Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, December 22, 2008

അമ്മയുടെ കത്ത്..!

അഞ്ചാം തിയ്യതിയിലെ
ശമ്പളത്തിരക്കു കഴിഞ്ഞാ-
വേവലാതികള്‍ അടുക്കിവെച്ച്
എയര്‍മെയിലു തുറക്കുമ്പോളോ
തള്ളിവരും, കാച്ചെണ്ണയുടെ,
ചൂടു ദോശയുടെ, അടുക്കളച്ചുവരിന്റെ ഗന്ധം.

വടിവില്ലാത്ത അക്ഷരങ്ങളില്‍
കുനുകുനെ എഴുതിയിട്ടുണ്ടാകും
ചിറകിലൊതുക്കാനുള്ള അമ്മക്കരുതല്‍

മകനെ,
നിനക്കും കുഞ്ഞിനും
പിന്നെയവള്‍ക്കും സുഖമല്ലെ?

കുഞ്ഞുമോനവന്‍ വികൃതിതന്നെയോ?
കുഞ്ഞുനാളില്‍
നീയും വികൃതിയായിരുന്നല്ലോ
അച്ഛന്റെ കൈയ്യിലെ
പുളിവാറില്‍ വടികൊണ്ട്‌
നീയെത്ര മേടിച്ചുകൂട്ടി അക്കാലം

അന്ന്
നിനക്കു കണ്ണീരൊപ്പാന്‍
നിന്റെ മുത്തശ്ശന്‍ അച്ഛമ്മ,
പിന്നെയമ്മൂമ്മയും.

ഇപ്പോഴും നിനക്കാ
മൂക്കൊലിപ്പുണ്ടൊടാ?
രാസ്നാദി മറക്കാതെ
പുരട്ടണം നിത്യം നെറുകയില്‍

കോവാട്ടുദേവിക്ക്‌
നിത്യവും തെളിയിക്കുന്നു തിരി
നിങ്ങടെ ജീവിതം
ജ്വലിച്ചേയിരിക്കുവാന്‍

ഇവിടെയെനിക്ക്‌
സുഖം തന്നെ മകനെ,
ഒട്ടുമേ കുറവില്ല
കൈകാല്‍ത്തരിപ്പ്
നടുവേദനയും
കുട്ടുവൈദ്യന്റെ
കുഴമ്പെന്നും പുരട്ടുന്നു.

പണ്ടൊരോപ്പറേഷന്‍
ചെയ്തൊരാ കണ്ണില്‍ വീണ്ടും
പീളകെട്ടുന്നു, കാഴ്ചക്കുറവും.

രാത്രിയില്‍
കാലുകോച്ചിപ്പിടിക്കുമ്പോള്‍
നീയായിരുന്നല്ലൊ
ആശ്വാസമന്നെല്ലാം.

എണ്ണവറ്റി
കരിന്തിരിയാകുന്ന
ഈയമ്മയെയോര്‍ത്ത്‌
നീ വിഷമിക്കരുത്‌
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !

എന്നിരിക്കിലും
വയസ്സായെനിക്കൊരു ഊന്നുവടിയായി
എന്നോടൊപ്പമുണ്ടാകുമെന്നു സ്വപ്നം
കണ്ടിരുന്നേറെ..

ഇത്തവണയെങ്കിലും
നീയെനിക്കിത്തിരി
കൂടുതലയക്കണേ കാശ്,
കാര്യമുണ്ടെന്നാല്‍
മൂപ്പന്‍ ശിവനോടു പറഞ്ഞമ്മ
വെപ്പിക്കാമഞ്ചെട്ടു
തെങ്ങിന്‍ തൈകള്‍ നമ്മുടെ
വടക്കേ പറമ്പതില്‍.

എങ്കിലും

ഒരിക്കലും മകനേ നീയ-
മ്മയെയോര്‍ത്ത്‌
വിഷമിക്കരുത്‌
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !