുചെയ്യുന്നവനും നാട്ടുകാരുടെ കണ്ണീലെ കരടുമായ നമ്മുടെ സാക്ഷാൽ പോക്കറിനും ഒരാഗ്രഹം ഒന്നു കെട്ടിക്കളയാമെന്ന്.

  പലവഴികളും നോക്കി , പുതപ്പു കീറി ഒരാൾക്കു പുതക്കാൻ ഇത്ത്രയും മതി എന്നു പറഞ്ഞു നാക്കെടുത്തതും കീറിയ പുതപ്പ് ചൂടു വെള്ളത്തിൽ മുക്കി പോക്കറിന്റെ പുറത്തിട്ടലക്കിയത് സ്വന്തം ബാപ്പയായിരുന്നെങ്കിൽ. ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതിനു മോന്തക്കിട്ടു പൊട്ടിച്ചത് സ്വന്തം മാതാജിയായിരുന്നു.

  എല്ലാം പയറ്റി മടുത്തപ്പോൾ മിന്നിമറഞ്ഞ മറ്റൊരു യുക്തിയുമായി നേരെ ഉമ്മയുടെ അടുത്തെത്തി

  “ ഹോ തെക്കെ വീട്ടിലെ അയമുവിന്റെ ഉമ്മ മരുമോളെ കളിപ്പിച്ചു നടക്കുന്നതു കാണുമ്പോൾ സങ്കടം വരും”

  “ ബല്ലോരും കളിപ്പിക്കുന്നതിനു അനക്കെന്തിനാ സങ്കടം ?”
  “ ഇന്റെ ഉമ്മാക്കും ആശണ്ടാകൂലെ പടച്ചോനേന്ന് കരുതി”
  “ഓ അതോർത്ത് ഇന്റെ മോൻ സങ്കടപ്പെടണ്ട ഒരീസം അബിടെ പോയി അയമുവിന്റെ കെട്ട്യോളെ കാണണംന്ന് ഞാനും കരുതിയതാ ഇപ്പത്തന്നെ പോയേക്കാം”

  അപ്പോൾ തുറന്നുപിടിച്ച പോക്കറിന്റെ വായയിൽ ഇപ്പോഴും ഈച്ചകൾ ഓണത്തല്ല് കളിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.


  കുഞ്ഞൻ പോസ്റ്റ് നന്നായിരുന്നു ആശംസകൾ

 41. Typist | എഴുത്തുകാരി said...

  എന്തിനാ എന്റെ കുഞ്ഞാ, നമ്മുടെ പാവം പയ്യന്മാരെ വഴി തെറ്റിക്കുന്നതു?

 42. pokas said...

  ഹഹ അപ്പൊ വിളമ്പാന്‍ സ്ത്രീജനങ്ങളുടെ അടുത്തു മാത്രം വരുന്നവര്‍ ഇച്ചിരി വിരുതന്മാരാണല്ലെ..

 43. Unknown said...

  praveen this is very good. congrats..

 44. ചക്രൂ said...

  സംഭവം കൊള്ളാം ...പരീക്ഷിച്ചു നോക്കട്ടെ ;)